ചിന്തകൾ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ – ന്യൂറോ ടെക്നോളജി

ലോറൻസ് മാത്യു

ലോകം മാറ്റത്തിന്റെ പാതയിലൂടെയാണ് അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും അതിന്റെ ഗവേഷണങ്ങളുമെല്ലാം സാധാരണക്കാർക്ക് ചിന്തിക്കുവാൻ പോലും കഴിയാത്ത മേഖലകളിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ടി വി നിയന്ത്രിക്കുവാൻ റിമോട്ടുകൾ വന്നപ്പോൾ അത്ഭുതം കൂറിയവർ മനസ്സ് കൊണ്ട് നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അതായത് സാങ്കേതിക വിദ്യ മനുഷ്യന്റെ തലച്ചോറിന്റെ ചലനങ്ങൾ തിരിച്ചറിഞ്ഞ് അതിനോട് സംവദിക്കുന്ന കാലഘട്ടം ആണിന്ന്. ഇതാണ് ന്യൂറോ ടെക്നോളജി എന്ന സാങ്കേതിക വിദ്യ. മനുഷ്യന്റെ തലച്ചോറിൽ കോടിക്കണക്കിന് ന്യൂറോണുകളുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ പഠിക്കുകയും ഒപ്പം അത് പുറത്ത് നിന്ന് നിയന്ത്രിക്കുകയും ചെയ്യുന്നതുമൊക്കെ ഈ സാങ്കേതിക വിദ്യയുടെ പരിധിയിൽ വരും.

സത്യത്തിൽ നമുക്ക് ഈ സാങ്കേതിക വിദ്യയെ പരിചയമുണ്ട്. ഇ ഇ ജിയും എം ആർ ഐ സ്കാനിങ്ങും ആണ് സാധാരണക്കാർക്ക് ഈ സാങ്കേതിക വിദ്യ സുപരിചിതമാക്കിയത്. എന്നാൽ ഇതിന്റെ സാധ്യതകൾ അനന്തമാണ്. ഗവേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. എം ആർ ഐ ക്ക് അപ്പുറത്തേക്ക് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫെയ്സിലേക്ക് സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു. ഇത് രണ്ട് രീതിയിൽ ചെയ്യുവാൻ കഴിയും. ന്യൂറോണുകളിലേക്ക് നേരിട്ട് ഡിവൈസുകൾ ഘടിപ്പിക്കുന്ന രീതിയാണൊന്ന്. വളരെയധികം റിസ്കുള്ള ഒന്നാണിത്. മറ്റൊന്ന് പുറമേ നിന്ന് തലയോട്ടിയിലേക്ക് ഇംപ്ലാന്റുകൾ ഘടിപ്പിക്കുന്ന രീതിയാണ്. പുറത്ത് നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ബ്രെയിൻ മോഡുലേഷൻ നടത്തുന്നതാണ് ന്യൂറോ സ്റ്റിമുലേഷൻ. ഇലക്ട്രിക് സിഗ്നലുകളോ, ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലുകളോ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. പരസ്പരം ആശയങ്ങൾ കൈമാറുവാൻ സംസാരിക്കേണ്ടതില്ല മറിച്ച് ചിന്തിച്ചാൽ മതിയെന്നായിരിക്കുന്നു.

ഇന്ന് ഈ സാങ്കേതിക വിദ്യ ഏറെ വികാസം പ്രാപിച്ചയൊന്നാണ്. ഗവേഷണവും നടന്ന് കൊണ്ടിരിക്കുന്നു. മനുഷ്യന്റെ നെർവസ് സിസ്റ്റങ്ങൾക്കുണ്ടാകുന്ന തകരാറുകൾക്കുള്ള മരുന്നുകളുടെ ഗവേഷണവും ഉൽപ്പാദനവുമാണ് ന്യൂറോ ഫാർമക്കോളജി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ന്യൂറോണുകളുടെ ഡേറ്റാ അനാലിസിസ്, അൽഗോരിതം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുന്നതാണ് ന്യൂറോ ഇൻഫർമാറ്റിക്സ്. ന്യൂറോ സയൻസും ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങും കൈകോർക്കുന്ന മേഖലയാണ് ന്യൂറോ പ്രോസ്തെറ്റിക്സ് എന്നത്. മനുഷ്യന്റെ നെർവസ് സിസ്റ്റങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അത് മാറ്റി മറ്റ് ഡിവൈസുകൾ ഘടിപ്പിക്കുന്നതാണിത്. കൃത്രിമമായി ന്യൂറോണുകളുണ്ടാക്കുകയോ, നിലവിലുള്ളവ നന്നാക്കുകയോ ചെയ്യുന്നതാണ് ന്യൂറോ ടിഷ്യു എഞ്ചിനിയറിങ്ങ് എന്നത് കൊണ്ടർത്ഥമാക്കുന്നത്. ന്യൂറോ ടെക്നോളജിയുടെ വികാസം നിരവധിയായ സംരംഭക സാധ്യതകൾ തുറന്നിടുന്നുണ്ട്.

