കേരളത്തിന്റെ സ്വന്തം ലിവ ഹോം ലിഫ്ട്
ബിനോയ് ജോർജ് പി
പ്രവാസം ജീവിതം അവസാനിപ്പിച്ച് തൃശൂരിലേക്ക് കുടുംബവുമായി തിരിച്ചെത്തിയ കെ വി സുരേഷ് ബാബു പുതിയ സംരംഭം ആരംഭിക്കുന്നത് 5 വർഷം മുൻപാണ്. നാട്ടിലെത്തി സുഹൃത്തുക്കളുടെ വീടുകളിൽ സന്ദർശനം നടത്തുമ്പോൾ പ്രായമായ പലർക്കും വീടിന്റെ രണ്ടാം നിലയിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് പറഞ്ഞു. പലരും അത്ര പ്രായമുള്ളവരല്ലെങ്കിലും മുട്ടു വേദനയും മറ്റു പല പ്രശ്‌നങ്ങളും മൂലം വീടിന്റെ മുകൾ ഭാഗത്തേക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. അതിൽ നിന്നാണ് ലിവ ഹോം ലിഫ്ട് എന്ന സ്ഥാപനത്തിന്റെ തുടക്കം. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച്, വിദേശത്ത് 20 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. വീട്ടിൽ ഒരു ലിഫ്ട് എന്ന ആഗ്രഹത്തിന് വില അന്വേഷിച്ചപ്പോൾ 20 ലക്ഷത്തോളമാണെന്ന് അറിഞ്ഞു. കുറെ സ്ഥലവും മറ്റും വേണം. ഈ പ്രശ്‌നത്തിന് പരിഹാരമായി ഒരു ലിഫ്ട് ഡിസൈൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മറ്റു ചെറിയ ലിഫ്ടുകൾ പലതും സുരക്ഷിതമല്ലാത്ത അഭ്യാസങ്ങളാണെന്ന് സാങ്കേതിക വിദ്യ അറിയുന്നതിനാൽ വ്യക്തമായി. അങ്ങനെയാണ് ഗവേഷണ-അന്വേഷണങ്ങൾ ഊർജിതമാക്കിയത്. 2 വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇന്നു കാണുന്ന ലിവ ഹോം ലിഫ്ട് രൂപപ്പെട്ടത്. മണ്ണുത്തി-അങ്കമാലി ദേശീയപാത 544 ൽ മരത്താക്കരയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
സാധാരണ ചെറിയ ലിഫ്ടുകളിൽ നിന്നും കൂടുതൽ സുരക്ഷിതമായ സ്വന്തം ഡിസൈനിൽ ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സുരേഷ് ബാബു ലിഫ്ട് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സംരംഭം. വ്യാവസായിക അടിസ്ഥാനത്തിൽ ലിഫ്ട് നിർമ്മിച്ച് വിപണനം നടത്തുന്ന നിരവധി കമ്പനികൾ ഉണ്ടെങ്കിലും സ്വന്തമായി ഹോംലിഫ്ട് സവിശേഷമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നാട്ടിൽ തന്നെ നിർമ്മിക്കുന്നത് ആദ്യമാണെന്ന് സുരേഷ്ബാബു പറയുന്നു. പല സ്ഥാപനങ്ങളും വിദേശത്തു നിന്നുള്ള പല ഭാഗങ്ങൾ ഇറക്കുമതി ചെയ്താണ് നിർമ്മിക്കുന്നത്. ലിവ ഹോംലിഫ്ടിന്റെ സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വം മറ്റു പല ചെറിയ ലിഫ്ടുകൾക്കും അപ്രാപ്യമാണ്. വീടിനകത്തെ ചെറിയ സ്ഥലത്ത് സ്ഥാപിക്കുന്ന ലിഫ്ടിന് ഓയിലോ ഗ്രീസോ പിരീയോഡിക്കൽ മെയിന്റനൻസോ ആവശ്യമില്ല. മാത്രമല്ല മറ്റു ലിഫ്ടുകളെ പോലെ വലിയ കുഴിയോ മെഷിൻ റൂമോ വേണ്ട. ലിഫ്ട് എന്നുള്ള പരമ്പരാഗത സങ്കല്പത്തെ മാറ്റിമറിക്കുന്ന വിധത്തിൽ ചെറിയതും പഴയതുമായ വീടുകളിലും ഇത് സ്ഥാപിക്കാമെന്നതാണ് സവിശേഷത.
