കോവിഡാനന്തര സ്റ്റാർട്ടപ്പ് സാധ്യതക

ആഷിക്ക്. കെ പി
സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും കോവിഡാനന്തര കാലത്ത് വ്യത്യസ്തമായ അവസരങ്ങളും സാധ്യതകളുമാണ് വന്നുചേർന്നിട്ടുള്ളത്. ചില സംരംഭ അവസരങ്ങളും സാധ്യതകളും കോവിഡാനന്തരം കുറയുകയും ഏറെക്കുറെ വിസ്മൃതിയിൽ ആണ്ട് പോവുകയും എന്നാൽ തികച്ചും വ്യത്യസ്തമായ മറ്റു ചില അവസരങ്ങൾ കടന്നു വരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കോവിഡാനന്തര കാലഘട്ടത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുമ്പോൾ അല്ലെങ്കിൽ അവയുടെ സാധ്യതകൾ വിലയിരുത്തുമ്പോൾ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവേണ്ടതുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള പല ബിസിനസ് അവസരങ്ങളും കോവിഡാനന്തര കാലഘട്ടത്തിൽ അപ്രസക്തമായി പോയിട്ടുണ്ട്. ഇന്ന് ഒരു സ്റ്റാർട്ടപ്പ് തുടങ്ങുകയോ നടത്തിക്കൊണ്ടു പോവുകയോ ചെയ്യുമ്പോൾ ഏതൊക്കെ മേഖലകളിലാണ് നമുക്ക് അവസരങ്ങൾ ഉണ്ടാകുന്നത് എന്ന് ശാസ്ത്രീയമായി പരിശോധിച്ചും പാരിസ്ഥിതിക അവലോകനം നടത്തിയും (പ്രോജക്ട് തയ്യാറാക്കുന്നത്) മാത്രമേ സംരംഭം നടപ്പിൽ വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം നഷ്ട സാധ്യതകൾ ഏറെ ഉണ്ടാകും. അത്രയേറെ മാറ്റങ്ങളാണ് കോവിഡിന് ശേഷം ഉൽപാദന, വിതരണ, വിനിമയ രംഗത്ത് വന്നിട്ടുള്ളത്.

കോവിഡ് മഹാമാരി സംരംഭകത്വ മേഖലയ്ക്ക് ഉണ്ടാക്കിയ പ്രധാന വെല്ലുവിളികൾ താഴെ പറയുന്നവയാണ്.

ഫണ്ട് ലഭിക്കുന്നതിന്റെയും നിക്ഷേപ സാധ്യതകളുടെയും അഭാവം

സാമ്പത്തിക മാന്ദ്യവും സാമ്പത്തിക അസ്ഥിരതയും നിലനിൽക്കുന്നത് കൊണ്ടു തന്നെ വൻതോതിൽ ഉള്ള ഫണ്ട് ലഭിക്കുന്നതിനും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനും പല നിക്ഷേപകരും വിമുഖത കാണിക്കുന്നുണ്ട്. കാത്തിരുന്ന് കാണാം എന്ന രീതിയിൽ പല ആളുകളും മാറി എന്നുള്ളതാണ് കോവിഡാനന്തര സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. അതുകൊണ്ടുതന്നെ ഫണ്ട് ശേഖരണത്തിലുള്ള ഇത്തരം വൈഷമ്യങ്ങൾ മനസ്സിലാക്കി ഒരു സംരംഭം തുടങ്ങുമ്പോൾ സ്വന്തമായ ഫണ്ട് അല്ലെങ്കിൽ ഉറപ്പായും ലഭിക്കുന്ന സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്. സ്വന്തമായി ഉള്ള പണം കൊണ്ട് ബിസിനസ് ആരംഭിക്കുകയും പിന്നീട് നിക്ഷേപകരെ കണ്ടെത്താം എന്ന് ചിന്തിക്കുകയും ചെയ്തുകൊണ്ട് ബിസിനസ് ആരംഭിച്ചാൽ ചിലപ്പോൾ അവിടുന്നങ്ങോട്ട് പണം എളുപ്പത്തിൽ ലഭ്യമായി എന്ന് വരില്ല. നിക്ഷേപകരെയും പങ്കാളികളാക്കി കൊണ്ടോ ഓഹരി ഉടമകൾ ആക്കി കൊണ്ടോ സംരംഭം തുടങ്ങുന്നതാണ് കോവിഡാനന്തര കാലഘട്ടത്തിൽ സാമ്പത്തിക വെല്ലുവിളി നേരിടാനുള്ള ഉത്തമ മാർഗം..

