കേരളത്തിന്റെ സമഗ്രമായ പുതിയ വ്യവസായ-വാണിജ്യനയം


ജി. കൃഷ്ണപിള്ള

കേരളത്തിന്റെ പുതിയ കരട് വ്യവസായ- വാണിജ്യ നയം 2022-ൽ പ്രഖ്യാപിച്ചു. 2018- ലെ വ്യവസായ നയത്തിനുശേഷം 4 വർഷം പിന്നിടുമ്പോഴാണ് പുതിയ നയം പ്രഖ്യാപിച്ചത്. പുതിയ ഗസറ്റ് വിജ്ഞാപനം വരുന്നതോടു കൂടി പുതിയ നയം 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിലാകും. 2018- ലെ വ്യവസായ നയം 360 ഡിഗ്രി സമീപനത്തോട് കൂടിയുള്ളതായിരുന്നു. ഈ സമീപനത്തിന്റെ ഭാഗമായി സംരംഭങ്ങൾ എളുപ്പത്തിൽ ആരംഭിക്കുന്നതിന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, വ്യവസായ സംബന്ധമായ നിയമങ്ങളുടെ ലഘൂകരണം, സംരംഭകത്വ പ്രോത്സാഹനം, എം. എസ്. എം. ഇ കൾക്ക് പ്രോത്സാഹനം, പാരിസ്ഥിതിക വ്യവസായ സൗഹൃദ വികസനം, സാങ്കേതികവിദ്യ സ്വീകരിക്കൽ എന്നിവയായിരുന്നു വിഭാവന ചെയ്തിരുന്നത്. അതിവേഗം വളർന്നുകൊണ്ടിരിയ്ക്കുന്ന സാങ്കേതിക വിദ്യയുടെ സമന്വയത്തോടു കൂടി ലോകം വ്യവസായ വിപ്ലവത്തിന്റെ 4-ാം പതിപ്പിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്.

കേരളം സാമൂഹ്യ വികസന സൂചകങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തേക്കാൾ മുന്നിലാണ്. ഉയർന്ന വിദ്യാഭ്യാസ നിലവാരം, ആരോഗ്യം, ജീവിത ഗുണമേന്മ കേരളത്തെ ഉയർന്ന സാമ്പത്തിക പുരോഗതി നേടുന്നതിന് പ്രപ്തമാക്കുന്നു. ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പ് തന്നെ കേരളത്തിൽ പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. സേവന മേഖലകൾ ഉൾപെടെയുള്ള ചില പ്രത്യേക മേഖലകളിൽ വ്യവസായ നിക്ഷേപം നടത്തുന്നതിലേയ്ക്കുള്ള മാറ്റങ്ങൾ ദൃശ്യമായിരുന്നു. ഗതാഗതം, ഐ. ടി, ആരോഗ്യം ഫിനാൻസ്, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഭവന നിർമാണം മുതലായ മേഖലകളിൽ നിക്ഷേപം വളരെ വലിയതോതിൽ ഉയർന്നു.

പുതിയ നയത്തിന്റെ ലക്ഷ്യങ്ങൾ
നിക്ഷേപവും നൂതനാശയങ്ങളുള്ള സുസ്ഥിരമായ ഒരു വ്യവസായ ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കുകയെന്നുള്ളതാണ് പുതിയ വ്യവസായവാണിജ്യനയത്തിന്റെ ലക്ഷ്യം

പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ
1. കേരളത്തിന് അനുയോജ്യമായ സംരംഭകത്വ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക.
2. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റാർട്ടപ്പ്സ് ഇടമായി കേരളത്തെ മാറ്റുക.
3. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള യുവജനങ്ങളിലും വനിതകളിലും സംരംഭകത്വ അഭിരുചി വളർത്തുക.
4. ഭാവിയിൽ സാധ്യതയുള്ള വ്യവസായങ്ങൾക്കുവേണ്ടി നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക.
5. വ്യവസായ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി പരമാവധി സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
6. കയറ്റുമതി വളർച്ച വർദ്ധിപ്പിക്കുന്നതിനുവേണ്ടി ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ശക്തിപ്പെടുത്തുക.
7. വ്യവസായ വിപ്ലവത്തിന്റെ 4-ാം പതിപ്പ് സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ഒരു വ്യവസായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക.
8. പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉൽപാദന രീതികൾ പരമ്പരാഗത മേഖലയിൽ കൊണ്ടുവരിക.
9. ഓൺലൈൻ വിപണി സംവിധാനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കുക.
10. വ്യവസായങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുകയും അതോടൊപ്പം നല്ല ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക.
11. ഉദിച്ചുയരുന്ന വ്യവസായ മേഖലകളിൽ നിന്നും വ്യവസായികളെ ആകർഷിക്കുക.
12. വിനോദം, ജോലി, പ്രവൃത്തി എന്നിവയ്ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക.
13. സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അതിർത്തികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുക.
14. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് കേരള ബ്രാൻഡ് സൃഷ്ടിക്കുക.
15. കേരളത്തിലെ ഉൽപാദന മേഖലയിലെ കഴിവുകൾ വർദ്ധിപ്പിക്കുകയും ആഗോള ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങളും സേവനങ്ങളും വൈദഗ്ദ്ധ്യവുമുള്ള മാനവശേഷിയും വർദ്ധിപ്പിക്കുക.
16. ഉത്തരവാദിത്വ നിക്ഷേപവും സുസ്ഥിര വികസനവും പുതിയ നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.
മുകളിൽ പ്രതിപാദിച്ച ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി 7 പ്രധാന കാര്യങ്ങൾക്ക് ഈ നയത്തിൽ പ്രാമുഖ്യം നൽകുന്നു.
1. സംരംഭകത്വം വളർത്തുക.
2. അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുക.
3. ഉയർന്ന സാങ്കേതികവിദ്യ
4. അനുയോജ്യമായ തൊഴിൽ നേടുന്നതിനുവേണ്ടി തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക.
5. നല്ല ബിസിനസ് സാഹചര്യങ്ങൾ സൃഷ്ടിക്കുക.
6. ആഗോള തലത്തിൽ അംഗീകാരം നേടുന്നതിനുള്ള കേരള ബ്രാൻഡ് ഇക്വിറ്റി ഉയർത്തിക്കൊണ്ടു വരുക.
7. ഓരോ മേഖലകളിലും സാധ്യതയുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിന് സെക്ടറൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക.

ഇനങ്ങൾ                                        : നിർവചനം
എം.എസ്.എം.ഇ (MSME)     : പ്ലാന്റ് & മെഷിനറി നിക്ഷേപം 50 കോടി രൂപ വരെ.
                                                               വാർഷിക വിൽപന 250 കോടി രൂപ വരെ
വൻകിട                                         :പ്ലാന്റ് & മെഷിനറി നിക്ഷേപം 50 കോടി മുതൽ

300 കോടിവരെ

മെഗ പ്ലാന്റ്                                     : & മെഷിനറി നിക്ഷേപം 300 കോടി രൂപയ്ക്ക് മുകളിൽ

പുതിയ നയത്തിൽ ഊന്നൽ നൽകുന്ന ഉദയ വ്യവസായ മേഖലകൾ (Sunrise Industries Sector)

1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
2. ആയുർവേദം
3. ബയോ ടെക്നോളജി & ലൈഫ് സയൻസ്
4. ഡിസൈൻ
5. ഇലക്ട്രിക് വാഹനങ്ങൾ
6. എഞ്ചിനീയറിംഗ്
7. ഫുഡ് ടെക്നോളജി
8. ഗ്രാഫൈൻ
9. ഹൈ- ടെക് ഫാമിങ്ങ്
10. ഇ.എസ്.ഡി.എം
11. ഉയർന്ന മൂല്യവർദ്ധിത റബ്ബർ ഉൽപന്നങ്ങൾ
12. ലൊജസ്റ്റിക് (Logistic)
13. മാരിടൈം ക്ലസ്റ്റർ
14. മെഡിക്കൽ ഇക്യുപ്മെന്റ്
15. നാനോ ടെക്നോളജി
16. പുന:നിർമിക്കാവുന്ന ഊർജ്ജം
17. റീട്ടെയിൽ
18. റോബോട്ടിക്സ് (Robotics)
19. സ്പേസ് (Space)
20. ഹോസ്പിറ്റാലിറ്റി ടൂറിസം(Hospitality)
21. ത്രീ- ഡി. പ്രിന്റിങ്ങ്
മുകളിൽ പ്രഖ്യാപിച്ച 21 മേഖലകളിലുമുള്ള ഉദയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ പുതിയ വ്യവസായ നയത്തിലുണ്ട്.

സംരംഭങ്ങളുടെ തരംതിരിവ്
പുതിയതും നിലവിലുള്ള സംരംഭങ്ങൾക്കും ഈ നയം ബാധകമാണ്. ഈ നയത്തിന്റെ പരിധിയിൽ വരുന്ന സംരംഭങ്ങൾക്ക് അവയുടെ മൊത്തം നിക്ഷേപത്തിന്റെയും വിണനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നത്.

