ടെക്നോട്രെൻഡ് കാലാവസ്ഥാ ശാസ്ത്രവും നൂതന സ്റ്റാർട്ടപ്പുകളും

ലോറൻസ് മാത്യു

കാലാവസ്ഥാ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപ്പോലും ബാധിക്കുന്ന ഈ കാലത്ത് ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധാന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും. കാലാവസ്ഥാ പഠനങ്ങൾക്കും പ്രവചനങ്ങൾക്കും പ്രശസ്തമായ അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) കാലാവസ്ഥാ സാക്ഷരയായ വ്യക്തിയെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്ന കാലാവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി വിശ്വസനീയമായ വിവരങ്ങൾ എങ്ങനെ വിലയിരുത്താമെന്ന് അറിയുന്ന, കാലാവസ്ഥയേയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് അർത്ഥവത്തായ രീതിയിൽ ആശയ വിനിമയം നടത്തുവാൻ സാധിക്കുന്ന, സർവ്വോപരി മനുഷ്യ ഇടപെടലുകൾ എങ്ങനെ കാലാവസ്ഥയെ ബാധിക്കുന്നുവെന്നും അതിനാൽത്തന്നെ എങ്ങനെയാണ് നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും ഉത്തരവാദിത്വമുള്ള തീരുമാനങ്ങൾ എടുക്കുവാൻ കഴിയുക എന്നും അറിയുന്ന ആളാണ് കാലാവസ്ഥ സാക്ഷരയായ വ്യക്തി.

കാലാവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് മീറ്റിരിയോളജി. പ്രകൃതിയെ സൂഷ്മമായി നിരീക്ഷിക്കാനും മാറ്റങ്ങൾ അപഗ്രഥിക്കാനും കഴിവും താത്പര്യവുമുള്ളവർക്ക് ഏറെ അവസരങ്ങൾ തുറന്നുതരുന്ന തൊഴിൽമേഖല. തെർമോമീറ്ററും അനിമോമീറ്ററും ഉപയോഗിച്ച് നിരീക്ഷണം നടത്തി പ്രവചിക്കുന്ന കാലം എന്നേ മാറിക്കഴിഞ്ഞു. സാറ്റലൈറ്റ് പഠനങ്ങളും ആധുനിക കമ്പ്യൂട്ടറുകളും സൂപ്പർ കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് ഇപ്പോഴത്തെ പഠനങ്ങൾ. പാരിസ്ഥിതിക നീതിയെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനം വ്യത്യസ്ത സമൂഹങ്ങളെ വ്യത്യസ്ത തോതിൽ ബാധിക്കുന്നത് എന്ത് കൊണ്ടാണെന്നും, അതേ സമൂഹങ്ങൾ എങ്ങനെയാണ് പരിഹാരങ്ങളുടെ ഭാഗമാകുന്നത് എന്നതിനെക്കുറിച്ചും ഇതോടൊപ്പം നാം മനസ്സിലാക്കേണ്ടതാണ്.