 

മറ്റൊരു പ്രധാന വെല്ലുവിളി വിതരണ ശൃംഖലയിലും ഗതാഗത സംവിധാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന തടസ്സങ്ങളും ചിലവുകളും ആണ്. കോവിഡാനന്തര സപ്ലൈ ചെയിൻ, ലോജിസ്റ്റിക് മേഖലയിൽ ധാരാളം വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം മേഖലകളെ പൂർണ്ണമായും ആശ്രയിക്കുന്ന സ്റ്റാർട്ടപ്പുകൾ ഏറെ കരുതലോടെയും ശാസ്ത്രീയമായി പഠിച്ചതിനുശേഷവും മാത്രമേ കാലെടുത്തുവെക്കാൻ പാടുള്ളൂ.
കോവിഡാനന്തര ബിസിനസ് മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഉപഭോക്താക്കളുടെ സ്വഭാവത്തിലും രീതികളിലും വന്ന മാറ്റങ്ങൾ. പരമ്പരാഗതമായ വാങ്ങൽ രീതികളിൽ നിന്നും മിക്ക ആളുകളും ഗ്രാമങ്ങളെന്നോ നഗരങ്ങൾ എന്നോ ഉള്ള വ്യത്യാസം ഇല്ലാതെ ഓൺലൈൻ മേഖലകളെയും ഡയറക്ട് വാങ്ങൽ രീതികളെയും ആശ്രയിക്കുന്നുണ്ട്. നാം തുടങ്ങുന്ന സംരംഭം ഇത്തരം ആധുനിക വിതരണ വിൽപന രീതികൾ ആവിഷ്‌കരിക്കാതെ ആണെങ്കിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വൻകിട കമ്പനികൾ പോലും മിക്ക ഉൽപ്പന്നങ്ങളും ഇപ്പോൾ വിറ്റഴിക്കുന്നത് ഓൺലൈൻ ആപ്പുകളിലൂടെയും ആമസോൺ, ളഹശുസമൃ േതുടങ്ങിയ ഓൺലൈൻ വിതരണ ശൃംഖലകളിലൂടെയും ആണ്. കോവിഡാനന്തര കാലഘട്ടത്തിലെ ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ വന്ന മാറ്റങ്ങളെ പരിപൂർണ്ണമായി മുഖവിലക്കെടുത്തു കൊണ്ട് വേണം പുതിയ സംരംഭങ്ങൾ തുടങ്ങുവാനും മാർക്കറ്റിംഗ് നടത്തുവാനും.

കോവിഡാനന്തര കാലഘട്ടം നൈപുണി മേഖലകളിൽ വലിയ വെല്ലുവിളികളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കഴിവും പ്രാപ്തിയും ഉള്ള തൊഴിലാളികളെ ലഭിക്കുന്നില്ല എന്നുള്ളത് വലിയ പ്രശ്‌നമായി കൊണ്ടിരിക്കുകയാണ്. ഇത് ഉൽപാദന ചിലവ് കൂട്ടുകയും നാം പ്രതീക്ഷിക്കാത്ത ബാധ്യത ബിസിനസിന് ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നൈപുണീകൃത സംരംഭം ആണെങ്കിൽ സംരംഭകൻ നേരിട്ടോ അല്ലെങ്കിൽ കഴിവും പ്രാപ്തിയും ഉള്ള ആളുകളെ പങ്കാളികളാക്കിയോ മാത്രമേ സംരംഭം തുടങ്ങാൻ പാടുള്ളൂ. അല്ലാത്തപക്ഷം ഉൽപാദന ചിലവ് കൂടുകയും കഴിവില്ലാത്ത ആളുകളുടെ പ്രവർത്തനങ്ങൾ സംരംഭത്തിന് നഷ്ട സാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും.

