ഓൺലൈൻ ഉൽപന്നങ്ങളും ബി. ഐ. എസ് പരിധിയിൽ
ഓൺലൈൻ ഉൽപന്നങ്ങളും ബി. ഐ. എസ് പരിധിയിൽ
പാർവ്വതി. ആർ. നായർ
ഡിജിറ്റലൈസേഷന്റെ ഭാഗമായി വിപണിയും വിപണനവുമെല്ലാം ഓൺലൈനിലേക്കു മാറിയിരിയ്ക്കുന്നു. ഓൺലൈൻ വ്യാപാരം ദിനംപ്രതി ജനജീവിതത്തിലേക്ക് സ്വാധീനം വർദ്ധിപ്പിക്കുകയാണ്. വിപണി വിലയെക്കാൾ കുറവിൽ ഉൽപന്നങ്ങൾ വീട്ടുവാതിൽക്കൽ എത്തുമ്പോൾ പെട്രോളടിച്ച് ടോളും കൊടുത്ത് എന്തിനു ട്രാഫിക്കിൽ കുരുങ്ങണം. ഈ ചിന്താഗതിയാണ് ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ചയുടെ പിന്നിലെ രസതന്ത്രം. ആദ്യകാലത്ത് ഓൺലൈൻ വിപണിയിൽ ചില ന്യൂനതകൾ ഉണ്ടായിരുന്നു. വിറ്റ സാധനം തിരിച്ചെടുക്കുന്ന സമ്പ്രദായം അന്നില്ല. ഹരിയാനയിലെ ഏതോ ഗലിയിൽ ഉൽപാദിപ്പിക്കുന്ന ലതർ ചപ്പൽ പാറശ്ശാലയിലെ അതിർത്തി ഗ്രാമത്തിലെത്തുമ്പോൾ വാറു പൊട്ടുകയോ സോൾ ഇളകുകയോ ചെയ്താൽ സഹിക്കുകയേ നിവൃത്തിയുള്ളൂ. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമവും കോടതികളും കണ്ണുരുട്ടിയതോടെ ബൈബാക്ക് ഗ്യാരണ്ടി വന്നു.
മറ്റൊന്ന് നികുതി വകുപ്പിന്റെ കണ്ണിൽപ്പെടാതെയായിരുന്നു ആദ്യകാല വിപണനം. ഇവിടെയും സർക്കാർ പിടിമുറുക്കിയതോടെ ഓൺലൈൻ കച്ചവടക്കാർക്ക് വഴങ്ങേണ്ടി വന്നു. മൂന്നാമത്തെ പ്രശ്നമാണിപ്പോൾ പരിഹൃതമാകുന്നത്. ഓൺലൈൻ ഉൽപന്നങ്ങളെല്ലാം ഇനി ബി. ഐ. എസ് (ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) പരിധിയിൽ ഉൾപ്പെടുത്തപ്പെടും. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സംവിധാനമാണ് ബി. ഐ. എസ്. ഓൾഡ് ഡൽഹിയിലെ മനക് ഭവൻ ആസ്ഥാനമായി 1986 ഡിസംബർ 23 ന് പ്രവർത്തനമാരംഭിച്ച ബി. ഐ. എസ് 2016 ലെ ബി. ഐ. എസ്. ആക്ട് പ്രകാരമാണ് നടപടിക്രമങ്ങളിലൂടെ മുന്നോട്ടു പോകുന്നത്. ഉൽപന്നങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ അതനുസരിച്ച് ഉൽപന്നങ്ങൾ പരിശോധിയ്ക്കാൻ സർട്ടിഫിക്കറ്റ് നൽകൽ, പുതുക്കൽ റദ്ദാക്കൽ തുടങ്ങിയവയെല്ലാം ബി. ഐ. എസ് പരിധിയിൽ വരും. ഇതിലേയ്ക്ക് ദേശീയ തലത്തിലുള്ള നെറ്റ്വർക്ക് ആണ് ഓർഗനൈസേഷനുള്ളത്. ഹാൾമാർക്കിങ്ങ്, അനലൈസിങ്ങ്, ഐ. എസ്. ഐ .സർട്ടിഫിക്കേഷൻ, ക്വാളിറ്റി അഷ്വറൻസ്, കൺസ്യൂമർ എംപവർമെന്റ്, എക്കോ മാർക്കിങ്ങ് തുടങ്ങി ഉപഭോക്താക്കൾക്ക് ഗുണകരമായ എല്ലാ പ്രക്രിയകളും ബി ഐ എസ് ആണ് നിർവ്വഹിക്കുക.
