കേരളം പുതുചരിത്രം സൃഷ്ടിച്ചു

ജി. കൃഷ്ണപിള്ള
 
കേരളം വ്യവസായ സൗഹൃദമല്ലെന്ന അപഖ്യാതി പരത്തുന്നവർക്കുള്ള താക്കീതാണ് കേരളം വ്യവസായ സൗഹൃദ സൂചികയിൽ ഒന്നാം റാങ്ക് എന്ന ചരിത്രനേട്ടം കൈവരിച്ചത്. വ്യവസായ സൗഹൃദമല്ലെന്ന സിനിമാക്കഥയും കുപ്രചാരണങ്ങളും ഇനി വെറും പഴങ്കഥ മാത്രം. ആദ്യമായി വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഇന്ത്യയിലെ ഒന്നാമത്തെ റാങ്ക് കേരളത്തിനാണ്. ഇന്ത്യയുടെ വ്യവസായ ഭൂപടങ്ങളിലൊന്നും ഇടമില്ലാതിരുന്ന കാലഘട്ടത്തിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് അപ്രാപ്യമെന്ന് കരുതിയ ഈ നേട്ടം കേരളത്തിന് നേടാനായത്. സംരംഭകർക്ക് അനുകൂലമായ ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ പരിഷ്‌കാരങ്ങൾ വളരെ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കാൻ കഴിഞ്ഞതിലൂടെയാണ് ഈ റിക്കാർഡ് നേട്ടം കൈവരിക്കാനായത്. 
 
എന്താണ് ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ ?
ഈസ് എന്ന വാക്കിന്റെ അർത്ഥം പ്രയാസങ്ങൾ അല്ലെങ്കിൽ പ്രതിബന്ധങ്ങൾ ലഘൂകരിക്കുകയെന്നതാണ്. വ്യവസായ സംരംഭങ്ങളുടെ തുടങ്ങൽ നടപടിക്രമങ്ങൾ ലളിതമാക്കുകയെന്നതാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ്. 2002-ൽ ലോകബാങ്ക് ഗ്രൂപ്പ് നടത്തിയ ഒരു പഠന റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു സൂചികയാണിത്. ലോക ബാങ്ക് ഗ്രൂപ്പ് ഇതിനെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചിക എന്ന് നാമകരണം ചെയ്തു (EODB Index). ലോകത്തെ വിവിധ രാജ്യങ്ങളിലുടനീളമുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ചുള്ള കൃത്യമായ ഒരു പഠനമാണിത്. ഒരു സമ്പദ്‌വ്യവസ്ഥയിൽ ഒരു സംരംഭം ആരംഭിക്കുന്നതിനുവേണ്ടി ലളിതവും കാര്യക്ഷമവുമായ നടപടി ക്രമങ്ങൾ നടപ്പാക്കുകയെന്നതാണ് ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ 
 
‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ‘ സ്തംഭങ്ങൾ
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന് പ്രധാനമായും മൂന്ന് സ്തംഭങ്ങളാണുള്ളത്.
 
(1) സാമ്പത്തിക പശ്ചാത്തലം
ഇത് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൽ പ്രധാന പങ്ക് വഹിക്കുന്നു. സ്തൂല സാമ്പത്തിക സ്ഥിരത, കമ്പോള മത്സരക്ഷമത, അടിസ്ഥാന സൗകര്യ വികസനം, വിഭവങ്ങളുടെ ലഭ്യത എന്നിവ ബിസിനസ്സ് പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. 
ഉദാ: കുറഞ്ഞ നികുതി, അനുകൂലമായ വാണിജ്യ നയങ്ങൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ
 
(2) ധനകാര്യം (Finance)
ഒരു ബിസിനസ് വളർച്ച നേടുന്നതിന് ധനം ആവശ്യമാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സംവിധാനം (Finance System) ആവശ്യമാണ്. ബാങ്കുകൾ, മൂലധന വിപണി, വെർച്വൽ മൂലധനം ഇവയെല്ലാം സംരംഭകന് പല തരത്തിലുള്ള ധനാഗമ സ്രോതസ്സുകൾ (Means of Finance)  തെരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. സുതാര്യവും കാര്യക്ഷമവുമായ ധനകാര്യ നിയന്ത്രണങ്ങൾ, ലളിതമായ വായ്പാ നപടിക്രമങ്ങൾ, നിക്ഷേപത്തിന് അനുകൂലമായ ആവാസ വ്യവസ്ഥ, മൂലധന പ്രവാഹം ഇവയെല്ലാം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിന് സഹായകരമായ ഘടകങ്ങളാണ്. 
 