മേൽപ്പറഞ്ഞതിന്റെ അർത്ഥം കോവിഡാനന്തര കാലഘട്ടം സംരംഭകത്വ സാധ്യതകളെ ഇല്ലാതാക്കുന്നു എന്നുള്ളതല്ല, മറിച്ച് ഇത്തരം വെല്ലുവിളികളെ ശ്രദ്ധിക്കാതെ പോകരുത് എന്നതാണ്. നവീന വൽകൃതങ്ങളായ പ്രവർത്തനങ്ങളിലൂടെയും സാധ്യത പഠനങ്ങളിലൂടെയും കൃത്യമായ ഗവേഷണങ്ങളിലൂടെയും ആസൂത്രണങ്ങളിലൂടെയും ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ കഴിയും. ഇത് നമ്മുടെ സംസ്ഥാനത്തോ അല്ലെങ്കിൽ രാജ്യത്തോ മാത്രമുള്ള പ്രശ്‌നമല്ലെന്നും ആഗോളവ്യാപകമായി കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങൾ ആണെന്നും മനസ്സിലാക്കുക.

അതേസമയം കോവിഡാനന്തര കാലഘട്ടം സംരംഭകർക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്ക് ധാരാളം സൗകര്യങ്ങളും അവസരങ്ങളും നൽകുന്നുമുണ്ട്. അതുകൊണ്ടുതന്നെ പരമ്പരാഗത രീതികൾ വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് കോവിഡാനന്തര കാലഘട്ടത്തിലെ സവിശേഷമായ പ്രത്യേകതകൾ മനസ്സിലാക്കി സംരംഭക ആശയങ്ങളെ നവീനവൽക്കരിക്കാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാവേണ്ടതാണ്. അങ്ങനെ വന്നാൽ കോവിഡാനന്തര കാലഘട്ടം അവസരങ്ങളുടെ അല്ലെങ്കിൽ സാധ്യതകളുടെ പറുദീസിയായി മാറുന്നതാണ്.
കോവിഡാനന്തര കാലഘട്ടത്തിൽ സംരംഭകർക്കുള്ള പ്രധാന അവസരങ്ങളും സൗകര്യങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ മാർക്കറ്റിംഗിന്റെയും, ഓൺലൈൻ സേവനങ്ങളുടെയും സാധ്യതകളാണ്. കോവിഡാനന്തര കാലഘട്ടം ഇ- കോമേഴ്‌സ്, ഓൺലൈൻ ബിസിനസ്, ഓൺലൈൻ സേവന വിതരണം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ടെലി മെഡിസിൻ, ഓൺലൈൻ വിദ്യാഭ്യാസം, ഓൺലൈൻ വിതരണം, മാനസിക ആരോഗ്യ രംഗം, ഗാർഹിക ഉപകരണങ്ങൾ, സേവന രംഗം, പാരമ്പര്യേതര ഊർജ്ജ മേഖല, ഔട്ട്‌സോഴ്‌സിംഗ്, തുടങ്ങിയവയ്ക്ക് അനന്തസാധ്യതകൾ ആണ് സ്റ്റാർട്ടപ്പ് മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാധ്യതകളെ ഏറ്റവും കൂടുതൽ മുതലെടുക്കാൻ കഴിയുക സ്റ്റാർട്ടപ്പുകൾക്കും പുതു സംരംഭങ്ങൾക്കും ആണ് . കാരണം അവയ്ക്ക് തുടക്കത്തിൽ തന്നെ ഇത്തരം സാധ്യതകളെ ഉപയോഗിക്കാൻ കഴിയും. അതുകൊണ്ടുതന്നെ പ്രോജക്ട് തയ്യാറാക്കുക, ഫണ്ട് ശേഖരിക്കുക, പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുക എന്നീ ഘട്ടങ്ങളിലൊക്കെ ചിലവു കുറയ്ക്കാനും വേഗത വർദ്ധിപ്പിക്കാനും ലാഭ സാധ്യതകൾക്ക് മറ്റു സംരംഭങ്ങളെക്കാൾ വേഗത്തിൽ പുതു സംരംഭങ്ങൾക്ക് കഴിയുന്നു.

