കുടിവെള്ളം ഭാവിയുടെ സംരംഭം
ഡോ. ബൈജു നെടുങ്കേരി
കേരളത്തിൽ ഗാർഹീക സംരംഭങ്ങൾക്ക് വലിയ സാധ്യതയാണ് നിലനിൽക്കുന്നത്. വീടുകളിൽ വ്യവസായം ആരംഭിക്കാൻ 2018 മുതൽ ഗവൺമെന്റ് അനുമതി നല്കിയിട്ടുണ്ട്. 5 കുതിരശക്തിയിൽ താഴെയുള്ള മോട്ടോറുകൾ ഉപയോഗപ്പെടുത്തുന്ന 5 ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കുള്ള മലിനീകരണമില്ലാത്ത വ്യവസായങ്ങളെയാണ് നാനോ കുടുംബ സംരംഭങ്ങളായി പരിഗണിക്കുക. കേരളത്തിലെ വീടുകൾ പൊതുവെ വലുപ്പമുള്ളവയാണ്. റൂഫ് വർക്ക് ചെയ്ത ടെറസ്സുകളും ധാരാളമായുണ്ട്. മികച്ച വൈദ്യുതി, റോഡ്, ഇന്റർനെറ്റ്, ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങളും കേരളത്തിന്റെ ഗ്രാമങ്ങളിൽ പോലുമുണ്ട്. കേരളം മികച്ച ഒരു വിപണിയാണ്. ഭൂരിഭാഗം അസംസ്കൃതവസ്തുക്കളും അടുത്തുള്ള സ്ഥലങ്ങളിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്തി വീടുകളിൽ തന്നെ വ്യവസായം ആരംഭിക്കാം. വീട്ടമ്മമാർക്കും പുറത്ത് ജോലിക്ക് പോകാൻ സാഹചര്യമില്ലാത്ത വനിതകൾക്കും ഗാർഹിക സംരംഭങ്ങളിലൂടെ അനുകൂലസാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി അധിക വരുമാനം നേടാൻ കഴിയും. ഗാർഹിക വൈദ്യുതി തന്നെ ഉപയോഗപ്പെടുത്താം.
നമ്മുടെ നാട്ടിൽ കുടിവെള്ളത്തിന്റെ ഗുണമേൻമ സംബന്ധിച്ച് വലിയ അവബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുൻപ് കിണറുകളിൽ സുലഭമായി വെള്ളം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളിൽപ്പോലും കുഴൽകിണറുകളും വാട്ടർ അതോറിറ്റി നല്കുന്ന പൈപ്പ് വെള്ളവുമാണ് ആശ്രയം. സൂക്ഷ്മ മൂലകങ്ങളും, സൂക്ഷ്മ ജീവികളും അടങ്ങിയ കുടിവെള്ളം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന് ജനങ്ങൾക്കറിയാം. പൊതു ജലവിതരണ സംവിധാനത്തിൽ ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിന്റെ അളവും മറ്റു ചില ഘട്ടങ്ങളിൽ കലങ്ങിയ നിറവുമെല്ലാം കുടിക്കുന്നതിനും, പാചകം ചെയ്യുന്നതിനും ഫിൽറ്റർ ചെയ്ത കുടിവെള്ളം ഉപയോഗിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. കുടിക്കാനും പാചകം ചെയ്യാനും ഗുണമേന്മയുള്ള വെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ധാരാളം ആളുകളുണ്ട്. പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്ന് ജലലഭ്യതയുള്ള ഇടങ്ങളിൽ ചെറിയ ഒരു യന്ത്രം സ്ഥാപിച്ച് കുടിവെള്ളം വിൽക്കുന്ന സംരംഭങ്ങൾ കേരളത്തിൻറെ ഭാവി സാധ്യതയാണ്.

സാധ്യതകൾ
യന്ത്രസഹായത്തോടെ ഗുണമേൻമയുള്ള കുടിവെള്ളം നിർമ്മിച്ച് ചുറ്റുവട്ടത്തുള്ളവർക്ക് വിൽക്കുന്നതാണ് സംരംഭം. മിനറൽ വാട്ടർ എന്ന നിലയിലോ കുപ്പികളിൽ നിറച്ചോ ഇത്തരത്തിലുള്ള യൂണിറ്റുകളിൽ നിന്ന് വില്പന നടത്താൻ കഴിയില്ല. യന്ത്രസഹായത്തോടെ റിവേഴ്സ് ഓസ്മോസിസ് (ഞഛ) ചെയ്തെടുക്കുന്ന വെള്ളം ഉപഭോക്താക്കൾ കൊണ്ടുവരുന്ന പാത്രങ്ങളിലോ ക്യാനുകളിലോ നിറച്ച് നൽകുന്നതാണ് സംരംഭം. മിനറൽ വാട്ടർ ക്യാനുകളും ബോട്ടിലുകളും വാങ്ങുമ്പോൾ ഉപഭോക്താവ് വലിയ വില നല്കേണ്ടിവരും. സ്ഥിരമായുള്ള ഉപയോഗത്തിന് ഇത്തരം ക്യാനുകൾ വാങ്ങുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കുടിവെള്ളം വാങ്ങി ഉപയോഗിക്കാൻ വീട്ടുകാരും തയ്യാറാകും. സ്ഥാപനങ്ങൾ, സ്കൂളുകൾ, ഹോട്ടലുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം കുടിവെള്ളത്തിന്റെ ഉപഭോക്താക്കളാണ്.
