കുതിപ്പിന്റെ മൂന്ന് വർഷങ്ങൾ

പ്രാപ്യമെന്നോ അസംഭവ്യമെന്നോ കേരളമിത്രയും കാലം കരുതിയിരുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വ്യവസായ വകുപ്പ് മുന്നോട്ടുപോയ മൂന്ന് വർഷങ്ങൾ പൂർത്തിയാകുകയാണ്. അഭിമാനത്തോടെ തിരിഞ്ഞുനോക്കാവുന്ന മൂന്ന് വർഷങ്ങൾ. കഴിഞ്ഞ മൂന്ന് വർഷങ്ങളും വ്യവസായ വകുപ്പിനെ സംബന്ധിച്ച് നേട്ടങ്ങളുടെയും ഉയർച്ചയുടെയും കാലമായി മാറി. ദേശീയതലത്തിലുള്ള ഞങ്ങൾക്ക് അംഗീകാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും, അഭിനന്ദനങ്ങളും ലഭിച്ചു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കുതിച്ചുചാട്ടമുണ്ടായി, ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി, കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്(കെ പി പി എൽ) കേരളത്തിന്റെ അഭിമാനമായി മാറി, റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു, സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിച്ചു, ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു, ഐബിഎം പോലുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് കടന്നുവന്നു, വ്യവസായനയം 2023 കൊണ്ടുവന്നു. കേരളവും ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനത്തേക്കുയർന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിൽ കേരളം കണ്ട വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്നാണ് ദേശീയ തലത്തിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതി. സംരംഭക വർഷം 1.ഛ, 2. ഛ പദ്ധതികളിലൂടെ കേരളത്തിൽ കഴിഞ്ഞ 24 മാസത്തിനിടെ 2,44,702 സംരംഭങ്ങൾ ആരംഭിച്ചു. ഒപ്പം ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 5,20,945 പേർക്ക് തൊഴിൽ ലഭിച്ചു. സംരംഭക വർഷം 1 പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്. സംരംഭക വർഷം 2.0 ന്റെ ഭാഗമായി 1,03,595 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുകയും 7048.56 കോടി രൂപയുടെ നിക്ഷേപവും 2,18,177 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്തുവെന്നത് സംരംഭക വർഷം 1.0 യാദൃശ്ചികമായൊരു വിജയമല്ലെന്നും കേരളത്തിന്റെ വ്യാവസായിക മുന്നേറ്റം യാഥാർത്ഥ്യമാണെന്നും തെളിയിക്കുകയാണ്. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ്.

സംരംഭങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതൽ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി. കേരളത്തിലെ എം.എസ്.എം.ഇ കളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്‌കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്സ്മെന്റ് ആയി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇൻഡസ്ട്രീസ് അവാർഡ്സ് തുടങ്ങിയവ ഇക്കൂട്ടത്തിൽ ചിലതാണ്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിനും കൈമാറ്റം ലളിതമാക്കുന്നിനുമുള്ള പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകാനായത് ഈ സർക്കാരിന്റെ സുപ്രധാനമായ നേട്ടങ്ങളിലൊന്നാണ്. അങ്ങേയറ്റം പ്രധാനപ്പെട്ട ഈ തീരുമാനത്തിലൂടെ ദശാബ്ദങ്ങളായി സംരംഭകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് നിറവേറ്റപ്പെട്ടത്. വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം നടത്തുന്നതിനും നിശ്ചയിച്ച വ്യവസായ സംരംഭങ്ങൾക്ക് പകരം മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ച് നടപടികൾ ലളിതമാക്കുന്ന പുതിയ ചട്ടങ്ങളിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട് വ്യവസായം ആരംഭിക്കുന്നതിലോ തുടരുന്നതിലോ മാറ്റം വരുത്തുന്നതിലോ ഉള്ള എല്ലാ തടസങ്ങളും ഇല്ലാതാക്കാൻ സാധിച്ചു.

വ്യവസായ വകുപ്പിന്റെ മറ്റൊരു ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ സ്വകാര്യ വ്യവസായ പാർക്കുകൾ എല്ലാ ജില്ലകളിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഇരുപത്തി അഞ്ചോളം സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. നിരവധി വ്യവസായ പാർക്കുകൾ പ്രവർത്തനമാരംഭിക്കുകയും മറ്റുള്ളവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കെത്തുകയും ചെയ്തു. ഈ പദ്ധതിയിലൂടെ നിർമ്മിക്കുന്ന ഓരോ പാർക്കിനും 3 കോടി രൂപ വരെ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കുന്നുണ്ട്.

2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത വ്യവസായ വകുപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി വരുന്ന വ്യവസായികളുമായി മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുത്ത് ചർച്ച നടത്തി അതിവേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ആരംഭിച്ച മീറ്റ് ദി ഇൻവസ്റ്ററിലൂടെ ഐബിഎം, ബിൽടെക്, ആസ്‌കോ ഗ്ലോബൽ, അറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായി. എല്ലാം ചുവപ്പ് നാടയിലെന്ന കഥകൾ പഴങ്കഥയാക്കിക്കൊണ്ട് ധാരണാപത്രം ഒപ്പിട്ട് 10 മാസം കൊണ്ട് ടാറ്റ എലക്‌സിക്ക് കെട്ടിടം കൈമാറി. 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നാം കൈമാറിയത്. ഇന്ത്യയിലെ തന്നെ ടാറ്റ എലക്‌സിയുടെ 50 ശതമാനത്തിലധികം ഉദ്യോഗാർത്ഥികളും ഇപ്പോൾ കേരളത്തിലാണെന്നത് നമുക്ക് അഭിമാനകരമായ കാര്യമാണ്. മീറ്റ് ദി ഇൻവസ്റ്ററിലൂടെ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ച നിരവധി കമ്പനികൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. ലോകത്തിലെ തന്നെ എയറോസ്‌പേസ്/ഡിഫൻസ് മേഖലയിലെ പ്രധാനികളായ സഫ്രാൻ കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു. ജർമ്മൻ ഓട്ടോമേഷൻ രംഗത്തെ പ്രമുഖരായ ഡി-സ്‌പേസ് പ്രവർത്തനമാരംഭിച്ചതും ഈ കാലയളവിൽ തന്നെ. സിന്തൈറ്റ് ഇൻഡസ്ട്രീസ് എറണാകുളം ജില്ലയിൽ പൂർത്തീകരിച്ച അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്റെയും ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചത് 2023- ലാണ്. പ്രമുഖ അമേരിക്കൻ ഗ്രൂപ്പായ വെൻഷ്വർ ആരംഭിച്ചതും 200 കോടി രൂപയുടെ നിക്ഷേപമുള്ള ക്രേസ് ബിസ്‌കറ്റ്‌സ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിച്ചതും 300 കോടി രൂപ മുതൽമുടക്കിൽ കേരളത്തിലെ ആദ്യ ക്രെയിൻ നിർമ്മാണ യൂണിറ്റ് ആരംഭിച്ചതും കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ്. ഐബിഎം പോലൊരു ലോകോത്തര കമ്പനി പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്നിരട്ടിയിലധികം വിപുലീകരണം സാധ്യമാക്കുകയും പുതുതായി വലിയ ഓഫീസ് ആരംഭിക്കുകയും ചെയ്തത് കേരളത്തിലേക്ക് മറ്റ് വൻകിട കമ്പനികളേയും ആകർഷിക്കുകയാണ്. ഒപ്പം ഈ വർഷം നടക്കാൻ പോകുന്ന അന്താരാഷ്ട്ര എ.ഐ ഉച്ചകോടിയും കേരളം ലക്ഷ്യമിടുന്ന മുന്നേറ്റത്തിന് ഊർജ്ജം പകരാൻ പോകുന്നതാണ്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് 28 ൽ നിന്നും 15 ആം സ്ഥാനത്തേക്ക് കേരളം മുന്നേറിയതും, എം.എസ്.എം.ഇ മേഖലയിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചതും, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 5 വ്യവസായ പാർക്കുകൾ എന്ന നിലയിൽ കേരളത്തിലെ 5 കിൻഫ്ര പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചതും, ഒന്നര വർഷം കൊണ്ട് മീറ്റ് ദി ഇൻവെസ്റ്റർ വഴി 11,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ച നാടായി കേരളം മാറിയതും 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന കെ.എസ്.ഐ.ഡി.സി മെഗാഫുഡ് പാർക്കിന്റെ പ്രവർത്തനമാരംഭിച്ചതും, കേരളത്തിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്കായ കിൻഫ്ര സ്‌പൈസസ് പാർക്കിന്റെ നിർമ്മാണം ആരംഭിച്ചതും, 1200 കോടിയുടെ പെട്രോകെമിക്കൽ പാർക്ക് ഔദ്യോഗികമായി പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുന്നതിന് മുന്നേ തന്നെ 300 കോടിയോളം രൂപയുടെ നിക്ഷേപം ഇവിടേക്ക് ആകർഷിക്കപ്പെട്ടതും, 3 കമ്പനികളും പ്രവർത്തനമാരംഭിച്ചു. ബിപിസിഎൽ പ്രഖ്യാപിച്ചിട്ടുള്ള 5000 കോടി രൂപയുടെ നിർധിഷ്ഠ പോളിപ്രൊപ്പിലീൻ പ്ലാന്റും ഇവിടെയാണ് ആരംഭിക്കാൻ പോകുന്നതുമെല്ലാം പ്രധാനപ്പെട്ട നേട്ടങ്ങളായി പ്രതിപാദിക്കാം.