കാലാവസ്ഥാ ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ത്
ഇരുപതാം നൂറ്റാണ്ടിൽ ഭൂമിയുടെ ആഗോള ശരാശരി ഉപരിതല താപനില ഏകദേശം 0.6 0ഇ വർദ്ധിച്ചു. 2000 മുതൽ ഇത് വരെ 0.14 0ഇ ൽ കൂടുതൽ ചൂട് കൂടിയതായി കണക്കാക്കപ്പെടുന്നു. മൊത്തത്തിലുള്ള വർദ്ധനവ് ചെറുതായി തോന്നാമെങ്കിലും കഴിഞ്ഞ 10000 വർഷങ്ങളിലെ മാറ്റങ്ങളെ അപേക്ഷിച്ച് അസാധാരണമാം വിധം വേഗത്തിലുള്ള മാറ്റമാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ താപ നില ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായതിനേക്കാൾ വളരെ കൂടുതലായി വർദ്ധിച്ചു കൊണ്ടിരിക്കുമെന്ന് IPCC (Inter Governmental Panel on Climate Change) മുന്നറിയിപ്പ് നൽകുന്നു. ആഗോള സമുദ്ര നിരപ്പ് ഉയരുന്നതും ഉഷ്ണ തരംഗങ്ങൾ, വരൾച്ചകൾ, വെള്ളപ്പൊക്കം എന്നിവയുടെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നതും സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്. ഈ മാറ്റങ്ങൾ സാമ്പത്തിക അഭിവൃത്തി, മനുഷ്യൻറേയും പരിസ്ഥിതിയുടേയും ആരോഗ്യം, ദേശീയ സുരക്ഷ എന്നിവയുൾപ്പെടെ മനുഷ്യ സമൂഹത്തിന്റെ മിക്കവാറും എല്ലാ മേഖലയേയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആറാമത്തെ IPCC റിപ്പോർട്ട് പ്രകാരം നിലവിലുള്ള ഗതിയിൽ ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ശരാശരി താപനില ഒരു നൂറ്റാണ്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഏകദേശം 2.1 3.50Cഇ വരെ ഉയരുവാൻ സാധ്യതയുണ്ട്. 2013 – 2022, 1800 – 2022 വരെയുള്ള കാലയളവിൽ മാത്രം ആഗോള താപനില 1850 – 1900 വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ 1.150Cഇ കണ്ട് വർദ്ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുകയും മനുഷ്യന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സമുദ്രത്തിൻറെ ജലനിരപ്പ് ഉയരുക, സമുദ്രോപരിതലത്തിലെ ചൂട് കൂടുക, മത്സ്യ സമ്പത്ത് കുറയുക, ഋതു ഭേതങ്ങളിൽ ഉണ്ടാകുന്ന വ്യതിചലനം, വർദ്ധിച്ച് വരുന്ന പ്രകൃതി ദുരന്തങ്ങൾ (വരൾച്ച, ഉഷ്ണക്കാറ്റ്, കൊടുങ്കാറ്റ്, മേഘ വിസ്ഫോടനം, വെള്ളപ്പൊക്കം തുടങ്ങിയവ), മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, വിവിധങ്ങളായ വിളകൾ കൃഷി ചെയ്യുന്നതിന് കൃഷിയിടങ്ങൾക്കുള്ള അനുയോജ്യതയിൽ ഉണ്ടാകുന്ന വ്യത്യാസം, ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും ഉള്ള കുറവ് എന്നിവ ഇതിൽ ചിലതാണ്. ഇവയിൽ പലതും മനുഷ്യന്റെ ഭക്ഷ്യ വ്യവസ്ഥയെ സാരമായി ബാധിക്കുന്നതാണ്.

മനുഷ്യന് ആവശ്യമുള്ളത്ര ഭക്ഷണം കൃഷി ചെയ്തുണ്ടാക്കണമെങ്കിൽ താപം, സൂര്യപ്രകാശം, മഴ എന്നീ കാലാവസ്ഥാ ഘടകങ്ങൾ അനുയോജ്യമായിരിക്കണം. ഇവയിൽ മാറ്റം വരുന്നത് കാർഷികോൽപ്പാദനത്തേയും തദ്വാരാ ഭക്ഷ്യോൽപ്പാദനത്തേയും ബാധിക്കും. ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യ സുരക്ഷയേയാണ് ഇത്തരം പ്രതിഭാസങ്ങൾ ഏറ്റവുമധികം അപകടപ്പെടുത്തുക. കാലാവസ്ഥാ വ്യതിയാനങ്ങൾ തണുപ്പ് കൂടിയ മിക്ക സമ്പന്ന രാജ്യങ്ങളിലേയും ധാന്യോൽപ്പാദനത്തെ കാര്യമായി ബാധിക്കില്ലായെന്നാണ് വിലയിരുത്തൽ. പക്ഷേ ഇന്ത്യയുൾപ്പെടെയുള്ള തെക്ക് കിഴക്കേഷ്യൻ രാജ്യങ്ങളിൽ 22 ശതമാനം കുറവാണ് ധാന്യോൽപ്പാദനത്തിൽ പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഗോതമ്പ് കൃഷി പാടേ അപ്രത്യക്ഷമാകുമെന്നും പറയപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായയൊന്നാണ് ഗ്രീൻ ഹൌസ് വാതകങ്ങളുടെ ബഹിർഗമനം. ഇത് വലിയൊരളവോളം കുറക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടയൊന്നാണ്. ഒപ്പം ഇതിനെ ചെറുക്കുവാനായി റിന്യൂവബിൾ എനർജിയായ സോളാർ, വിൻഡ്, റ്റൈഡൽ തുടങ്ങിയവയുടെ ഉപയോഗവും കാലാവസ്ഥാ ശാസ്ത്ര പഠനത്തിൻറെ ഉപോൽപ്പന്നമായി വിലയിരുത്താം.

ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ പ്രസക്തി
എല്ലാ ശാസ്ത്ര നിരീക്ഷണങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഭൂമിയുടെ ആഗോള ശരാശരി ഉപരിതല താപനിലയിലെ വർദ്ധനയുടെ പ്രാഥമിക കാരണം മനുഷ്യന്റെ ഇടപെടലുകളാണെന്നാണ്. ഇവിടെയാണ് ഈ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽത്തന്നെയുള്ള വിവിധങ്ങളായ സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി പരിഹാരം ഉണ്ടാക്കുകയാണ് സ്റ്റാർട്ടപ്പുകൾ ചെയ്യുന്നത് എന്നതിനാൽത്തന്നെ നിരവധിയായ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുള്ളയൊരു മേഖലയാണിത്. മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഈ മേഖലയിലുണ്ടെന്നതാണ് കാരണം.

കാലാവസ്ഥാ പ്രവചനം നടത്തുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ന് ലോകത്തുണ്ട്. കാലാസ്ഥാ പ്രവചന റിസൾട്ട് വേണ്ടതായ നിരവധി മേഖലകൾ ഉണ്ട്. ഇവർക്കെല്ലാം ആവശ്യമായ ഡേറ്റ നൽകുന്ന നിരവധി കമ്പനികൾ. കൃഷിക്കും, പ്രതിരോധ മേഖലക്കും, ബഹിരാകാശ ഗവേഷണത്തിനും, വ്യോമയാന മേഖലയിലുമെല്ലാം ഇത്തരം ഡേറ്റ ആവശ്യമാണ്. ഇത് നൽകുന്ന Weather Company പോലുള്ള നിരവധി സ്റ്റാർട്ടപ്പുകൾ ഇവിടെയുണ്ട്.

കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രസക്തിയുണ്ട്. റിജനറേറ്റീവ് ഫാമിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഉദയം ചെയ്തിട്ടുണ്ട്. മണ്ണിൻറെ ആരോഗ്യവും, ബയോ ഡൈവേഴ്സിറ്റിയും ഇക്കോസിസ്റ്റവുമെല്ലാം പ്രവചിക്കുന്ന കമ്പനികൾ.

Artificial Intelligence ന്റെ സഹായത്തോടെയാണ് ഈ മേഖലയിലെ മിക്ക സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നത്. ഡേറ്റാ അനാലിസിസിനും ക്ലൈമറ്റ് മോഡലിങ്ങിനുമെല്ലാം ഇന്ന് കൃത്രിമ ബുദ്ധിയുടെ സഹായം ആവശ്യമാണ്. റിന്യൂവബിൾ എനർജി ഒപ്റ്റിമൈസേഷൻ മേഖലയിലും കൃത്രിമ ബുദ്ധിയുപയോഗപ്പെടുത്തുന്നുണ്ട്.

