കാർഷിക ഭക്ഷ്യ മൂല്യവർദ്ധക സംരംഭകർക്ക് കൃഷി വകുപ്പിന്റെ സബ്‌സിഡി 50% വരെ

റ്റി. എസ്. ചന്ദ്രൻ
50% വരെ നിക്ഷേപ സബ്‌സിഡി ഇപ്പോൾ ലഭ്യമാണ്. കാർഷിക- ഭക്ഷ്യ സംരംഭങ്ങളിൽ മൂല്യവർദ്ധന നടപ്പാക്കുന്ന സംരംഭങ്ങൾക്കാണ് ആനുകൂല്യം. കേരളത്തിലെ കാർഷിക കർഷക ക്ഷേമ വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം (SFAC-Kerala) ആണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക മേഖലയിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതി എന്നാണ് ഇതിന്റെ പേര്. സ്റ്റാർട്ടപ്പുകൾ, എം. എസ്. എം. ഇ കൾ, കാർഷിക ഉൽപാദന സംഘടനകൾ എന്നിവയുടെ വികസനത്തിലൂടെ കേരളത്തെ ഒരു ഭക്ഷ്യ സംസ്‌കരണ ഹബ്ബ് ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രാഥമിക സംസ്‌കരണം, മൂല്യവർദ്ധനവ് എന്നീ പ്രവർത്തനങ്ങൾക്ക് ആനുകൂല്യം ലഭിക്കും.
പദ്ധതി ആനുകൂല്യങ്ങൾ
- 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപം വരുന്ന സൂക്ഷ്മ സംരംഭങ്ങൾക്ക് അവരുടെ നിക്ഷേപത്തിന്റെ 50% പരമാവധി 10 ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കുന്നു.
- 25 ലക്ഷം മുതൽ ഒരു കോടി വരെ സ്ഥിര നിക്ഷേപം വരുന്ന ചെറുകിട സംരംഭങ്ങൾക്ക് അവരുടെ നിക്ഷേപത്തിന്റെ 30% പരമാവധി 50 ലക്ഷം രൂപ വരെ സബ്‌സിഡിയായി വിതരണം ചെയ്യുന്നു.
(എസ്. എം. ഇ കേരള ഇവിടെ നിർവചിച്ചിരിക്കുന്നത് കേന്ദ്ര എം. എസ്. എം. ഇ മന്ത്രാലയത്തിന്റെ പുതിയ മാനദണ്ഡം അനുസരിച്ചല്ല)
അർഹത
- പ്രൊപ്രൈറ്ററി, പാർട്ണർഷിപ്പ്, ലിമിറ്റഡ് കമ്പനികൾ, ഫാർമർ പ്രൊഡ്യൂസർ സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അർഹത ഉണ്ടായിരിക്കും.
- പദ്ധതി നടത്തിപ്പിനാവശ്യമായ കെട്ടിടം, യന്ത്രസാമഗ്രികൾ, ഇലക്ട്രിഫിക്കേഷൻ, മാലിന്യ സംസ്‌കരണം, ഓഫീസ് ഉപകരണങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക വിദ്യ വാങ്ങൽ, ആധുനിക പാക്കേജിംഗ് സംവിധാനങ്ങൾ, സർക്കാർ ഗവേഷണ സ്ഥാപനങ്ങളിലെ പരിശീലന ചെലവുകൾ എന്നിവ സബ്‌സിഡിക്കായി പരിഗണിക്കും.
- പ്രാഥമിക സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സബ്‌സിഡി ലഭിക്കും. കട്ട് വെജിറ്റബിൾസ്, ഫ്രൂട്ട്‌സ്, റെഡി റ്റു കുക്ക് ഇനങ്ങൾ, ഫാം ടു ഫോർക്ക് മുളപ്പിച്ചവ, ന്യൂട്രി ഗ്രീൻ/ മൈക്രോ ഗ്രീൻ, മിനറൽ പ്രോസസിംഗ്, നിയന്ത്രിത അന്തരീക്ഷ പാക്കേജിംഗ് തുടങ്ങിയ സംരംഭങ്ങൾക്കും അർഹത.
