കൂടുതൽ വ്യവസായ എസ്റ്റേറ്റുകൾ; സംരംഭങ്ങൾക്ക് ഏകജാലക അനുമതി

ഡോ. സൗമ്യ ബേബി

വ്യവസായവികസനം ലക്ഷ്യമിട്ട് നൂതനമായ ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സംരംഭകവർഷം, കെ-സ്വിഫ്റ്റ്, പരാതി പരിഹാര സംവിധാനം തുടങ്ങിയവയെല്ലാം ഇതിൽ ചിലതു മാത്രമാണ്. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത പുതിയ ആശയങ്ങളൊക്കെയും വൻവിജയവും മാതൃകാപരവും ആയിരുന്നു. ഇത്തരം പദ്ധതികൾ അനുകരിക്കാൻ മറ്റു പല സംസ്ഥാനങ്ങളും മുന്നോട്ടു വന്നതിന്റെ കാരണവും മറ്റൊന്നല്ല. പരമാവധി പുതിയ സംരംഭങ്ങൾ ആരംഭിക്കുക, ഇതിനായുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കുക, നിക്ഷേപലഭ്യത ഉറപ്പാക്കുക, സംരംഭങ്ങളുടെ പ്രവർത്തനത്തിനും ഉത്പന്ന വിപണനത്തിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് എല്ലാ ആശയങ്ങളുടെയും പിന്നിൽ. ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഉടനീളമുള്ള വ്യവസായ എസ്റ്റേറ്റുകൾക്കും പ്രാധാന്യമുണ്ട്.

വ്യവസായ എസ്റ്റേറ്റുകൾ നേരത്തെ നിലവിലുള്ളതാണെങ്കിലും ഇവിടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് പുതിയതായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി ഇനിമുതൽ ഇവിടേക്ക് വരുന്ന സംരംഭങ്ങൾക്ക് പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ എല്ലാ പ്രക്രിയകളും സുഗമമാകും. വ്യവസായമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവർ മുന്നോട്ടു വരുമെന്നത് മാത്രമല്ല ഇതിലൂടെ ഉണ്ടാകുന്ന നേട്ടം. പുതിയ സംരംഭങ്ങളുടെ രൂപീകരണം മുതൽ അവയുടെ അനുദിന പ്രവർത്തനവും ദീർഘകാലത്തേക്കുള്ള നിലനിൽപ്പും ഉത്പന്നങ്ങളുടെ വിപണനവും വരെയുള്ള എല്ലാ കാര്യങ്ങളിലും പരമാവധി ആശങ്ക ഒഴിവാക്കാനും സാധിക്കും.

എസ്റ്റേറ്റുകളിൽ ഏകജാലക അനുമതി
വ്യവസായവകുപ്പിന് കീഴിലുള്ള നാൽപ്പതു പ്രദേശങ്ങളെയാണ് വ്യവസായ എസ്റ്റേറ്റുകളായി സർക്കാർ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങിക്കഴിഞ്ഞു. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള പ്രദേശങ്ങൾക്കാണ് ഇത്തരത്തിൽ വ്യവസായ എസ്റ്റേറ്റ് എന്ന പദവി നൽകിയിട്ടുള്ളത്. ഇതുപ്രകാരം, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒന്നോ അതിലധികമോ വ്യവസായ എസ്റ്റേറ്റുകളുണ്ട്. ആറ് വ്യവസായ എസ്റ്റേറ്റുകൾ വീതമുള്ള എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളാണ് എണ്ണത്തിന്റെ കാര്യത്തിൽ മുന്നിൽ. അഞ്ച് വ്യവസായ എസ്റ്റേറ്റുകളുമായി പാലക്കാട് ജില്ല രണ്ടാംസ്ഥാനത്ത് നിൽക്കുന്നു. കാസർകോഡ് ജില്ലയിൽ നാലും കോട്ടയം ജില്ലയിൽ മൂന്നും വ്യവസായ എസ്റ്റേറ്റുകൾ വീതമുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ രണ്ടുവീതവും ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോ വ്യവസായ എസ്റ്റേറ്റുകൾ വീതവും സ്ഥിതിചെയ്യുന്നു.

ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ എസ്റ്റേറ്റുകളിൽ ഏറ്റവും വലുത് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ആണ്. 532.8 ഏക്കറാണ് ഇതിന്റെ വിസ്തൃതി. എറണാകുളം ജില്ലയിലെ എടയാറിനാണ് വലുപ്പത്തിൽ രണ്ടാംസ്ഥാനം. ഈ വ്യവസായ എസ്റ്റേറ്റിന് 435.29 ഏക്കർ വിസ്തീർണ്ണമുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള മുട്ടം ആണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. അഞ്ചേക്കർ വിസ്തൃതി മാത്രമെ ഇതിനുള്ളൂ. ചെറുതും വലുതുമായ 40 വ്യവസായ എസ്റ്റേറ്റുകളിലും കൂടി രണ്ടായിരത്തഞ്ഞൂറോളം സംരംഭങ്ങൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. തിരുവനന്തപുരം ജില്ലയിലെ വേളി, ആലപ്പുഴയിലെ അരൂർ, തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ പാടം തുടങ്ങിയ വ്യവസായ എസ്റ്റേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള വ്യവസായ എസ്റ്റേറ്റുകൾക്കും മിനി വ്യവസായ എസ്റ്റേറ്റുകൾക്കും പുറമെയാണ് കൂടുതൽ മേഖലകളെ ഈ പട്ടികയിൽപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

കേരളത്തിൽ കഴിഞ്ഞ കുറെ കാലമായി നിലനിന്നിരുന്ന സംവിധാനം അനുസരിച്ച് പുതിയ സംരംഭങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ പല തരത്തിലുള്ള കടമ്പകൾ കടക്കേണ്ടിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും മറ്റു സർക്കാർ വകുപ്പുകളിൽനിന്നുമുള്ള പ്രവർത്തനാനുമതി കിട്ടുന്നതിനും അതിന് ആവശ്യമായ രേഖകൾ പരിശോധിക്കുന്നതിനും സ്ഥലപരിശോധന നടത്തുന്നതിനുമെല്ലാം വന്നിരുന്ന കാലതാമസമാണ് മുഖ്യം. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും പല നിയമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്തു. പുതിയ സംരംഭങ്ങൾക്ക് എളുപ്പത്തിൽ ലൈസൻസ് ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ കെ-സ്വിഫ്റ്റ് സംവിധാനം ഇത്തരത്തിലൊന്നാണ്.
ഇതേ ലക്ഷ്യത്തോടെയുള്ള ഏകജാലക ക്ലിയറൻസ് ബോർഡുകൾ എല്ലാ വ്യവസായ എസ്റ്റേറ്റുകളിലും രൂപീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളുമെല്ലാം അതിവേഗം ലഭ്യമാകും. ജില്ലാ കളക്ടർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എന്നിവർക്ക് പുറമെ മലിനീകരണ നിയന്ത്രണബോർഡ്, നഗര ഗ്രാമാസൂത്രണവകുപ്പ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്, തൊഴിൽവകുപ്പ് എന്നിവയുടെ ജില്ലാതല ഓഫീസർമാരും ഉൾപ്പെടുന്നതാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഏകജാലക ക്ലിയറൻസ് ബോർഡ്. ഇതിന്റെ നേതൃത്വത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി ഓരോ പുതിയ സംരംഭവും തുടങ്ങാൻ വേണ്ടിവരുന്ന എല്ലാ ലൈസൻസുകളും എളുപ്പത്തിൽ ലഭ്യമാക്കും.