കോവിഡാനന്തര കാലഘട്ടം വൈവിധ്യങ്ങളുടെ കാലഘട്ടം ആയതുകൊണ്ട് തന്നെ കുത്തക ബിസിനസുകളും വൻകിട സ്ഥാപനങ്ങളും അടച്ചുപൂട്ടുകയോ നാമാവശേഷമായി കൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സ്റ്റാർട്ടപ്പുകൾക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ ഒട്ടേറെ അവസരങ്ങളാണ് തെളിഞ്ഞു നിൽക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കോവിഡാനന്തര അനുകൂല ഘടകം നൈപുണികൾക്കും സമർത്ഥരായ തൊഴിലാളികൾക്കും ദേശത്തിന് അകത്തും പുറത്തും സാധ്യതകൾ ഉണ്ടെന്നും അവരെ ആവശ്യത്തിന് അനുസരിച്ച് ഓൺലൈനായും മറ്റും ഉപയോഗിക്കാം എന്നും ഉള്ള അവസ്ഥയാണ്. കഴിവും സാമർത്ഥ്യവുമുള്ള ആളുകളുടെ സമർഥ്യങ്ങളെ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന രീതിയിൽ ഉദാഹരണത്തിന് പ്രോജക്ട് തയ്യാറാക്കാനോ സാധനങ്ങൾ വിൽക്കുവാനോ പരസ്യം ചെയ്യുവാനോ വിതരണം ചെയ്യുവാനോ ഏതാണ് സമയാസമയങ്ങളിൽ ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി അവയുടെ പ്രവർത്തനങ്ങളെ വിഭജിച്ചുകൊണ്ട് പ്രത്യേകം പ്രത്യേകം ആളുകൾക്ക് കരാർ അടിസ്ഥാനത്തിലോ മറ്റ് താൽക്കാലിക സംവിധാനങ്ങളിലൂടെയോ നൽകി കഴിഞ്ഞാൽ സ്ഥിരമായി തൊഴിലാളികളെ നിയമിക്കാതെ കൃത്യമായ ഏകോപനത്തിലൂടെ ചിലവ് കുറച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട കോവിഡാനന്തര സംരംഭകത്വ അനുകൂല സാഹചര്യം സ്റ്റാർട്ടപ്പുകൾക്ക് അകമഴിഞ്ഞ സർക്കാർ സഹായങ്ങൾ ലഭിക്കുന്നു എന്നതാണ്. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്, ആത്മ നിർഭരത് അഭിയാൻ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ സംരംഭകർക്ക് സാമ്പത്തിക സഹായം ലഭിക്കുവാനും ബിസിനസ് ആശയം പ്രാവർത്തികമാക്കുവാനും സഹായിക്കുന്നു. മെന്റർ സംവിധാനം, സ്വിഫ്റ്റ്, കെഡിസ്‌ക് കേരള സ്റ്റാർട്ടപ്പ്മിഷൻ തുടങ്ങിയ ധാരാളം സംവിധാനങ്ങളിലൂടെ സർക്കാർ, സംരംഭകരെ സഹായിക്കുന്നുണ്ട്. ഒരു വാർഡിൽ ഒരു സംരംഭം എന്ന രീതിയിലാണ് സംരംഭകത്വ പ്രവർത്തനങ്ങളെ സർക്കാർ ഊർജ്ജിതപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സഹായ പദ്ധതികളെയും അനുകൂല സാഹചര്യങ്ങളെയും പരമാവധി മുതലെടുത്താൽ കോവിഡാനന്തര സ്റ്റാർട്ടപ്പുകൾക്ക് അനുകൂല കാലാവസ്ഥയാണെന്ന് മനസ്സിലാക്കാം.