- ഇതൊരു വായ്പാ ബന്ധിത സബ്‌സിഡി പദ്ധതിയാണ്. സമയ വായ്പ (ടേം ലോൺ) എടുത്ത സംരംഭങ്ങൾക്ക് മാത്രമാണ് അർഹത.
സബ്‌സിഡിയിൽ നിന്നും ഒഴിവാക്കിയവ
- എണ്ണ മില്ലുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ/ മസാലകൾ, ഇഡ്ഡലി- ദോശ- അപ്പം മാവ് യൂണിറ്റുകൾ, ബേക്കറികൾ, അരിമില്ല്, സോർട്ടക്‌സ് യൂണിറ്റുകൾ, കശുവïി, കയർ, കമ്പോസ്റ്റ്, ജൈവവളം, സോപ്പ് ഉൽപന്നങ്ങൾ ഔഷധങ്ങൾ എന്നീ യൂണിറ്റുകളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
- പദ്ധതി പൂർണമായും നടപ്പാക്കിയശേഷം ബാക്ക് എന്റ് സബ്‌സിഡിയാണ് നൽകുക.
ഓൺലൈനായി അപേക്ഷിക്കണം
www.stackkerala.org എന്ന സൈറ്റിൽ ഇതിന്റെ വിശദാംശങ്ങളും അപേക്ഷിക്കുവാനുള്ള ലിങ്കും നൽകിയിട്ടുണ്ട്. പ്രോജക്ടിന്റെ വിശദാംശങ്ങൾ, ഇനം, നിലവിലുള്ള അടിസ്ഥാന സൗകര്യം, മെഷിനറി രേഖകൾ, ജി. എസ്. റ്റി ബില്ലുകൾ സാക്ഷ്യപ്പെടുത്തിയ ലാഭനഷ്ടക്കണക്ക്, ബാലൻസ് ഷീറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബാങ്ക് വായ്പാ വിവരങ്ങളും നൽകണം. പ്രൊപ്രൈറ്ററി അല്ലാത്ത സംരംഭങ്ങളുടെ കാര്യത്തിൽ ആയതിന്റെ രജിസ്‌ട്രേഷൻ, ബൈലോ/ മെമ്മോറാണ്ടം തുടങ്ങിയ രേഖകളും സമർപ്പിക്കണം.
ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ ഒരു ഹാർഡ് കോപ്പി എസ്. എഫ്. എ. സി യുടെ ഓഫീസിലും സമർപ്പിക്കണം. എസ്. എഫ്. എ. സി യുടെ സാങ്കേതിക സമിതി/ ഗവേണിംഗ് ബോഡിയുടെ അംഗീകാരത്തിന് ശേഷമാണ് സബ്‌സിഡി വിതരണം ചെയ്യുക. സബ്‌സിഡി തുക 3 വർഷം സംരംഭകന്റെ അക്കൗണ്ടിൽ ബാങ്കിൽ സൂക്ഷിക്കുകയും, അതിനുശേഷം പ്രവർത്തനം വിലയിരുത്തി ടേം ലോൺ അക്കൗണ്ടിലേക്ക് വരവ് വച്ച് നൽകുകയും ചെയ്യുന്നു. സബ്‌സിഡി കൈപ്പറ്റിയശേഷം 5 വർഷം സ്ഥാപനം പ്രവർത്തിച്ചു കൊള്ളാമെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്.
എം. എസ്. എം. ഇ രംഗത്ത് ഏറ്റവും സാധ്യതയുള്ള ഒരു മേഖലയാണ് കാർഷിക ഭക്ഷ്യ സംസ്‌കരണ സംരംഭ മേഖല. കുറഞ്ഞ മുതൽ മുടക്ക്, മികച്ച വിപണി, നല്ല ലാഭവിഹിതം എന്നിവ ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു. ഈ രംഗത്ത് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നവർക്ക് വലിയ കൈത്താങ്ങാണ് കൃഷി വകുപ്പിന്റെ ഈ മൂല്യവർദ്ധക പ്രോത്സാഹന പദ്ധതി
(സംസ്ഥാന വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)