വീണ്ടും നമുക്ക് ഓൺലൈൻ വിപണനത്തിലേക്കു മടങ്ങാം. ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് സദൃശമായ പലതും ഓൺലൈൻ പർച്ചേസറുടെ ഗ്യാലറിയിൽ സെർച്ചിങ്ങ് സമയത്ത് അണിനിരക്കാറുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്യുമ്പോൾ അവയുടെ സ്പെസിഫിക്കേഷനും വിലയും എത്തും. പിന്നാലെ ഓർഡർ ചെയ്യാനുള്ള ആഹ്വാനവും വരും. ഇപ്രകാരം ഓർഡർ ചെയ്യപ്പെടുന്നവ ഡിസ്ട്രിബ്യൂട്ടർ അഥവാ സപ്ലയർ അനുവദിച്ച കാലപരിധിയ്ക്കുള്ളിൽ മാത്രമേ തൃപ്തികരമല്ലെങ്കിൽ മടക്കി അയയ്ക്കാനാവൂ. ഇവയുടെ സർവ്വീസ് പ്രൊവൈഡേഴ്സും ഉണ്ടാവില്ല. ക്വാളിറ്റിയുടെ പ്രശ്നവും സർവ്വീസ് എഗ്രിമെന്റില്ലായ്മ എന്ന പ്രശ്നവുമാണ് ഇവർ സർവ്വീസിങ്ങിനു തയ്യാറാകാത്തതിന്റെ കാരണമായി പറയുന്നത്. തന്മൂലം ഭൂരിഭാഗം പർച്ചേസേഴ്സും ഉൽപന്നമുപേക്ഷിക്കുകയോ ലോക്കൽ റിപ്പയറിങ്ങിനു നൽകുകയോ ചെയ്തെന്നു വരാം. സ്റ്റാന്റേർഡൈസേഷൻ സർട്ടിഫിക്കറ്റില്ലാത്ത ഉൽപന്നങ്ങളെല്ലാം ഉപഭോക്തൃ കോടതിയിൽ പോയാലും നഷ്ടപരിഹാരത്തിനു പരിഗണിയ്ക്കപ്പെടാതെ പോകും. ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് ബി. ഐ. എസിനു ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.
ഓൺലൈൻ പർച്ചേസ് ലിസ്റ്റിൽപ്പെട്ട ഉൽപന്നങ്ങളും ഇനി കർശനമായ സ്റ്റാൻഡേർഡൈസേഷനു വിധേയമാകും. അല്ലാത്ത ഉൽപന്നങ്ങളുടെ നിർമാതാക്കളെ വിപണിയിൽ നിന്നു വിലക്കുകയോ നിലവാര പരിശോധനയ്ക്കു വിധേയമാകാൻ പ്രേരിപ്പിയ്ക്കുകയോ ചെയ്യാം. ഗുണമേന്മ ഉറപ്പാക്കുമ്പോൾ അതു സംബന്ധിച്ച വിവിധ തലത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളുടെ വിലയിരുത്തലുമുണ്ടാകും. ഗുണമേന്മയിൽ അധിഷ്ഠിതമായി വിപണനം ചെയ്യുന്നവർക്ക് ഇത് സന്തോഷകരമാണ്. കാരണം കള്ളനാണയങ്ങൾ രംഗത്ത് നിന്ന് താനെ ഒഴിവാകും.
