കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കാൻ പുതിയ വ്യവസായനയം
മനോജ് മാതിരപ്പള്ളി
സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ വ്യവസായനയം പുറത്തിറക്കി. നിലവിലുള്ള വ്യവസായ വികസനപദ്ധതികൾക്ക് കൂടുതൽ ഉണർവ്വേകുന്നതാണ് വ്യവസായനയം-2023. കേരളത്തിന്റെ വ്യാവസായിക സാധ്യതകൾ പരിഗണിച്ച് ഓരോ മേഖലയെയും സൂക്ഷ്മമായി വിലയിരുത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ രംഗത്തുമുള്ള സംരംഭകരുമായും വിദഗ്ധരുമായും ആശയവിനിമയം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അപ്രായോഗികമായ ഘടകങ്ങൾ പുതിയ നയത്തിലില്ല എന്നതും സവിശേഷതയാണ്. സ്വാഭാവികമായും നയരൂപീകരണത്തിനായി സ്വീകരിച്ച വ്യവസായ സൗഹൃദാന്തരീക്ഷം തുടർന്ന് അങ്ങോട്ട് നയം പ്രായോഗികമാകുമ്പോഴും കാണാനായേക്കും. ഇത്തരത്തിൽ രാജ്യത്തെ ആധുനികവ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്നതാണ് വ്യവസായനയം-2023 ന്റെ ലക്ഷ്യം.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യത്തിലും അതിന് ആവശ്യമായ പശ്ചാത്തലസൗകര്യം ഒരുക്കുന്ന കാര്യത്തിലും ഏറെ മുന്നോട്ടുപാകാൻ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിന് സാധിച്ചിട്ടുണ്ട്. 2021-22 സാമ്പത്തികവർഷം ഇവിടുത്തെ വ്യവസായ വളർച്ചാനിരക്ക് 17.3 ശതമാനമായി ഉയർന്നിരുന്നു. മാനുഫാക്ചറിംഗ് മേഖലയുടെ മാത്രം കാര്യമെടുത്താൽ 18.9 ശതമാനം വളർച്ച കൈവരിച്ചുകൊണ്ട് ദേശീയ ശരാശരിക്കും മുകളിലെത്തി. ലോകത്തിനാകെ മാതൃകയായ സംരംഭകവർഷം പദ്ധതിയും മറ്റൊരു ഉദാഹരണമാണ്. ഇത്തരത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുമ്പോഴും ചിലപ്പൊഴെങ്കിലും പ്രതികൂലമായ ഏതാനും ഘടകങ്ങളും നിലനിന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾകൂടി പരിഹരിച്ചുകൊണ്ടുള്ള പുതിയ വ്യവസായനയമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അത്യാധുനിക വ്യവസായങ്ങൾക്ക് ഊന്നൽ
അത്യാധുനിക വ്യവസായങ്ങൾക്കാണ് പുതിയ വ്യവസായനയം ഊന്നൽ നൽകുന്നത്. എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, മറ്റു ബ്രേക്ക് ത്രൂ സാങ്കേതികവിദ്യകൾ, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഡിസൈൻ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനും ഉത്പാദനവും, എൻജിനീയറിംഗ് ഗവേഷണവും വികസനവും എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. കൂടാതെ ഭക്ഷ്യ സാങ്കേതികവിദ്യകൾ, ഗ്രഫീൻ, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ നവീനവ്യവസായങ്ങളും മുൻഗണനാമേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനും പുറമെ മാരിടൈം മേഖല, ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിംഗ്, റീസൈക്ലിംഗും മാലിന്യ സംസ്കരണവും, പുനരുപയോഗ ഊർജ്ജം, മൂല്യവർധിത റബ്ബർ ഉത്പന്നങ്ങൾ, ഹൈടെക് ഫാമിംഗും മൂല്യവർധിത തോട്ടവിളയും, ത്രീഡി പ്രിന്റിംഗ്, വിനോദസഞ്ചാരവും ആതിഥേയത്വവും എന്നിവയും ഉൾപ്പെടുന്നു.
മുൻഗണനാമേഖലകളിൽപ്പെട്ട 22 വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായുള്ള വിവിധ പദ്ധതികൾ പുതിയ നയത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. ഇവയ്ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം, സാങ്കേതികവിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, ഗവേഷണവികസനം, നൈപുണ്യവികസനം, പ്രോത്സാഹനം തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള ഉപനയങ്ങളും ആവിഷ്കരിച്ചിരിക്കുന്നു. മാത്രവുമല്ല, ഇത്തരം വ്യവസായസംരംഭങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും കയറ്റുമതി സുഗമമാക്കുന്നതിനുമുള്ള സമീപനങ്ങളുമുണ്ട്. ഏതു വിഭാഗത്തിൽപ്പെട്ട സംരംഭമായാലും എല്ലായ്പ്പോഴും വിപണിയാണ് പ്രതിസന്ധിയായി മാറാറുള്ളത്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണിവികസനത്തിനും കയറ്റുമതി സുഗമമാക്കുന്നതിനുമുള്ള നയങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.
