ടെക്നോപ്രണർഷിപ്പ് സാങ്കേതിക വിദ്യ തന്നെ സംരംഭമാകുമ്പോൾ

ലോറൻസ് മാത്യു

ലോകത്തിൽ ഏറ്റവുംകൂടുതൽ ആദരവ് ലഭിക്കേണ്ടുന്ന ഒരു വിഭാഗം തന്നെയാണ് സംരംഭകർ.   കാരണങ്ങൾ പലതുണ്ട്.  സംരംഭകന് ഒരു ജീവിത മാർഗ്ഗം എന്നതിലേക്ക് അതിനെ ചുരുക്കി കാണുന്നത് വസ്തുതകൾക്ക് നേരെ കണ്ണടക്കുന്നതാണ്. ഒരു സംരംഭകന്റെ മനോ മുകുരത്തിൽ അങ്കുരിക്കുന്ന ഒരാശയം കാർഷിക വ്യവസായ മേഖലകളിൽ പുത്തൻ ബിസിനസ്സായി പരിണമിക്കുമ്പോൾ ജനത്തിനുണ്ടാകുന്ന നേട്ടങ്ങൾ നിരവധിയാണ്. സർക്കാരിന് ലഭിക്കുന്ന അധിക നികുതിയും നാട്ടിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും മാത്രമല്ല പുതിയ സാധനങ്ങളും സേവനങ്ങളും ലോക ജനതയുടെ ദൈനം ദിന ജീവിതത്തിൽ വരുത്തുന്ന പുരോഗമനപരമായ മാറ്റങ്ങളും വിസ്മരിക്കാവുന്നതല്ല. ജീവിതം ആനന്ദകരവും ആയാസരഹിതവുമാക്കുന്നതിൽ സംരംഭകരുടേയും അവരുടെ ബിസിനസ്സ് ആശയങ്ങളുടേയും പങ്ക് ചെറുതല്ല. 

എന്താണ് ടെക്‌നോപ്രണർഷിപ്പ്

ഇന്ന് സംരംഭ ലോകത്തേക്ക് കടന്ന് വരുന്ന ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കുവാൻ നിരവധി മേഖലകളുണ്ട്.  കൃഷിയും ബാങ്കിങ്ങും യാത്രയും ഒക്കെ ഉൾപ്പെടെ നിരവധി മേഖലകൾ. എന്നാൽ പൂർണ്ണമായും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ബിസിനസുകൾ ഉണ്ട്.  റിയൽ എസ്റ്റേറ്റ് ബിസിനസോ, ഹോട്ടൽ ബിസിനസോ ഒക്കെ ടെക്‌നോളജിയെ ആശ്രയിക്കുമെങ്കിലും അവയുടെ പ്രവർത്തന മേഖല ടെക്‌നോളജി അല്ലല്ലോ.  പൂർണ്ണമായും ടെക്‌നോളജിയെ മാത്രം അടിസ്ഥാനമാക്കി ബിസിനസ് സംരംഭങ്ങൾ തുടുങ്ങുന്നവരാണ് ടെക്‌നോപ്രണർ. ഇങ്ങനെയുള്ള സംരംഭങ്ങളെ വിളിക്കുന്ന പേരാണ് ടെക്‌നോപ്രണർഷിപ്പ്.  

ടെക്‌നോളജി എൻട്രപ്രണർഷിപ്പ് എന്നീ വാക്കുകളുടെ സംയോജനമാണ് ടെക്‌നോപ്രണർഷിപ്പ്.   ഇവിടെ ടെക്‌നോളജി എന്നതിനാൽ വിവക്ഷിക്കപ്പെടുന്നത് ആധുനിക കാലത്തെ ഹൈ എൻഡ്  ടെക്‌നോളജിയാണ്.  ആപ്പിൾ എന്ന ബ്രാൻഡ് നെയിമിലൂടെ മാക് ബുക്കും, ഐ ഫോണും, ഐ പാഡും, ഐ പോഡുമെല്ലാം ലോക വിപണിയിൽ തരംഗമാക്കിയ മൺമറഞ്ഞ് പോയ സ്റ്റീവ് ജോബ്‌സിനെ ഈ ശ്രേണിയിൽ മുൻ നിരയിൽത്തന്നെ പ്രതിഷ്ഠിക്കാവുന്നതാണ്. 