എവിടെയൊക്കെ
മനുഷ്യ ബ്രെയിനും യന്ത്രങ്ങളുമായി നേരിട്ട് സംവേദനം സാധ്യമാവുക എന്ന് പറഞ്ഞാൽ അത് തുറന്നിടുന്ന സാധ്യതകൾ നിരവധിയാണ്.ആയതിനാൽ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സാധ്യതയുള്ളയൊരു മേഖലയാണിത്.

പ്രധാനമായും ആരോഗ്യ രംഗത്താണ് ഇതിന്റെ ഉപയോഗം കൂടുതലായുള്ളത്. ന്യുറോ പ്രോസ്തെറ്റിക്സ് രംഗത്ത് പുതിയ ഡിവൈസുകളുടെ ഉൽപ്പാദനം ഒരു സംരംഭക സാധ്യതയാണ്. പാർക്കിൻസൺസ് പോലുള്ള അസുഖങ്ങൾക്ക് ചികിത്സക്കായി ന്യുറോ സ്റ്റിമുലേഷൻ ഉപയോഗിക്കുന്നുണ്ട്. പാർക്കിൻസൺസ് രോഗചികിത്സയ്ക്ക് അത്യാധുനിക ന്യുറോനേവ് എം.ഇ.ആർ (മൈക്രോ ഇലക്ട്രോഡ് റെക്കോർഡിങ് സിസ്റ്റം) സാങ്കേതികവിദ്യ ദക്ഷിണേഷ്യയിൽ ആദ്യമായി അവതരിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയും ഇന്ത്യ മെഡ്ട്രോണിക്ക് പ്രൈവറ്റ് ലിമിറ്റഡും കൈകോർത്താണ് ന്യുറോനേവ് എം.ഇ.ആർ സാങ്കേതികവിദ്യ കേരളത്തിലെത്തിക്കുന്നത്. ഇതോടെ പാർക്കിൻസൺസ് രോഗചികിത്സയായ ഡിബിഎസിൽ രാജ്യത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. കാലക്രമേണ രോഗിയുടെ ചലനശേഷി ഇല്ലാതാക്കുന്ന രോഗമാണ് പാർക്കിൻസൺസ്. ശരീരത്തിൽ ഘടിപ്പിക്കാവുന്ന പേസ്മേക്കർ പോലെയുള്ള ഒരു ഉപകരണത്തിൽ നിന്നും തലച്ചോറിലേക്ക് സിഗ്നലുകൾ അയച്ച് ചലനശേഷി വീണ്ടെടുക്കുന്ന ചികിത്സാ രീതിയാണ് ഡിബിഎസ് അഥവാ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ. രോഗിയുടെ തലച്ചോറിനുള്ളിൽ ഓപ്പറേഷനിലൂടെ ഇലക്ട്രോഡുകൾ കടത്തിവിട്ടാണ് ഇത് സാധ്യമാക്കുന്നത്. സാധാരണ 45 മിനിറ്റ് വരെ നീണ്ടു നിൽക്കുന്ന ഈ ഓപ്പറേഷൻ ന്യുറോനേവ് എം.ഇ.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്ത് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മുമ്പത്തേക്കാളേറെ കൃത്യമായും സൂക്ഷ്മമായും സർജറി പൂർത്തിയാക്കാൻ കഴിയും. രക്തസ്രാവം പരമാവധി കുറയുകയും മുറിവ് വേഗം ഉണങ്ങുകയും ചെയ്യുന്നു.

