കേരള ബ്രാൻഡ്

ശ്രീ. സുധീര്‍ കെ. ഐ.എ.എസ്

ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്), വ്യവസായ വാണിജ്യ വകുപ്പ്

കേരളത്തിന്റെ വാണിജ്യത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. എന്നാൽ ചരിത്ര ഗ്രന്ഥങ്ങളിലൊന്നും തന്നെ കേരളത്തിന്റെ വാണിജ്യത്തെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളില്ല. പ്രാചീനകാലം മുതൽ തന്നെ കേരളത്തിന് വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. പ്രധാനമായും റോമക്കാർ, ഗ്രീക്കുകാർ, ഡച്ചുകാർ, പോർച്ചുഗീസുകാർ, ബ്രിട്ടീഷുകാർ എന്നീ രാജ്യങ്ങളുമായിട്ടാണ് വ്യാപാര ബന്ധം നിലനിന്നിരുന്നത്. കേരളത്തെ ”സുഗന്ധ വ്യജ്ഞനങ്ങളുടെ കലവറ” എന്നാണറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധ വ്യഞ്ജനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഏലം, കറുവാ, ഗ്രാമ്പൂ, കുരുമുളക്, ജാതി, ഇഞ്ചി, മഞ്ഞൾ, വാനില എന്നിവയാണ് പ്രധാനപ്പെട്ട സുഗന്ധവ്യജ്ഞന വിളകളിലുൾപ്പെടുന്നത്. ലോക കമ്പോളത്തിൽ പ്രാചീനകാലം മുതൽ തന്നെ കേരളത്തിന്റെ ഉല്പന്നങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ദേശപരവും ഭൂമി ശാസ്ത്രപരവുമായ പ്രത്യേകതകൾകൊണ്ട് 34-ഓളം വ്യാവസായിക-കാർഷിക ഉല്പന്നങ്ങൾക്ക് കേരളത്തിൽ നിന്നും ഭൗമ സൂചിക പദവി (Geographical Indications) ലഭിച്ചിട്ടുണ്ട്. ഉല്പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിക്കുന്നത് മൂലം അവയുടെ വിപണനമൂല്യം അന്തർദ്ദേശീയ-ദേശീയ വിപണികളിൽ വർദ്ധിക്കും. കേരളത്തിന്റെ തനത് ഉല്പന്നങ്ങളായ നാളീകേരം, റബ്ബർ, കൈത്തറി, കശുവണ്ടി, കയറുല്പന്നങ്ങൾ അവയുടെ ഗുണമേന്മകൊണ്ടും ശ്രേഷ്ഠമായ സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രശസ്തമാണ്.

കേരളത്തിന്റെ ഉൽപന്നങ്ങളുടെ പ്രത്യേകത അത് വാങ്ങുന്ന ഉപഭോക്താക്കളിൽ ഒരു വിശ്വാസം സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നു. കേരളത്തിൽ നിന്നുളള ഉല്പന്നങ്ങൾക്ക് ഗുണമേന്മ സാക്ഷ്യപ്പെടുത്തി ”കേരള ബ്രാൻഡ്” നൽകി ദേശീയ-രാജ്യാന്തര വിപണികളിൽ വിപണനം നടത്താനുളള ശ്രമങ്ങൾ സർക്കാർതലത്തിൽ ആരംഭിച്ചിട്ടുണ്ട്. ”ദൈവത്തിന്റെ സ്വന്തം നാട്” എന്ന രീതിയിൽ ടൂറിസം വികസിപ്പിച്ചതുപോലെ ”കേരള ബ്രാൻഡ്” സൃഷ്ടിച്ച് കേരളത്തിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് ദേശീയ- അന്തർദ്ദേശീയ വിപണികൾ നേടുന്നതിനുളള മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. കേരളത്തിന്റെ പുതിയ വ്യവസായ- വാണിജ്യനയത്തിലും ”കേരള ബ്രാൻഡ്” വികസിപ്പിക്കുന്നതിനുളള നിർദ്ദേശങ്ങളുണ്ട്. കേരള ഉല്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് വില്പന നടത്താനുളള ”ഓൺലൈൻ പ്ലാറ്റ് ഫോം” ‑ (Online platform) സജ്ജമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിന്റെ വെളിച്ചെണ്ണ ഗുണമേന്മകൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും വളരെയേറെ പ്രിയമുളള ഒരു ഉല്പന്നമാണ്. ആദ്യം വെളിച്ചെണ്ണയ്ക്ക് ബ്രാൻഡ് സൃഷ്ടിച്ച് വിപണനം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താവിന്റെ മനസ്സിൽ ഒരു ബ്രാൻഡ് പ്രതിഷ്ഠിച്ചാൽ അതിന് വിപണി കണ്ടെത്തുവാൻ എളുപ്പമാകും. സംസ്ഥാനത്ത് നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും വിപണനം പ്രോത്സാഹിപ്പിക്കുവാനും ”കേരള ബ്രാൻഡ്” സഹായകരമാകും. ഇത് മൂലം ചെറുകിട-ഇടത്തരം സൂക്ഷ്മ സംരംഭങ്ങൾ (MSMEs) നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുവാനും വിപണികണ്ടെത്താനും ലഭ്യത ഉറപ്പാക്കാനും സഹായകരമാകുമെന്ന് പ്രത്യാശിക്കാം.