സർക്കാർ വന്നതിനു ശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും പദ്ധതികളും വ്യവസായ രംഗത്തെ കുതിപ്പിന് ഏറെ സഹായകമായിട്ടുണ്ട്. ലൈസൻസുകൾ അതിവേഗം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കെ-സ്വിഫ്റ്റ് വഴി 5 മിനുട്ട് കൊണ്ട് 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ ഇന്ന് കേരളത്തിൽ സാധിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളിന്മേൽ ഒറ്റത്തവണ തീർപ്പാക്കൽ സാധ്യമാക്കുന്നതിനായി 13 ജില്ലകളിലും ‘മീറ്റ് ദി മിനിസ്റ്റർ’ പ്രോഗ്രാം സംഘടിപ്പിച്ചു. ദീർഘകാലത്തെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. 50 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമാക്കുന്നതിനായി നിയമനിർമ്മാണം നടത്തി. പുതുതായി കൊണ്ടുവന്ന പരാതി പരിഹാര സംവിധാനം (ഗ്രീവൻസ് റിഡ്രസ്സൽ സിസ്റ്റം) എറ്റവും ശ്രദ്ധേയമായ ഒരു സംവിധാനമാണ്. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്നതിനൊപ്പം തന്നെ പരാതി പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.

കെ-സ്വിഫ്റ്റ് സംവിധാനത്തിലൂടെ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയെല്ലാം നടത്തി വരുന്നു. പതിനയ്യായിരത്തിലധികം പരിശോധനകൾ നടന്നുകഴിഞ്ഞിട്ടും ഇതുവരെയായി ഒരു പരാതി പോലും ഉണ്ടായിട്ടില്ല എന്നത് ഈ സംവിധാനത്തിന്റെ വിജയമാണ്.

സംരംഭകർ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും 9846441445 എന്ന വാട്‌സാപ്പ് കോണ്ടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയച്ചാൽ 7 ദിവസം കൊണ്ട് പരിഹാരം കാണുന്ന ചാറ്റ് വിത്ത് മിനിസ്റ്റർ, എല്ലാ നിക്ഷേപങ്ങൾക്കും സഹായം ലഭ്യമാക്കാനും നിലവിലെ സംരംഭങ്ങളെ കൈപിടിച്ചുയർത്താനുമായി സർക്കാർ കൊണ്ടുവന്ന ഇൻവസ്റ്റ് കേരള ഹെൽപ് ഡെസ്‌ക്(18008901030) ടോൾ ഫ്രീ കോൾ സെന്റർ സംവിധാനം എന്നിവയും വിജയകരമായി മുന്നോട്ടുപോവുകയാണ്. 90 ശതമാനത്തിലധികം ആൾക്കാരും തൃപ്തി രേഖപ്പെടുത്തിയ ഈ സംവിധാനങ്ങൾ ജനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണം എന്നാണ് സർക്കാരിന് പറയാനുള്ളത്.

