കോവിഡാനന്തര കേരളം: ചെറുകിട വ്യവസായങ്ങളും വിപണന തന്ത്രങ്ങളും- ഒരു വിശകലനം

പ്രൊഫ. ഡോ. ജേക്കബ് ജോർജ്ജ്

  യുദ്ധത്തിലാണെങ്കിലും വ്യാപാരത്തിലാണെങ്കിലും സ്ട്രാറ്റജികൾക്ക് (തന്ത്രങ്ങൾക്ക്) വളരെ പ്രാധാന്യം നാം കൽപിക്കുന്നു. അടവുകൾ രണ്ടു മേഖലകളിലും എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു. യുദ്ധത്തിൽ രാജ്യം പിടിച്ചെടുക്കു ന്നെങ്കിൽ വ്യാപാരത്തിൽ വിപണി പിടിച്ചെടുക്കുന്നു. യുദ്ധത്തിലൂടെ പ്രജകളെ നേടുമ്പോൾ വ്യാപാരത്തിലൂടെ ഉപഭോക്താക്കളെ നേടുന്നു.

     ഈ ഉപമ ഇനിയും മുമ്പോട്ട് കൊണ്ടുപോകാവുന്നതാണ്. ഫലഭൂയിഷ്ഠമായ ദേശം എന്ന പോലെ മെച്ചപ്പെട്ട വിപണിയാണ് ലക്ഷ്യം. ഇങ്ങനെ വിപണി കീഴടക്കുവാൻ വൻകിട വ്യവസായങ്ങൾ മത്സരിക്കുമ്പോൾ കേരളത്തിലെ ചെറുകിട വ്യവസായികൾ എങ്ങനെ വിപണിയിൽ പിടിച്ചു നില്ക്കണമെന്നുള്ളതാണ് ഇന്നത്തെ ചിന്താ വിഷയം.

     ഇവിടെയാണ് ഫോക്കസ് സ്ട്രാറ്റജിക്ക് (കേന്ദ്രീകൃത തന്ത്രം) പ്രസക്തിയേറുന്നത്. വിപണി മൊത്തതിൽ ലക്ഷ്യമാക്കാതെ ഏതെങ്കിലും ഒരു പ്രത്യേക ഉപഭോക്തൃ വിഭാഗത്തെ ഉന്നം വയ്ക്കുന്ന തന്ത്രമാണിത്.

     ഒരു കടലിൽ വലിയ മീനുകളുടെ ഇടയിൽ ചെറുമീനുകൾ എങ്ങനെ കഴിയുന്നു എന്നു നോക്കാം. ചിലത് വലിയ മീനുകളുടെ ത്വക്കിൽ പറ്റിച്ചേർന്ന് അവയെ ശുദ്ധീകരിക്കുന്നു. ആശ്രിത വ്യവസായത്തെ അങ്ങനെ കരുതാവുന്നതാണ്. പൂനെയിലെ വാഹന നിർമ്മാണമായി ബന്ധപ്പെട്ട ആശ്രിതവ്യവസായം പ്രസിദ്ധമാണല്ലോ. വേറേ ചില ചെറുമത്സ്യങ്ങൾ വലിയ മത്സ്യങ്ങൾ കഴിച്ചാൽ വയറു നിറയാതെ ഇരകൾ തേടിപ്പോകുന്നു. നമ്മുടെ നാട്ടിലെ പ്രാദേശിക വിപണിയും അതിലെ രുചി വിഭവങ്ങളും ഇതിനു നല്ല ഒരു മാതൃകയാണ്.

     കേന്ദ്രീകൃത തന്ത്രത്തിൽ നിന്ന് ഉരുത്തിരിയുന്ന ഈ നിചെ മാർക്കറ്റിങ്ങ് (വിപണിയുടെ ഒരു മൂലയിൽ ഒതുങ്ങിയുള്ള വിപണനം) രണ്ടു തരമുണ്ട്. ഏറ്റവും ചിലവു ചുരുക്കി താഴ്ന്ന വിലയുടെ അടിസ്ഥാനത്തിൽ വിപണി പിടിക്കുന്നതാണ് മേൽപ്പറഞ്ഞ രണ്ടു ഉദ്ദാഹരണങ്ങൾ.

