ടറഫ് കളിയിടങ്ങളിലെ ന്യുജെൻ സംരംഭകർ
ഇന്ദു കെ പി
കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കായിക സംരംഭമാണ് ടറഫ് അഥവ കൃത്രിമ പുൽമൈതാനങ്ങൾ. പകൽ സമയങ്ങളിൽ മാത്രം കളിക്കാവുന്ന പ്രകൃതിദത്തമായ വലിയ കളിസ്ഥലങ്ങൾക്ക് പകരം, രാത്രിയിലും കളിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഈ ചെറു മൈതാനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ളത്. പരിശീലനത്തിനും കായികക്ഷമത നിലനിർത്തുന്നതിനുമുള്ള വ്യായാമങ്ങൾക്കായും നിരവധി പേർ ഇത്തരം മൈതാനങ്ങളെ ഇന്ന് ആശ്രയിക്കുന്നുണ്ട്. ഓരോയിടങ്ങലിലും പലരീതിയിലാണ് ടറഫുകളുടെ ഉപയോഗത്തിന് പണം ഈടാക്കുന്നത്. അത് പ്രധാനമായും സൗകര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും. മണിക്കൂറിന് 100രൂപ മുതൽ വാങ്ങുന്നവരുണ്ട്. ഗ്രുപ്പിനാകുമ്പോൾ ഇതിൽ ഇളവുകളുണ്ട്. ഒരു ടീമിന് പകൽ കളിക്കുവാൻ 800 രൂപയും (7പേർക്ക്) രാത്രിയാണെങ്കിൽ 1300 രൂപയും ചെലവാകും. ഒരുദിവസത്തെ ചെറു ഫുട്‌ബോൾ ടൂർണമെന്റുകളും ഇത്തരം കളിയിടങ്ങളിൽ സാധാരണമാകുന്നു. മണ്ണും പൊടിയുമാകാതെ, പരിക്കേൽക്കാതെ കളിക്കാം എന്ന ധൈര്യം കുട്ടികളുടെ രക്ഷിതാക്കളെ ഇങ്ങോട്ടു ആകർഷിക്കുന്നു.
തൃശൂർ ജില്ലയിൽ മാത്രം 100 ഓളം ടറഫുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. വർദ്ധിച്ചുക്കൊണ്ടിരിക്കുന്ന നഗരവത്കരണത്തിന്റെ ഭാഗമായി കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ ടറഫ് എന്ന ആശയത്തിന് സാധ്യതയേറുകയാണ്. പുല്ലുള്ള യഥാർത്ഥ കളിസ്ഥലങ്ങൾ നിർമ്മിക്കുക എന്നത് എല്ലായിടത്തും സുസാധ്യമായ കാര്യമല്ല. മാത്രമല്ല ഇത്തരം മൈതാനങ്ങളിൽ പുല്ലിന്റെ വളർച്ച ശരിയായ രീതിയിൽ നിലനിർത്തുന്നതിനും കൂടുതൽ കാലം ഉപയോഗിക്കുന്നതിനും സാധ്യമാകാതെ വരും. കളിസ്ഥലങ്ങൾ നിർബന്ധമാകുകയും അവ പൂർണമായും അപകടരഹിതമാകുകയും വേണമെന്ന ചിന്ത സമൂഹത്തിൽ ഇന്ന് വ്യാപകമാണ്. കൊയ്‌ത്തൊഴിഞ്ഞ കണ്ടങ്ങളെയും (പാടങ്ങൾ) പറമ്പുകളെയും കളിസ്ഥലമാക്കിയിരുന്ന കൗമാരങ്ങൾ പലരും ന്യുജെൻ ഇടങ്ങളെ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഫുട്‌ബോൾ പ്രേമികൾ ഏറെയുള്ള മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ടറഫുകൾ കൂടുതലുളളത്.
