കരവിരുതിന്റെ ഊടും പാവും

എഴുമാവിൽ രവീന്ദ്രനാഥ്

യോധനകലയിൽ കളരിപ്പയറ്റ്, ആരോഗ്യ ശാസ്ത്രത്തിൽ ആയുർവേദം, നൃത്തകലയിൽ മോഹിനിയാട്ടം എന്ന പോലെ വസ്ത്ര നിർമ്മാണത്തിൽ കേരളം കൈയൊപ്പു ചാർത്തിയ മേഖലയാണ് കൈത്തറി. തമിഴകത്തെ ശാലിയത്തെരുവുകളിൽ നിന്നും രണ്ടു രാജകുടുംബാംഗങ്ങൾ കേരളത്തിലെത്തിച്ച വസ്ത്ര നിർമ്മാണ വിദഗ്ദ്ധരിൽ നിന്നുമാണ് കൈത്തറിയുടെ ചരിത്രമാരംഭിയ്ക്കുന്നത്. 1799 മുതൽ 1810 വരെ തിരുവിതാംകൂർ ഭരിച്ച ബാലരാമവർമ്മയും, ചിറയ്ക്കൽ കോവിലകത്തെ കോലത്തിരിയുമാണ് കേരളത്തിലെ കൈത്തറി മേഖലയ്ക്ക് ഊടും പാവുമിട്ടത്. തിരുനെൽവേലിയിലെ വള്ളിയൂരിൽ നിന്നാണ് തിരുവിതാംകൂർ ദിവാനായിരുന്ന ഉമ്മിണിത്തമ്പി 7 കുടുംബങ്ങളെ നെയ്യാറ്റിൻകരയ്ക്കു സമീപമുള്ള ഗ്രാമത്തിലേക്കു കൊണ്ടുവന്നത്. രാജകുടുംബങ്ങൾക്കുള്ള വസ്ത്രനിർമ്മാണമായിരുന്നു ലക്ഷ്യം. ഇതോടൊപ്പം എണ്ണയാട്ട്, കരകൗശല വസ്തുക്കളുടെ നിർമ്മാണം, നിറങ്ങളുണ്ടാക്കൽ തുടങ്ങിയവയും ഇവർക്കായി മഹാരാജാവിന്റെ ഉത്തരവിൻപ്രകാരം അവിടെ ആരംഭിച്ചു. വീതിയേറിയ പാതയും ചെങ്കല്ലിൽ തീർത്ത വീടുകളും നിർമ്മാണശാലകളുമെല്ലാം രാജനിർദ്ദേശത്താൽ അവിടെ ഉയരുകയും ആ സ്ഥലത്തിന് ബാലരാമപുരം എന്ന നാമകരണം ചെയ്യുകയുമുണ്ടായി. കണ്ണൂരിലും ഏതാണ്ട് സമാന സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. അങ്ങനെ കേരളത്തിന്റെ കൈത്തറിക്കണ്ണുകളായി തിരുവനന്തപുരവും കണ്ണൂരും മാറി. ഈ രണ്ടു ജില്ലകൾ കൂടാതെ കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കാസർഗോഡ് തുടങ്ങിയ ജില്ലകളിലേയ്ക്കും കൈത്തറി വ്യവസായം പടർന്നു. സംസ്ഥാനത്തെ 96 ശതമാനം നിർമ്മാണ യൂണിറ്റുകളും സഹകരണ മേഖലയിലാണ്.