സംരംഭകത്വ പിന്തുണയും സംരംഭകത്വ ഫണ്ടിങ്ങും
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സംരംഭകത്വ പിന്തുണ, ഫണ്ടിങ്ങ് പദ്ധതികൾ പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സംരംഭകത്വ പ്രോത്സാഹനം അനിവാര്യമാണ്. ഇൻകുബേഷൻ കേന്ദ്രങ്ങൾ, വായ്പ ലഭ്യത, നൈപുണ്യ വികസനവും പരിശീലനവും, നിക്ഷേപക സഹായ കേന്ദ്രങ്ങൾ എന്നീ പ്രവർത്തനങ്ങൾ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് നടത്തിവരുകയാണ്. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും സംരംഭകത്വ സംസ്കാരം വളർത്തുന്നതിനും സാധ്യമാകുന്ന തരത്തിലുള്ള ആവാസ വ്യവസ്ഥയും (Eco system) പിന്തുണയും ആവശ്യമാണ്.


ശക്തമായ ഒരു വ്യവസായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് സംരംഭകത്വ ഫണ്ടിങ്ങ് പിന്തുണ പദ്ധതി ആവശ്യമാണ്. നിലവിലുള്ള സംരംഭകത്വ ഫണ്ടിങ്ങ് പദ്ധതി, കെ. എസ്. ഐ. ഡി. സി സീഡ് ക്യാപ്പിറ്റൽ ഫണ്ട് പ്രോഗ്രാം എന്നിവയെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് മാത്രം നിലനിർത്താതെ മറ്റ് ഇനം മേഖലകളായ കൃഷി, ഭക്ഷ്യം, സംരംഭം, ആരോഗ്യം, ടൂറിസം മുതലായ മേഖലകളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുതിയ നയം പരാമർശിക്കുന്നു. മുകളിൽ പരാമർശിച്ച മേഖലകളിൽ കൂടി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതോടു കൂടി കേരളം ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് ഇടമായി മാറുന്നതാണ്.

ഇൻസന്റീവ്സ്
വൻകിട, മെഗാ മേഖലകൾ കൂടാതെ സൂക്ഷ്മ- ചെറുകിട- ഇടത്തരം (MSME) മേഖലകൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി അനവധി ഇൻസന്റീവ്സ് പുതിയ നയങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്.
മുകളിൽ പ്രതിപാദിച്ച ഇൻസന്റീവ് കൂടാതെ മറ്റുള്ളവ:-
(എ) എം. എസ്. എം. ഇ കൾക്കു വേണ്ടി ഇക്വിറ്റി ഫണ്ട് രൂപീകരണം. കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. എഫ്. ഇ എന്നിവയുമായി ചേർന്ന് എം. എസ്. എം. ഇ കൾ, സ്റ്റാർട്ടപ്പുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഓരോ വർഷവും 200 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുന്നതാണ്.
(ബി) കേരള സ്റ്റാർട്ടപ്പുകളെയും എം. എസ്. എം. ഇ കളെ ആഗോള വിപണിയുമായി ബന്ധിപ്പെടുന്നതിനുള്ള പ്രത്യേക പദ്ധതിയിൽ ആവിഷ്കരിക്കും.
(സി) നിലവിൽ കെ. എസ്. ഐ. ഡി. സി. നൽകുന്ന ഇന്നോവേഷൻ ഗ്രാന്റ് ക്രമേണ ഉയർത്തുന്നതാണ്.
(ഡി) വ്യവസായ – അക്കാദമിക് ഗവേഷണം േപ്രാത്സാഹിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക ഊന്നൽ നൽകുന്നതാണ്. ഇ. ഡി. ക്ലബുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു
മാണ്.
(ഇ) നിക്ഷേപകർക്കു വേണ്ടി വ്യവസായ പാർക്കുകളിൽ കൂടുതൽ ഡിസൈൻ, ടെസ്റ്റിങ്ങ് ലാമ്പുകൾ, കോമൺ ഫെസിലിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതാണ്.
(എഫ്) സ്ത്രീ- എസ്. സി- എസ്. ടി സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിലും ഇളവുകൾ
(ജി) എം. എസ്. എം. ഇ കൾക്ക് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ

അടിസ്ഥാന സൗകര്യങ്ങൾ/ ഭൂ ബാങ്കുകൾ
അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ വ്യവസായ വളർച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങളാണ്. സ്റ്റാർട്ടപ്പുകൾക്കും എം. എസ്. എം. ഇ കൾക്കും പ്രവർത്തനം ആരംഭിക്കുന്നതിന് ഭൂമി ലഭ്യത ആവശ്യമാണ്. സംസ്ഥാനത്തും ജില്ലാ തലങ്ങളിലും ഭൂ ബാങ്കുകൾ സ്ഥാപിച്ച് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സുതാര്യവും ഊർജ്ജിതവുമാക്കും.

കേരള ബ്രാന്റ് വികസനം
പുതിയ വ്യവസായ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്നാണ് സ്വമേധയായുള്ള സാക്ഷ്യപ്പെടുത്തൽ വഴി കേരള ഉൽപന്നങ്ങളുടെ ഒരു കേരള ബ്രാൻഡ് സൃഷ്ടിക്കുകയെന്നുള്ളത്.

