ടുക്ക് ടുക്ക് ടൂർ ടൂറിസം മേഖലയിൽ പുതിയ ആശയവുമായി കേരളം

മനോജ് മാതിരപ്പള്ളി

ഉത്തരവാദിത്വ ടൂറിസം പോലെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയൊരു മാതൃകാപദ്ധതിയുമായി ഒരിക്കൽകൂടി രംഗത്തെത്തുകയാണ് കേരളം. ഇത്തവണയും സംസ്ഥാനത്തെ ഉൾനാടൻ ടൂറിസത്തിന് പരമാവധി കരുത്തുപകരുകയും വിനോദസഞ്ചാരമേഖലയിൽനിന്നുള്ള വരുമാനം സാധാരണക്കാരായ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ‘ടുക്ക് ടുക്ക് ടൂർ’ എന്നപേരിലുള്ള പുതിയ ടൂറിസം പദ്ധതിക്ക് ഏപ്രിൽ ഒന്നാംതീയതി തുടക്കമാകും. ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയെ ആണ്. ഓരോ മേഖലയിലുമുള്ള ഓട്ടോഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് ടുക്ക് ടുക്ക് ടൂർ പദ്ധതി നടപ്പാക്കപ്പെടുന്നത്. ഇതിന് മുന്നോടിയായി വിശദമായ ചർച്ചകളും വിലയിരുത്തലുകളുമെല്ലാം നടത്തിയിരുന്നു.

ഓട്ടോ ഡ്രൈവർമാരെ ഓരോ പ്രദേശത്തിന്റെയും ടൂറിസം അംബാസഡർമാരാക്കുന്ന പദ്ധതിയാണ് ടുക്ക് ടുക്ക് ടൂർ. ഇതിലൂടെ വിനോദസഞ്ചാരമേഖലയുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. കോവളവും മൂന്നാറും തേക്കടിയും പോലെയുള്ള പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ ഓരോ ജില്ലയിലുമുള്ള പ്രാദേശികമായ വിനോദസഞ്ചാരസ്ഥലങ്ങളെ കൂടി വലിയ തോതിൽ സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞാൽ ഏറെ സാമ്പത്തികനേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ടുക്ക് ടുക്ക് ടൂറിലൂടെ ഇത് സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഉൾനാടൻ ടൂറിസത്തിന് കൂടുതൽ കരുത്തുപകരാൻ സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ടുക്ക് ടുക്ക് ടൂർ യാഥാർത്ഥ്യമാകുമ്പോൾ

ഇപ്പോഴും കാര്യമായ ഗതാഗതസൗകര്യങ്ങൾ ഇല്ലാത്തതും എന്നാൽ മനോഹരവുമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഇതിലധികവും ഇക്കാലമത്രയും പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന സ്ഥലങ്ങളാണ്. എന്നാൽ ഫേസ്ബുക്കും യൂട്യൂബും ട്വിറ്ററുമെല്ലാം വ്യാപകമാവുകയും എല്ലാവിഭാഗം ആളുകളിലേക്കും ഇതിന്റെ സ്വാധീനം എത്തുകയും ചെയ്തതോടെ പ്രാദേശികമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങി. എന്നാൽ, അപ്പോഴും അവികസിതമായ ഗതാഗതസൗകര്യങ്ങൾ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് തടസമായി നിൽക്കുന്നുണ്ട്. ഈ പ്രശ്‌നം ടുക്ക് ടുക്ക് ടൂർ പദ്ധതിയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് ഉടൻ ആരംഭിക്കുന്നത്.