നാലാം വ്യവസായവിപ്ലവം ഇന്ത്യയിൽ നടപ്പാക്കാൻ ഏറ്റവും അനുയോജ്യമായ മേഖല കേരളമാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയ വ്യവസായനയത്തിന്റെ പ്രഖ്യാപനം. കാലാനുസൃതമായ രീതിയിൽ അത്യാധുനിക വ്യവസായങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള കാരണവും അതുതന്നെയാണ്. ഇത്തരം വ്യവസായങ്ങളുടെ എല്ലാ തരത്തിലുള്ള വളർച്ചയ്ക്കും സർക്കാർ സമഗ്രപിന്തുണ നൽകും. ഈ രീതിയിൽ രാജ്യത്തെ വികസിത വ്യവസായ ഹബ്ബാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം, ഗ്രഫീൻ പോലെ വ്യവസായ സമ്പദ്മേഖലയിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിനും സർക്കാർ സഹായം ലഭ്യമാക്കുന്നതായിരിക്കും. ഇതോടൊപ്പം അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങളും നടത്തും.
കൂടുതൽ നിക്ഷേപവും തൊഴിലും
പുതിയ നയം പ്രായോഗികമാക്കുന്നതോടെ കേരളത്തിന്റെ വ്യാവസായികമേഖലയിൽ വൻകുതിച്ചുചാട്ടം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിക്കും. ഇതോടൊപ്പം ഈ സാമ്പത്തികവർഷത്തെ നിക്ഷേപവർഷമായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും നടത്തും. ഇതിന് സഹായകമായ രീതിയിൽ നവീന ആശയങ്ങൾ വളർത്താനും സുസ്ഥിരമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയും വ്യവസായനയത്തിലുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കിയ ‘സംരംഭകവർഷ’ത്തിന് ലഭിച്ച വൻസ്വീകാര്യതയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലക്ഷ്യം മറികടക്കാൻ സാധിച്ചതും ‘നിക്ഷേപവർഷം’ എന്ന ആശയത്തിന് പ്രേരകമായിട്ടുണ്ട്. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള വ്യവസായങ്ങളുടെ വിപുലീകരണത്തിനും നിക്ഷേപം നടത്താം.
മലയാളികളായ പതിനായിരക്കണക്കിന് സാങ്കേതികവിദഗ്ധർ രാജ്യത്തിന്റെ അകത്തും പുറത്തും ജോലിചെയ്യുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് ആകർഷിച്ച് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നു. വൻകിട സംരംഭങ്ങളിൽ സ്ഥിരജോലി നൽകുന്ന പ്രാദേശിക തൊഴിലാളികളുടെ മാസശമ്പളത്തിന്റെ 25 ശതമാനം വരെ സർക്കാർ നൽകുന്നതിലൂടെ അവർക്ക് ന്യായമായ വേതനം ഉറപ്പുവരുത്താനും സാധിക്കും. ഇത് പരമാവധി അയ്യായിരം രൂപവരെ ആണെങ്കിൽ പോലും പ്രാദേശികതലത്തിലുള്ള മലയാളികൾക്ക് തന്നെയാണ് ഇതിന്റെ നേട്ടം ലഭിക്കുകയെന്നത് ഗുണകരമാണ്. ഇന്നിപ്പോൾ മറ്റു പല സംസ്ഥാനങ്ങളിലും പല വിദേശരാജ്യങ്ങളിലും നിരാശാജനകമായ തൊഴിൽ സംസ്കാരം നിലനിൽക്കുന്നുവെന്നതും മലയാളികളായ സാങ്കേതികവിദഗ്ധരുടെ തിരിച്ചുവരവിന് സഹായകമായേക്കും.
കോവിഡാനന്തര കേരളത്തിൽ പൊതുവെയൊരു സംരംഭകസംസ്കാരം കരുത്താർജ്ജിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സ്വദേശത്തുതന്നെ ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാൻ മലയാളികളിൽ പലരും തയ്യാറായിരിക്കുന്നു. അഭ്യസ്തവിദ്യരായ യുവാക്കളും സ്ത്രീകളുമെല്ലാം ഇതിനായി മുൻപന്തിയിലുണ്ട്. സമാനമായ രീതിയിൽ കൂടുതൽ യുവജനങ്ങളെയും വനിതകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ച് ഉയർത്താനുള്ള നിരവധി പദ്ധതികളും വ്യവസായനയം 2023 മുന്നോട്ടുവെക്കുന്നു.