1987 ലാണ് ടെക്‌നോപ്രണർഷിപ്പ് എന്ന വാക്ക് ഉരുത്തിരിഞ്ഞ് വന്നത്.  എന്നാൽ 2000 ലെ ഇന്റർനെറ്റ് ബൂമിലാണ് ഇത് വ്യപകമായത്. 

പ്രത്യേകതകൾ

സാധാരണയുള്ള സംരംഭകത്വത്തിൽ നിന്ന് ടെക്‌നോപ്രണർഷിപ്പിനെ വേറിട്ട് നിർത്തുന്നത് അത് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണ് എന്നതാണ്. ആയതിനാൽ തന്നെ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതായ ഉൽപ്പന്നങ്ങളും സേവനങ്ങളും തികച്ചും പുതിയത് ആയിരിക്കും. സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് ഏറ്റവും നൂതനമായ പരിഹാരം ആയിരിക്കും ഇത് മുന്നോട്ട് വെക്കുന്നത്. ഇത്തരം സംരംഭങ്ങൾ കൂടുതലായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായിരിക്കും. ആദ്യ കാല ടെക്‌നോപ്രണർമാർ സാങ്കേതിക വിദ്യയിൽ മാത്രം ശ്രദ്ധയൂന്നിയിരുന്നെങ്കിൽ ഇന്ന് ടെക്‌നോളജിസ്റ്റ്, സംരംഭകൻ മാനേജർ എന്നീ വ്യക്തിത്വങ്ങളെല്ലാം ഒരു വ്യക്തിയിൽത്തന്നെ സമ്മേളിക്കുകയാണ്.  ഒരേ സമയം മികച്ച മാനേജരും പ്രോഗ്രാമറുമായ ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ് തന്നെ ഉദാഹരണം. 

ലോകത്തെ മാറ്റി മറിച്ച ചില ടെക്‌നോപ്രണർഷിപ്പുകൾ

സെർച്ച് എഞ്ചിൻ തന്നെ ഉദാഹരണം.  ഇതില്ലായിരുന്നുവെങ്കിൽ ഒരു വെബ്‌സൈറ്റിലെത്തുവാൻ അഡ്രസ് ബാറിൽ യു ആർ എൽ ടൈപ്പ് ചെയ്താൽ മാത്രമേ സാധിക്കുമായിരുന്നുള്ളു. ഒരു മുൻ പരിചയവുമില്ലാത്ത വെബ്‌സൈറ്റുകളെ എങ്ങനെ അറിയും. ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സെർച്ച് എഞ്ചിൻ. ഗൂഗിളിന് മുമ്പ് യാഹു, അൾട്ടാ വിസ്റ്റ എന്നിവയുണ്ടായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ പല ബില്യൺ ആസ്തിയുള്ള കമ്പനിയായി തലയുയർത്തി നിൽക്കുന്നു. 

സോഷ്യൽ മീഡിയയിലെ ആദ്യ സംരംഭമായിരുന്നില്ല ഫെയ്‌സ്ബുക്ക്. എന്നാൽ അവതരണ ശൈലിയുടെ വ്യത്യസ്തത സോഷ്യൽ മീഡിയയിലെ രാജാവായി നിൽക്കുവാൻ ഫെയ്‌സ്ബുക്കിനെ സഹായിച്ചു. ഇന്ത്യൻ ഇ കോമേഴ്‌സ് രംഗത്തെ കിരീടം വെക്കാത്ത രാജാവായി മാറിയിരിക്കുന്ന ഫ്‌ളിപ്കാർട്ടും ടെക്‌നോപ്രണർഷിപ്പിന് ഉദാഹരണമാണ്. 

തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട താവളമായി ഇന്റർനെറ്റ് മാറുമെന്നുള്ള ദീർഘ വീക്ഷണമാണ് സഞ്ചീവ് ബിക്ക് ചന്ദാനിക്ക് www.naukri.com എന്ന ജോബ് പോർട്ടൽ തുടങ്ങുവാൻ പ്രേരണയായത്. 