ഇതുപ്രകാരം, വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉൾപ്പെടെ ഓട്ടോറിക്ഷകൾ സഞ്ചാരികൾക്ക് സഹായകമാകും. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക പരിശീലനം നേടിയ ഓട്ടോഡ്രൈവർമാരെ നിയോഗിക്കും. ടുക്ക് ടുക്ക് ടൂർ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഓട്ടോറിക്ഷകളിൽ ക്യൂആർ കോഡും സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ലോഗോയും പതിപ്പിക്കും. ഈ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ആ പ്രദേശത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. ഇതുവരെയും വലിയ പ്രചാരം ലഭിക്കാത്ത പ്രാദേശിക വിനോദസഞ്ചാരസ്ഥലങ്ങൾക്കാവും ഇതിൽ മുൻഗണന. ഇതോടൊപ്പം ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓരോ സ്ഥലത്തും ടുക്ക് ടുക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട്ടോഡ്രൈവർമാരുടെ പേരും ഫോൺനമ്പറും രേഖപ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാൽ സഞ്ചാരികൾ പറയുന്ന സ്ഥലത്ത് നിശ്ചിതസമയമാകുമ്പോൾ ഓട്ടോറിക്ഷയെത്തും. ഇതിൽ കയറി, നാട്ടിൻപുറത്തെ ചെറുപാതകളിലൂടെ യാത്രചെയ്ത് ടൂറിസ്റ്റുകൾക്ക് ലക്ഷ്യസ്ഥാനത്തെത്താം.

ഇപ്പോൾ തന്നെ ഓരോ ഉൾനാടൻ പ്രദേശങ്ങളിലെയും മുഖ്യമായ ഗതാഗതസംവിധാനം എന്നതിന് പുറമെ, ആ പ്രദേശത്തെ എല്ലാ വിനോദസഞ്ചാരസ്ഥലങ്ങളും അവയുടെ പ്രത്യേകതകളും അവിടുത്തെ കാലാവസ്ഥയും സവിശേഷതയും ന്യൂനതയുമെല്ലാം കൃത്യമായി വിനിമയം ചെയ്യപ്പെടുന്ന വിവരസ്രോതസ് കൂടിയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ. ഇവരെകൂടി ടൂറിസം വ്യവസായത്തിന്റെ ഭാഗമാക്കുന്നതിലൂടെ എല്ലാ ഉൾനാടൻ പ്രദേശങ്ങളിലേക്കും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇതുവഴി കൂടുതൽ പണം വിനിമയം ചെയ്യപ്പെടാനുള്ള സാഹചര്യമൊരുക്കുന്നതിനും സാധിക്കും. മാത്രവുമല്ല, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കാനും നമ്മുടെ വൈവിധ്യമാർന്ന ഗ്രാമീണജീവിതത്തെ രാജ്യാന്തരതലത്തിലേക്ക് ഉയർത്തി ടൂറിസം രംഗത്ത് പുതിയ കമ്പോളസാധ്യതകൾ സൃഷ്ടിക്കാൻ സഹായകമാവുമെന്നും വിലയിരുത്തലുണ്ട്.

ഓരോ ദേശത്തും നിലവിലുള്ള ഓട്ടോഡ്രൈവർമാരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെയാകും ടുക്ക് ടുക്ക് ടൂറിന്റെ ഭാഗമാക്കുക. പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് ഇവർക്ക് പ്രത്യേകമായ പരിശീലനവും ലഭ്യമാക്കും. ഓരോ ജില്ലയിലുമുള്ള ഡിടിപിസി (ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ) മുഖേനെയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്ന വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള നൂറു ഓട്ടോഡ്രൈവർമാർ ഇതിനകം തന്നെ ടുക്ക് ടുക്ക് ടൂർ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഇവരിപ്പോൾ സേവനം നടത്തുന്ന സ്ഥലങ്ങളിൽതന്നെയാവും തുടർന്നും നിയോഗിക്കപ്പെടുക. ഓരോ സ്ഥലത്തുമുള്ള ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, പഞ്ചായത്ത് ടൂറിസം ഗൈഡൻസ് സെന്ററുകൾ എന്നിവിടങ്ങളിലൂടെയും ഇത്തരം ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാം.

ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖല ഇപ്പോൾ വലിയൊരു ചരിത്രനേട്ടത്തിലാണ്. ഒരു വർഷത്തിനുള്ളിൽ ഇവിടം സന്ദർശിക്കുന്ന ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണം സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുന്നു. 2022-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള 1.88 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. ഇതിൽ അധികവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. കോവിഡ്-19 രോഗവ്യാപനം പടർന്നുപിടിക്കുന്നതിന് മുൻപെത്തിയ 1,83,84,233 സഞ്ചാരികൾ ആയിരുന്നു ഇതിന് മുൻപുണ്ടായിരുന്ന ഉയർന്ന സംഖ്യ. എന്നാൽ 2022-ൽ അത് 1,88,67,414 ആയി ഉയർന്നു. നേരത്തെ ഉണ്ടായിരുന്ന ഉയർന്ന സംഖ്യയെക്കാൾ 2.63 ശതമാനം കൂടുതലാണിത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെല്ലാം ഇക്കാലത്ത് കൂടുതൽ സഞ്ചാരികളെത്തി. കോവിഡ് പ്രതിസന്ധിയെ ലോകം അതിജീവിക്കുന്നതിനൊപ്പം ധാരാളം വിദേശടൂറിസ്റ്റുകളും ഇവിടേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ഇനിയങ്ങോട്ടുള്ള നാളുകളും കേരളത്തിന്റെ ടൂറിസംമേഖലയെ സംബന്ധിച്ചിടത്തോളം ശോഭനമാകുമെന്നാണ് പ്രതീക്ഷ. ന്യൂയോർക്ക് ടൈംസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും കേരളം മാത്രമെ ഈ റിപ്പോർട്ടിൽ കടന്നുകൂടിയിട്ടുള്ളൂ. അതും മുൻഗണനാക്രമം അനുസരിച്ച് പതിമൂന്നാമതാണ് കേരളത്തിന്റെ സ്ഥാനം. രാജ്യാന്തരതലത്തിൽ പ്രശസ്തനായ ടൂറിസം ജേർണലിസ്റ്റ് പെയ്ജ് മക് ക്ലാനനാണ് ന്യൂയോർക്ക് ടൈംസിനായി കേരളത്തിലെത്തിയത്. വിദേശസഞ്ചാരികളെ ആകർഷിക്കാനുള്ള അംഗീകാരമായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ വിനിയോഗിക്കാം.

ഇത്തവണത്തെ ബജറ്റിൽ നൽകിയിട്ടുള്ള പരിഗണനയും വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകും. 362.15 കോടി രൂപയാണ് ടൂറിസം വികസനത്തിനായി നീക്കിവെച്ചിട്ടുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള 135.65 കോടി, അന്തർദ്ദേശീയ ടൂറിസം പ്രചാരണത്തിനായുള്ള 81 കോടി, ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായുള്ള 9.5 കോടി, കാരവൻ ടൂറിസത്തിനുള്ള 3.7 കോടി രൂപയുടെ സബ്‌സിഡി, റസ്റ്റ് ഹൗസുകളുടെയും ഗസ്റ്റ് ഹൗസുകളുടെയും യാത്രിനിവാസുകളുടെയുമെല്ലാം പുനരുദ്ധാരണത്തിനുള്ള 22 കോടി, കേരള ട്രാവൽ മാർട്ടിനുള്ള ഏഴുകോടി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും.

