കേരളത്തിൽ സാധ്യതയുള്ള 3 കെമിക്കൽ വ്യവസായങ്ങൾ
ഡോ. ബൈജു നെടുങ്കേരി
കേരളത്തിന്റെ വ്യവസായ അന്തരീക്ഷം കൂടുതൽ സംരംഭക സൗഹൃദമായി മാറിയിട്ടുണ്ട്. ലൈസെൻസിംഗ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഏർപെടുത്തിയ ഏകജാലക സംവിധാനവും (k-swift) വ്യവസായശാലകളിലെ പരിശോധനകൾ സുതാര്യവും, പരാതി രഹിതവുമായി നടത്തുന്നതിന് ആവിഷ്കരിച്ച സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റവും (k-cis) വിജയമായി മാറി. നൂലാമാലകളില്ലാതെ വ്യവസായം ആരംഭിക്കുന്നതിനും തുടരെ തുടരെയുള്ള പരിശോധനകളുടെ ബുദ്ധിമുട്ടുകളില്ലാതെ വ്യവസായം നടത്തികൊണ്ടുപോകുന്നതിനും ഇന്ന് കേരളത്തിലെ സംരംഭകർക്ക് സാധിക്കുന്നുണ്ട്.
പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ആശയരൂപീകരണമാണ്. കാലികപ്രസക്തിയുള്ള വിപണനസാധ്യതയുള്ള ആശയം കണ്ടെത്തുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
കെമിക്കൽ അധിഷ്ഠിതമായുള്ള ചെറുകിട സംരംഭങ്ങൾ കേരളത്തിൽ താരതമ്യേന കുറവാണ്. രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ഭയപ്പാടും അസംസ്കൃത വസ്തുക്കൾ പ്രാദേശികമായി ലഭ്യമല്ലാതിരുന്നതുമൊക്കെ ഇതിന് കാരണങ്ങളാണ്. കേരളത്തിൽ ധാരാളമായി ഉപയോഗിക്കുന്ന 3 കെമിക്കൽ അധിഷ്ഠിത വ്യവസായങ്ങളെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്
1. സോൾവെന്റ് സിമന്റ്
നിർമ്മാണ മേഖലയിൽ ധാരാളമായി ആവശ്യമുള്ള കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന സംരംഭമാണ് സോൾവെന്റ് സിമന്റ് നിർമ്മാണം. പ്ലംബിംഗ്, വയറിംഗ് എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിന് ഉപയോഗിക്കുന്ന പെട്രോളിയം അധിഷ്ഠിത രാസ സംയുക്തമാണ് സോൾവെന്റ്സിമന്റ്. പി.വി.സി, സി.പി.വി.സി, കോൺട്യൂസ് പൈപ്പുകളെ തമ്മിൽ ചേർക്കുന്നതിനാണ് പ്രധാനമായും സോൾവെന്റ് സിമന്റ് ഉപയോഗിക്കുന്നത്.
സാധ്യത
സോൾവെന്റ് സിമെന്റ് വിപണനത്തിൽ ബ്രാന്റിന് പ്രാധാന്യം ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ സാദ്ധ്യത. ഉപഭോക്താവ് നേരിട്ട് വാങ്ങിക്കുന്ന ഉൽപ്പന്നമല്ല സോൾവെന്റ്. മറിച്ച് പ്ലംബർമാരും വയർമാൻമാരുമാണ് ഇവ തെരഞ്ഞെടുക്കുന്നത്. ഗുണമേൻമയുള്ള ഉല്പന്നമായാൽ വിപണി പിടിക്കാൻ എളുപ്പമാണ്. ഇപ്പോൾ അസംസ്കൃത വസ്തുക്കൾ കേരളത്തിലും സുലഭമായി ലഭ്യമാണ്.
മാർക്കറ്റിംഗ്
ഹാർഡ്വെയർ ഷോപ്പുകൾ, പ്ലംബിംഗ് ഇലക്ട്രിക്കൽ സാമഗ്രികൾ വിറ്റഴിക്കുന്ന ഷോപ്പുകൾ, ഡ്രിപ്പ് ഇറിഗേഷൻ, കുഴൽ കിണർ നിർമ്മാതാക്കൾ തുടങ്ങി വിറ്റഴിക്കാൻ ധാരാളം വിപണിയുണ്ട്. മറ്റ് ബ്രാൻഡുകൾക്ക് നിർമ്മിച്ച് നൽകുകയുമാകാം.
നിർമ്മാണരീതി
ടോളിവിൻ അസറ്റോൺ, പി.വി.സി റെസിൻ, സൈക്ലോ ഹെക്സനൽ എന്നിവയും അനുബന്ധ ഉൽപന്നങ്ങളും നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് സോൾവെന്റ് സിമന്റ് നിർമ്മിക്കുന്നത്. തുടർന്ന് ഗുണമേൻമ ഉറപ്പ് വരുത്തി ബ്രാൻഡ് നെയിം പ്രിന്റ് ചെയ്ത കണ്ടയ്നറുകളിൽ നിറച്ച് വിപണിയിലെത്തിക്കും.