ഇന്നിപ്പോൾ ഫ്‌ളൈറ്റ് ബുക്ക് ചെയ്യേണ്ടി വരുമ്പോൾ നമുക്ക് മുന്നിലേക്ക് ആദ്യം വരുന്നത് www.makemytrip.com എന്ന സൈറ്റാണ്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് പഠിച്ചിറങ്ങിയ ദീപ് കാർലയാണ് ഇതിന് പിന്നിൽ. 

സൗജന്യമായി വീഡിയോ അപ്‌ലോഡ് ചെയ്യുക, സ്ട്രീം ചെയ്ത് കാണുക തുടങ്ങിയ ആശയങ്ങൾ മനസ്സിൽ അങ്കുരിച്ചപ്പോഴാണ് ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ www.youtube.com എന്നതിന് തുടക്കം കുറിക്കുന്നത്. എന്നാൽ സംഭവം ഹിറ്റായപ്പോൾ ഗൂഗിൾ ഏറ്റെടുക്കുകയായിരുന്നു. 

ഫിൻടെയക് അഥവാ ഫിനാൻഷ്യൽ ടെക്‌നോളജി വ്യാപകമായപ്പോൾ ഓൺലൈൻ പേയ്‌മെന്റ് ആവശ്യമായി വന്നപ്പോൾ ആണ് www.paypal.com എന്ന സംരംഭം രൂപപ്പെട്ടത്. നോട്ട് നിരോധനത്തെത്തുടർന്ന്  വൻ വളർച്ച നേടിയ പേ ടി എം എന്ന മൊബൈൽ ആപ്ലിക്കേഷൻ മറ്റൊരു ഉദാഹരണമാണ്.

ക്യൂ നിൽക്കാതെ വീട്ടിൽ ഇരുന്ന് സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ കഴിയുമോ. ഈ ചോദ്യത്തിനുത്തരമായി അവതരിപ്പിക്കപ്പെട്ടത് ആയിരുന്നു www.bookmyshow.com ഇന്നിപ്പോൾ വൻ നഗരങ്ങളിലെ ടാക്‌സി സർവീസ് എല്ലാം തന്നെ യൂബർ, ഒലെ എന്നിവയിലേക്ക് മാറിയിരിക്കുന്നു. വീട്ടിൽ ഇരുന്നു കൊണ്ട് ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യുവാൻ ഇന്ന് നാം ഉപയോഗിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നിവയൊക്കെത്തന്നെ ഈ മേഖലയിലെ സംരംഭങ്ങളാണ്.

മലയാളി സാന്നിധ്യം

മലയാളികൾക്ക് അഭിമാനമായി മാറിയ ബൈജൂസ് എന്ന നൂതന സംരംഭവും ഈ രംഗത്തെ മികച്ചയൊരു ഉദാഹരണമാണ്. 

രോഗികളുടെ ആവശ്യകത മനസ്സിലാക്കി ഡോക്ടർമാരെ ലഭ്യമാക്കുന്ന സൂപ്പർ സ്‌പെഷ്യലിറ്റി ഹെൽത്ത്  ആപ്പാണ് ഷോപ്പ് ഡോക് എന്നത്. 2020 ൽ മാത്രം പ്രവർത്തനം ആരംഭിച്ച ഇത് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു മലയാളി സ്റ്റാർട്ടപ്പാണ്. യു. എ. യിൽ നിന്ന് 10 കോടിയുടെ സീഡ് ഫണ്ട് ആണ് ഇത് നേടിയെടുത്തത്.

എം എസ് എം ഇ കൾക്കും ചെറുകിട വ്യാപാരികൾക്കും സ്റ്റാർട്ടപ്പുകൾക്കുമെല്ലാം പണമിടപാടുകൾ ഓട്ടോമേറ്റ് ചെയ്യുവാൻ സഹായിക്കുന്ന ഓപ്പൺ എന്ന സ്റ്റാർട്ടപ്പും മലയാളികളുടേതാണ്. ഗൂഗിളും ആമസോണുമെല്ലാം നിക്ഷേപിച്ചിരിക്കുന്ന സംരംഭം ആണിത്. ഒരു മലയാളി സ്റ്റാർട്ടപ് ആയ കൺസൾട്ടിങ്ങ് മേഖലയിലെ നൂതന സംരംഭം അൺറിമോട്ടും ടെക്‌നോപ്രണർഷിപ്പിന് ഉദാഹരണമാണ്.