കോവിഡാനന്തര കാലഘട്ടത്തിലെ ചില പ്രധാനപ്പെട്ട സാധ്യതകളെ നമുക്ക് പരിചയപ്പെടാം

ആരോഗ്യ സേവന മേഖല
ആരോഗ്യ രംഗത്ത് പരമ്പരാഗതമായി നാം വച്ചുപുലർത്തുന്ന ചികിത്സാരീതികളെയും പരിശോധന രീതികളെയും കോവിഡാനന്തര കാലഘട്ടം വലിയ മാറ്റങ്ങൾക്കാണ് വിധേയമാക്കി കൊണ്ടിരിക്കുന്നത്. നവീനവൽക്കൃതമായ ഉപകരണങ്ങളെയും സഹായ സംവിധാനങ്ങളെയും പരിചയപ്പെടുത്തുകയും ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടും കോവിഡാനന്തരമേഖല ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിൽ ടെലിമെഡിസിൻ, ഡിജിറ്റൽ ഉപകരണങ്ങൾ, ആരോഗ്യ രംഗത്തെ വിതരണ ശൃംഖല, ഗാർഹിക പരിശോധന സംവിധാനങ്ങൾ എന്നിവയിലൊക്കെ ഒട്ടേറെ അവസരങ്ങൾ ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ നിന്നുകൊണ്ട് ചികിത്സാ സംവിധാനം ലഭ്യമാക്കുന്ന തരത്തിൽ കണക്ടിവിറ്റി ഉൾപ്പെടെ തയ്യാറാക്കിയാൽ ഹോസ്പിറ്റലുകളുമായും ആരോഗ്യ സംവിധാനങ്ങളുമായും എളുപ്പത്തിൽ ബന്ധപ്പെടാനും ചികിത്സ ലഭ്യമാക്കാനും കഴിയും. ഇതിനുതകുന്ന നിർമ്മിത ബുദ്ധി സംവിധാനങ്ങളും സൗകര്യങ്ങളും സ്റ്റാർട്ടപ്പ് സംവിധാനങ്ങളിലൂടെ ഉൽപ്പന്നമായും സേവനങ്ങൾ ആയും ആവിഷ്‌കരിച്ചു കഴിഞ്ഞാൽ ഒട്ടേറെ സാധ്യതകൾ അതിലൂടെ ലഭ്യമാകുന്നതാണ്. കൃത്രിമ ബുദ്ധി അടിസ്ഥാനപ്പെടുത്തിയ ചികിത്സ ഉപകരണങ്ങളും പരിശോധന സംവിധാനങ്ങളും വലിയ അളവോളം ഉപഭോക്താക്കളെ ആകർഷിച്ചു വരുന്നുണ്ട്.

അതുപോലെതന്നെ ആരോഗ്യ പരിശോധന സംവിധാനങ്ങൾ ആയ സ്മാർട്ട് വാച്ചുകൾ, പ്രഷർ ചെക്കിങ്, ഫിറ്റ്‌നസ് ടെസ്റ്റിംഗ് ഉപകരണങ്ങൾ തുടങ്ങിയവയും ശരീരത്തിൽ ധരിക്കാവുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ സാധ്യതയും ഡിമാന്റുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ എത്രയോ ഉപകരണങ്ങൾ ഇനിയും സാധ്യമാകുന്നതാണ്. കൂടാതെ ആരോഗ്യ വിവരണ വിവരശേഖരണങ്ങൾ, സേവന സംവിധാനങ്ങൾ, പേഷ്യന്റ് കെയർ, ഇൻഷുറൻസ് മേഖല തുടങ്ങിയ ഇടങ്ങളിലും സംരംഭകത്തിന് ധാരാളം സാധ്യതകളാണ് ഉള്ളത്. അതേപോലെതന്നെ ഹോസ്പിറ്റലുകൾക്ക് ആവശ്യമായ മെഡിക്കൽ റെക്കോർഡുകൾ ത്വരിതഗതിയിൽ തയ്യാറാക്കി കൊടുക്കാനുള്ള സോഫ്റ്റ്വെയറുകൾ, ഹോസ്പിറ്റലുകൾക്ക് ആവശ്യമായ മറ്റു സംവിധാനങ്ങൾ എന്നീ മേഖലകളിലും സാധ്യതകൾ ഏറെയുണ്ട്. മാനസിക ആരോഗ്യ മേഖലകളിലും കൗൺസിലിംഗ് തെറാപ്പികൾ തുടങ്ങിയവയ്ക്കും ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ധാരാളം സാധ്യതകൾ ഉണ്ട്. ആരോഗ്യമേഖലയിൽ ഇത്തരം നൂതന ഉപകരണങ്ങൾക്ക് വേഗതയും ചിലവു കുറഞ്ഞ പരിശോധനയും കൃത്യതയും ലഭിക്കുന്നതുകൊണ്ട് വലിയ അളവോളം ഡിമാൻഡ് ഉണ്ടാവാൻ സാധ്യത ഉണ്ട് .