കൃത്യമായ കാഴ്ചപ്പാട്
സംസ്ഥാനത്ത് ദൃഢമായൊരു സംരംഭക ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിനുവേണ്ടി കൃത്യമായ കാഴ്ചപ്പാടോടുകൂടിയുള്ള വ്യവസായനയത്തിനാണ് രൂപം നൽകിയിട്ടുള്ളത്. നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനായി സംരംഭങ്ങൾ ചെലവഴിക്കുന്ന തുകയുടെ ഇരുപതു ശതമാനമോ പരമാവധി 25 ലക്ഷം രൂപയോ തിരികെ നൽകുന്നതിനുള്ള പദ്ധതി, എംഎസ്എംഇ വ്യവസായങ്ങൾക്ക് അഞ്ചുവർഷത്തേക്ക് വൈദ്യുതിനികുതി ഇളവുനൽകുന്ന പദ്ധതി, സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട സംരംഭകർക്കും സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജ്ജിലും ഇളവ് തുടങ്ങിയവയെല്ലാം പുതിയ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, എംഎസ്എംഇ ഇതരസംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ നൂറുശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ചുവർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതിയും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് മാസവേതനത്തിൽ 7500 രൂപ തൊഴിലുടമയ്ക്ക് ഒരു വർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതിയുമുണ്ട്.
പുതിയ നയമനുസരിച്ച് മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിംഗിനും നിർമ്മാണത്തിനും സൗകര്യമൊരുക്കും. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിംഗിലും നിർമ്മാണമേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കും സ്ഥാപിക്കുന്നതാണ്. ഇലക്ട്രോണിക്സ് വാഹനരംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ബാറ്ററി നിർമ്മാണവും ഇവി പാർക്കും സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റും അനുവദിക്കുന്നതാണ്. ഫുഡ് ടെക്നോളജി മേഖലയിൽ ഫുഡ് ടെക് ഇൻകുബേറ്ററുകൾ സ്ഥാപിക്കുക, പൊതു-സ്വകാര്യപങ്കാളിത്തത്തോടെ മെഗാഫുഡ് പാർക്കുകളും പ്രത്യേക ഫുഡ് പാർക്കുകളും സ്ഥാപിക്കുക, ലോജിസ്റ്റിക്സ് കണക്ടിവിറ്റി വർധിപ്പിക്കാൻ മിനി-മൾട്ടി ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കുക, വ്യവസായ പാർക്കുകളിൽ ലോജിസ്റ്റിക്സ് സൗകര്യങ്ങൾക്കായി ഭൂമി ലഭ്യമാക്കുക, ലോജിസ്റ്റിക്സ് സേവനദാതാക്കൾക്ക് വ്യവസായപദവി നൽകുക, നാനോ ടെക്നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കുക എന്നിവയ്ക്കെല്ലാമുള്ള പദ്ധതികളും പുതിയ വ്യവസാനയത്തിലുണ്ട്.
ഇതിനുപുറമെ, എയ്റോസ്പേസ്-ഡിഫൻസ് ടെക്നോളജി ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുവേണ്ടി കേരള സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായപാർക്കും സ്ഥാപിക്കുന്നതാണ്. കൂടാതെ ത്രീഡി പ്രിന്റിംഗ് രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിംഗ് ലാബ് ആരംഭിക്കും. ഇതോടൊപ്പം ത്രീഡി പ്രിന്റിംഗ് കോഴ്സുകളും രൂപകൽപ്പന ചെയ്യും. അത്യാധുനിക വ്യവസായങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ കൈപിടിച്ചുയർത്താനും നയം ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും നിരവധി ഇളവുകളും സഹായങ്ങളും പുതിയ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇത്തവണത്തെ ഭരണത്തുടർച്ചയാണ് കേരളത്തിലെ വ്യവസായസൗഹൃദാന്തരീക്ഷം മെച്ചപ്പെടാനുള്ള മുഖ്യകാരണം. ദേശീയതലത്തിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിൽ നേരത്തെയുണ്ടായിരുന്ന ഇരുപത്തെട്ടിൽനിന്നും പതിനഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞതുതന്നെ കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേന്ദ്ര വ്യവസായമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ടുമെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡാണ് എല്ലാ വർഷവും ഇത്തരമൊരു റാങ്കിംഗ് നടത്തുന്നത്. വ്യവസായസംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുകയും നയപരമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയും ചെയ്തതോടെ ഈ രംഗത്ത് കേരളം വലിയൊരു നേട്ടം കൈവരിക്കുകയായിരുന്നു. പുതിയ വ്യവസായനയം പ്രായോഗികമാകുന്നതോടെ ഇത് പതിന്മടങ്ങായി ഉയരുമെന്ന കാര്യത്തിലും സംശയമില്ല.