കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് രജതജൂബിലി

വൻകിട പദ്ധതികൾക്ക് ഉടൻ തുടക്കമാകും
മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രജതജൂബിലി ആഘോഷത്തിലാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും പ്രഖ്യാപിച്ച ലോക്ഡൗൺ സൃഷ്ടിച്ച വൻപ്രതിസന്ധിയെ അതിജീവിച്ചതോടെ നെടുമ്പാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊച്ചി വിമാനത്താവളത്തിന് ഇരട്ടിത്തിളക്കമുണ്ട്. 1999-ൽ ആരംഭിച്ച വിമാനത്താവളത്തിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തനലാഭം കൈവരിക്കാനും ഇക്കഴിഞ്ഞ സാമ്പത്തികവർഷം സാധിച്ചു. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ച് വൻകിട പദ്ധതികൾക്ക് കൂടിയാണ് വിമാനത്താവളത്തിൽ തുടക്കം കുറിക്കുന്നത്. ഇവയുടെയെല്ലാം നിർമ്മാണോത്ഘാടനം ഈ സെപ്തംബറിൽ നടക്കും. ഇവ കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ച എയർപോർട്ടുകളിലൊന്നായ കൊച്ചി വിമാനത്താവളം കൂടുതൽ മികവ് കൈവരിക്കും.

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വഹിച്ച പങ്ക് വളരെ വലുതാണ്. വിപുലമായ ആഭ്യന്തരസർവ്വീസുകൾക്ക് പുറമെ ഗൾഫ് നാടുകൾ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും നേരിട്ടു വിമാനസർവ്വീസുണ്ട്. 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇന്റർനാഷണൽ ടെർമിനലും ആറുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ആഭ്യന്തരടെർമിനലുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളത്. മുപ്പത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള വിവിഐപി സേഫ് ഹൗസും അമ്പത് ബഡ്ജറ്റ് റൂമുകളും ഇവിടെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് സിയാലിന്റെ ചെയർമാൻ. മന്ത്രിമാരായ പി.രാജീവും കെ.രാജനും ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നു. ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് ആണ്.

പ്രവർത്തനലാഭത്തിൽ ചരിത്രനേട്ടം

രണ്ടര പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തനലാഭവും അറ്റാദായവും കൈവരിക്കാൻ ഇക്കഴിഞ്ഞ സാമ്പത്തികവർഷം കൊച്ചി വിമാനത്താവളത്തിന് സാധിച്ചു. 2022-23 ൽ സിയാലിന്റെ പ്രവർത്തനലാഭം 521.5 കോടിരൂപയാണ്. തേയ്മാനച്ചെലവും നികുതിയും പലിശയുമെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. സ്വാഭാവികമായും ഓഹരിയുടമകൾക്കും ഉയർന്ന ലാഭവിഹിതമായിരിക്കും ഇത്തവണ ലഭിക്കുക. മുപ്പത്തിയഞ്ച് ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് വിതരണം ചെയ്യാൻ ജൂണിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തിരുന്നു. സെപ്തംബർ അവസാനം നടക്കുന്ന വാർഷിക പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം. ആഭ്യന്തര-ആഗോളതലത്തിലുള്ള വ്യോമയാനമേഖലയുടെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോൾ വരുംവർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സിയാലിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

കോവിഡിന്റെ പ്രത്യാഘാതം രൂക്ഷമായിരുന്ന 2020-21 സാമ്പത്തികവർഷം നേരിട്ട 85.10 കോടിരൂപയുടെ നഷ്ടത്തിൽനിന്നും വളരെ വേഗം ലാഭം തിരിച്ചുപിടിക്കാൻ സിയാലിന് കഴിഞ്ഞു. 2021-22 ൽ മൊത്തവരുമാനം 418.69 കോടിരൂപയും ലാഭം 22.45 കോടി രൂപയുമായി. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളവും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടായിരുന്നു. സൂക്ഷ്മമായ സാമ്പത്തിക, പ്രവർത്തന പുനഃക്രമീകരണങ്ങൾ നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സിയാലിന് സാധിച്ചത്. ഇതിന്റെ പൂർണ അനുബന്ധ കമ്പനികളായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവ്വീസസസ് ലിമിറ്റഡിന്റെയും (സിഐഎഎസ്എൽ) സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെയും (സിഐഎൽ) സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവ്വീസസ് ലിമിറ്റഡിന്റെയും ഇത്തവണത്തെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തികവർഷം 61,232 വിമാനസർവ്വീസുകളിലൂടെയായി 89.29 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തെ ആശ്രയിച്ചത്. പ്രവർത്തനം ആരംഭിച്ച് നാലുവർഷം കഴിഞ്ഞപ്പോൾ മുതൽ ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകാൻ കഴിഞ്ഞെന്ന അഭിമാനാർഹമായ നേട്ടവും സിയാലിനുണ്ട്. 2003-ൽ ആദ്യമായി ലാഭവിഹിതം നൽകുമ്പോൾ അത് എട്ടുശതമാനമായിരുന്നു. ഇത് ക്രമാനുഗതമായി വർദ്ധിച്ച് 2020 ആയപ്പോഴേയ്ക്കും 27 ശതമാനമായി. ഈ വർഷം അത് 35 ശതമാനമായി വിതരണം ചെയ്യുന്നതോടെ ഇതുവരെയുള്ള മൊത്തം ലാഭവിഹിതം 317 ശതമാനമാകും. 1300 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന സിയാൽ കേരളത്തിലെ വലിയൊരു തൊഴിൽ ദാതാവ് കൂടിയാണ്.