പാർക്കിൻസൺസ് രോഗത്തിന് മറ്റേതൊരു ചികിത്സയേക്കാളും ഫലപ്രദമാണ് ഡിബിഎസ്. രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് ഡിബിഎസ് ചികിത്സയ്ക്ക് വിധേയരായാൽ രോഗിയുടെ നിത്യജീവിതത്തെ ബാധിക്കാത്ത തരത്തിൽ അവരുടെ ചലനശേഷി പരമാവധി വീണ്ടെടുക്കാൻ കഴിയും. എന്നാൽ ഇതിനു വളരെയധികം കഴിവും പരിശീലനവും നേടിയ ഡോക്ടർമാരെ ആവശ്യമാണ്. രോഗിയുടെ തലച്ചോറിനുള്ളിൽ ആഴത്തിൽ കൃത്യമായ ഇടത്ത് ഇലക്ട്രോഡുകൾ എത്തിക്കണം. അതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായാൽ പോലും ചികിത്സയുടെ ഫലവും വ്യത്യസ്തമായിരിക്കും. നിലവിലുള്ള എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചാലും തലച്ചോറിനുള്ളിലെ കൃത്യമായ ഇടങ്ങൾ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ ന്യുറോനേവ് എം.ഇ.ആർ സാങ്കേതിവിദ്യ വരുന്നതോടെ ഈ സർജറി അനായാസവും സുരക്ഷിതവുമായി പൂർത്തീകരിക്കുവാനും കഴിയും. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും നല്ല മൈക്രോ ഇലക്ട്രോഡ് റെക്കോർഡിങ് സാങ്കേതിക വിദ്യയാണ് ന്യുറോനേവ് എം.ഇ.ആർ. ആൽഫ ഒമേഗ എഞ്ചിനീയറിംഗ് എന്ന ഇസ്രായേലി കമ്പനിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അന്താരാഷ്ട്ര തലത്തിൽ പേരെടുക്കാൻ കഴിഞ്ഞ കമ്പനിയാണിത്.

അപസ്മാരം പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാണ്.

റോബോട്ടിക് കൈയുടെ സാധ്യതകൾ നമുക്ക് അറിയാവുന്നതാണ്. ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫെയ്സ് വ്യാപകമാകുന്നതോട് കൂടി ചിന്തകൾ കൊണ്ട് ഇത് നിയന്ത്രിക്കുവാൻ കഴിയും. വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് ഏറെ സഹായകരമാകുന്നയൊന്നാണ്. ഭാവിയിലെ വീൽ ചെയറുകൾ തന്നേയും മനുഷ്യരുടെ ചിന്തകൾക്കനുസരിച്ച് ചലിക്കുന്നവയായിരിക്കും.

സംസാരിക്കുവാൻ കഴിയാത്തവർക്ക് തമ്മിലുള്ള കമ്യൂണിക്കേഷൻ ഇത് വഴി സാധ്യമാണ്. ചാറ്റിങ്ങിൽ എന്ത് ടൈപ്പ് ചെയ്യണമെന്ന് നമ്മുടെ കൈ തീരുമാനിക്കുന്നതിന് പകരം ചിന്തിച്ചാൽ അത് ടൈപ്പ് ചെയ്ത് മറ്റേ ആൾക്ക് അയക്കുന്നത് ആണ് ഇനി നാം കാണുവാൻ പോകുന്നത്.

ന്യൂറോ ടെക്നോളജിയുടെ സാധ്യതകൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗെയിമിങ്ങ് മേഖല. വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോഴത്തെ ഗെയിമിങ്ങ് എല്ലാം തന്നെ. ഡിവൈസുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ ചിന്തകൾക്കനുസരിച്ച് ഗെയിം കളിക്കുവാൻ കഴിയുന്നത് ഈ സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. ഗെയിം കളിക്കുന്നവരുടെ വികാരങ്ങളും മാനസിക വ്യാപാരങ്ങളും അപ്പപ്പോൾത്തന്നെ ഒപ്പിയെടുക്കുവാൻ ഈ സാങ്കേതിക വിദ്യയിൽ സാധ്യമാണെന്നതിനാൽത്തന്നെ ഗെയിം ഡവലപ്പർമാർക്ക് ഇതിൽ മാറ്റം വരുത്തുവാൻ കഴിയും.

ന്യൂറോ ഇൻഫർമാറ്റിക്സും ന്യുറോ ഫാർമക്കോളജിയുമൊക്കെ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുള്ള മേഖലകളാണ്. Neurona Therapeutics, Cognito Therapeutics, Cogent Biosciences തുടങ്ങിയവയൊക്കെ ഈ രംഗത്തെ സ്റ്റാർട്ടപ്പ് കമ്പനികളാണ്.