വിശാലമായ സമീപനം

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിൽ കൂടുതൽ വിശാലവും സമഗ്രവുമായ കാഴ്ചപ്പാടോടുകൂടിയാണ് ഇപ്പോൾ ടൂറിസംവകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. പലപ്പോഴായി വിവിധ തലങ്ങളിൽ രൂപീകൃതമാകുന്ന വ്യത്യസ്തമായ പദ്ധതികൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ മറ്റു പദ്ധതികൾക്ക് സഹായകമാവുകയും ചെയ്യുന്നുണ്ട്. ഇതിന് ഉദാഹരണമാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ വിനോദസഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി. ഇതിലൂടെ ആയിരത്തിലധികം ചെറുതും വലുതുമായ പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാവും രൂപീകരിക്കപ്പെടുക. ഇത് ഒരുപക്ഷേ ഏറ്റവുമധികം ബന്ധിപ്പിക്കപ്പെടുന്ന മറ്റൊരു പദ്ധതി ടുക്ക് ടുക്ക് ടൂർ ആയിരിക്കും. ഗ്രാമങ്ങളിലേക്ക് കൂടുതൽ ആഭ്യന്തരസഞ്ചാരികളും വിദേശടൂറിസ്റ്റുകളും എത്തിപ്പെടുമ്പോൾ എല്ലാ മേഖലയിൽ ഉള്ളവർക്കും ഇതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ ടൂറിസംമേഖലയിൽ തെളിഞ്ഞുവരുന്ന എല്ലാ സാധ്യതകളും കേരളം വിനിയോഗിക്കുന്നുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ടുക്ക് ടുക്ക് ടൂർ, സർവീസ്ഡ് വില്ല, സാഹിത്യ സർക്യൂട്ട് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ”ഗ്രാമീണതയ്ക്ക് ഊന്നൽ ലഭിക്കുന്ന ഇത്തരമൊരു സാധ്യത നമുക്കും കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കടലും കായലും പുഴയും മലയും കാടും പാടവുമെല്ലാമുള്ള കേരളത്തിന് അതുകൊണ്ടുതന്നെ വൻനേട്ടം കൈവരിക്കാനും കഴിയും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമക്കൂട്ടായ്മകളുടെ പങ്കാളിത്തത്തോടുകൂടി പ്രാദേശികതലത്തിലുള്ള ഗ്രാമീണടൂറിസം വിപുലമാക്കാൻ ശ്രമിക്കാം. ഇതോടെ പഞ്ചനക്ഷത്രഹോട്ടലുകളുടെയും എയർകണ്ടീഷൻ കാറുകളുടെയും ഉടമസ്ഥർക്കുമാത്രം ലഭിച്ചിരുന്ന വരുമാനം ഇനിമുതൽ കർഷകരായ ഗ്രാമീണർക്കും കാളവണ്ടിക്കാർക്കുമെല്ലാം കിട്ടും,” വില്ലേജ് ടൂറിസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാരിൽ ഒരാളായ മധു പറയുന്നു.

ഒരുകാലത്ത് ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാത്രമുള്ള വിനോദസഞ്ചാര വികസനമാണ് നടന്നിരുന്നത്. ആലപ്പുഴയും കൊച്ചിയും കോവളവും മൂന്നാറും തേക്കടിയും ഉദാഹരണമാണ്. ഇവിടെ എത്തുന്ന ആഭ്യന്തരടൂറിസ്റ്റുകളും വിദേശസഞ്ചാരികളുമെല്ലാം വലിയ ഹോട്ടലുകളിൽ താമസിക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം മടങ്ങുകയുമാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ലോകമെമ്പാടുമുള്ള ടൂറിസം സംസ്‌കാരം ഗ്രാമങ്ങളിലേക്കും കടന്നെത്തിയിരിക്കുന്നു. ഉൾനാടൻ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കാനും അവരുടെ കൃഷിയിടങ്ങളിൽ ചുറ്റിനടക്കാനും അവിടെ പണിയെടുക്കാനും പുഴകളിൽ മത്സ്യബന്ധനം നടത്താനും നാട്ടിൻപുറത്തെ കലാരൂപങ്ങൾ കാണാനും ആഗ്രഹിക്കുന്നവർ ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനും നയരൂപീകരണങ്ങൾക്കും അപ്പുറത്ത് കേരളത്തിന്റെ മുഴുവൻ ഭൂപ്രദേശവും മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളാണ് രൂപീകരിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതും. ടുക്ക് ടുക്ക് ടൂർ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് മാത്രം.