വിദേശ കറൻസി വിനിമയ സേവനം നൽകുന്ന നിരവധി കമ്പനികൾ നമുക്കുണ്ടെങ്കിലും ഇവയെല്ലാം തമ്മിൽ താരതമ്യം ചെയ്ത് ഏറ്റവും മികച്ചത് ഉപഭോക്താവിന് നൽകുന്ന സ്ഥാപനങ്ങൾ ഇവിടെ അധികമില്ല. ഈ നിലക്കും സംരംഭം ആരംഭിക്കാവുന്നതാണ്. അതായത് ഉപഭോക്താക്കളേയും സേവന ദാതാക്കളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം. നിലവിൽ എക്‌സ്ട്രാവൽ മണി.കോം എന്ന ഒരു മലയാളി സ്റ്റാർട്ടപ്പ് സംരംഭം തന്നെ  ഇവിടെയുണ്ട്. ബിസിനസ്സ് ഇൻക്യുബേഷൻ രംഗവും ടെക്‌നോളജി അധിഷ്ഠിതമായ ബിസിനസ് ആക്കി മാറ്റിയെടുക്കാവുന്നയൊന്നാണ്. 

ഓർക്കുക ഒരു കാലത്ത് നാം എതിർക്കുകയും മുഖം തിരിച്ച് നിന്നിട്ടുള്ളതുമായ കമ്പ്യൂട്ടറും ഇന്റർനെറ്റും എപ്രകാരമാണ് നമ്മുടെ ജീവിതം സുഗമമാക്കി മാറ്റിയത് എങ്ങനെയാണെന്ന്. 

സാധ്യതകളുടെ മേഖല

സമൂഹത്തിലെ പ്രശ്‌നങ്ങൾക്കും ആവശ്യങ്ങൾക്കുമെല്ലാം സാങ്കേതിക വിദ്യയിലൂടെ പരിഹാരം തേടുമ്പോഴാണ് ഓരോ ടെക്‌നോപ്രണർഷിപ്പും പിറവിയെടുക്കുന്നത്. ആയതിനാൽത്തന്നെ ചിന്തിക്കുന്നവർക്ക് ഇനിയും സാധ്യതകൾ ഏറെയുള്ള മേഖലയാണിത്. 

ആരോഗ്യ രംഗത്ത് ടെലി ഹെൽത്ത്  ആണിപ്പോൾ ട്രെൻഡ്.  ഒപ്പം പൊതു ജനങ്ങളുടെ ആരോഗ്യ ഡേറ്റ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പുതിയ ടെക്‌നോളജി സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയും. 

ബൈജൂസ് പോലുള്ളവ മുന്നിലുള്ളപ്പോൾത്തന്നെ വിദ്യാഭ്യാസ മേഖലയിൽ ഇനിയും അവസരങ്ങളുണ്ട്. 

ആമസോൺ പോലുള്ള കമ്പനികൾ ഇപ്പോൾത്തന്നെ തങ്ങളുടെ സേവനങ്ങളിൽ റോബോട്ടിന്റെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ട്. റോബോട്ടിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്ന മേഖലകൾ അനന്തമാണ്.  ഈ രംഗത്തും നിരവധി സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയും. 

ടെക്‌നോപ്രണർഷിപ്പിന് ഏറെ സാധ്യതയുള്ള മറ്റൊരു മേഖലയാണ് Virtual Reality യും Augmented Reality യും. 

സോഷ്യൽ മീഡിയയുടെ ബിസിനസ്സ് സാധ്യതകൾ ഏറെയാണ്.  കൺസൾട്ടിങ്ങ് പോലുള്ളവ ഇതിന് ഉദാഹരണമാണ്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ രംഗത്തും സാധ്യതകളുണ്ട്.