(3) നിയമപരമായ ചട്ടക്കൂട് (Legal Framework) 
ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് അനുകൂലമായതും ഫലപ്രദവുമായ നിയമങ്ങളും ചട്ടങ്ങളും (Act & Rules) ആവശ്യമാണ്. സംരംഭങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ലൈസൻസിങ്ങ്, പെർമിറ്റ്, നികുതി ചുമത്തൽ, സ്വത്തവകാശം എന്നിവയെല്ലാം നിയമപരമായ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. കാലഹരണപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും ഭേദഗതി ചെയ്ത് സംരംഭം തുടങ്ങുന്നതിന് ലളിതവും അനുകൂലമാക്കുന്നതിനെയാണ് നിയമപരമായ ചട്ടക്കൂട് എന്നത് കൊണ്ടർത്ഥമാക്കുന്നത്. 
 
ഇന്ത്യയും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സും
ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ ബിസിനസ്സ് പരിത:സ്ഥിതി (Business Environment)  ആവശ്യമാണ്. 2024-ലെ ബിസിനസ്സ് പരിത:സ്ഥിതി റാങ്കിങ്ങ് (Business Environment Rankings) പ്രകാരം ലോകത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളുടെ റാങ്ക് പട്ടികയിൽ സിംഗപ്പൂർ, ഡെൻമാർക്ക്, അമേരിക്ക എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. ആഗോള തലത്തിൽ തെരഞ്ഞെടുത്ത 190 രാജ്യങ്ങളിൽ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്ക് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 63 ആണ്. 2014- നു ശേഷം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്കിൽ ഇന്ത്യ അതിന്റെ റാങ്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് നടപടികൾ വേഗത്തിലാക്കുന്നതിന് പ്രവർത്തിക്കുന്ന നോഡൽ ഏജൻസി കേന്ദ്ര- വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡാണ് (DPHT). മേക്ക് ഇൻ ഇന്ത്യ, വിദേശ നിക്ഷേപ നിയമങ്ങളിലെ ഭേദഗതി എന്നിവയെല്ലാം ഇന്ത്യയുടെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്ക് പട്ടിക ഉയരുന്നതിന് സഹായകരമായിട്ടുണ്ട്. 
 
സംസ്ഥാനങ്ങളും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സും
ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ ഉപയോഗിച്ചാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്ക് പട്ടിക നിശ്ചയിക്കുന്നത്. ഗുണഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന നിർവ്വഹണ സ്‌കോറും ഫീഡ് ബാക്ക് സ്‌കോറും അടിസ്ഥാനമാക്കിയാണ് ഈ റാങ്ക് നിർണ്ണയിക്കുന്നത്. കേന്ദ്ര വ്യവസായ- വാണിജ്യ മന്ത്രാലയം, കേന്ദ്ര സർക്കാരിന്റെ ഇതര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായി ഏകോപനപരമായ പ്രവർത്തനങ്ങൾ നടത്തി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പൗരന്മാരുടെ പ്രതിബന്ധങ്ങളെ ലഘൂകരിക്കുന്നു. അപേക്ഷ പുതുക്കൽ, പരിശോധന, രേഖകൾ ഫയൽ ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലഘൂകരിക്കുന്നതിന് ശ്രദ്ധ നൽകുന്നു. ബിസിനസ് പരിഷ്‌കാര കർമ്മ പദ്ധതി നടപ്പാക്കുന്നതിന്റെ മികവ് പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. 
 