സുരേഷ്ബാബുവിന്റെ ഹൈഡ്രോളിക് ലിഫ്ട് സ്ഥാപിക്കാൻ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് 1.2 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് ആവശ്യമുള്ളത്. ചുവരിനോട് ചേർന്നോ റൂമിന്റെ മധ്യത്തിലോ എവിടെയും ലിവ ഹോംലിഫ്ട് സ്ഥാപിക്കാനാകൂ. ലിഫ്ടിലെ ആകെയുള്ള മെഷിൻ എന്നു പറയുന്നത് രണ്ടു കുതിരശക്തിയുള്ള മോട്ടോർ ആണ്. ദിവസം 80 തവണയെങ്കിലും പ്രവർത്തിക്കുമ്പോഴാണ് ഒരു യൂണിറ്റ് വൈദ്യുതി ചെലവാകുന്നത്. വീടുകളിൽ ഒരിക്കലും ഇത്തരം ഉപയോഗം ഉണ്ടാവുകയില്ല. രണ്ടോ മൂന്നോ പേർക്ക് കയറാവുന്ന ലിഫ്ടിന്റെ ശേഷി 250 കിലോയാണ്. ആറര ലക്ഷം രൂപ ചെലവാക്കിയാൽ ആർക്കും ലിവ ഹോം ലിഫ്ട് സ്ഥാപിക്കാം. വീൽചെയറിലെ ആളുമായി മറ്റൊരാൾക്ക് കയറാവുന്ന ലിഫ്ടും നിർമ്മിച്ച് നൽകുന്നുണ്ട്. വീടിന്റെ ഉൾവശത്തിന്റെ നിറത്തിനനുസൃതമായുള്ള നിറങ്ങളിൽ ലിഫ്ട് സ്ഥാപിച്ചു നൽകും. ഇത്തരത്തിലുള്ള ലിഫ്ട് ഇന്ത്യയിൽ തന്നെ ഇതുവരെ ആരും നിർമ്മിച്ചിട്ടില്ലെന്ന് സുരേഷ് ബാബു പറയുന്നു. വീടുകളുടെ ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച് ഉപയോഗിക്കാനുള്ള ലൈസൻസ് ആണ് സ്ഥാപനത്തിലുള്ളത്. അതുകൊണ്ടു തന്നെ കമേഴ്‌സ്യൽ ആയി നിർമ്മിച്ചു നൽകുന്നില്ല. വീടുകളിലെ ഉപയോഗം കുറവായതിനാൽ തന്നെ കൂടുതൽ മെയിന്റനൻസ് ആവശ്യമില്ല. അതു തന്നെയാണ് ലിവ ഹോം ലിഫ്ടിന്റെ സാധ്യതയും.
ഹോം ലിഫ്ട് എന്ന സാധ്യതയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ഓയിലോ ഗ്രീസോ വീടിനകത്ത് ഉപയോഗിക്കാൻ പാടില്ലത്ത വിധത്തിലുള്ള ഒന്നായിരിക്കണമെന്ന് സുരേഷ് മനസിലുറപ്പിച്ചിരുന്നു. ലിഫ്ടിന് അനുയോജ്യമായ വാൽവുകളെക്കുറിച്ച് അന്വേഷിച്ച അവസാനം അവ നിർമ്മിക്കുന്ന ഒരു വിദേശ കമ്പനിയുമായി ധാരണയായതിനു ശേഷമാണ് അവ ഉപയോഗപ്പെടുത്തിയത്. നിർമ്മാണത്തിൽ അലൈൻമെന്റിന്റെ കണിശത വളരെ പ്രധാനമായതിനാൽ തൊഴിലാളികൾ എല്ലാവരും അത്തരത്തിൽ പരിശീലനം നേടിയവരാണ്. കൊവിഡ് കാലത്തും ഇവരെ കൂടെ നിർത്തുകയായിരുന്നു. മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്ന പോലെ കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ പൂർണമായും സ്ഥാപനത്തിന് ഇപ്പോളും മറിക്കടക്കാനായിട്ടില്ല.
ഐഎസ്ഒ സർട്ടിഫിക്കറ്റും യുകെ സർട്ടിഫിക്കേറ്റ് ഓഫ് കംപ്ലയൻസുമുള്ള ‘ലിവ ഹോം ലിഫ്ടി’ന് സ്റ്റാർട്ടപ്പ് മിഷന്റെയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഹോം ലിഫ്ട് കൂടുതൽ വിറ്റഴിയുന്നത് കേരളത്തിലാണെങ്കിലും തമിഴ്‌നാട്ടിലെ ഓർഡർ അനുസരിച്ച് നിർമ്മിച്ച് സ്ഥാപിക്കുന്നുണ്ട്. കോടികൾ മുതൽ മുടക്കിയ സംരംഭത്തിൽ കൂടുതൽ ലിഫ്ടുകൾ ഒരേസമയം നിർമ്മിക്കാനുള്ള അടിസ്ഥാനസൗകര്യമോ ജീവനക്കാരോ ഇല്ല. ഉത്പാദനം വർദ്ധിപ്പിക്കാൻ സാധിച്ചെങ്കിൽ മാത്രമെ സംരംഭം കൂടുതൽ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. 20 ജീവനക്കാരാണ് സ്ഥാപനത്തിൽ പ്രവർത്തിക്കുന്നത്. അവരെല്ലാം പ്രത്യേക പരിശീലനം ലഭിച്ചവരുമാണ്. കുറച്ച് പേർക്ക് സുരേഷ് ബാബു തന്നെയാണ് പരിശീലനം നൽകിയത്. ചിലർ വിദേശത്ത് സമാനമായ തൊഴിലിൽ ഏർപ്പെട്ടിരുന്നവരായതിനാൽ അതിന്റെ സൂക്ഷ്മതയും ഗുണവും ഉത്പന്നത്തിനുണ്ട്.