കേരളത്തിന്റെ ടൂറിസം സാധ്യതകൾ അനന്തമാണ്. ഇത്രയും വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ ഒരു അനുഗ്രഹം തന്നെയാണ്. ആയതിനാൽത്തന്നെ ഇനിയുള്ള കാലത്ത് ഇതുമായി ബന്ധപ്പെട്ട ടെക് മേഖലയിലെ സംരംഭങ്ങൾ ഏറെ സാധ്യതയുണ്ട്. 

ബയോടെക്‌നോളജി മേഖല സ്റ്റാർട്ടപ്പുകൾക്ക് ഏറെ സാധ്യതയുള്ളയൊന്നാണ്.   ആയതിനാൽത്തന്നെ ടെക്‌നോളജിയുമായി കൈകോർത്ത് കൊണ്ട് നൂതനങ്ങളായ സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയുന്നതാണ്.

കമ്പ്യൂട്ടറും ഇന്റർനെറ്റും വ്യാപകമായതോട് കൂടി സുരക്ഷ എന്നത് ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് ഈ മേഖലയിലെ സംരംഭക സാധ്യതകൾ വർദ്ധിപ്പിക്കുന്നു. 

ആധുനിക കാലഘട്ടത്തിന്റെ  മാർക്കറ്റിങ്ങ് ആയ ഡിജിറ്റൽ മാർക്കറ്റിങ്ങ് തുറന്നിടുന്ന അവസരങ്ങളുടെ ജാലകങ്ങൾ ചെറുതല്ല. ഒപ്പം ക്ലൗഡ് മുന്നോട്ട് വെക്കുന്ന സാധ്യതകൾ.   ഇവിടെയൊക്കെയും ടെക് സ്റ്റാർട്ടപ്പുകൾക്ക് ഏറെ സാധ്യതയുണ്ട്. 

ഫിൻടെക് ആണ് മറ്റൊരു മേഖല. ലോകത്ത് സ്റ്റാർട്ടപ്പുകൾ ഉടലെടുക്കുന്നതിന്റെ കണക്കെടുത്താൽ രണ്ടാം സ്ഥാനമുണ്ടിതിന്. ഇന്ത്യയിൽ നാനൂറിലധികം ഫിൻടെക് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാസ്‌കോം വിലയിരുത്തുന്നത്. വ്യക്തമായ പേരിന്റെ അതിർ വരമ്പിനുള്ളിൽ ഒതുക്കി നിർത്താവുന്നതല്ല ഈ മേഖലയിലെ സംരംഭക സാധ്യതകൾ. ഭ്രാന്തമായ ആശയങ്ങളുള്ളവർക്ക്  എണ്ണമില്ലാത്ത സാധ്യതകളുണ്ടിവിടെ.

ഓൺലൈൻ ട്രേഡിങ്ങുകൾ മുമ്പേയുണ്ടെങ്കിലും രാജ്യം ഡിജിറ്റലൈസേഷനിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ഈ രംഗം ഏറെ വളർച്ച നേടുന്നയൊന്നാകും. പോർട്ട് ഫോളിയോ മാനേജ് ചെയ്യുന്ന ഫ്രാഞ്ചൈസികളായ നിരവധി കമ്പനികൾ ഉടലെടുക്കും. റിസ്‌കുണ്ടെങ്കിലും ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപമെന്ന നിലയിൽ ഓഹരി വിപണി നിക്ഷേപങ്ങളും ഏറെ വർദ്ധിക്കുമ്പോൾ ഈ രംഗത്തെ സാധ്യതകളും കൂടും. 

അതേ കാലം മാറുകയാണ്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭങ്ങളുമായി നാമും മാറേണ്ടിയിരിക്കുന്നു. അച്ചാറും പപ്പടവുമുണ്ടാക്കുന്നത് മാത്രമല്ല സംരംഭങ്ങൾ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സംരംഭകരെന്നാൽ കുടുംബശ്രീക്കാർ മാത്രമാണെന്ന ധാരണയും മാറേണ്ടിയിരിക്കുന്നു. ചിന്തകൾ ലോകോത്തരമായി മാറേണ്ടതുണ്ട്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നൂതനാശയങ്ങളുമായി മുന്നോട്ട് വരുവാൻ വിദ്യാഭ്യാസമുള്ള യുവ തലമുറ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.