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് റാങ്ക് പട്ടിക നിശ്ചയിക്കുന്ന ഘടകങ്ങൾ
1. എളുപ്പത്തിൽ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ
2. എളുപ്പത്തിൽ നിർമ്മാണ അനുമതി
3. വൈദ്യുതി എളുപ്പത്തിൽ ലഭ്യമാക്കുക. 
4. സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിലെ നടപടി ക്രമങ്ങളുടെ ലഘൂകരണം
5. എളുപ്പത്തിൽ സംരംഭകന് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ
6. ന്യൂനപക്ഷ നിക്ഷേപകരെ പ്രോൽസാഹിപ്പിക്കുക
7. നികുതി അടയ്ക്കൽ ലളിതമാക്കുക. 
8. ഓൺലൈൻ വിപണി ഉൾപ്പെടെയുള്ള വിദേശ വ്യാപാരം പ്രോൽസാഹിപ്പിക്കുക
9. കരാറുകൾ നടപ്പാക്കുന്നതിലെ നിയമ സംരക്ഷണം
10. വായ്പ തിരിച്ചടവിലെ നിഷ്‌ക്രിയത്തിന്റെ ശതമാനം കുറയ്ക്കുക. 
 
കേരളവും വ്യവസായ സൗഹൃദവും
 വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തെയും (performance) വിലയിരുത്തി കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (DPHT) തയ്യാറാക്കുന്നതാണ് വ്യവസായ സൗഹൃദ സൂചിക. 2022- ലെ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതായി ചരിത്രം സൃഷ്ടിച്ചു. ഇത്തവണ 30 സൂചകങ്ങളെയാണ് പരിഗണനയിലെടുത്തത്. അതിൽ ഒൻപതിലും കേരളം ഒന്നാമത് എത്തി ഈ ചരിത്രനേട്ടം കൈവരിച്ചു. 
 
തൊട്ടുപിന്നിൽ ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഓൺലൈൻ ഏകജാലക സംവിധാനം, നികുതി അടയ്ക്കൽ, ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണം, പൊതു വിതരണ സംവിധാനം, ഗതാഗതം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനം, യൂട്ടിലിറ്റി അനുമതികൾ മുതലായ 9 മേഖലകളിലും 95% മേൽ സ്‌കോർ നേടിയാണ് കേരളം ചരിത്രം സൃഷ്ടിച്ചത്. വ്യവസായ കേന്ദ്രീകൃത പരിഷ്‌കാരങ്ങൾ കേരളം അതിവേഗത്തിൽ നടപ്പിലാക്കിയതും കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തതും കേരളത്തിന്റെ ഈ നേട്ടത്തിന് കൂടുതൽ തിളക്കം നൽകി. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡസ്‌ക് വരെയുള്ള സംവിധാനങ്ങൾ ഒരേ മനസ്സോടെ ഒരു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് കേരളത്തിന് പുതുചരിത്രം രചിക്കാനായത്. ജനപ്രതിനിധികളും സംരംഭക സമൂഹവും ഇതിന് കൂടുതൽ പിന്തുണ നൽകിയതും ഈ നേട്ടത്തിന് സഹായകരമായിട്ടുണ്ട്. മാധ്യമങ്ങൾ അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തി ഈ പരിപാടിയ്ക്ക് മതിയായ പ്രചാരണം നൽകുകയും ചെയ്തു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
 
1. സംരംഭകത്വ വർഷം (Year of Enterprises)
2022 മാർച്ച് 30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംരംഭകത്വ വർഷം 2. 0 പരിപാടി ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വർഷം പദ്ധതി വളരെ അടുക്കും ചിട്ടയുമുള്ള ആസൂത്രണത്തിലൂടെയാണ് നടപ്പിലാക്കിയത്. വളരെ കൃത്യമായ ഒരു ഗെയിം പ്ലാൻ തയ്യാറാക്കി ബഹു. വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ തന്നെ സംരംഭകത്വ വർഷം പദ്ധതിയുടെ വിജയകരത്തിനായി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ചു. 
* ഹെൽപ്പ് ഡസ്‌ക്ക് (Help Desk)
സംരംഭകത്വ വർഷം പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് അതിന്റെ ആദ്യഘട്ടത്തിൽ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബി ടെക്ക്/ എം. ബി. എ ബിരുദധാരികളെ നിയമിച്ച് കൊണ്ട് ഹെൽപ്പ് ഡസ്‌ക്കുകൾ സ്ഥാപിച്ചു. ഇവരിലൂടെ വ്യവസായ വകുപ്പിന്റെ സേവനങ്ങൾ സംരംഭകർക്ക് കൈ എത്തും ദൂരത്ത് ലഭ്യമാക്കുന്നതിന് സാധിക്കുന്നുണ്ട്. 
* താലൂക്ക് ഫെസിലിറ്റേഷൻ (Taluk Facilitation)
സംരംഭകർക്ക് കൂടുതൽ സുതാര്യമായും വേഗത്തിലും വ്യവസായ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് താലൂക്ക് വ്യവസായ ഓഫീസുകളിൽ താലൂക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ (TRPs) നിയമിച്ചു.
 