    പക്ഷേ സിറ്റ്സ്വർലാണ്ട് എന്ന യൂറോപ്പിലെ കൊച്ചു രാജ്യത്തിലെ ചെറുകിട വ്യവസായങ്ങൾ ബ്രാന്റിന്റേയും (വ്യക്തി മുദ്ര) ക്വാളിറ്റിയുടേയും (ഗുണനിലവാരം) പേരിൽ ഉയർന്ന വിലയ്ക്ക് അന്താരാഷ്ട്ര വിപണി പിടച്ചവയാണ്. ഇത് നമ്മൾ കേരളീയരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളവും സിറ്റ്സർലാണ്ടും തമ്മിൽ ഭൂമിശാസ്ത്രപരമായും, കാലാവസ്ഥയിലും, സാസ്കാരികമായും വളരെ വത്യാസങ്ങളും സാമ്പത്തികമായി വളരെ അന്തരവുമുണ്ടെങ്കിലും ഒരു പ്രധാനപ്പെട്ട വിഷയത്തിൽ വലിയ സാദൃശ്യം ഉണ്ട്.  അത് മാനവവിഭവശേഷിയിലാണ്. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സിൽ (മാനവ വികസന സൂചിക) കേരളത്തിന്റെ ഇപ്പോഴത്തെ നില 0.79 ആണ്. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സ്കോറായ ഇത് സിറ്റ്സർലാണ്ടിലെ ഇപ്പോഴത്തെ നിലയായ 0.962- വിനെക്കാൾ ബഹു ദൂരം പിന്നിൽ തന്നെയാണ്.  പക്ഷേ, 1980-ൽ ഇത് അവിടെ നമ്മളെപ്പോലെ വെറും 0.806 ആയിരുന്നു. വെറും 40 വർഷം കൊണ്ടാണ് അവർ സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ചെറുകിട വ്യവസായത്തിൽ ഊന്നിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥിയും, സംസ്കാരവും അവർ പടുത്തുയർത്തി.

     സ്വിറ്റ്സർലാണ്ടിൽ 5,99,686 (99.72 ശതമാനം) ചെറുകിട സ്ഥാപനങ്ങളും അതിൽ 30,69,129 (67.15 ശതമാനം) ജീവനക്കാരും ഉണ്ട്. ഇവയിൽ നിന്നും വരുന്ന ലോകോത്തര ഉത്പന്നങ്ങളും, സേവനങ്ങളും ലോകവിപണി കീഴടക്കുന്നു. സ്വിസ് ചോക്ലേറ്റ്സ്, സ്വിസ് കത്തി, സ്വിസ് വാച്ച്, സ്വിസ് മൗണ്ടൻ ടൂറിസം, സ്വിസ് ബാങ്ക് അങ്ങനെ എല്ലാത്തിലും സ്വിസ്സ് രാജ്യത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞിരിക്കുന്നു.

     കേരളവും അന്താരാഷ്ട്ര വ്യാപാരത്തിൽ മികച്ച വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നു നമ്മുടെ വ്യക്തിമുദ്ര ‘മലബാറീ’ എന്ന നിലയിലായിരുന്നു. പ്രാചീനകാലത്തെ സുഗന്ധവിളകളിൽ നിന്നും നമ്മൾ ഇപ്പോൾ തോട്ടവിളകളിലേക്കും വ്യാപിച്ചിരിക്കുന്നു. അവയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങളും സേവനങ്ങളും കേരള തനിമയോടെ അഥവാ വ്യക്തിമുദ്രയോടെ അന്താരാഷ്ട്രവിപണിയിൽ എത്തിച്ചാൽ എന്തുകൊണ്ട് കേരളം ഒരു ഏഷ്യൻ സ്വിറ്റ്സർലാന്റ് ആയിക്കൂടാ. ഇവിടെയാണ് ടൂറിസത്തിന്റെ അനന്ത സാധ്യതകളെപ്പറ്റി നാം ചിന്തിക്കേണ്ടത്. നമ്മുടെ സുഗന്ധ വിളകളും തോട്ടവിളകളും ആഗോള വിപണിയിൽ പിടിച്ചു നിൽക്കാൻ വളരെ ബുദ്ധിമുട്ടുകയാണ്. പഴയ മദ്ധ്യ തിരുവിതാംകൂറായ ഇപ്പോഴത്തെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക് ഇവിടെ വ്യക്തമായ ഒരു നേതൃത്വം കൊടുക്കാൻ സാധിക്കും.