യന്തങ്ങൾ – സംവിധാനങ്ങൾ
വെള്ളം ഫിൽറ്റർ ചെയ്ത് എടുക്കുന്നതിന് ആവശ്യമായ റിവേഴ്സ് ഓസ്മോസിസ് മെഷീനും 1000 ലിറ്റർ കപ്പാസിറ്റിയുള്ള സ്റ്റോറിങ് ടാങ്കുമാണ് ടി സംരംഭത്തിന് ആവശ്യമുള്ളത്.
എവിടെ സ്ഥാപിക്കാം
വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപെടുത്തിയോ ജംഗ്ഷനുകളിൽ 100 സ്ക്വയർ ഫീറ്റ് വരുന്ന വാണിജ്യ ബിൽഡിങ്ങുകളിലോ യന്ത്രവും സൂക്ഷിപ്പ് ടാങ്കും സ്ഥാപിക്കാം. തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ജലലഭ്യത ഉറപ്പ് വരുത്തണം. പ്രതിദിനം 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയണം.
മാർക്കറ്റിംഗ്
സ്ഥാപനത്തിലോ വീട്ടിലോ എത്തുന്നവർക്ക് നേരിട്ടാണ് വില്പന. കുടിവെള്ള സംരംഭത്തെ സംബന്ധിച്ച് പ്രാദേശിക അറിയിപ്പുകൾ നല്കുകയും, സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തിയുള്ള പ്രചാരണവും ആകാം. സ്ഥാപനങ്ങളെയും മറ്റും ഒരിക്കൽ നേരിൽ കണ്ട് വിവരം ധരിപ്പിക്കുകയുമാകാം.

നിർമ്മാണരീതി
റിവേഴ്സ് ഓസ്മോസിസ് യന്ത്രത്തിലൂടെ വെള്ളം കടത്തിവിട്ട് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹാനികരങ്ങളായ മൂലകങ്ങളെയും സൂക്ഷ്മജീവികളെയും നീക്കം ചെയ്ത് ശുദ്ധീകരിച്ചെടുക്കുന്നു. ശുദ്ധീകരിച്ച വെള്ളം സ്റ്റീൽ ടാങ്കുകളിൽ സൂക്ഷിച്ച് വയ്ക്കും. ശുദ്ധീകരിച്ച വെള്ളത്തിന്റെ പി. എച്ച് (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ ) 7 ആയിരിക്കും. റ്റി ഡി എസ്സ് (ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ്) 50-150 ലവലിലുമായിരിക്കും. ടി ഗുണമേൻമയുള്ള വെള്ളമാണ് അന്താരാഷ്ട്ര ഏജൻസികൾ ‘ഗുഡ് ക്വാളിറ്റി വാട്ടർ ‘ആയി പരിഗണിക്കുന്നത്.
മൂലധനനിക്ഷേപം
1 റിവേഴ്സ് ഓസ്മോസിസ് യന്ത്രം – 90000
2 സ്റ്റീൽ ടാങ്ക് – 30000
3 അനുബന്ധ ചിലവുകൾ – 10000
ആകെ – 130000
വില്പന വില-വരവ്
1 ലിറ്റർ വെള്ളം 1 രൂപ നിരക്കിലാണ് വില്പന. പ്രതിദിനം 1000 ലിറ്റർ വെള്ളം വിൽക്കാൻ കഴിഞ്ഞാൽ 1000 രൂപ നേടാൻ കഴിയും.
യന്ത്രങ്ങൾ – പരിശീലനം
കുടിവെള്ള നിർമ്മാണ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും.
0485 – 2999990
ലൈസൻസ്
ഉദ്യം രജിസ്ട്രേഷൻ, ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , കെ- സ്വിഫ്റ്റ് എന്നിവ നേടി വ്യവസായം ആരംഭിക്കാം.
മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്സിഡിയും ലഭിക്കും