സമന്വയ പ്രവർത്തനം
വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സമന്വയ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളെ തന്നെ മുഖ്യ സംഘാടകരാക്കി പൊതു ബോധവൽക്കരണ പരിപാടി (GoT) സംഘടിപ്പിച്ചു. കൂടാതെ തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെ ബാങ്കുകളെയും ലൈൻ ഡിപ്പാർട്ട്‌മെന്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വായ്പ മേള, ലൈസൻസ് മേള എന്നിവ സംഘടിപ്പിച്ചു. സംരംഭക വർഷം പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിനും വേഗത കൂട്ടുന്നതിനും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എം. എൽ. എ മാരുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ സ്ഥാപിക്കണമെന്നായിരുന്നു സംരംഭകത്വ വർഷം പദ്ധതി ലക്ഷ്യമിട്ടിരുന്നെങ്കിലും 250 ദിവസം കൊണ്ട് ഈ ലക്ഷ്യം കൈവരിച്ച് കേരളം പുതു ചരിത്രം സൃഷ്ടിച്ചു. ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഒരു മഹാ സംഭവം എന്ന പെരുമ ഈ പദ്ധതിയ്ക്ക് ലഭിച്ചു. സംരംഭകത്വ വർഷം പദ്ധതി രാജ്യത്തെ മികച്ച പദ്ധതികളിലൊന്നായി കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു. 
 
സംരംഭക മഹാ സംഗമം
സംരംഭകത്വ വർഷം പദ്ധതിയുടെ ഭാഗമായി 2023 ജനുവരി 21- ന് എറണാകുളത്ത് സംസ്ഥാന വ്യവസായ വകുപ്പ് സംരംഭക മഹാസംഗമം നടത്തിയിരുന്നു. പതിനായിരത്തോളം സംരംഭകർ ഈ മഹാസംഗമത്തിൽ പങ്കെടുത്തു. ഇത് സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവയ്പായിരുന്നു.
 
* വനിതാ സംരംഭക സംഗമം
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2023 മാർച്ച് 8- ന് വനിത ദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 500 വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് വനിത സംരംഭക സംഗമം നടത്തിയത് കേരളത്തിന്റെ സംരംഭക മേഖലയിലെ മറ്റൊരു മുന്നേറ്റമാണ്. 
 
2. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭേദഗതികൾ
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ ഭാഗമായി 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സംരംഭങ്ങൾ തുടങ്ങുന്നത് ലളിതമാക്കുന്നതിനുവേണ്ടി 2 പ്രധാനപ്പെട്ട ഭേദഗതികൾ താഴെ പരാമർശിക്കുന്നതാണ്:-
 
(എ) 2018- ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം (Kerala Investment and Facilitation Act 2018)
സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, കേരള മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്നിവയിൽ പ്രധാനപ്പെട്ട ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 
 