ഉപഭോക്താക്കൾക്കും ഇത് ഏറെ സ്വീകാര്യമാണ്. വിശ്വാസത്തോടെ പർച്ചേസ് നടത്താനാവും. ഒരു ദേശീയ ഏജൻസിയുടെ സർട്ടിഫിക്കേഷൻ ഉള്ളപ്പോൾ ഗുണമേന്മയിൽ വെള്ളം ചേർക്കാൻ ഒരു ഉല്പാദകനും തയ്യാറാവില്ല. ബ്രാൻഡഡ് കമ്പനിയുടേതെന്നു തോന്നിപ്പിയ്ക്കുന്ന ഡ്യൂപ്ലിക്കേറ്റുകളും ഇനി ഓൺലൈനിൽ വിലസില്ല. പഴയ കേരളീയർ വിലയ്ക്കായിരുന്നു പ്രാധാന്യം കൊടുത്തത്. അന്നത്തെ ജീവിതസാഹചര്യം അപ്രകാരമായിരുന്നു താനും. അൽപം പിശുക്കുള്ള ഒരു തലമുറയായിരുന്നു അന്നത്തേത്. അതിനാലാണ് ‘ഉരിയ കൊടുത്ത് ഊപ്പ വാങ്ങുന്നതിനെക്കാൾ നാഴി കൊടുത്ത് നല്ലത് വാങ്ങണം’ എന്ന ചൊല്ലുണ്ടായത്. ഉരിയയും നാഴിയും പഴയ അളവുപകരണങ്ങളായിരുന്നു. നാഴിയുടെ പകുതിയാണ് ഉരിയ. ഊപ്പ എന്നാൽ ഗുണമേന്മ കുറഞ്ഞതെന്നു സാരം. ആ ഒരു കാലഘട്ടത്തിലും അനുഭവപാഠങ്ങളിൽ നിന്നും ഉതിർന്നു വീണ പഴഞ്ചൊല്ലിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. ഇന്ന് ബ്രാന്റുകളുടെ കാലമാണ്. പണ്ടു നാം മാർക്കറ്റിങ്ങ് ഒരു വിഷയമായി പഠിയ്ക്കുമ്പോൾ വെള്ളം, ഉപ്പ്, പഞ്ചസാര, വെളിച്ചെണ്ണ, അരി, ഗോതമ്പുപൊടി, മൈദ, റവ, ആട്ട ഇവയൊക്കെ അതേ കമ്മോഡിറ്റിയിൽ ആയിരുന്നു അങ്ങാടികളിലെത്തിയിരുന്നത് (വെള്ളം അങ്ങാടിയിലേയില്ല). കടയ്ക്കു പുറത്ത് ഈർപ്പം പിടിച്ച ഉപ്പുപെട്ടിയിലായിരുന്നു ഉപ്പു നിറച്ചുവെയ്ക്കുന്നത്. ആ കാലമൊക്കെ മാറി. എല്ലാം വിവിധ ഉൽപാദകരുടെയോ, വിതരണക്കാരുടെയോ ലേബലിൽ ആണ് ചില്ലലമാരകളിൽ അതിമനോഹരമായി നിറച്ചു വെയ്ക്കുന്നത്. മൾട്ടി നാഷണൽ കമ്പനികളുടെ ശക്തമായ സ്വാധീനവും, പരസ്യ പ്രചാരണ പരിപാടികളും ഒപ്പം ജനങ്ങളുടെ അഭിരുചിയറിഞ്ഞുള്ള ഉൽപന്നശ്രേണിയുമാണ് രാജ്യത്ത് ബ്രാൻഡിങ്ങിന് കളമൊരുക്കിയത്. കൊച്ചു പേരുകളിൽ നല്ല ഉൽപന്നങ്ങൾ ഇറക്കിക്കൊണ്ടുള്ള വിപണനതന്ത്രമായിരുന്നു ഇവിടെ ക്ലിക്ക് ആയത്. അതോടൊപ്പം പരമ്പരാഗതമായി സത്പേരുണ്ടാക്കിയ തദ്ദേശീയമായ സ്ഥാപനങ്ങളും ജനമനസ്സിൽ ഇടം നേടി. ഇവയ്ക്കൊക്കെ പകരം നിൽക്കാൻ പരസ്യതന്ത്രങ്ങൾ ഇറക്കിയെങ്കിലും അവ ഉദ്ദേശിച്ച ഫലം കാണാതെ പോയി. നിരവധി ഉൽപന്നങ്ങളും കമ്പനികളും ഉദാഹരണമായി ചൂണ്ടിക്കാണിയ്ക്കാനുണ്ടെങ്കിലും പ്രബുദ്ധരായ വായനക്കാർക്ക് അവയുടെയൊന്നും പേരു പറയാതെ തന്നെ കാര്യങ്ങൾ ഗ്രഹിയ്ക്കാനാകും. ഇവയുടെയൊക്കെ പേരിനോടു സാമ്യമുള്ള ഓൺലൈൻ ഉൽപന്നങ്ങളെല്ലാം ഇനി തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു വലിയും.
കേരളത്തിലെ സംരംഭകരും ശ്രദ്ധിയ്ക്കുക. ഓൺലൈൻ വിപണിയിലേയ്ക്കു ചുവടു വെയ്ക്കുന്നവർ ബി. ഐ. എസ് മാനദണ്ഡങ്ങൾ ഹൃദിസ്ഥമാക്കുക. അതനുസരിച്ച് കരുക്കൾ നീക്കുക. ഗുണമേന്മ, അതിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ഉൽപന്നം ഇന്നല്ലെങ്കിൽ നാളെ ക്ലിക്ക് ആകും ഉറപ്പ്.