ആഗോള അഭിരുചി
മലയാളികൾ വളരെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗുണനിലവാരവും അഭിരുചിയുള്ളവരാണ്. ഇങ്ങനെയുള്ളവരെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനും സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിനും എല്ലാവിധ പിന്തുണയും പുതിയ നയം വാഗ്ദാനം ചെയ്യുന്നു. കേരളത്തിന് പുറമെ നിന്നും ആഗോള അഭിരുചിയുള്ളവരെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക പ്രോത്സാഹന പദ്ധതികൾ പുതിയ നയം വിഭാവന ചെയ്യുന്നു. അതിലൂടെ ആഗോള നിക്ഷേപം കേരളത്തിൽ എത്തുകയും ചെയ്യുന്നതാണ്.

ലക്ഷ്യബോധമുള്ള വ്യവസായ നയം
2023-2024 നിക്ഷേപ വർഷമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കേരളത്തിന് പുറമെ നിന്ന് പ്രതിവർഷം അനേകം കോടി രൂപയുടെ ഉൽപന്നങ്ങളാണ് കേരള വിപണിയിലെത്തുന്നത്. ടെക്സ്റ്റയിൽസ്, വാഹനങ്ങൾ, എഞ്ചിനീയറിംഗ് വസ്തുക്കൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ആഭരണങ്ങൾ, ഔഷധങ്ങൾ എന്നിവയാണ് അതിൽ പ്രധാനപ്പെട്ട ഇനങ്ങളായി കേരള വിപണിയിലെത്തുന്നത്. ഈ ഉൽപന്നങ്ങൾ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുണ്ടാകുമെന്ന് പുതിയ വ്യവസായ നയം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് അനുയോജ്യമായ മുൻഗണനാ മേഖലകളിൽ വ്യവസായ വളർച്ച സാധ്യമാകുന്നതിലൂടെ കേരളത്തിന്റെ വ്യവസായ വളർച്ചയുടെ ഗ്രാഫ് അതിവേഗം മുന്നോട്ട് ഉയരുന്നതാണ്.

വൈദഗ്ദ്ധ്യമുള്ള മേഖലകളിൽ ക്ലസ്റ്റർ രൂപീകരിച്ചും സ്വകാര്യ പങ്കാളിത്തം വഴി ബഹുനില വ്യവസായ സമുച്ചയങ്ങൾ നിർമിച്ചും വ്യവസായ പുരോഗതി ത്വരിതപ്പെടുത്തുന്ന നടപടികളും പുതിയ വ്യവസായ നയത്തിലുണ്ട്. ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം, നൂതനാശയങ്ങളുടെ പരിപോഷിപ്പിക്കൽ, ആധുനിക സാങ്കേതിക വിദ്യയുടെ ഉൾപ്പെടുത്തൽ എന്നിവയിലൂടെ കേരളത്തെ വ്യവസായ വികസനത്തിന്റെ 4-ാം പതിപ്പിൽ എത്തിക്കുകയെന്നുള്ളതാണ് കേരളത്തിന്റെ പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കാഴ്ചപ്പാട്. ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, റോബോട്ടിക്, എഞ്ചിനീയറിംഗ് എന്നിവ ഉൾപെടെയുള്ള മേഖലകളെ ശരിയായി തിരിച്ചറിഞ്ഞ് ആ മേഖലകളിൽ വ്യവസായ വികസനം നേടുകയെന്നുള്ളതും പുതിയ നയത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മേഖലയാണ് സ്റ്റാർട്ടപ്പ്. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേരളം നേടിയതുപോലെ ഭക്ഷ്യം, ആരോഗ്യം സംരംഭം, മെഡിസിൻ ടൂറിസം, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയിൽകൂടി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് പുതിയ നയം എല്ലാ പ്രോത്സാഹനവും നൽകുന്നതാണ്. നിലവിലുള്ള സംരംഭങ്ങളെ വികസിപ്പിക്കുന്നതിനുവേണ്ടി (Scale up) സർക്കാർ വായ്പ ലഭ്യമാക്കുന്നതാണ്.
2022-2028 വരെ പുതിയ വ്യവസായ- വാണിജ്യ നയം പ്രാബല്യത്തിലുണ്ടാകും. പുതിയ വ്യവസായ ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാണ്. സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കൽ, വിപണനം, ഗുണനിലവാരമുള്ള മാനവശേഷി വികസനം പുതിയ സാങ്കേതിക വിദ്യയുടെ ഇടപെടൽ നൂതനാശയങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഫണ്ടിങ്ങ് സഹായങ്ങൾ എന്നീ മാർഗങ്ങളിലൂടെയെല്ലാം കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിർത്തി വ്യവസായ വളർച്ചയിൽ മുന്നോട്ട് പോകുന്നതാണ്.