ലിവ ഹോം ലിഫ്ടിന്റെ പ്രത്യേകത അത് ഒരു നിലയിലേക്കും ഡ്യുപ്ലക്‌സ ഫ്‌ലാറ്റുകളിലും മാത്രമെ പ്രവർത്തിപ്പിക്കുവാനാകൂ എന്നതാണ്. ഒന്നാംനിലയിൽ നിന്നും രണ്ടാംനിലയിലേക്കും അല്ലെങ്കിൽ രണ്ടിൽ നിന്നും മൂന്നിലേക്കും. നമ്മുടെ മിക്ക വീടുകളും രണ്ടുനിലകളിൽ നിർമ്മിച്ചവയായതിനാൽ അതൊരു പ്രശ്‌നമല്ലെങ്കിലും രണ്ടാംനിലയിൽ നിന്നും മൂന്നാംനിലയിലേക്കും കയറിപോകാവുന്ന ലിഫ്ടിന്റെ ഡിസൈൻ സുരേഷ്ബാബുവിന്റെ മനസിലുണ്ട്. അതിന്റെ ഗവേഷണങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. യൂണിറ്റിലെ സ്ഥല സൗകര്യവും മറ്റു സാങ്കേതിക കാര്യങ്ങൾക്കുമായി ഇനിയും കൂടുതൽ പണം മുടക്കണം. അതെല്ലാം ഒറ്റയ്ക്കു തന്നെ പൂർത്തിയാക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ് സംരംഭകൻ. ഇന്ത്യയിലാകെ വിപണി കണ്ടെത്തുന്ന തരത്തിലേക്ക് വളരാനുള്ള സാധ്യതകൾ ഉണ്ടെങ്കിലും ഇത്തരം പരിമിതികൾ സ്ഥാപനത്തിന് വിഘാതമായിരിക്കുകയാണ്. ഇടത്തരം കുടുംബങ്ങൾ പോലും നിർമ്മിക്കുന്ന വീടുകൾക്ക് 60-70 ലക്ഷം രൂപ ചെലവാകുന്നുണ്ട്. ഇത്തരം വീടുകളിൽ മുതിർന്നവർക്കു കൂടി പരിഗണന നൽകുന്ന തരത്തിൽ ആറര ലക്ഷം രൂപ ചെലവഴിച്ചാൽ ഹോം ലിഫ്ട് സ്ഥാപിക്കാനാകും. പുതിയകാലത്ത് 40 വയസു കഴിയുമ്പോഴേക്കും മുട്ടു-കാൽ വേദനകൾ കൂടപ്പിറപ്പാകുകയാണ്. ഈ സാഹചര്യം കൂടിയാണ് ബിസിനസിന്റെ പുരോഗതിക്ക് കാരണമാകുന്നത്.
ചെറിയതും വില കുറഞ്ഞതുമായ ലിഫ്ടുകളെപ്പറ്റി യൂട്യൂബിൽ പരതിയപ്പോൾ കുറഞ്ഞ ചെലവിൽ ചെറിയ ലിഫ്ട് എന്ന പരസ്യം കണ്ട് നോക്കിയെങ്കിലും എല്ലാം ഒരു റോപ്പിൽ പ്രവർത്തിപ്പിക്കുന്നവയാണ്. ഒരു തരത്തിലുള്ള സുരക്ഷയും ഉറപ്പു നൽകാൻ ഇത്തരം ഉത്പന്നങ്ങൾക്ക് സാധിക്കില്ലെന്ന് മനസിലായി. ലിവ ഹോം ലിഫ്ടുകൾ നിർമ്മാണത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം യുണിക് ആണെന്നാണ് സംരംഭകന്റെ പക്ഷം. പ്രവാസിയിൽ നിന്നും നാട്ടിലെ സംരംഭകനിലേക്കുള്ള മാറ്റം ഒട്ടനവധി പ്രതിസന്ധികൾ സമ്മാനിച്ചെങ്കിലും ധീരമായി മുന്നേറാനുള്ള ശ്രമത്തിലാണ് സുരേഷ്ബാബു. സവിശേഷമായ ഈ ലിഫ്ട് തന്നെയാണ് അതിന് പ്രേരണയാകുന്നത്.