(ബി) 2019-ലെ കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭ ഫെസിലിറ്റേഷൻ നിയമം
ബാങ്ക് വായ്പ എടുത്ത് സംരംഭം തുടങ്ങുന്നതിന് ചട്ടപ്രകാരം കെട്ടിടം നിർമ്മിച്ച് നമ്പർ ലഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രവർത്തന ലൈസൻസ് കിട്ടുന്നതിനും സംരംഭകർ ദീർഘകാലം കാത്തിരിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. സംരംഭകരുടെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് പ്രസ്തുത നിയമം ഭേദഗതി ചെയ്ത് കൊണ്ട് 2019 മുതൽ സംസ്ഥാന സർക്കാർ കെ- സ്വിഫ്റ്റ് എന്ന ഓൺലൈൻ സംവിധാനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റവും അതിവേഗത്തിലുള്ളതും സുതാര്യവുമായ കെ- സ്വിഫ്റ്റ് (K-WWIFT-Kerala Single Window Interface for Fast and Transparent Clearance) എന്ന ഓൺലൈൻ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും അതുവഴി കേരളം കൂടുതൽ വ്യവസായ സൗഹൃദമാകുന്നതിനും ഈ ഏകജാലക സംവിധാനം സഹായകരമാകുന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 21 ഏജൻസികളെ കോർത്തിണക്കി കൊണ്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ഏകജാലക സംവിധാനത്തിലൂടെ അകനോളജ്‌മെന്റ് സർട്ടിഫിക്കറ്റ് എടുക്കുന്നവർക്ക് മുൻകൂർ ലൈസൻസില്ലാതെ തന്നെ 3 വർഷത്തേക്ക് സംരംഭങ്ങൾ നടത്താവുന്നതാണ്. 50 കോടി രൂപ വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങൾ കെട്ടിട നമ്പരില്ലാതെ തന്നെ തുടങ്ങുന്നതിന് സംരംഭകർക്ക് അവസരം നൽകുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കെ- സ്വിഫ്റ്റ് നമ്പരിനെ മൂന്ന് വർഷത്തേക്ക് താൽക്കാലിക കെട്ടിട നമ്പരായി അംഗീകരിച്ചിട്ടുണ്ട്. 
 
3. എം. എസ്. എം. ഇ ക്ലിനിക്കുകൾ
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിദഗ്ദ്ധമായ ഉപദേശങ്ങൾ നൽകുന്നതിന് വേണ്ടി വിദഗ്ദ്ധരുടെ പാനൽ രൂപീകരിച്ച് കൊണ്ട് എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും എം. എസ്. എം. ഇ ക്ലിനിക്കുകൾ എന്ന സംവിധാനം പ്രവർത്തിക്കുന്നു.
 
4. സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രോത്സാഹനം
നൂതനാശയങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംരംഭങ്ങളാക്കി മാറ്റുകയെന്നതാണ് സ്റ്റാർട്ടപ്പിന്റെ അടിസ്ഥാന ആശയം. കേരളത്തിൽ സ്റ്റാർട്ടപ്പിന്റെ അടിസ്ഥാന ആശയം സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനവും ഇൻകുബേഷൻ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ്പ് മിഷൻ മുഖേന അനവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഇന്നോവേഷൻ ഗ്രാന്റ്, സീഡ് ഫണ്ട്, പേറ്റന്റ് റീ- ഇംബേഴ്‌സ്‌മെന്റ് പദ്ധതി, ഗവേഷണ പ്രോത്സാഹന പദ്ധതി എന്നിവ പ്രദാനം ചെയ്തു വരുന്നു. കേരളം സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ അതിവേഗം മുന്നേറുന്നു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഏഷ്യയിൽ ഒന്നാം സ്ഥാനവും ലോകത്തിൽ നാലാം സ്ഥാനവുമുണ്ട്. 
 
5. വിദ്യാർത്ഥി സംരംഭകത്വവും ഇൻകുബേഷൻ കേന്ദ്രങ്ങളും
വിദ്യാർത്ഥികളുടെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡ്രീം വെസ്റ്റർ പോലെ നൂതന പരിപാടികൾ സംസ്ഥാന വ്യവസായ വകുപ്പ്  ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുന്നതിന് സംരംഭകത്വ വികസന ക്ലബ്ബുകൾ സ്ഥാപിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന വ്യവസായ വകുപ്പ് ഗ്രാന്റ് നൽകുന്നു. വിദ്യാർത്ഥികളുടെ നൂതനാശയങ്ങളെ സംരംഭങ്ങളാക്കി സാക്ഷാത്കരിക്കുന്നതിന് ഇൻകുബേഷൻ കേന്ദ്രങ്ങൾ വഴി സൗജന്യ സേവനങ്ങൾ നൽകുന്നു. മതിയായ ഭൂമിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവിടെ കിടക്കുന്ന ഭൂമിയിൽ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് മെഗാ പദ്ധതികളാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നത്. 
 