രജതജൂബിലി വർഷത്തിൽ മെഗാപദ്ധതികൾ
രജതജൂബിലിയോട് അനുബന്ധിച്ച് വിമാനത്താവള വികസനത്തിന് പര്യാപ്തമായ വിവിധ വൻകിട പദ്ധതികൾ നടപ്പാക്കാനാണ് സിയാലിന്റെ തീരുമാനം. രാജ്യാന്തര ടെർമിനലായ ടെർമിനൽ 3-ന്റെ വികസനമാണ് ഇതിൽ ഏറ്റവും പ്രധാനം. 500 കോടിയിലധികം രൂപ ഇതിനായി ചെലവഴിക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. രാജ്യാന്തര യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതും ഏറെ പ്രയോജനപ്രദവുമായ പദ്ധതിയാണിത്. ഇതോടൊപ്പം വിപുലമായ ചരക്കുകടത്ത് ലക്ഷ്യമിട്ട് പുതിയ കാർഗോ ടെർമിനൽ, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ 2-ൽ ട്രാൻസിറ്റ് ഹോട്ടൽ, ടെർമിനൽ 3-ന്റെ മുൻഭാഗത്ത് വാണിജ്യമേഖല എന്നിവയും നടപ്പാക്കും. കാർഗോ ടെർമിനലിന്റെ പ്രവർത്തനോത്ഘാടനവും മറ്റു പദ്ധതികളുടെ നിർമ്മാണോത്ഘാടനവും ഈ സെപ്തംബറിൽ നടത്താനാണ് തീരുമാനം.

ടെർമിനൽ 3-ന്റെ മുൻഭാഗത്തെ വാണിജ്യമേഖലയിൽ ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള കൊമേഴ്സ്യൽ ലെഷർ ഏരിയയാവും നിർമ്മിക്കുക. മികച്ച നിലവാരമുള്ള കോഫിഷോപ്പുകളും റസ്റ്ററന്റുകളും ഇവിടെ ആരംഭിക്കും. ആഭ്യന്തരടെർമിനലിൽ നിന്ന് ഇവിടേക്ക് നേരിട്ടെത്താൻ പര്യാപ്തമായ രീതിയിൽ പുതിയ സ്കൈവോക്ക് സംവിധാനവും നിർമ്മിക്കുന്നതാണ്. പുതുതായി തുടങ്ങുന്ന ഗോൾഫ് ടൂറിസം പദ്ധതിയുടെ ഭാഗമായി 25 മുറികളുള്ള റിസോർട്ടും സ്പോർട്സ് കോംപ്ലക്സും പൂർത്തിയാക്കും. 2022-23 ലെ മൊത്തവരുമാനമായ 770.90 കോടിയിൽനിന്നും, രജതജൂബിലി വർഷത്തിൽ സിയാലിന്റെയും അനുബന്ധ കമ്പനികളുടെയും വരുമാനം ആയിരം കോടി രൂപയായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ ഇപ്പോൾ ലക്ഷ്യമിട്ടിട്ടുള്ള വരുമാനവർദ്ധന കൈവരിക്കാൻ ഒട്ടും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നും കണക്കാക്കപ്പെടുന്നു.

പുതിയ കാർഗോ ടെർമിനൽ പൂർത്തിയാകുന്നതോടെ പ്രതിദിനം 150 ടൺ കാർഗോ കൈകാര്യം ചെയ്യാനുള്ള ഇപ്പോഴത്തെ ശേഷി 250 ടണ്ണായി വർധിക്കും. ഇതോടൊപ്പം ചരക്കുനീക്കത്തിനുള്ള അത്യാധുനിക സംവിധാനങ്ങളും നടപ്പാക്കുന്നതാണ്. ഓഫീസ് സൗകര്യം, കസ്റ്റംസ് പരിശോധനയ്ക്കുള്ള വിപുലമായ ഏരിയ, സ്ട്രോംഗ് റൂം, ബാങ്ക്, സ്നാക് ബാർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും. പുതിയതായി വിഭാവനം ചെയ്തിട്ടുള്ള ട്രാൻസിറ്റ് ടെർമിനലിന്റെ വിസ്തൃതി 47,152 ചതുരശ്രയടിയാണ്. ട്രാൻസിറ്റ് യാത്രക്കാരുടെ താമസത്തിനായി 50 മുറികളുള്ള ഹോട്ടലും ഇവിടെ നിർമ്മിക്കുന്നുണ്ട്. മുറികൾക്ക് മണിക്കൂർ അടിസ്ഥാനത്തിലുള്ള നിരക്ക് ഈടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആഭ്യന്തര, രാജ്യാന്തര, ബിസിനസ് ജെറ്റ് ടെർമിനലുകളിൽനിന്നെല്ലാം ഇവിടേക്ക് നടന്നെത്താനുള്ള സൗകര്യവുമുണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പൂർത്തിയാക്കുന്നതിലും നെടുമ്പാശ്ശേരി വിമാനത്താവളം എപ്പോഴും മുൻപന്തിയിലാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത്തരത്തിലുള്ള മൂന്ന് വലിയ പദ്ധതികൾ കമ്മീഷൻ ചെയ്യാൻ സിയാലിന് കഴിഞ്ഞുവെന്നത് തന്നെ ഇതിന് ഉദാഹരണമാണ്. മികച്ച സൗകര്യങ്ങളുള്ള ബിസിനസ് ജെറ്റ് ടെർമിനലും ഇതിൽ ഉൾപ്പെടുന്നു.