നിയമനങ്ങളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികളിലേക്കുള്ള നിയമനം നടത്താൻ പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് സ്ഥാപിക്കുന്നതിന് സാധിച്ചു.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായ ഭാവിജോലികൾക്കും വ്യവസായങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും പര്യാപ്തമായ രീതിയിൽ യുവാക്കളുടെ നൈപുണ്യം നവീകരിക്കുന്നതിലും ഉത്തരവാദിത്ത-സുസ്ഥിര നിക്ഷേപങ്ങൾ എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുമായി വ്യാവസായിക മേഖലയെ യോജിപ്പിക്കുന്നതിനായി കേരളത്തിന്റെ പുതിയ വ്യവസായ നയം പുറത്തിറക്കി. 22 മുൻഗണനാമേഖലയിൽ ആരംഭിക്കുന്ന പദ്ധതികൾക്ക് 18 സബ്‌സിഡികൾ പ്രഖ്യാപിച്ചുകൊണ്ടും എയറോസ്‌പേസ്-ഡിഫൻസ് ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്‌സ്, ബയോടെക്‌നോളജി, ഇലക്ട്രിക് വെഹിക്കിൾസ്, നാനോ ടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽസ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഏറ്റവും സാധ്യതകളുള്ള നവീനമേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയും രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി നമ്മുടെ നാടിനെ മാറ്റുന്നതിനാണ് വ്യവസായ നയം മുൻതൂക്കം നൽകുന്നത്. എല്ലാ സെക്റ്ററിലെയും പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അവരുടെ കൂടി അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തീർത്തും വ്യവസായ സൗഹൃദമായിട്ടുള്ള നയമാണ് രൂപീകരിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യങ്ങൾ, ലോജിസ്റ്റിക് സൗകര്യങ്ങൾ, ലോജിസ്റ്റിക് ഓപ്പറേഷനുകളുടെ ഡിജിറ്റൈസേഷൻ, ഇൻസ്റ്റിറ്റിയൂഷണൽ ഡെവലപ്മെന്റ്, അനുബന്ധ നയ നടപടികൾ എന്നിവയാണ് ഈ നയത്തിന് കീഴിൽ വരുന്ന പ്രധാന മേഖലകൾ. ലോജിസ്റ്റിക് പാർക്കുകൾ ഉൾപ്പെടെയുള്ള ആശയങ്ങൾ നടപ്പിലാക്കുന്നതിനായി സംസ്ഥാനം ഇതിനകം സംസ്ഥാന ലോജിസ്റ്റിക് നയത്തിന്റെ കരടും നാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കയറ്റുമതി ഉൾപ്പെടെയുള്ള മേഖലയിൽ കുതിക്കുന്ന കേരളത്തിന് കൈത്താങ്ങാകുന്നതിനായുള്ള കയറ്റുമതി നയരേഖയും പ്രഖ്യാപനത്തിന്റെ അവസാനഘട്ടത്തിലാണ്.

പ്ലാന്റേഷൻ മേഖലയെ വ്യവസായത്തിന് കീഴിലാക്കിയതിന് ശേഷം മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറി. ഈ മേഖലയ്ക്ക് മാത്രമായി പ്രത്യേകമായ എക്‌സ്‌പോ സംഘടിപ്പിച്ചു.

കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെൽ-ഇ.എം.എൽ കാസർഗോഡ് പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം അന്താരാഷ്ട്ര ഓർഡറുകളടക്കം നേടിയെടുത്തു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കുടിശ്ശികയുൾപ്പെടെ തീർത്തു നവീകരിച്ച് പുതുതായി നിർമ്മിച്ച കേരള പേപ്പർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് വാണിജ്യോൽപാദനത്തിലേക്ക് കടന്നു. ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട 25ലധികം പത്രമാധ്യമങ്ങൾക്ക് കെപിപിഎൽ ഇപ്പോൾ കടലാസ് വിതരണം ചെയ്യുന്നു. ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി 2220 ഏക്കർ ഭൂമി അതിവേഗം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയിലെ രണ്ടാമത്തെതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രക്രിയ അവസാനഘട്ടത്തിലാണ്.

ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സാധിച്ചത് ശ്രദ്ധേയമായ നേട്ടമായി കണക്കാക്കാം. കെൽട്രോണിന്റെ നേട്ടങ്ങൾ എടുത്തുപറയേണ്ടതുണ്ട്. ചാന്ദ്രയാൻ, മംഗൾയാൻ, ഗഗൻയാൻ എന്നീ ചരിത്രദൗത്യങ്ങളിൽ ഭാഗവാക്കായതിനൊപ്പം എ ഐ ക്യാമറ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയതും കെൽട്രോണാണ്. തെലങ്കാന, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 1500 കോടിയോളം രൂപയുടെ ഓർഡറുകളിലും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെൽട്രോൺ നേടിയെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് കെൽട്രോൺ കൈവരിച്ചത് ഈ സാമ്പത്തിക വർഷത്തിലാണ്. ഒരു സാമ്പത്തിക വർഷത്തിൽ തന്നെ 1000 കോടി രൂപ വിറ്റുവരവെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കെൽട്രോൺ. ചരിത്രത്തിൽ തന്നെ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൈവരിച്ച ഏറ്റവും മികച്ച ലാഭം കെ എം എം എൽ കൈവരിച്ചതും ശ്രദ്ധേയമാണ്. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കാൻ ഈ സാമ്പത്തികവർഷം കെ എം എം എലിന് സാധിച്ചു.

എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ലാഭകരമാക്കുന്നതിനായി ഷോർട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികൾ പൂർത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും. എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാർഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയിൽ നിന്ന് 14,238 കോടി രൂപ വർധിച്ച് 17538 കോടി രൂപയാകുകയും ചെയ്യും. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളിൽ അതത് മേഖലയിൽ വൈദഗ്ധ്യം പുലർത്തിയിട്ടുള്ള ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ നമ്മുടെ നാട് ഏത് ദിശയിലേക്ക് സഞ്ചരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പെട്രോകെമിക്കൽ പാർക്ക്, കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ, ഗിഫ്റ്റ് സിറ്റി, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (ഘട്ടം-കക),കഴക്കൂട്ടം കിൻഫ്ര ഫിലിം &വീഡിയോ പാർക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-കക), സ്‌പൈസസ് പാർക്ക്, തൊടുപുഴ, ഇടുക്കി, ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്, കൊച്ചി, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, മട്ടന്നൂർ, കണ്ണൂർ, കിൻഫ്ര റൈസ് ടെക്നോളജി പാർക്കുകൾ, പാലക്കാട്, ആലപ്പുഴ, വ്യാവസായിക ജലവിതരണം, കൊച്ചി, പാലക്കാട് (കിൻഫ്ര ), കിൻഫ്ര മെഗാ ഫുഡ് പാർക്ക് (ഘട്ടം-കക), പാലക്കാട്, മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്സ്പാർക്ക്) – തിരുവനന്തപുരം, ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റ്യാടി, കെഎസ്‌ഐഡിസി ഇൻഡസ്ട്രിയൽ സ്‌പേസ് , കാസർഗോഡ്, കണ്ണൂരിലെ ലാൻഡ് ബാങ്ക്, 10 മിനി ഫുഡ് പാർക്ക്, ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ, വയനാട് കോഫീ പാർക്ക്, ഗ്ലോബൽ ആയുർവേദ വില്ലജ് – വർക്കല, ചേന്ദമംഗലം കൈത്തറി ഗ്രാമം എന്നിവ അവയിൽ ചിലതു മാത്രം.

നവീന മേഖലകളിൽ നമുക്ക് നിക്ഷേപം ആകർഷിക്കാൻ സാധിക്കുന്നതിലൂടെ ഇന്ത്യയിലെ തന്നെ വ്യാവസായിക വിപ്ലവം 4.0 ക്ക് പറ്റിയ മണ്ണായി മാറുകയാണ് കേരളം. ഉയർന്ന മൂല്യമുള്ള മാനവവിഭവശേഷിയും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലോകരാഷ്ട്രങ്ങളെയുൾപ്പെടെ കേരളത്തിലേക്ക് ആകർഷിക്കുകയുമാണ്. ഈ കുതിപ്പ് തുടരാൻ സാധിക്കുകയാണെങ്കിൽ വ്യാവസായിക മേഖലയിലും ഒരു കേരള മാതൃക വളരെ പെട്ടെന്നുതന്നെ സൃഷ്ടിക്കപ്പെടും.