യന്ത്രങ്ങൾ
1. മിക്സിംഗ് ടാങ്ക് 1,80,000.00
2. ഫില്ലിംഗ് യൂണിറ്റ് 1,70,000.00
3. അനുബന്ധ സംവിധാനങ്ങൾ 25,000.00
ആകെ 3,75 000.00
സാങ്കേതിക വിദ്യ
സോൾവെന്റ് സിമന്റ് നിർമ്മാണം നടത്തുന്നതിന് നിർമ്മാണ സാങ്കേതികവിദ്യയിൽ അറിവ് നേടേണ്ടത് ആവശ്യമാണ്. സോൾവെന്റ് നിർമാണത്തിന്റെ സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485 -299990.
2. തിന്നർ ടർപ്പന്റൈൻ നിർമ്മാണം
നിർമ്മാണ മേഖലയിൽ ധാരാളമായി ഉപയോഗിക്കുന്ന ഉൽപ്പന്നമാണ് തിന്നറും ടാർപ്പന്റൈനും. അന്യസംസ്ഥാനത്ത് ഉൽപാദിപ്പിച്ച് നമ്മുടെ സംസ്ഥാനത്ത് വിൽക്കുന്നതാണ് ഏറിയ പങ്കും. കേരളത്തിൽ എല്ലായിടത്തും ആരംഭിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണ് ഇവ രണ്ടും.
ഉപകരണങ്ങൾ, ബ്രഷ് എന്നിവ ക്ലീൻ ചെയ്യുന്നതിനും പെയിന്റിന്റെ വിസ്കോസിറ്റി വർദ്ധിപ്പിക്കുന്നതിനും പൊട്ടിച്ച പെയിന്റ് കേടു വരാതെ സൂക്ഷിക്കുന്നതിനും, ഫർണിച്ചർ, വാഹനങ്ങൾ എന്നിവയുടെ പോളീഷിനും എപ്പോക്സിയിലും തിന്നർ ഉപയോഗിക്കുന്നു.
എൻ.സി. തിന്നർ, ഇനാമൽ തിന്നർ, എപ്പോക്സി തിന്നർ, പി.യു. തിന്നർ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും വിവിധ ക്വാളിറ്റിയിൽ ഉള്ളതുമായ തിന്നറുകൾ വിപണിയിൽ ലഭ്യമാണ്.
സാധ്യതകൾ
കേരളത്തിൽ നിലവിലുള്ള വിപണി തന്നെയാണ് ഏറ്റവും വലിയ സാദ്ധ്യത. അസംസ്കൃത വസ്തുക്കളും ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്. ഉൽപ്പന്നം ദീർഘനാൾ കേടുവരാതെ സൂക്ഷിക്കുന്നതിനും കഴിയും. ചെറിയ യന്ത്രങ്ങൾ സ്ഥാപിച്ച് കുറഞ്ഞ മുതൽ മുടക്കിൽ തിന്നർ നിർമ്മാണം ആരംഭിക്കാം.
മാർക്കറ്റിങ്
ചെറുകിട ഉല്പാദകർക്ക് എളുപ്പത്തിൽ വിൽപ്പന നേടാനുള്ള വഴി വലിയ ഉപഭോക്താക്കൾക്ക് നേരിട്ട് സപ്ലൈ ചെയ്യുന്നതാണ്. റീറ്റെയിൽ മാർക്കറ്റിങ്ങിൽ ആദ്യ ഘട്ടത്തിൽ വിൽപ്പന നേടാൻ പ്രയാസം നേരിടാം. എങ്കിലും ഗുണമേൻമ തിരിച്ചറിയുന്നതോടെ വിൽപ്പന വർദ്ധിക്കും. പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ചും വിപണിയിൽ മുന്നേറാം.
നിർമ്മാണ രീതി
വിവിധ തരത്തിലുള്ളതും വ്യത്യസ്ത ക്വാളിറ്റിയിലുമുള്ള തിന്നറുകൾക്ക് വ്യത്യസ്ഥങ്ങളായ നിർമ്മാണ ഫോർമുലകളാണ് അവലംബിക്കുന്നത്. ടൊൾവിൻ, അസെറ്റോൺ, ഈതൈൽ അസറ്റേറ്റ്, ബ്യുടൈൽ അസറ്റേറ്റ് തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് തിന്നർ നിർമ്മിക്കുന്നത്. ടർപ്പന്റൈൻ നിർമ്മാണത്തിനും സമാനമായ അസംസ്കൃത വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത്. മിക്സിംഗ് പൂർത്തിയാക്കിയ തിന്നറും ടർപ്പന്റൈനും ക്യാനുകളിലും ബോട്ടിലുകളിലുമാക്കി വിപണിയിൽ എത്തിക്കാം.