മറ്റൊരു പ്രധാനപ്പെട്ട കോവിഡാനന്തര സ്റ്റാർട്ടപ്പ് സാധ്യതയാണ് റിമോട്ട് കൊളാബ്രേഷൻ ഉപകരണങ്ങൾ നിർമ്മിക്കുകയും പരസ്പരം കൈമാറുകയും ചെയ്യുക എന്നത്. ടീം കമ്മ്യൂണിക്കേഷൻ, ഓൺലൈൻ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, അസംബ്ലിംഗ് യൂണിറ്റുകൾ, ഓൺലൈൻ പ്രശ്‌ന പരിഹാര സംവിധാനങ്ങൾ, പ്രോജക്ട് മാനേജ്‌മെന്റ്, എന്നിവ വ്യത്യസ്ത തലങ്ങളിൽ കൂട്ടിയോജിപ്പിക്കാവുന്ന രീതിയിൽ ഉള്ള സംവിധാനങ്ങൾ വലിയ സംരംഭക സാധ്യതകളാണ് ഉണ്ടാക്കുന്നത്. ഹോളോഗ്രാം മെറ്റാ വേഴ്‌സ് തുടങ്ങിയവയിലൂടെയുള്ള വെർച്ചൽ മീറ്റിങ്ങുകളും ഓൺലൈൻ ബിസിനസ് കൈമാറ്റവും ദൈനംദിന ഭരണവും സ്റ്റാർട്ടപ്പ് സാധ്യതകളെ ബഹുദൂരം മുന്നോട്ടു നയിക്കുന്നു.

ഇതുപോലെ തന്നെയാണ് ഓൺലൈൻ വിദ്യാഭ്യാസവും കോച്ചിങ്ങും പരിശീലന സംവിധാനങ്ങളും അനുബന്ധ സോഫ്റ്റ് വെയറുകൾ ഉപകരണങ്ങൾ സഹായ സംവിധാനങ്ങൾ എന്നിവയുടെ സംരംഭകത്വ സാധ്യതകളും. പല സ്ഥാപനങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിലെ പല യൂണിവേഴ്‌സിറ്റികളും ആയും കണക്ട് ചെയ്തു കൊണ്ട് സർട്ടിഫിക്കേഷൻ കോഴ്‌സുകളും ഡിഗ്രികളും ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ലേണിങ് ആപ്പുകൾഇന്ന് സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ ആപ്പുകൾ നിർമ്മിക്കുക, ഓൺലൈൻ കോച്ചിങ്ങുകൾ ആരംഭിക്കുക, മാർക്കറ്റിംഗ് ആപ്പുകളും പരസ്യങ്ങളും തയ്യാറാക്കുക, റീലുകൾ തയ്യാറാക്കുക, ഓൺലൈൻ പരിശീലന മൊഡ്യൂളുകൾ തയ്യാറാക്കുക പരിശീലനം നടത്തുക തുടങ്ങി ഒട്ടേറെ സാധ്യതകളാണ് സംരംഭകത്വത്തിന് ഉള്ളത്. പല യൂണിവേഴ്‌സിറ്റികളും പരമ്പരാഗത രീതി പിന്തുടരുമ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ കോഴ്‌സുകൾ ആരംഭിക്കാനും പരിശീലനം നൽകാനും അവ തൊഴിലിനു സംരംഭകത്തിനും സാധ്യമാകുന്ന രീതിയിൽ മാറുകയും ചെയ്യുമ്പോൾ വൻ ഡിമാൻഡ് ആണ് ഈ മേഖലകളിൽ ഉണ്ടാവുന്നത്. മത്സരപരീക്ഷകൾക്കുള്ള കോച്ചിംഗ്, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ ഓൺലൈൻ സംവിധാനങ്ങളിലൂടെ മാറ്റിയാൽ സ്ഥാപനങ്ങൾക്ക് സമയം, ചിലവ് ലഭ്യത, എന്നിവ ഗുണകരമാക്കി മാറ്റാൻ കഴിയുന്നു.

