കേന്ദ്രലക്ഷ്യം മറികടന്നു; സംരംഭകരംഗത്ത് വീണ്ടും കേരളത്തിന്റെ മുന്നേറ്റം
മനോജ് മാതിരപ്പള്ളി
സംരംഭകരംഗത്ത് ഏതാനും വർഷങ്ങളായി കേരളം വലിയ നേട്ടമാണ് കൈവരിക്കുന്നത്. വ്യവസായവകുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സമീപകാലത്ത് ലക്ഷക്കണക്കിന് സംരംഭങ്ങളാണ് ഇവിടെ പുതിയതായി ആരംഭിച്ചത്. പ്രാദേശികതലത്തിൽ നൂതനസംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും വേണ്ടി മാത്രമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ഇന്റേൺസിനെ നിയോഗിച്ചത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. 2022-2023 സാമ്പത്തികവർഷം ആവിഷ്കരിച്ച ‘സംരംഭകവർഷം’ പദ്ധതിയിലൂടെയും 2023-2024 ൽ നടപ്പാക്കിയ അതിന്റെ തുടർച്ചയിലൂടെയും മാത്രം രണ്ടരലക്ഷത്തോളം സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. ഇതിന്റെ ഗുണഭോക്താക്കളിൽ അധികവും ഗ്രാമീണമേഖലയിൽ ഉള്ളവരായിരുന്നു.
സംരംഭക-വ്യവസായ സംസ്കാരത്തിൽ അസംഭവ്യം എന്നു കരുതിയിരുന്ന നേട്ടമാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന് കൈവരിക്കാൻ സാധിച്ചത്. കോവിഡാനന്തര ലോകം നേരിട്ട പ്രതിസന്ധികളിലൂടെ കടന്നുപോയ കേരളത്തിന്റെ നിലനിൽപ്പിന് ഇതും വളരെയധികം സഹായകമായി. തദ്ദേശസ്വയംഭരണം, സഹകരണം, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ടൂറിസം, തൊഴിൽ, ധനവകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് വ്യവസായവകുപ്പ് ഈ പദ്ധതി നടപ്പാക്കിയത്. ഇതേത്തുടർന്ന്, എംഎസ്എംഇ മേഖലയിൽ ദേശീയതലത്തിലുള്ള ഏറ്റവും മികച്ച പ്രാക്ടീസായി ‘സംരംഭകവർഷം’ പദ്ധതി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കേന്ദ്രലക്ഷ്യം മറികടന്ന് കേരളം
ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഭക്ഷ്യസംസ്കരണ രംഗത്തെ ചെറുയൂണിറ്റുകളുടെയും, സ്വാശ്രയകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള സൂക്ഷ്മസംരംഭങ്ങളുടെയും കാര്യത്തിൽ കേരളം വലിയ നേട്ടമുണ്ടാക്കി കഴിഞ്ഞു. 2003-2004 സാമ്പത്തികവർഷം ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട 2500 ചെറുകിട യൂണിറ്റുകൾ വീതം എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കുന്നതിന് കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ 2548 പുതിയ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ കേന്ദ്രലക്ഷ്യം മറികടക്കാൻ കേരളത്തിന് സാധിച്ചു. കേരളത്തെ കൂടാതെ മറ്റു രണ്ടു സംസ്ഥാനങ്ങൾക്ക് കൂടി മാത്രമാണ് കേന്ദ്രലക്ഷ്യം നേടാനായത്. കേന്ദ്രസർക്കാരാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും ഇതിന് ആവശ്യമായി വരുന്ന പണത്തിന്റെ നിശ്ചിത ശതമാനം സംസ്ഥാനങ്ങളുടെ വിഹിതമാണ്.
സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ആരംഭിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പി.എം.എഫ്.എം.ഇ. (പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് സ്കീം) എന്ന പദ്ധതിക്ക് കീഴിലാണ് ഇവ യാഥാർത്ഥ്യമാക്കിയത്. ഇതിന് ആവശ്യമായ മൂലധനത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഗ്രാമീണതലത്തിലുള്ള സ്വാശ്രയകൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓരോ സംസ്ഥാനത്തും 3000 സൂക്ഷ്മസംരംഭങ്ങൾ വീതം ആരംഭിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടതെങ്കിലും കേരളത്തിൽ അത് 3087 ആയിരുന്നു. ഇതിനുപുറമേ, നഗര ഉപജീവന ദൗത്യത്തിന്റെ കീഴിൽ 39 യൂണിറ്റുകളും ആരംഭിച്ചു. ഈ രംഗത്തും കേന്ദ്രലക്ഷ്യം മറികടന്ന മൂന്നു സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു നമ്മുടെ സംസ്ഥാനം. സംരംഭക സംസ്കാരത്തോട് മുഖം തിരിച്ചുനിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്ന കുപ്രചാരണം പലരും നടത്തുമ്പോഴാണ് ഇക്കാര്യത്തിൽ നാം രാജ്യത്തിനാകെ മാതൃകയാകുന്നത്.
വ്യവസായവകുപ്പിന് കീഴിലുള്ള കേരള ഇൻഡസ്ട്രിയൽ പ്രമോഷൻ ബ്യൂറോ മുഖേനെ കഴിഞ്ഞ സാമ്പത്തികവർഷം വ്യക്തിഗത സംരംഭങ്ങൾക്കായി 2548 വായ്പകൾ അനുവദിച്ചിരുന്നു. സ്വാശ്രയകൂട്ടായ്മകളുടെ സംരംഭങ്ങൾക്കായി 29 വായ്പകളും നൽകി. ഇതിനായി കേന്ദ്രം നൽകിയ സബ്സിഡിക്കൊപ്പം 13 കോടിരൂപ സംസ്ഥാന സർക്കാരും ലഭ്യമാക്കി. സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങാനുള്ള പി.എം.എഫ്.എം.ഇ. പദ്ധതി കേരളത്തിൽ നടപ്പാക്കിയത് കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ്. ഇതുപ്രകാരം 3515 കൂട്ടായ്മകൾക്ക് ധനസഹായം ലഭിച്ചു. ഓരോ യൂണിറ്റിലെയും അംഗങ്ങൾക്ക് നാൽപ്പതിനായിരം രൂപ വരെയായിരുന്നു ധനസഹായം. പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതിനപ്പുറം അവയുടെ അതിജീവനവും ലാഭകരമായ നിലനിൽപ്പും ലക്ഷ്യമിട്ടുള്ള തുടർപ്രവർത്തനങ്ങളാണ് കേരളം ആവിഷ്കരിച്ചു നടപ്പാക്കിയത്.
തുടർസാധ്യതകളിലും പ്രതീക്ഷ
ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭങ്ങളുടെ കാര്യത്തിൽ ദേശീയതലത്തിലും കേരളത്തിലും വലിയ സാധ്യതയാണ് നിലനിൽക്കുന്നത്. പഴം, പച്ചക്കറി, പാൽ, മത്സ്യം എന്നിവയുടെയെല്ലാം ഉത്പാദനത്തിൽ ആഗോളതലത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, ഇവയുടെ സംസ്കരണത്തിലും കയറ്റുമതിയിലും ആനുപാതികമായ നേട്ടം കൈവരിക്കുന്നതിന് പകരം ഏറെ പിന്നിലാണ് രാജ്യത്തിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ, ഇവിടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ ഇരുപത്തഞ്ച് ശതമാനത്തിലധികം പാഴായി പോകുന്നതായും കണക്കാക്കപ്പെടുന്നു. സ്വാഭാവികമായും, ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറുതും വലുതുമായ ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്ക് ഇവിടെയുള്ള അനന്തസാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഗ്രാമീണ
ജനതയുടെ ഉപജീവനത്തിനും ഏറെ ഗുണകരമാകുന്ന മേഖലയാണ് ഇതെന്ന സവിശേഷതയുമുണ്ട്.