അന്തരീക്ഷ മലിനീകരണത്തിനും കാലാവസ്ഥാ മാറ്റത്തിനും പ്രധാന കാരണമായിട്ടുള്ളയൊന്നാണ് കാർബണിൻറെ അനിയന്ത്രിതമായ ബഹിർഗമനം. ലോകത്തിലെ കാർബൺ ബഹിർഗമനത്തിൻറെ 40 ശതമാനത്തിനും കാരണം കെട്ടിടങ്ങളാണ്. ഈ സത്യം തിരിച്ചറിഞ്ഞ് കെട്ടിടങ്ങളെ കാർബൺ മുക്തമാക്കി മാറ്റുകയാണ് ലണ്ടനിലെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പായ Mortar IO.

കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു പ്രതിഫലനമാണ് ഭക്ഷ്യോൽപ്പന്നങ്ങളിലുണ്ടാകുന്ന കുറവ്. ഇതിനൊരു പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുകയാണ് AgroScout എന്ന ഇസ്രായേൽ സ്റ്റാർട്ടപ്പ്. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കാർഷിക വിളകളിലുണ്ടാകുന്ന മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചുള്ള പരിഹാരങ്ങൾ മുന്നമേ ചെയ്യുകയാണ് ഈ കമ്പനി. കാർഷിക രംഗത്ത് കെമിക്കലുകളുടെ ഉപയോഗം 85 ശതമാനം കുറക്കുവാൻ ഇത് വഴി കഴിയും.

ഫാക്ടറികൾ, മൈനുകൾ, റിഫൈനറികൾ തുടങ്ങിയവയിൽ നിന്നൊക്കെ പുറന്തള്ളപ്പെടുന്ന കാർബൺ ഉൾപ്പെടെയുള്ള വാതകങ്ങൾ അന്തരീക്ഷത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. കാലാവസ്ഥയിൽ വൻ തോതിലുള്ള വ്യതിയാനങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. ഇപ്പോൾ Eugenie’s Emissions Intelligence എന്ന സ്റ്റാർട്ടപ്പ് കമ്പനി ഇതിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുന്നു. കമ്പനികളിൽ നിന്നു പുറന്തള്ളപ്പെടുന്ന വാതകങ്ങളെ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അനലൈസ് ചെയ്ത് ആ വിവരങ്ങൾ കമ്പനികൾക്ക് നൽകുകയാണ് ഇവർ ചെയ്യുന്നത്. തൻമൂലം പ്രസ്തുത കമ്പനികൾക്ക് വാതകങ്ങൾ ശുദ്ധീകരിച്ച് പുറന്തള്ളുവാൻ കഴിയുന്നു.

സത്യത്തിൽ ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യത്തിനപ്പുറത്തേക്ക് മറ്റ് ചില മാനങ്ങൾ കൂടിയുണ്ട്. റിന്യൂവബിൾ എനർജി മേഖലയിൽ മാത്രം ഉണ്ടാകുന്ന നിക്ഷേപങ്ങളും തൊഴിലവസരങ്ങളും അനവധിയാണ്. സോളാർ, വിൻഡ് എനർജി പോലുള്ളവയിൽ പ്രത്യക്ഷമായും പരോക്ഷമായും നിരവധിയായ സാധ്യതകളുണ്ട്. പ്രത്യേകിച്ചും ഇതിനായിട്ടുള്ള അടിസ്ഥാന സൌകര്യ വികസന മേഖലകളിൽ. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാകുന്നതിന് ഇത് പോലുള്ള പ്രശ്നങ്ങൾ കാരണമാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്രാ സമ്മേളനങ്ങളും നടക്കാറുണ്ട്. അതായത് ഒരു മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം മറ്റ് നിരവധി മേഖലകളിലെ വികസനത്തിനും നിക്ഷേപത്തിനും കളമൊരുക്കുന്നു എന്നതാണ് യഥാർത്ഥ്യം.

ഇന്ന് കാലാവസ്ഥാ ശാസ്ത്രം പഠിക്കുവാനുള്ള സൗകര്യം കേരളത്തിലും ഉണ്ട്. ഇത് പോലുള്ള നൂതനങ്ങളായ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാൻ നമ്മുടെ യുവ തലമുറ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.