 

സ്വകാര്യ എസ്റ്റേറ്റുകൾക്ക് സഹായം
കേരളത്തിലെ സംരംഭകർ നേരിടുന്ന ഭൂമിയുടെ ലഭ്യതയില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളെയും സർക്കാർ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണസ്ഥാപനങ്ങൾ, കൂട്ടുടമാ സംരംഭകർ, കമ്പനികൾ, രണ്ടുപേരടങ്ങുന്ന കുടുംബം എന്നിവർക്കെല്ലാം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാവുന്നതാണ്. പത്തേക്കറോ അതിലധികമോ വരുന്ന ഭൂമി ഇതിന് ആവശ്യമാണെന്ന വ്യവസ്ഥയുണ്ട്. ഇതിനായി മാറ്റിവെക്കുന്ന ഭൂമിക്ക് ഏക്കറിന് 30 ലക്ഷം മുതൽ പരമാവധി മൂന്നുകോടി രൂപവരെ വായ്പ നൽകും. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, മലിനജല നിർമ്മാർജ്ജനം, മറ്റു അടിസ്ഥാനസൗകര്യങ്ങൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ഒരുക്കാൻ ആവശ്യമായ മൊത്തം ചെലവ് കണക്കാക്കിയാവും സഹായധനം നിശ്ചയിക്കുക.
അതേസമയം കുറഞ്ഞത് അഞ്ചേക്കർ വരെയുള്ള വ്യവസായഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാനും അനുമതിയുണ്ട്. നേരത്തെ ഇവയ്ക്ക് സാമ്പത്തികസഹായത്തിന് അർഹത ഉണ്ടായിരുന്നില്ലെങ്കിലും അടുത്തയിടെ നടത്തിയ ഭേദഗതിയിലൂടെയാണ് ഇവയെയും ധനസഹായത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്. ഇതുകൂടാതെ ഡെവലപ്പർ പെർമിറ്റിന്റെ കാര്യത്തിലും ചില ഇളവുകൾ നൽകിയിട്ടുണ്ട്. ഭേദഗതിക്ക് മുമ്പുവരെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പെർമിറ്റിന് 30 വർഷത്തെ കാലാവധി നിശ്ചയിച്ചിരുന്നു. ഭേദഗതിയിലൂടെ ഈ കാലാവധി ഒഴിവാക്കിയിരിക്കുകയാണ്. മാത്രവുമല്ല, 30 വർഷമോ അതിലധികമോ പാട്ടക്കാലാവധിയിൽ ഭൂമി കൈവശം വെച്ചവർക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റിന് അപേക്ഷ സമർപ്പിക്കാമെന്ന നിർദ്ദേശവും കൊണ്ടുവന്നു

ഗ്രാമ, നഗരവ്യത്യാസമില്ലാതെ ഏതൊരു സ്ഥലത്തും സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കാവുന്നതാണ്. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം എന്നിവയും ഏഴുമീറ്ററിൽ കുറയാത്ത വീതിയുള്ള അപ്രോച്ച് റോഡും ഇവിടേക്ക് ഉണ്ടാവണം. മാത്രവുമല്ല, മഴവെള്ള സംഭരണത്തിനുള്ള സംവിധാനവും ഉണ്ടായിരിക്കണം. അതേസമയം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കായി തെരഞ്ഞെടുക്കുന്നത് പരിസ്ഥിതി ലോലപ്രദേശങ്ങളോ നെൽവയലുകളോ തണ്ണീർത്തടങ്ങളോ തീരദേശ മേഖലകളോ ആയിരിക്കരുത്. മാത്രവുമല്ല, റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ട സംരംഭങ്ങൾക്ക് അനുമതി നൽകരുതെന്ന വ്യവസ്ഥയുമുണ്ട്. പദ്ധതിപ്രദേശത്ത് ഷോറൂമുകൾ പാടില്ലെങ്കിലും ഗോഡൗണുകൾ, ലോജിസ്റ്റിക് സർവ്വീസുകൾ, വാഹന റിപ്പയറിംഗ്-സർവ്വീസ് സെന്ററുകൾ എന്നിവയ്ക്ക് സ്ഥലം അനുവദിക്കാവുന്നതാണ്.