ഈ രംഗത്തെ വലിയ സാധ്യതകൾ പരമാവധി വിനിയോഗിക്കാൻ കേരളം നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി, മുഖ്യമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വാല്യു ആഡഡ് അഗ്രികൾച്ചറൽ മിഷൻ (വാം) എന്ന പേരിൽ രണ്ടുവർഷം മുൻപ് പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചു. കാർഷികോത്പന്നങ്ങൾ സംഭരിക്കുകയും അവ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ചെറുകിട-ഇടത്തരം ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ വിപുലമായ ശൃംഖലയ്ക്ക് രൂപം നൽകുകയെന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ആഭ്യന്തരവിപണിയും ലോകകമ്പോളവും ലക്ഷ്യമിട്ട് കാർഷികോത്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനയും ആധുനികവത്കരിക്കുക, ഉത്പന്നങ്ങളുടെ ഗുണനിലവാരവും ബ്രാൻഡിംഗും ലേബലിംഗുമെല്ലാം ഉറപ്പുവരുത്തുക, കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങൾ അന്തർദ്ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്ത് വിപണനം നടത്തുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്.
വിപുലമായ രീതിയിൽ ഗവേഷണവും ആധുനിക സാങ്കേതികവിദ്യകളുടെ രൂപീകരണവും വ്യാപനവും നടക്കുന്ന രംഗമാണ് ഇപ്പോൾ ഭക്ഷ്യസംസ്കരണ മേഖല. നിലവിലുള്ള രാജ്യാന്തരസാധ്യതകളുടെ പശ്ചാത്തലത്തിൽ ഒട്ടേറെ പേർ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്നുണ്ട്. ഫുഡ് സയൻസിലും ഫുഡ് ടെക്നോളജിയിലും ഉന്നതവിദ്യാഭ്യാസം നേടുകയും ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും അവയുടെ പോഷകഘടകങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കുകയും ചെയ്തവരാണ് കടന്നുവരുന്നതിൽ ഭൂരിഭാഗവും എന്നതും സവിശേഷതയാണ്. ശാസ്ത്രീയമായ സംസ്കരണത്തിന് ഇതും വളരെയധികം സഹായകമാകുന്നു.
രജിസ്റ്റർ ചെയ്തും അല്ലാതെയും പ്രവർത്തിക്കുന്ന 25 ലക്ഷത്തിലധികം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതിന്റെ എഴുപതുശതമാനത്തോളവും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. മാത്രവുമല്ല, മൊത്തത്തിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ എൺപതുശതമാനവും കുടുംബസംരംഭങ്ങളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനുപുറമേ, രാജ്യത്തെ ഭക്ഷ്യസംസ്കരണ സംരംഭങ്ങളിൽ ജോലി ചെയ്യുന്നവരുടെ 75 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തിൽ, ഗ്രാമീണമേഖലയുടെ വികസനത്തിനും സ്ത്രീശാക്തീകരണത്തിനും ഏറെ അനുയോജ്യമായ മേഖലകളിലൊന്നായി ഭക്ഷ്യസംസ്കരണ വ്യവസായം മാറിയിട്ടുണ്ട്.
നിക്ഷേപവും തൊഴിലവസരവും
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയിൽ കേരളം ചരിത്രമുന്നേറ്റമാണ് ഇപ്പോൾ നടത്തുന്നത്. ഓരോ വർഷവും ശരാശരി പതിനായിരം എംഎസ്എം സംരംഭങ്ങൾ വീതമാണ് സംസ്ഥാനത്ത് നേരത്തെ പുതിയതായി ആരംഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സ്ഥിതി മാറി. ഇക്കാലത്ത് 2.58 ലക്ഷം പുതിയ സംരംഭങ്ങളാണ് ഈ മേഖലയിൽ ആരംഭിച്ചത്. ഇതിലൂടെ പതിനേഴായിരം കോടിരൂപയുടെ നിക്ഷേപവും എത്തി. ഈ രംഗത്ത് സംരംഭകരായി എത്തിയവരിൽ ഒരുലക്ഷത്തിനടുത്ത് സ്ത്രീകളുമുണ്ട്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ എത്തിയശേഷം ഈ മേഖലയിലുണ്ടായ സർവ്വകാല റെക്കോർഡിനുള്ള അംഗീകാരം കൂടിയാണ് ദേശീയ തലത്തിൽ എംഎസ്എംഇ രംഗത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.