ഇനി ദേശീയ കൈത്തറി മേഖലയുടെ ചരിത്രത്തിലേക്കു കൂടി ഒന്നു കണ്ണോടിയ്ക്കാം. ഭാരതത്തിലെ വസ്ത്ര നിർമ്മാണത്തിന് സിന്ധു നദീതട നാഗരികതയോളം പഴക്കമുണ്ട്. ആര്യന്മാരാണ് ഇവിടെ വസ്ത്രനിർമ്മാണ കല വികസിപ്പിച്ചത്. ഇതിന്റെ ഭാഗമായി പരുത്തി, ചണം, പട്ടുനൂൽ ഇവയൊക്കെ അവർ വസ്ത്രനിർമ്മാണത്തിനുപയോഗിച്ചു. കൃഷിയും കാലിവളർത്തലിനും പുറമെ വസ്ത്ര നിർമ്മാണവും ഒരു തൊഴിലായി അവർ വളർത്തിയെടുത്തു. പ്രാചീനകാലം മുതൽക്കേ റോമുമായി വാണിജ്യബന്ധം സ്ഥാപിച്ചത് ആര്യവംശജരാണ്. പാശ്ചാത്യ നാടുകളിലേയ്ക്ക് പട്ടുവസ്ത്രങ്ങൾ ചൈന വഴി കയറ്റി അയച്ചത് അഭംഗുരം തുടർന്നു. അങ്ങനെ പട്ടുപാത അഥവാ സിൽക്ക് റൂട്ട് എന്നൊരു പുതിയ പദവും പിറന്നു. ക്രമേണ ഒട്ടുമിക്ക നാട്ടുരാജ്യങ്ങളിലേക്കും വസ്ത്രനിർമ്മാണം വ്യാപിച്ചു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി വ്യാപാരത്തിനെത്തിച്ചേരും വരെ ലോക വസ്ത്ര നിർമ്മാണ മേഖലയിൽ സിംഹഭാഗവും കൈയാളിയിരുന്നത് ഭാരതമായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ തങ്ങളുടെ വസ്ത്രനിർമ്മാണ ഫാക്ടറികളുടെ അസംസ്കൃത വസ്തുക്കൾ ശേഖരിയ്ക്കുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുകയും ചെയ്യുന്ന ഇടമാക്കി ഭാരതത്തെ മാറ്റി. ഇതോടെ നമ്മുടെ പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖല പാടേ തകർന്നു. ഇതിനെതിരെയാണ് ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനം ഉയർന്നു വന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 1953-ലാണ് ഖാദി, കൈത്തറി വികസന ആക്റ്റ് നിലവിൽ വന്നത്. ഇത് പരമ്പരാഗത മേഖലയ്ക്ക് പുത്തനുണർവ്വ് പകർന്നു. 1955-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ ഖാദി, കൈത്തറി കരകൗശല മേഖലയിൽ ഒരു സഹകരണ സംഘം സ്ഥാപിതമാവുകയും ഗ്രാമീണോൽപന്നങ്ങളുടെ പ്രോത്സാഹനാർത്ഥം നിർമ്മാണം, സംഭരണം, വിപണനം എന്നിവയ്ക്കായി നവീന പദ്ധതികൾ ആരംഭിയ്ക്കുകയും ചെയ്തു.

പതിനേഴു കുടുംബങ്ങളിൽ തുടങ്ങി ഒരു ലക്ഷത്തോളം പേർ പണിയെടുക്കുന്ന ഒരു മേഖലയായി കേരളത്തിൽ പടർന്നു പന്തലിച്ച കൈത്തറി വസ്ത്ര നിർമ്മാണം ഇന്ന് മന്ദഗതിയിലാണ് മുന്നോട്ടു പോകുന്നത്. ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള സജീവ ശ്രമത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. പ്രകൃതി സൗഹൃദവും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ ഉൽപന്നമെന്ന നിലയിൽ കൈത്തറി വസ്ത്രങ്ങൾക്കുള്ള മേന്മ മറ്റൊന്നിനും അവകാശപ്പെടാനാവുകയില്ല. നിർമ്മാണ രംഗത്തെ സങ്കീർണതകളും പരിമിതികളും മൂലം സംരംഭകരും തൊഴിലാളികളും ഒരു കാലത്ത് ക്ലേശിച്ചിരുന്നു. തന്മൂലം ഉൽപന്നവില താരതമ്യേന കൂടുതലും ആയിരുന്നു. 1608 ആഗസ്റ്റ് 24 ന് സൂറത്തിൽ കരയ്ക്കടുത്ത ദി ഹെക്ടർ ആയിരുന്നു ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ. സർ വില്യം ഹോക്കിൻസ് ആയിരുന്നു കമ്പനി പ്രതിനിധിയായി ആദ്യമിവിടെത്തിയത്. വെറുമൊരു സോപ്പു പെട്ടിയ്ക്കുള്ളിൽ അടക്കം ചെയ്യാവുന്ന പട്ടുസാരി നെയ്തെടുത്ത ഇന്ത്യൻ നെയ്ത്തുകാരുടെ വൈഭവം കണ്ടു വായ് പിളർന്നു നിന്ന അദ്ദേഹത്തോട് ഒരു തീപ്പെട്ടി കൂടിൽ ഒതുക്കാവുന്ന സാരിയുമുണ്ടെന്ന് മറ്റൊരു നെയ്ത്തുകാരൻ പറഞ്ഞത്രേ. ഇത്രയും സങ്കീർണതകൾ നിറഞ്ഞ മനുഷ്യപ്രയത്നത്തിന് തക്ക പ്രതിഫലമോ അതിനു സഹായകമായ സാങ്കേതികവിദ്യകളോ അന്നുണ്ടായിരുന്നില്ല. ഒരു മികച്ച സാരി നിർമ്മിച്ചെടുക്കാൻ ആറു പേർ എട്ടു മാസം വരെ അദ്ധ്വാനിച്ചിരുന്നുവത്രേ. കേരളത്തിലെ തൊഴിലിടങ്ങളിലും ഇതൊക്കെത്തന്നെയായിരുന്നു ആദ്യകാല അവസ്ഥ. അദ്ധ്വാനമേറിയും പ്രതിഫലം കുറഞ്ഞുമുള്ള സാഹചര്യത്തിൽ മുമ്പോട്ടു പോകാൻ ആർക്കുമാവില്ലല്ലോ. ടെക്സ്റ്റൈൽ രംഗത്ത് പുതുതായി കടന്നു വന്ന നൈലോൺ, പോളിയസ്റ്റർ, അക്രിലിക് റയോൺ എന്നിവ പരമ്പരാഗത വസ്ത്ര നിർമ്മാണമേഖലയ്ക്കു തുരങ്കം വെച്ചു. പരുത്തി, പട്ട്, രോമം, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകളെ ഒരു പരിധി വരെ പിന്തള്ളിയായിരുന്നു ഇവ വിപണി പിടിച്ചടക്കിയത്. കൈത്തറി മേഖലയുടെ തളർച്ചയ്ക്ക് ദേശീയ തലത്തിൽ തന്നെ ഇതു കാരണമായി.

