ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്

ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
ഭാവി തലമുറയിലൂടെ ശക്തമായ ഒരു വ്യവസായ വളർച്ച സാധ്യമാക്കുന്നതിന് വ്യവസായ വകുപ്പ് മുൻകൈ എടുത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ ഡി ക്ലബ്ബുകളുടെ പ്രവർത്തനത്തിനാവശ്യമായ സഹായങ്ങൾ വകുപ്പ് നൽകി വരുന്നത് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ക്യാമ്പസുകളിൽ നിന്നും ധാരാളം നൂതന ആശയങ്ങൾ രൂപപ്പെടുന്നു എന്നതിനാൽ വ്യവസായ വളർച്ചയ്ക്ക് ഉതകുംവിധം വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഇൻക്യുബേഷൻ സെന്ററുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി വരുന്നുണ്ട്. സംരംഭങ്ങളുടെ പ്രവർത്തനങ്ങളെ നേരിൽ കണ്ട് ക്യാമ്പസുകളിൽ നിന്നു തന്നെ സംരംഭകത്വത്തെ കുറിച്ചുള്ള പ്രാഥമിക അറിവ് നേടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കേണ്ടതുണ്ട്. കൂടാതെ, നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന പല നൂതന ഉത്പന്നങ്ങളും വ്യാവസായികമായി ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്ന് കാണാവുന്നതാണ്. ഇതിനായി താത്പര്യമുള്ള സംരംഭകർക്ക് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഗവേഷണത്തിലൂടെ കണ്ടെത്തുന്ന നൂതന ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കി നൽകാവുന്നതാണ്. ഈ വിഷയങ്ങൾക്ക് ഒരു പരിധി വരെയുള്ള പരിഹാരമായി സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന നവീന പദ്ധതിയാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി.
കേരളത്തിന്റെ പാരിസ്ഥിതിക സ്ഥിതി പരിഗണിച്ചു ക്യാമ്പസുകൾക്ക് അനുയോജ്യമായ സംരംഭങ്ങൾ നടത്തുന്നതിന് ഉന്നത/ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്താം എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഉന്നത/ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ക്യാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതു വഴി വിദ്യാർത്ഥി സമൂഹത്തിൽ സംരംഭകത്വം വളർത്താനും, വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയുന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തുന്ന നൂതന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ആവിഷ്ക്കരിക്കാൻ കഴിയുന്നതുമാണ്.
ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കാൻ കുറഞ്ഞത് 5 ഏക്കർ ഭൂമി കൈവശമുള്ള (സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമ്മിക്കാൻ കുറഞ്ഞത് 2 ഏക്കർ) ഉന്നത/ സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ആർട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളി ടെക്നിക്കുകൾ, ഐ ടി ഐ കൾ മുതലായവ), സർവകലാശാലകൾ എന്നിവയ്ക്ക് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. വൈദ്യുതി, ജലം, റോഡ്, ഡ്രെയിനേജ്, ETP/ CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ലബോറട്ടറി, ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ തുടങ്ങിയ പൊതു സൗകര്യങ്ങളും ഒരുക്കുന്നതിന് ഡെവലപ്പർക്ക്, ഏക്കറിന് 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.50 കോടി രൂപ ധനസഹായം. ഓരോ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനും ഓരോ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കും. വ്യവസായം തുടങ്ങാൻ വേണ്ട അനുമതികൾ ബോർഡിന് നൽകാൻ സാധിക്കും.
വിദ്യാഭ്യാസ വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം വ്യവസായ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ജില്ലാതലത്തിലുള്ള സൈറ്റ് സെലക്ഷൻ കമ്മിറ്റി സ്ഥലം പരിശോധന നടത്തുകയും ഫീസിബിലിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാൻ ആയ കമ്മിറ്റി ഡെവലപ്മെന്റ് പെർമിറ്റ് കൊടുക്കാനുള്ള അംഗീകാരം നൽകും. ഈ കമ്മിറ്റിയിൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും മറ്റ് വകുപ്പ് സെക്രട്ടറിമാരും അംഗങ്ങൾ ആയിരിക്കും.