സംരംഭകവർഷം പദ്ധതി ആദ്യമായി നടപ്പാക്കിയത് 2022-2023 സാമ്പത്തികവർഷം ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, പദ്ധതിയുടെ ഭാഗമായി നിശ്ചിത കാലാവധിക്കുള്ളിൽ 1,39,840 സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞു. ഇതിലൂടെ 8422 കോടിരൂപയുടെ നിക്ഷേപം എത്തുകയും 3,00,051 പേർക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്തു. ഇത്തരത്തിൽ പദ്ധതി വൻവിജയമായി മാറിയതോടെ, 2023-2024 ൽ ‘സംരംഭകവർഷം-2.0’ പദ്ധതിയും നടപ്പാക്കി. ഇതിനും മികച്ച പ്രതികരണമായിരുന്നു. അങ്ങനെ 2022-2023, 2023-2024 വർഷങ്ങളിലായി 2,44,702 സംരംഭങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ ആരംഭിച്ചു. ഇതിലൂടെ 15,559.84 കോടിരൂപയുടെ നിക്ഷേപവുമെത്തി. കൂടാതെ, 5,20,945
പേർക്ക് തൊഴിലും ലഭിച്ചു. 77,856 സ്ത്രീകളാണ് ഈ രണ്ടുവർഷം മാത്രം സംരംഭകരായത്.
പുതിയതായി ആരംഭിക്കുന്നതുമായ സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നതും സംരംഭകവർഷം-2.0 ന്റെ ലക്ഷ്യമായിരുന്നു. സംസ്ഥാനത്തെ എംഎസ്എംഇ-കളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആയിരം സംരംഭങ്ങളെ ശരാശരി നൂറുകോടി രൂപ വിറ്റുവരവ് ലഭിക്കുന്ന യൂണിറ്റുകളായി വളർത്തിയെടുക്കാനുള്ള സ്കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള എംഎസ്എംഇ സുസ്ഥിരതാ മിഷൻ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിനുള്ള മെയ്ക്ക് ഇൻ കേരള പദ്ധതി, സംരംഭകർക്കുള്ള പ്രോത്സാഹനം എന്ന നിലയിലുള്ള ഇൻഡസ്ട്രീസ് അവാർഡ് തുടങ്ങിയവയും ഇതിന്റെ ഭാഗമായിരുന്നു.
കോവിഡാനന്തര കേരളത്തെ വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായാണ് സംരംഭകവർഷം പദ്ധതി നടപ്പാക്കിയത്. ലോക്ഡൗണിന്റെയും മറ്റും പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ അനേകം പേർക്ക് സ്വന്തം നാട്ടിൽ നിന്നുതന്നെ ഉപജീവനമാർഗ്ഗം കണ്ടെത്താനും മികച്ച നേട്ടമുണ്ടാക്കാനും ഇതിലൂടെ സാധിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കേരളം മുഴുവനും ഇത് ഏറ്റെടുക്കുന്ന സാഹചര്യവും ഉണ്ടായി. ഈ രീതിയിൽ ഇവിടുത്തെ വ്യാവസായികാന്തരീക്ഷം അടിമുടി മാറിയതാണ് സംരംഭകമേഖലയിൽ കൂടുതൽ മികച്ച നേട്ടമുണ്ടാക്കാൻ കേരളത്തിന് സഹായകമായത്.