തുടക്കവും പ്രവർത്തനമികവും
പ്രവർത്തനം ആരംഭിച്ച കാലം മുതൽ സിയാലും കൊച്ചി വിമാനത്താവളവും ശ്രദ്ധേയമായ പാതയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യയിൽ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ എയർപോർട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 25 രാജ്യങ്ങളിൽനിന്നായി ഇരുപത്തിരണ്ടായിരത്തിലധികം പേർ സിയാലിൽ നിക്ഷേപകരായുണ്ട്. അടുത്തയിടെ, അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ട് സിയാൽ പ്രഖ്യാപിച്ച അവകാശ ഓഹരിപദ്ധതിയും വൻവിജയം ആയിരുന്നു. നിലവിലുള്ള നിക്ഷേപകർക്ക് നിയമാനുസൃത അവകാശഓഹരി നൽകുന്നതായിരുന്നു പദ്ധതി. നാല് ഓഹരിയുള്ളവർക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിൽ, ഒരുമാസം കൊണ്ട് 478.21 കോടിരൂപ സമാഹരിക്കാൻ സിയാലിന് സാധിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അവകാശ ഓഹരിപദ്ധതികളിൽ ഒന്നായിരുന്നു അത്. 32.42 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരാണ് സിയാലിലെ ഏറ്റവും വലിയ നിക്ഷേപകർ.

1994-ൽ പൊതുസ്വകാര്യപങ്കാളിത്തത്തോടെ കമ്പനിയായി രജിസ്റ്റർ ചെയ്ത കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അഞ്ചുവർഷം കൊണ്ടാണ് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1999 മെയ് ഇരുപത്തഞ്ചാം തീയതി അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉത്ഘാടനം ചെയ്തു. ഇന്നിപ്പോൾ, ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലൊന്നായി മാറാൻ കൊച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിൽ തന്നെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളവും കൊച്ചിയാണ്. ഇക്കാര്യത്തിൽ ഇന്ത്യയിലെയും മറ്റു ലോകരാജ്യങ്ങളിലെയും ഒട്ടേറെ വിമാനത്താവളങ്ങൾക്ക് മാതൃകയാവാൻ സിയാലിന് സാധിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ കൊച്ചി വിമാനത്താവളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. സിയാലിന്റെ കീഴിലുള്ള പയ്യന്നൂർ, അരീപ്പാറ വൈദ്യുതപദ്ധതികളും അടുത്ത കാലത്താണ് പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഏറ്റുകുടുക്കയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പ്ലാന്റിന് 12 മെഗാവാട്ട് ഉത്പാദനശേഷിയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ 38 മെഗാവാട്ടിന്റെ സോളാർ പ്ലാന്റ് കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജപദ്ധതിയും പയ്യന്നൂരിലേതാണ്. കോഴിക്കോട് ജില്ലയിലെ അരീപ്പാറയിൽ സ്ഥാപിച്ചിട്ടുള്ളത് ചെറുകിട ജലവൈദ്യുതപദ്ധതിയാണ്. സീസണായാൽ പ്രതിദിനം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതി വീതം ഇവിടെനിന്നും ലഭിക്കുന്നുണ്ട്. കെഎസ്ഇബി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതോത്പാദകരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ്.

ഇതിനുപുറമെ അഗ്രോവോൾട്ടായിക് സമ്പ്രദായത്തിലൂടെ കൊച്ചി വിമാനത്താവളത്തിലെ സോളാർ പി.വി പാനലുകൾക്കിടയിൽ സിയാൽ നടത്തുന്ന ജൈവകൃഷിയും മാതൃകാപരം തന്നെ. മത്തൻ, പാവയ്ക്ക, മഞ്ഞൾ മുരിങ്ങ, ചേന, മുളക്, മലയിഞ്ചി, കോളിഫ്ളവർ, കാബേജ് തുടങ്ങി ടൺകണക്കിന് പച്ചക്കറിയാണ് ഈ രീതിയിൽ ഉത്പാദിപ്പിച്ചത്. കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റുമുള്ള നാലു പഞ്ചായത്തുകളിലെ കനാൽ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും സിയാലാണ്. ഇത്തരത്തിൽ കേരളത്തിനും മലയാളികൾക്കും അഭിമാനമായി മാറുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.