1960 കളുടെ തുടക്കം മുതൽ തന്നെ ലോകത്തിന്റെ പലഭാഗങ്ങളിലും കൃത്രിമ ടറഫുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1966 ൽ ടെക്‌സാസിലെ ഹ്യൂസ്റ്റണിൽ ആസ്‌ട്രോ ടറഫ് സ്ഥാപിച്ചതോടെ ഇത് വളരെ പ്രസിദ്ധമാവാൻ തുടങ്ങി. 1970കളിൽ യു എസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ടറഫുകൾ വ്യാപകമായി. വ്യവസായ ഗ്രൂപ്പായ സിന്തറ്റിക് ടർഫ്കൗൺസിലിന്റെ കണക്കനുസരിച്ച് 2013 ൽ മാത്രം യു.എസിൽ 1200 ലധികം ടറഫുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൃത്രിമ നാരുകളുടെ ഉപരിതലമുള്ള ഒരു കളിസ്ഥലമാണ് ടറഫ്. പുല്ലിൽ കളിക്കാവുന്ന എല്ലാ കായിക വിനോദങ്ങൾക്കും ഇത്തരം മൈതാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫുട്‌ബോൾ കളിക്ക് തന്നെയാണ് കൂടുതലായും ഉപയോഗിക്കുന്നത്. മഴയെയും വെയിലിനെയും ഒരുപോലെ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് ഈ കൃത്രിമ പുൽമൈതാനത്തിന്റെ സവിശേഷത. ഫൈവ്‌സ്, സെവൻസ്, ഇലവൻസ് എന്നിങ്ങനെ കളിക്കാരുടെ വിന്യാസം അനുസരിച്ചാണ് റെഫുകൾ നിർമ്മിക്കുന്നത്. ഫൈവ്‌സ് കളിക്കാനുതകുന്ന രീതിയിലുള്ള ഒരു ടറഫ് നിർമ്മിക്കുന്നതിന് ഏകദേശം 40 സെന്റ് സ്ഥലം ആവശ്യമാണ്. ഇതു അംഗീകൃതമായ രീതിയിൽ നിർമ്മിക്കുന്നതിന് ഏകദേശം 35 ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ടെന്ന് സംരംഭകർ പറയുന്നു.
ടറഫ് മൈതാനം ഒരുക്കുന്നതിന് സ്ഥലം നിരപ്പാക്കി ലെവൽചെയ്യുക എന്നതാണ് ആദ്യ പടി. അതിനു ശേഷം മുകളിൽ മെറ്റൽ വിരിച്ച് വീണ്ടും ലെവൽ ചെയ്യുന്നു. മുകളിൽ ഗ്രാസ്സ് മാറ്റ് പശ ഉപയോഗിച്ച് ഒട്ടിക്കുന്നു. സ്ഥലങ്ങളുടെ ലഭ്യതയനുസരിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവാം. കൃത്യമായ ഡ്രെയ്‌നേജ് സംവിധാനം ചുറ്റും ഒരുക്കേണ്ടതാണ്. മഴ വെള്ളം വലിച്ചെടുക്കുന്നതിന് കൃത്രിമ മൈതാനത്തിന് സാധിക്കാത്തതിനാൽ ഇത് അത്യാവശ്യമാണ്. ഗ്രിപ്പ് ലഭിക്കുന്നതിനും പുല്ല് ഒടിഞ്ഞു പോവാതിരിക്കുന്നതിനും പുല്ലിനിടയിൽ സിലിക്കൺ സാന്റും റബ്ബർ ഗ്രാന്യൂൾസും വിതറുന്നു. മൈതാനത്തിനു ചുറ്റും മുകൾ വശവും നെറ്റ് കൊണ്ട് അനാവരണം ചെയ്യേണ്ടതാണ്. കൃത്യമായ വൈദ്യുതിയും ലഭ്യമാക്കണം. മൈതാനത്തോട് ചേർന്ന് വിശ്രമമുറിയും ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും വ്യവസായിക ആവശ്യത്തിനായുള്ള ബിൽഡിംഗ് പെർമിഷനാണ് ഇതിനായി വേണ്ടത്.
2020 ൽ ഒമ്പതു പേർ ചേർന്ന് ഹെയ്‌നെസ് എന്ന പേരിൽ തൃശൂർ കൊക്കാലയിൽ ആരംഭിച്ച ടറഫ് മികച്ച രീതിയിൽ ഇന്നും പ്രവർത്തിക്കുന്നുണ്ട്. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്കും വിദഗ്ധർ ഇവിടെ ഫുട്‌ബോൾ പരിശീലനം നൽകുന്നു. രണ്ട് ഫൈവ്‌സ് കളിക്കാവുന്ന രീതിയിലാണ് ഈ കോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഫിഫ അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ടറഫ് നിർമ്മിച്ചിരിക്കുന്നതെന്ന് സംരഭകർ പറയുന്നു. ഇത്തരം സംരംഭങ്ങൾ ഉടമയ്ക്ക് മാത്രമല്ല മറ്റു കുറച്ച് പേർക്കു കൂടി തൊഴിൽ നൽകാനുതകുന്നു. ടറഫുകളോട് ചേർന്ന് ആധുനിക രീതിയിലുള്ള കഫറ്റേരിയകളും ജിംനേഷ്യങ്ങളുമെല്ലാം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. ഇത്തരം നൂതന സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹെയ്‌നസ് ടറഫ് സംരംഭകരിൽ ഒരാളായ ജീവൻ പറഞ്ഞു.