ന്യൂറോ സാങ്കേതിക വിദ്യയുടെ വികാസം ഏറെ മാറ്റം വരുത്തുവാൻ പോകുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. ബ്രെയിൻ മാപ്പിങ്ങ് ഉയോഗപ്പെടുത്തി ഓരോ കുട്ടിയുടേയും ലേണിങ്ങ് സ്റ്റൈൽ, ശക്തിയും ദൗർബല്യവുമൊക്കെ തിരിച്ചറിഞ്ഞ് നൽകുന്നതാവും ഇനിയുള്ള കാലഘട്ടത്തിലെ വിദ്യാഭ്യാസം. അതായത് പേഴ്സണലൈസ്ഡ് ലേണിങ്ങ് വ്യാപകമാകുമെന്നർത്ഥം. ട്രാൻസ്കാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ ഉപയോഗപ്പെടുത്തി കുട്ടിയുടെ ഓർമ്മശക്തി അളക്കുന്നതും കുട്ടിയെ മനസ്സിലാക്കുവാനും അതനുസരിച്ച് അവനെ സഹായിക്കുവാനും സാധിക്കുന്നതാണ്. ഓരോ കുട്ടിക്കും ആവശ്യമായ ട്രെയിനിങ്ങ് മെറ്റീരിയൽസ് രൂപപ്പെടുത്തുന്ന കാലമാണ് ഇനി വരുവാൻ പോകുന്നത്. ലേണിങ്ങ് ഡിസെബിലിറ്റിയുള്ള കുട്ടികൾക്ക് അവരുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നത് ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്.

ഒരു കമ്പനിയിലെ ജീവനക്കാരുടെ മാനസിക പ്രശ്നങ്ങളും സ്കില്ലുകളും മനസ്സിലാക്കുവാനും അതനുസരിച്ച് അവരെ പരിശീലിപ്പിക്കുവാനും ഇത് വഴി സാധ്യമാണ്. ജീവനക്കാരുടെ നിയമനത്തിൽത്തന്നെ ഈ സാങ്കേതിക വിദ്യക്ക് പലതും ചെയ്യുവാൻ കഴിയും. ജീവനക്കാരുടെ മാനസിക ആരോഗ്യം, സ്കില്ലുകൾ തുടങ്ങിയവയൊക്കെ വ്യക്തമായി മനസ്സിലാക്കുവാൻ ഇത് വഴി സാധ്യമാണ്. പഴയത് പോലെ ടെസ്റ്റും ഇന്റർവ്യൂവും മാർക്ക് ലിസ്റ്റിലെ അക്കങ്ങളും മാത്രം പോര ഇനിയുള്ള കാലത്ത് ഒരു ജോലി ലഭിക്കുവാൻ എന്നർത്ഥം. പ്രത്യേകിച്ചും കോർപ്പറേറ്റ് മേഖലയിൽ.

ഒപ്പം കസ്റ്റമറുടെ മുഖചലനങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ഉൽപ്പന്നങ്ങളോടുള്ള താൽപ്പര്യത്തെ മനസ്സിലാക്കി അവരോട് ഇടപെടുവാൻ കഴിയുന്നത് റീട്ടെയിൽ മേഖലയിൽ വരുവാൻ പോകുന്ന മാറ്റമാണ്. പ്രത്യേകിച്ചും വലിയ സൂപ്പർ മാർക്കറ്റുകളിലും ഷോപ്പിങ്ങ് കോപ്ലക്സുകളിലുമൊക്കെ. ജീവനക്കാരുടെ മാനസിക വ്യാപാരങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് തൊഴിലിടങ്ങൾ രൂപവൽക്കരിക്കുന്നതാവും ഇനി കോർപ്പറേറ്റ് കമ്പനികളിൽ കാണുവാൻ പോകുന്നത്.

കായിക രംഗത്ത് ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനകരമായ ഒന്നാണ്. കളിക്കാരെ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ച് പരിശീലനം നൽകുവാൻ കഴിയുന്നതാണ്. മാത്രമല്ല അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുവാനും അതനുസരിച്ച് പ്രതിവിധി എടുക്കുവാനുമൊക്കെ സാധ്യമാണ്. ഇലക്ട്രോ മയോഗ്രാഫി ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

മാർക്കറ്റ് സർവ്വേ നടത്തുന്ന കമ്പനികൾക്കും ബ്രാൻഡ് പ്രൊമോഷൻ നടത്തുന്ന കമ്പനികൾക്കുമൊക്കെ ഇനിയുള്ള കാലത്ത് പ്രയോജനപ്പെടുവാൻ പോകുന്ന ഒരു സാങ്കേതിക വിദ്യയാണിത്. കമ്പനികൾക്ക് ബിസിനസ്സിൽ വിവിധ തീരുമാനങ്ങളെടുക്കുവാൻ ഈ സാങ്കേതിക വിദ്യ സഹായകരമായിരിക്കും. പുതിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ഏറെ ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ആയതിനാൽത്തന്നെ ഏതൊക്കെ മേഖലകളിലാണ് മാറ്റങ്ങൾ വരിക എന്ന് കൃത്യമായി പറയുവാൻ പ്രയാസമാണ്. എന്നാൽ ഈ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ട് വരുമെന്നത് നിസ്തർക്കമായ ഒന്നാണ്.