മൂലധന നിക്ഷേപം
സ്റ്റോറേജ് ടാങ്ക് 50000
മിക്സിംഗ് ടാങ്ക് 180000
ഫില്ലിംഗ് മെഷീൻ 170000
അനുബന്ധ സംവിധാനങ്ങൾ 30000
ആകെ 430000
സാങ്കേതിക വിദ്യ
തിന്നർ , ടർപ്പന്റൈൻ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ പിറവം അഗ്രോപാർക്കിൽ ലഭിക്കും – 0485- 2999990
3. എയർ ഫ്രഷ്നർ കേക്ക് നിർമ്മാണം
എയർ ഫ്രഷ്നർ കേക്കുകൾ കേരളത്തിൽ വലിയ സാധ്യത നിലനിൽക്കുന്ന ഒരു നിർമ്മാണ സംരംഭമാണ്. വീടുകളിലും ഓഫീസുകളിലും വിവിധ ഇൻസ്റ്റിറ്റിയൂഷനുകളിലും, ഹോസ്പിറ്റലുകളിലുമെല്ലാം ശുചിമുറികളിലും ബാത്ത്റൂമുകളിലും അണുനാശിനിയായും സുഗന്ധവാഹിനിയായും എയർ ഫ്രഷ്നർ കേക്കുകൾ ഉപയോഗിക്കുന്നു. നിലവിൽ ഒന്നോ രണ്ടോ ബ്രാന്റുകൾ മാത്രമാണ് വിപണിയിലുള്ളത്. ഇവ അന്യസംസ്ഥാനത്ത് നിർമ്മിച്ച് കേരളത്തിലേക്ക് എത്തുന്നതാണ്. ചെറിയ മുതൽ മുടക്കിൽ കേരളത്തിൽ ആരംഭിക്കാൻ കഴിയുന്ന ധാരാളം വിപണിയുള്ള ഉൽപന്നമാണ് എയർ ഫ്രഷ്നർ കേക്ക്.
സാധ്യതകൾ
ചെറിയ മുതൽ മുടക്കിൽ എയർ ഫ്രഷ്നർ കേക്ക് നിർമ്മാണം ആരംഭിക്കാം. ഒരു യന്ത്രം മാത്രം മതിയാവും. അസംസ്കൃത വസ്തു ഉത്തരേന്ത്യയിൽ നിന്ന് സുലഭമായി ലഭിക്കും. മാർക്കറ്റിൽ ആവശ്യകതയുമുണ്ട്. വിപണി മത്സരമില്ലാത്ത ഉല്പന്നമാണ് എയർ ഫ്രഷ്നർ കേക്ക്.
മാർക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ചുള്ള മാർക്കറ്റിംഗാണ് ഗുണകരം. വൻകിട ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ച് നൽകുന്ന രീതിയും പിന്തുടരാം.
അസംസ്കൃത വസ്തുക്കൾ
പാരാ – ഡി – ക്ലോറാബെൻസീൻ പൌഡർ, കളർ, ഇൻഡസ്ട്രിയൽ പെർഫ്യൂം എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. ജലാറ്റിൻ പേപ്പറും, ഡ്യൂപ്ളെക്സ് ബോക്സും പാക്കിംഗിന് ഉപയോഗിക്കും. ഇവയെല്ലാം വിതരണക്കാർ വഴി ലഭ്യമാണ്.
നിർമ്മാണരീതി
പാരാ – ഡി – ക്ലോറാബെൻസീൻ പൗഡറിൽ പെർഫ്യൂം നന്നായി മിക്സ് ചെയ്തതിന് ശേഷം ആവശ്യമുള്ള നിറവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് എയർ ഫ്രഷ്നർ കേക്ക് നിർമ്മാണ യന്ത്രത്തിൽ ലോഡ് ചെയ്യും. യന്ത്രം ഓട്ടോമാറ്റിക്കായി തന്നെ കേക്ക് നിർമ്മാണം പൂർത്തിയാക്കും. യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഡൈയുടെ ഷേപ്പ് അനുസരിച്ച് വൃത്താകൃതിയിലും ചതുരാകൃതിയിലും കേക്ക് നിർമ്മിച്ചെടുക്കാം. തുടർന്ന് കേക്കുകൾ ജലാറ്റിൻ പേപ്പറുകളിൽ പൊതിഞ്ഞ് ഡ്യൂപ്ളെക്സ് കവറുകളിൽ നിറയ്ക്കും.
മൂലധനനിക്ഷേപം
യന്ത്രത്തിന്റെ വില – 380000
അനുബന്ധ ചിലവുകൾ – 50000
ആകെ – 430000
ലൈസൻസുകൾ
ഉദ്യം രജിസ്ട്രേഷൻ, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അനുമതി, ഗുഡ്സ് സർവീസ് ടാക്സ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.