     ആഗോള സഞ്ചാരികളെ കേരളതനിമയുള്ള സുഗന്ധവിള, തേയില, കാപ്പി ഏസ്റ്റേറ്റുകളിൽ ആതിഥേയത്വം നൽകുന്നത് ഒരു വലിയ സാമ്പത്തിക മുന്നേറ്റത്തിന് തുടക്കം കുറിക്കും. എസ്റ്റേറ്റുകളുടെ 10 ശതമാനം ഭൂമി കാർഷികേതിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന സംസ്ഥാന സർക്കാർ നിലപാട് ഈ സമയത്തിൽ അഭിനന്ദനം അർഹിക്കുന്നു.  ജനപങ്കാളിത്തവും ഈ സാമ്പത്തിക മുന്നേറ്റത്തിന്റെ ഒരു അവശ്യ ഘടകമാണ്. ഉത്തരവാദിത്ത ടൂറിസം എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ജനപങ്കാളിത്ത ടൂറിസത്തിന്റെ വിജയഗാഥയാണ് കോട്ടയം ജില്ലയിലെ മറവവൻതുരുത്ത് വാട്ടർ സ്ട്രീറ്റ് പദ്ധതി. ഈ നേട്ടത്തിന് റെസ്പോൺസിബിൾ ടൂറിസം മിഷൻ പ്രത്യേക അനുമോദനം അർഹിക്കുന്നു.

     അതേ പോലെ ലാഭകരമല്ലാത്ത, വളർച്ച മുരടിച്ച തോട്ടങ്ങളിൽ തെങ്ങും, ഫലവൃക്ഷങ്ങളും നട്ടാൽ അതു ഒരു പരിതസ്ഥിതി സൗഹാർദ്ദ കൃഷി മുന്നേറ്റത്തിന് കാരണമാകും. റബ്ബർ കൃഷിയിൽ അസംതൃപ്തരായ കർഷകർ പുതിയ വഴികൾ കണ്ടെത്തിയേ തീരൂ. ഇവിടെ മൂല്യവർധിത കൃഷി മിഷന് ഫലപ്രദമായി ഇടപെടലുകൾ നടത്താൻ സാധിക്കും. ഇങ്ങനെ കൃഷി ചെയ്തു കിട്ടുന്നവയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വേണ്ട പോലെ പായ്ക്ക് ചെയ്ത് വിദേശത്തേക്ക് അയച്ചാൽ കേരളീയ തനിമയുള്ള പലഹാരങ്ങളും, മറ്റു ഭക്ഷണപദാർത്ഥങ്ങളും അന്താരാഷ്ട്രവിപണി പിടിച്ചെടുക്കാവുന്നതേ ഉള്ളൂ.

     സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. കോവിഡാനന്തര സാമ്പത്തിക കുതിപ്പുണ്ടാകുമെന്ന് പകൽപോലെ സ്പഷ്ടമാണ്. എന്നാൽ നമ്മൾ കേരളീയർ അതിൽ പങ്കാളികളാകുമോ എന്നത് രാത്രി പോലെ അവ്യക്തവുമാണ്. കേരള ജനതക്ക് ദിശാബോധം നൽകാൻ അനുഭവസമ്പന്നരായ കർഷകരുടേയും, വ്യവസായി കളുടേയും, വ്യാപാരികളുടേയും പിന്തുണയും, ഈപ്പറഞ്ഞ സാമ്പത്തിക ഉന്നതി ഉറപ്പുവരുത്താൻ ചുറുചുറുക്കുള്ള യുവസംരംഭകരുടെ കഠിനപ്രയത്നവും, സമ്പത്ത് സൃഷ്ടിക്കാൻ വിദ്യാഭ്യാസവുള്ള തൊഴിലാളികളുടെ സമർപ്പണബോധവും കേരളനാടിനു ആവശ്യമുണ്ട്.

(മാനേജ്മെന്റ് കൺസൾട്ടന്റാണ് ലേഖകൻ)