പരാതി പരിഹാര സംവിധാനം
ഒരുകാലത്ത്, ഏതുവിധേനയും അനുമതി സമ്പാദിച്ച് സംരംഭം ആരംഭിക്കാൻ കഴിഞ്ഞാൽതന്നെ അത് മുന്നോട്ടു നടത്തിക്കൊണ്ടു പോകുന്നതിലും പലതരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽനിന്നും സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ അനുമതിയും അതിവേഗം ലഭ്യമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കിയതിന് പുറമെ നടത്തിപ്പിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വ്യവസായവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള പരാതി പരിഹാര സംവിധാനമാണ് അതിലൊന്ന്. മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ അലംഭാവം കാണിച്ചാൽ സംരംഭകന് ഈ കമ്മിറ്റിയെ സമീപിക്കാം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഇതിലൂടെ എല്ലാ സംരംഭകർക്കും കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയും ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന-ജില്ലാതലങ്ങളിൽ സംരംഭകർക്ക് വേണ്ടിയുള്ള പരാതി പരിഹാര കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. പൂർണ്ണമായും ഓൺലൈനിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്. സംരംഭകരിൽനിന്നും പരാതി ലഭിച്ചാൽ 30 ദിവസത്തിനകം ഇത് പരിഹരിക്കും എന്നതാണ് പ്രത്യേകത. പത്തുകോടി രൂപവരെ നിക്ഷേപമുള്ള വ്യവസായസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല കമ്മിറ്റികൾ പരിശോധിക്കുകയും പ്രശ്നപരിഹാരം ഉറപ്പാക്കുകയും ചെയ്യും. ജില്ലാതല കമ്മിറ്റികളുടെ അദ്ധ്യക്ഷൻ ജില്ലാകളക്ടറും കൺവീനർ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ജനറൽ മാനേജരുമാണ്. പത്തുകോടി രൂപയ്ക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നത് സംസ്ഥാന കമ്മിറ്റിയായിരിക്കും. ജില്ലാതല കമ്മിറ്റികളുടെ തീരുമാനത്തിന്മേൽ സംസ്ഥാന കമ്മിറ്റിക്ക് അപ്പീലും നൽകാം. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സംസ്ഥാനതല പരാതി പരിഹാരകമ്മിറ്റിയുടെ അദ്ധ്യക്ഷൻ. വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറാണ് കൺവീനർ.

ഓരോ പരാതിയും പരിഗണിക്കുന്ന സമയത്ത് സംസ്ഥാന-ജില്ലാതല കമ്മിറ്റികൾക്ക് ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങളുണ്ട്. സംരംഭകരെ സഹായിക്കേണ്ട ഉദ്യോഗസ്ഥൻ മതിയായ കാരണമില്ലാതെ സേവനം നൽകാൻ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാൽ പരാതി പരിഹാര കമ്മിറ്റികൾക്ക് കർശനമായ നടപടി സ്വീകരിക്കാവുന്നതാണ്. ഉദ്യോഗസ്ഥന് പിഴ ചുമത്താനും വകുപ്പുതല നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മേധാവികളോട് ശുപാർശ ചെയ്യാനുമുള്ള അധികാരം കമ്മിറ്റികൾക്കുണ്ടായിരിക്കും. സംരംഭക സൗഹൃദകേരളം എന്ന സർക്കാർ നയം നൂറുശതമാനവും പ്രായോഗികമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരാതി പരിഹാര സംവിധാനവും ഒരുക്കിയിരിക്കുന്നത്. ഇതൊക്കെയും വ്യവസായലോകത്തിന് മുന്നിൽ കേരളത്തിനുള്ള പ്രതിച്ഛായ ഏറെ വർദ്ധിപ്പിക്കാൻ ഉതകുന്നതുമാണ്.