പരമ്പരാഗത കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ ആധുനികവൽക്കരണം, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ഹാന്റ്ലൂം ആന്റ് ടെക്റ്റയിൽസ് ഡയറക്ടറേറ്റ് നിരവധി ക്ഷേമ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. കൈത്തറി നിർമ്മാണ സഹകരണ സംഘങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൽ പ്രധാനം. നൂതന സാങ്കേതിക വിദ്യകളിലൂടെ മികച്ച ഉൽപന്നങ്ങൾ കൂടുതൽ വേഗത്തിലും എണ്ണത്തിലും തയ്യാറാക്കുക, ആധുനിക നിർമ്മാണ പ്രക്രിയകളിൽ പരിശീലനം നൽകുക, വിപണനം പ്രോത്സാഹിപ്പിക്കുക ഇവയെല്ലാം ഇതിലുൾപ്പെടുന്നു.

 

44 അപ്പക്സ് സംഘങ്ങളും 15,926 പ്രാഥമിക സംഘങ്ങളും സജീവമായ ഇന്ത്യൻ കൈത്തറി മേഖലയുടെ വികസനത്തിനായി ആവിഷ്കരിച്ച ആർ ആർ ആർ (റിവൈവൽ, റിഫോം, റീസ്ട്രക്ചർ) പദ്ധതി ദേശീയതലത്തിൽ തന്നെ പ്രശംസനീയമായ നിലയിൽ മുന്നേറുന്നു. 18 നും 40 നും ഇടയ്ക്ക് പ്രായമുള്ള യുവതീ യുവാക്കളെ കൈത്തറി മേഖലയിലേയ്ക്ക് ആകർഷിക്കുന്ന യുവാ വീവ് പദ്ധതി കേരളത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന കൈത്തറി വസ്ത്ര നിർമ്മാണ സഹകരണ സംഘങ്ങളിലെ അംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. തിരുവനന്തപുരം ജില്ലയിൽ ഉദയാ മഹിളാ സമാജം (എക്കോ ടെക്സ് കൺസോർഷ്യം) മഞ്ചവിളാകം, പെരിങ്ങമല കൈത്തറി നെയ്ത്ത് സഹകരണ സംഘം, ട്രാവൻകൂർ കൈത്തറി നെയ്ത്തു സഹകരണ സംഘം, നേമം എന്നിവയിലെ 60 അംഗങ്ങൾക്ക് സൗജന്യ തറി വിതരണം ചെയ്തു കൊണ്ടായിരുന്നു ഈ പദ്ധതി നിലവിൽ വന്നത്. സംസ്ഥാനത്തെ രണ്ട് അപ്പെക്സ് സഹകരണ സംഘങ്ങളായ ഹാൻടെക്സ്, ഹാൻവീവ് എന്നിവ വഴി വിപണനം ചെയ്യുന്ന ഉൽപന്നങ്ങൾക്കുള്ള സർക്കാരിന്റെ ഉത്സവകാല റിബേറ്റ്, സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്കുള്ള ഇൻസ്റ്റാൾമെന്റ് പദ്ധതി, യൂണിഫോം പദ്ധതി എന്നിവ സംസ്ഥാന വ്യവസായ വകുപ്പിന്റെ കൈത്തറി മേഖലയോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്.

ഈ ഓണം കൈത്തറി വസ്ത്രങ്ങൾക്കൊപ്പം എന്ന ടാഗ് ലൈനോടെ തിരുവനന്തപുരം കനകക്കുന്നിലെ സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ച ഹത്ത്ഖർഗാ മേള 2024- കൈത്തറി വസ്ത്ര പ്രദർശന വിപണന മേള കേന്ദ്ര ഹാന്റ്ലൂം ആന്റ് ടെക്സ്റ്റയിൽസ് ഡവലപ്മെന്റ് കമ്മീഷണറേറ്റും, സംസ്ഥാന ഹാന്റ്ലൂം ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിച്ച ഒരു വിപണനമേള ആയിരുന്നു. വി. കെ. പ്രശാന്ത് എം. എൽ. എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ആദ്യവിൽപന നടത്തി. കൈത്തറി വസ്ത്ര ഡയറക്ടർ കെ. എസ്. അനിൽ കുമാർ സ്വാഗതവും, തിരുവനന്തപുരം  ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ. എസ്. ഷിറാസ് കൃതജ്ഞതയും പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ നിരവിധി വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.