6. സ്വകാര്യ വ്യവസായ പാർക്ക്
മതിയായ ഭൂമിയുള്ള സംരംഭകർക്ക് വ്യക്തിപരമായോ ഗ്രൂപ്പായിട്ടോ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് വർദ്ധിച്ച തോതിൽ ഗ്രാന്റ് ഉൾപെടെയുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നതിന് വ്യവസായ വകുപ്പ് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. 
 
7. സ്‌കെയിൽ അപ്പ് പദ്ധതി
സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട- ഇടത്തരം വൻകിട സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്‌കെയിൽ അപ്പ് പദ്ധതി സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
 
8. വാണിജ്യ മിഷൻ
സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ആഗോള വിപണി ഉൾപ്പെടെയുള്ള വിപണി ശൃംഖലകൾ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ വാണിജ്യ മിഷൻ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
 
മുകളിൽ പ്രതിപാദിച്ച പദ്ധതികളെല്ലാം തന്നെ കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിന് സഹായകരമായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ കൊണ്ട് കേരളം വരും വർഷങ്ങളിലും വ്യവസായ സൗഹൃദ പട്ടികയിലുള്ള പ്രഥമ സ്ഥാനം നിലനിർത്തുമെന്ന് പ്രത്യാശിയ്ക്കാം. 
 
കേരളവും എം. എസ്. എം. ഇ യും
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഭൂവിസ്തൃതി വളരെ കുറവും ജനസാന്ദ്രത വളരെ കൂടുതലുള്ളതുമായ കേരളത്തിന് ഏറ്റവും അനുയോജ്യമായത് എം. എസ്. എം. ഇ കളാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ എം. എസ്. എം. ഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് അനവധി പദ്ധതികളും സേവനങ്ങളും നൽകി വരുന്നു. പുതിയതായി നിലവിൽ വന്ന വ്യവസായ വാണിജ്യ നയവും എം. എസ്. എം. ഇ കളുടെ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകി വരുന്നു. സംരംഭകത്വ വർഷം പദ്ധതിയുടെ തുടർച്ചയായി നിലവിലുള്ള സംരംഭങ്ങളുടെ സുസ്ഥിര വികസനവും വളർച്ചയും ലക്ഷ്യമാക്കിയിട്ടുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്. 
 
കേരളം വ്യവസായ സൗഹൃദമല്ലെന്ന അപഖ്യാതി പരത്തുന്നവർക്കുള്ള മറുപടിയാണ് 2022-ലെ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളത്തിന്റെ പ്രഥമ സ്ഥാനം. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ ഈ നേട്ടം കേരളത്തിലെ സംരംഭക സമൂഹത്തിന്റെ നേട്ടം കൂടിയാണ്. വ്യവസായ സൗഹൃദ പട്ടികയിൽ കേരളം കൈവരിച്ച നേട്ടം ആഗോള ശ്രദ്ധയിൽ കൊണ്ടുവന്ന് കൂടുതൽ സംരംഭകരെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് ഇതിനോടകം തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പാലക്കാട് വ്യവസായ നഗരം, വിഴിഞ്ഞം തുറമുഖ പദ്ധതി മുതലായവയെല്ലാം കേരളത്തിന്റെ വ്യവസായ വികസനത്തിന് കുതിപ്പേറ്റുന്നതാണ്. ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ അവഗണിക്കാൻ കഴിയാത്ത അടയാളം രേഖപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവുമായ ഘടകങ്ങൾക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാത്ത തരത്തിലുള്ള ഒരു വ്യവസായ സൗഹൃദാന്തരീക്ഷം സജ്ജമാക്കുന്ന
തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. 
വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