ഇത്തരം മേഖലകളെ സഹായിക്കുന്ന സംരംഭകത്വ ആശയങ്ങൾ കണ്ടെത്തി അതിനുതകുന്ന സേവനങ്ങളും ഉപകരണങ്ങളും ഉൽപ്പന്നങ്ങളും തയ്യാറാക്കിയാൽ വലിയ സംരംഭകത്വ സാധ്യതകൾ കാണാൻ കഴിയും.
അതുപോലെതന്നെ പരിസ്ഥിതിയും കാലാവസ്ഥ പരിശോധന സംവിധാനങ്ങളും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചുള്ള വ്യത്യസ്ത ഉപകരണങ്ങളും സംവിധാനങ്ങളും വലിയ സാധ്യതകൾ ഉണ്ടാക്കുന്നുണ്ട്. വേസ്റ്റ് നിർമാർജനം, സോളാർ യൂണിറ്റുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, ബാറ്ററികൾ, ചെറിയ ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കും വൻ സാധ്യതകളാണ് ഉള്ളത്. വീടുകൾക്ക് ആവശ്യമായ പല സംവിധാനങ്ങളും സോളാർ തുടങ്ങിയ പാരമ്പര്യേതര സ്രോതസ്സുകളെ കൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആക്കി മാറ്റാൻ വീട്ടുകാർ ശ്രദ്ധിക്കുന്നുണ്ട്. അതുപോലെ തന്നെ വാഹനങ്ങളുടെ ആക്‌സസറികൾ, വൃത്തിയാക്കുന്ന ഉപകരണങ്ങൾ, ക്യാമറകൾ, റെക്കോർഡിങ് സംവിധാനം, ഐ. ഒ. ടി അനുബന്ധ ഉപകരണങ്ങളും സേവനങ്ങളും തുടങ്ങിയവയൊക്കെ നവീനവൽകൃതമായ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാധ്യതകൾ ചെറിയ യൂണിറ്റുകളായും സേവനങ്ങൾ നൽകുന്ന സംരംഭങ്ങൾ ആയും ഉപയോഗിച്ചാൽ വലിയ വിജയസാധ്യതകളാണ് മുന്നിൽ ഉണ്ടാവുക.

ഇങ്ങനെ കോവിഡാനന്തര കാലഘട്ടത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മാറ്റങ്ങളെ അവലോകനം ചെയ്ത് ഉൽപ്പന്നങ്ങളോ സേവനങ്ങളോ കൊണ്ട് അത്തരം വെല്ലുവിളികളെ നേരിടാൻ നാം തയ്യാറായാൽ സംരംഭകത്വത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ മുന്നിലുണ്ടെന്ന് പറയാം.

പരമ്പരാഗതമായ ബിസിനസ് ആശയങ്ങൾ മറന്നുകൊണ്ട് മാറുന്ന കാലഘട്ടത്തിനനുസരിച്ച് ചെറുതും നവീന വൽകൃതവും ചിലവ് കുറഞ്ഞതും വേഗതയേറിയതുമായ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും ലഭ്യമാക്കുവാൻ ശ്രമിച്ചാൽ കോവിഡാനന്തര കാലഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണ കാലമാണെന്ന് പറയാം. വെല്ലുവിളികൾ കണ്ടു പിന്തിരിയുമ്പോൾ അല്ല മറിച്ച് വെല്ലുവിളികളെ അവസരങ്ങൾ ആക്കി മാറ്റുകയും അതിൽ നിന്ന് ലാഭം ഉണ്ടാക്കുന്ന സംരംഭങ്ങൾ ആക്കി മുന്നേറുകയും ചെയ്യുന്നതാണ് സംരംഭകത്വ വിജയ മന്ത്രം.