ടിഷ്യു പേപ്പർ വ്യവസായത്തിന്റെ സാധ്യതകൾ

ടിഷ്യു പേപ്പർ വ്യവസായത്തിന്റെ സാധ്യതകൾ

ഇന്ദു കെ പി

ടിഷ്യു പേപ്പർ നനവ് ഒപ്പിയെടുക്കുന്ന വളരെ നേർത്ത കടലാസ്സാണ്. ഇന്നത് ലോകമെമ്പാടുമുള്ള മനുഷ്യർക്ക് അവശ്യ വസ്തുവായിമാറിയിരിക്കുന്നു. വെർജിൻവുഡ് പൾപ്പിൽ നിന്നോ റീസൈക്കിൾ ചെയ്ത പേപ്പറിലൂടെയോ നിർമ്മിച്ച ജംബോ ടിഷ്യു റോളുകൾ എന്ന് വിളിക്കുന്ന പ്രാരംഭ അസംസ്കൃത വസ്തുവാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇത്തരം വലിയ റോളുകൾ പ്രത്യേക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് വിവിധ തരം ടിഷ്യു പേപ്പറുകളാക്കി രൂപാന്തരപ്പെടുത്തുന്നു. ടിഷ്യു പേപ്പറിന്റെ വിപണി സാഹചര്യവും ഉപയോഗവും ഗണ്യമായി വർധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് കൈയ്യും മുഖവും കഴുകേണ്ടതിന്റെ ആവർത്തി വർദ്ധിച്ചപ്പോൾ തുടയ്ക്കേണ്ടതിന്റെ ആവശ്യവും വർദ്ധിച്ചു. ഇന്നിത് മാർക്കറ്റുകളിൽ ഒരു അടിസ്ഥാന വസ്തുവായി വിൽക്കപ്പെടുന്നു. സംസ്ഥാനത്ത് ചെറിയ മുതൽ മുടക്കുള്ള യൂണിറ്റുകൾ മുതൽ വലിയ രീതിയിലുള്ള മിഷനുകളുപയോഗിച്ചും നൂറു കണക്കിനാളുകൾ ഈ സംരഭത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി ,റെസ്റ്റോറന്റുകൾ എന്നിവ ടിഷ്യു പേപ്പറിന് ഉയർന്ന ഡിമാന്റുള്ള പ്രധാന മേഖലകളാണ്. വ്യക്തിഗത ശുചിത്വവും സാനിറ്റേഷൻ രീതികളും ഈ വ്യവസായത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു.
ഹൈജനിക്, ഫേഷ്യൽ, പേപ്പർ ടൗവൽ, റാപ്പിംഗ് ടിഷ്യു എന്നിങ്ങനെ പല തരത്തിലുള്ള ടിഷ്യുപേപ്പറുകളുണ്ട്. ഹാർഡ്, സെമി സോഫ്റ്റ്. സോഫ്റ്റ് എന്നിങ്ങനെ മൂന്നു തരത്തിലാണ് ഇവ നിർമ്മിക്കുന്നത്. ഫേഷ്യൽ ടിഷ്യു, പേപ്പർ ടവ്വൽ സോഫ്റ്റ് ടിഷ്യു ആണ്. സോഫ്റ്റ് ടിഷ്യുവിന് താരതമ്യേന വില കൂടുതലാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്നത് ഹാർഡ് ടിഷ്യു ആണ്. അസംസ്കൃതവസ്തുക്കളുടെ അടിസ്ഥാനത്തിൽ ഇതിന്റെ വിലയും വ്യത്യാസപ്പെട്ടിരിക്കും. 100% ശുദ്ധമായ പൾപ്പ് ഉപയോഗിച്ച് നിർമ്മിച്ച ടിഷ്യുവിന് റീ സൈക്കിൾ ചെയ്ത പേപ്പറിനേക്കാൾ വില കൂടുതലായിരിക്കും.


സാധാരണയായി ഉപയോഗിക്കുന്ന ടിഷ്യു പേപ്പറുകളുടെ വലുപ്പം സെന്റി മീറ്ററിൽ ടോയ്ലറ്റ് പേപ്പർ 9 ഃ 10, 9 ഃ 20, പേപ്പർ ടവ്വലുകൾ 2 ഃ 21, 23 ഃ 20, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 27 ഃ 75, ചർമ്മം വൃത്തിയാക്കൽ എന്നിവയ്ക്ക ് 15 ഃ 20 16 ഃ18 എന്നീ വലിപ്പത്തിൽ ഉള്ളവയാണ്. ടിഷ്യു നിർമാണത്തിനാവശ്യമായ മദർ റീൽ എന്ന് വിളിക്കപ്പെടുന്ന ജംബോ ടിഷ്യു റോളുകൾ 100 മുതൽ ഒരു ടൺ വരെ തൂക്കവും മൂന്നു മുതൽ അഞ്ച് അടി വരെ വലുപ്പമുള്ള വ്യത്യസ്ത അളവുകളിൽ ലഭ്യമാണ്. കനം ,പേപ്പർ മെറ്റീരിയൽ ഘടന, വാങ്ങുന്ന അളവ് എന്നിവയെ ആശ്രയിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. മദർ റീലുകൾക്ക് 15,000 മുതൽ 65 000 രൂപ വരെ വില വരുന്നുണ്ട്. പ്രധാനമായും നാല് തരത്തിലുള്ള മെഷീനുകളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സിംഗിൾ കളർ പ്രിൻറിംഗ് മെഷീൻ, മൾട്ടികളർ പ്രിൻറിംഗ് മെഷീൻ, സിംഗിൾ എംബോസിങ്ങ് ടിഷ്യുമേക്കിങ്ങ് മെഷീൻ, ഡബിൾ എംബോസിങ്ങ് ടിഷ്യുമേക്കിങ്ങ് മെഷീൻ. മെഷീനുകൾക്ക് അഞ്ച് ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ വില വരുന്നവയാണ്. ടിഷ്യു പേപ്പർ നിർമ്മാണത്തിന് വലിയ മനുഷ്യശക്തിയോ, സാങ്കേതിക പരിജ്ഞാനമോ, തൊഴിൽ വൈദഗ്ധ്യമോ ആവശ്യമായി വരുന്നില്ല. രണ്ട് മൂന്ന് തൊഴിലാളികളെ ഉപയോഗിച്ച് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാവുന്നതാണ്. ഈ വ്യവസായത്തിന്റെ മറ്റൊരു സവിശേഷത ഒരു യൂണിറ്റ് പ്രവർത്തിക്കുന്നതിന് വളരെയധികം വിഭവങ്ങൾ ആവശ്യമില്ല എന്നതാണ്. ടിഷ്യു പേപ്പർ ഉപയോഗിക്കുന്നതിന് പ്രത്യേക കാലാവസ്ഥ ഇല്ലാത്തതു കൊണ്ടും നിർമ്മാണം ലാഭകരമായിരിക്കും.


