ഗുരുവായൂരിന്റെ ലേഡി ഫോട്ടോഗ്രാഫർ

ബിന്നിമോൻ. വി. സി.

‘ഒരു കാര്യം നേടണമെന്ന് നിങ്ങൾ ഉറപ്പായും ആഗ്രഹിക്കുകയാണ് എങ്കിൽ നിങ്ങളത് നേടുവാൻ മുഴുവൻ പ്രപഞ്ചവും കരുക്കൾ നീക്കുന്നു’. ആൽക്കമിസ്റ്റിന്റെ ഈ വരികളാണ് അസീന എന്ന പെൺകുട്ടിയെ ജീവിതത്തിലെ ഓരോ പരീക്ഷണ ഘട്ടത്തിലും തളരാതെ സ്വന്തം ലക്ഷ്യത്തിലേക്ക് നടക്കാൻ പ്രാപ്തയാക്കിയത്. അസീന വേലൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. വ്യവസായിയായ അച്ഛന്റെ ഒരേ ഒരു മകളായി ബിസിനസിന്റെ വിജയവും പരാജയവും കണ്ടാണ് വളർന്നത്. ചെറുപ്പം തൊട്ടുതന്നെ ഉപ്പച്ചീടെ ഉപദേശം സ്വയം അധ്വാനിച്ച് ജീവിക്കാനും സമൂഹത്തിൽ നന്മകളെ പ്രോത്സാഹിപ്പിക്കാനും ആയിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നുവെങ്കിലും പിതാവിന്റെ മരണവും പിന്നീടുള്ള കുടുംബത്തിന്റെ തീരുമാനങ്ങളിലും പെട്ട് പഠനം നിർത്തി ചെറിയ പ്രായത്തിൽ തന്നെ വിവാഹ ജീവിതത്തിലേക്ക് കയറി പോകേണ്ടിവന്നു. 8 വർഷത്തെ പ്രവാസ ജീവിതത്തിലും മനസ്സിൽ എന്നും സ്വന്തമായി ഒരു ജോലിയും, വരുമാനവും സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അച്ഛനെപ്പോലെ തന്റേതായി ഒരു പ്രവർത്തന മേഖലയും സ്വപ്നം കണ്ടു. മകൾ എൽ. കെ. ജി. യിൽ പോകാൻ തുടങ്ങിയതോടെ നാട്ടിൽ സ്ഥിരമായും തനിക്ക് ഇഷ്ടപ്പെട്ട ഫാഷൻ ഡിസൈനിങ് പഠിക്കുകയും തുടർന്ന് ആ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുവാനും തുടങ്ങി. അതോടൊപ്പം ക്രാഫ്റ്റ് സംബന്ധമായ പല കാര്യങ്ങളും പഠിക്കുകയും ചെയ്തുപോന്നു. നാട്ടിൽ നടന്ന ഒരു എക്സിബിഷനിലൂടെയാണ് പഠിച്ചിരുന്ന കോളേജിന്റെ പ്രിൻസിപ്പലും പ്രിയപ്പെട്ട അധ്യാപകനുമായ ശേഖരൻ അത്താണിക്കലിനെ വീണ്ടും കണ്ടുമുട്ടുകയും കോളേജിൽ ഫാഷൻ ഡിസൈനിങ് ക്ലാസുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അത് അസീനയുടെ ജീവിതത്തിലെ വഴിത്തിരിവായി. ബിസിനസ് രംഗത്തേക്ക് ഉപ്പച്ചീടെ കൂടെ ഉണ്ടായിരുന്ന കുറച്ചറിവുകൾ മാത്രമായിരുന്നു ധൈര്യവും അറിവും. പഠിതാക്കളുടെ എണ്ണം കൂടിയതും സ്വന്തമായി ഒരു ബൊട്ടീക് എന്ന ചിന്തയും കൂടി ചേർന്ന് വീടിനടുത്തു തന്നെ ഒരു വാടകയ്ക്ക് എടുത്ത റൂമിൽ അന്നൂസ് ഡിസൈനിങ് സെന്റർ എന്ന സ്ഥാപനം തുടങ്ങി. പണ്ടുതൊട്ടേ ഫോട്ടോഗ്രാഫിയിൽ താൽപര്യം ഉണ്ടായിരുന്നതിനാൽ സ്വന്തമായി ഒരു ക്യാമറ വാങ്ങിക്കാം എന്ന സ്ഥിതിയിലെത്തിയപ്പോൾ ഫോട്ടോഗ്രാഫി ഡിപ്ലോമ കോഴ്സിന് ചേരുകയും ചെയ്തു. ചില വ്യക്തിപരമായ യാത്രകൾ നടത്തേണ്ടി വന്നതിനാൽ അന്നൂസ് ഡിസൈനിങ് സെന്റർ തൽകാലത്തേയ്ക്ക് ക്ലോസ് ചെയ്യുകയും ഫോട്ടോഗ്രാഫി പ്രൊഫഷണലിൽ ഫ്രീലാൻസ് വർക്ക് ആരംഭിക്കുകയും ചെയ്തു തുടങ്ങി. പിന്നീട് അന്നൂസ് ഡിസൈനിങ് സെന്റർ എന്ന സ്ഥാപനത്തോടൊപ്പം അന്നൂസ് ഡിസൈനിങ് സ്റ്റുഡിയോ എന്ന സ്ഥാപനം കൂടെ പ്രവർത്തനമാരംഭിച്ചു. വിവാഹ സദസ്സുകളിലും ഫങ്ഷനുകളിലും ഒരു സ്ത്രീ ഫോട്ടോഗ്രാഫറുടെ സാന്നിധ്യം പല ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരുന്നു. ഒരു പെണ്ണ് ഫോട്ടോ എടുത്താൽ കിട്ടുമോ, ക്യമറയിൽ പതിയുമോ, സാധാരണ പുരുഷന്മാർ മാത്രമുണ്ടായിരുന്ന മേഖലയിലേക്ക് ഒരു സ്ത്രീയുടെ വരവ് അത്ര നല്ല അഭിപ്രായങ്ങളായിരുന്നില്ല. പക്ഷെ വിമർശനങ്ങളെ സ്വന്തം പ്രവൃത്തികളെക്കൊണ്ട് തിരുത്തി അസീന മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇന്ന് കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ലേഡി ഫോട്ടോഗ്രാഫർ എന്ന നിലയിലേക്ക് ആ ഉറച്ച മനസിനെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ബിസിനസ് എങ്ങനെ തുടങ്ങണം, എങ്ങനെ ഡവലപ്പ് ചെയ്യണം തുടങ്ങി ഒന്നും അറിയാതിരുന്ന ഘട്ടത്തിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടത്തിവന്ന ഒരു മാസക്കാലം നീണ്ടുനിന്ന സംരംഭകത്വ പരിശീലന പരിപാടി അസീനയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവിടെ നിന്ന് കിട്ടിയ പരിശീലനം, പരിശീലകരും എന്നും തണലായി നിൽക്കുന്നു. ഇന്ന് ഗുരുവായൂരിൽ അന്നൂസ് ക്രിയേറ്റീവ് സ്റ്റുഡിയോ, അന്നൂസ് ഡിസൈനിങ് സെന്റർ എന്നീ രണ്ടു സ്ഥാപനങ്ങളും നിലനിൽക്കുന്നു. ഏതു മേഖലയിലും സ്ത്രീകൾക്കും വിജയിക്കാനാകുമെന്നും, ആത്മാർത്ഥതയും അദ്ധ്വാനവും കൈമുതലാക്കിയവർക്ക് എന്നും വിജയവും ഉറപ്പാണ് എന്നും അസീന പറയുന്നു. മകൾ സഹൃദയ കോളേജിൽ സി. എം. എ. വിദ്യാർത്ഥിയാണ്. അമ്മയുടെ കൂടെ മകളും കഴിവിനനുസരിച്ച് വർക്കുകളിൽ സഹായിക്കാറുണ്ട്.

വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി, കോർപറേറ്റ് ഇവെന്റ്സ്, മറ്റേർണിറ്റി ഷൂട്ട്, ന്യൂ ബോൺ ബേബി ഷൂട്ട്, പോർട്ട്ഫോളിയോ ഷൂട്ട്, പ്രോഡക്റ്റ് ഫോട്ടോഗ്രാഫി തുടങ്ങി ഫോട്ടോഗ്രാഫി മേഖലയിൽ സജീവ സാന്നിധ്യമായി ഇന്ന് അസീനയും അന്നൂസ് ക്രിയേറ്റീവ് സ്റ്റുഡിയോയും മാറിയിരിക്കുന്നു.

(ഗുരുവായൂർ വ്യവസായ വികസന ഓഫീസറാണ് ലേഖകൻ)