ടിഷ്യു പേപ്പർ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ നിർമാണ യന്ത്രത്തിൽ വലിയ ടിഷ്യു ജംബോറോളുകൾ സ്ഥാപിക്കുന്നു. അതിനുശേഷം പേപ്പറിന്റെ ഒരൊറ്റം ശ്രദ്ധാപൂർവ്വം വലിച്ച് കട്ടിങ് മെഷീൻ വരെ റോളറുകൾ വെക്കുന്നു. തുടർന്ന് മെഷീൻ ഓണാക്കി റൊട്ടേഷൻ രീതിയിൽ ക്രമീകരിക്കണം. ടിഷ്യു പേപ്പർ റോൾ പതുക്കെ കറങ്ങുകയും റോളറിലൂടെ പേപ്പർ തള്ളുകയും ചെയ്യുന്നു. ഈ റോളറുകളിൽ സാധാരണയായി സുഷിരങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ടിഷ്യു പേപ്പറിൽ ബൾജ് ആകൃതിയിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇതിനെ എംബോസിംഗ് എന്നാണ് പറയുന്നത്. ഈ പ്രക്രിയ ടിഷ്യുവിന്റെ കനം വർദ്ധിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും മൃദുത്വം നൽകുന്നതിനും സഹായിക്കുന്നു. എംബോസിംഗ് പൂർത്തിയായാൽ പ്രിന്റിംഗ് യൂണിറ്റിലേക്ക് മാറ്റും.ഇവിടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തതോ, പ്ലെയിനോ ഏതാണ് വേണ്ടത് അത് ചെയ്യുന്നതാണ്.അതിനുശേഷം ടിഷ്യു മടക്കാവുന്ന ഒരു ഡ്രമ്മിലൂടെ കടന്നു പോകുന്നു. ഇവിടെ രണ്ട് ഹൈ സ്പീഡ് റോളറിലൂടെയും കടന്നു പോകും. ഈ റോളറുകൾ ടിഷ്യുവിനെ കട്ടിംഗ് മെഷീനിലേക്ക് തള്ളുന്നു. ഇവിടെ നമ്മുടെ ആവശ്യത്തിനുള്ള വലിപ്പമനുസരിച്ച് ചെറിയ ഭാഗങ്ങളാക്കി വേർതിരിക്കുന്നു. 50, 70, 100 എന്നിങ്ങനെയുള്ള വ്യത്യസ്ത പാക്കറ്റുകൾ വ്യത്യസ്ത അളവുകളിൽ പാക്ക് ചെയ്യാം. ഏകദേശം 30രൂപ മുതൽ 300 രൂ പ വരെ വിലയുള്ളവ വിപണിയിൽ ലഭ്യമാണ്. മുളകൊണ്ട് നിർമ്മിക്കുന്ന ബാംബു ടിഷ്യുവും വിപണിയിലുണ്ട്.


ടിഷു പേപ്പറിന്റെ വ്യവസായിക സാധ്യത മനസ്സിലാക്കി ഏകദേശം എട്ടു വർഷം മുമ്പ് കൊരട്ടിയിൽആരംഭിച്ച ‘ ബ്രൈറ്റ് പേപ്പർ പ്രോഡക്ട് ‘എന്ന യൂണിറ്റിൽ നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. സ്ഥാപനം നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംരഭകർ നൽകുന്ന വിവരം. എന്നിരുന്നാലും അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും വിപണി വിലയിലെ ഏകീകരണമില്ലായ്മയും മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണെന്ന് ഇവർ പറയുന്നു. മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വില കുറഞ്ഞ ടിഷ്യു പേപ്പറിന്റെ ലഭ്യതയും വിപണിയിൽ ചെറുതല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലക്ഷങ്ങൾ മുതൽ മുടക്കുള്ള ഈ സംരഭത്തിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ വലിയ ലാഭം ലഭിച്ചില്ലെങ്കിലും കാലക്രമേണ സ്ഥിര വരുമാനം ലഭിക്കുമെന്ന് തന്നെയാണ് അനുഭവസ്ഥർ പറയുന്നത് .