ഒരു സോപ്പിൽ തുടക്കം; ഇന്ന് കയറ്റുമതി. കോടികളുടെ വരുമാനവുമായി വനിതാ സംരംഭക

പടവുകൾ

റ്റി. എസ്. ചന്ദ്രൻ

ഒരേ ഒരു ഉൽപന്നത്തിൽ തുടക്കം. അതും ഒരു കിലോയിൽ. ഇന്ന് 260-ൽ പരം ഉൽപന്നങ്ങൾ. 10-ൽ പരം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി. ബൃഹത്തായ ഒരു വ്യവസായ സ്ഥാപനമായി വളർന്നിരിക്കുന്നു അർസാദിന്റെ ‘ഹാപ്പി ഹെർബൽസ്’. പാലക്കാട് ജില്ലയിലെ മുതലമടയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഈ വനിതാ സംരംഭക ഇത്ര വലിയ നേട്ടം ഉണ്ടാക്കിയെടുത്തത്.

എന്താണ് ബിസിനസ്

ഹെർബൽ ഉൽപന്നങ്ങളും നിർമാണവും വിതരണവുമാണ് പ്രധാന ബിസിനസ്. ഹെർബൽ സോപ്പുകളും കോസ്മറ്റിക് ഉൽപന്നങ്ങളുമാണ് പ്രധാനയിനം. ലേഹ്യം, ചൂർണം, കഷായം തുടങ്ങിയ ആയുർവേദ ഉൽപന്നങ്ങളാണ് രണ്ടാമത്തെ ഇനം. ഭക്ഷണ സാമഗ്രികളാണ് മൂന്നാമത്തെ ഐറ്റം. നെല്ലിക്ക സിറപ്പ്, ചുക്ക് കാപ്പി, ഹെർബൽ കാപ്പി തുടങ്ങിയവയാണ്.

ഹെർബൽ സോപ്പ് മുഖ്യ ഉൽപന്നം

ഹെർബൽ കോസ്മറ്റിക് ഉൽപന്നങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഉൽപാദനം നടത്തുന്നു. ഇതിൽ മുഖ്യ ഉൽപന്നം ഹെർബൽ സോപ്പ് തന്നെ. ഏറെ പ്രത്യേകതകൾ ഉണ്ട് ഹെർബൽ സോപ്പിന്.

          >  68% വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.

           > 2% നാച്ചുറൽ ഓയിൽ ചേർക്കുന്നു.

           > ക്ലേ പൗഡറുകൾ അൽപം പോലും ഉപയോഗിക്കുന്നില്ല.

           > ഹെർബൽ പൗഡറുകളും ഇലകളുടെ ചാറുകളും പകരമായി ചേർക്കുന്നു.

            രക്തചന്ദനം, കസ്തൂരിമഞ്ഞൾ, കറ്റാർവാഴ, ലമൺ, ഫ്രൂട്ട് പൾപ്പുകൾ, തുളസിയില ഇവയുടെ                  ഓയിലുകളും, പൾപ്പുകളും പൗഡറുകളും ഉപയോഗിച്ചു വരുന്നു.

            പ്രത്യേക രീതിയിൽ മണ്ണ് ചേർത്ത (മുൾട്ടാണി മട്ടി) സോപ്പുകളും നിർമിക്കുന്നു.

            60-ൽ പരം വെറൈറ്റി സോപ്പുകൾ തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്.

            മറ്റേതൊരു ഹെർബൽ/ പൾപ്പ്/ ആയുർവേദ ഉൽപന്നങ്ങൾ ചേർത്ത് നിർമിച്ചു നൽകാൻ                      കഴിയുന്ന സ്ഥിതിയുണ്ട്. ഡിമാന്റ് അനുസരിച്ച് അപ്രകാരവും ചെയ്ത് വരുന്നു.

ഒരു കിറ്റിൽ തുടക്കം

ഒരു കിലോഗ്രാമിന്റെ സോപ്പ് കിറ്റിൽ നിന്നും ഒറ്റ സോപ്പ് ഉണ്ടാക്കി വിറ്റുകൊണ്ടാണ് അർഷാദ് തന്റെ സംരംഭം തുടങ്ങുന്നത്. പിന്നീട് പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. നിരവധി പേർക്ക് സോപ്പ് നിർമാണത്തിൽ പരിശീലനം നൽകി. ഖാദി ബോർഡിൽ നിന്നും ലഭിച്ച പ്രാഥമിക പരിശീലനം ഉപയോഗപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ സോപ്പ് നിർമാണത്തിലേക്ക് കടന്നു. രാമച്ചം, ചെറുപയർ പൊടി എന്നിവ ഉപയോഗിച്ച് സോപ്പ് നിർമിച്ച് വിൽക്കാൻ തുടങ്ങിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. പ്രാദേശികമായി ചെറിയ ഷോപ്പുകൾ കണ്ടെത്തി സോപ്പിന്റെ വിൽപന പടിപടിയായി കൂട്ടിക്കൊണ്ടുവന്നു. വിപണി മികച്ചതാണെന്ന് കണ്ടെത്തിയതോടെ സ്വന്തമായി ഉൽപാദനകേന്ദ്രം ആരംഭിച്ചു.

10 രാജ്യങ്ങളിലേക്ക് കയറ്റുമതി

20 വർഷത്തിനുള്ളിൽ സ്ഥാപനം വലിയ വളർച്ച നേടി. സ്ഥാപനത്തിലെ സ്ഥിരനിക്ഷേപം ഒരു കോടിയോളമായി ഉയർന്നു. ഏകദേശം 6 കോടിയുടെ പ്രതിവർഷ വിൽപന രേഖപ്പെടുത്തി. ഇതിൽ പകുതിയിൽ കൂടുതൽ കയറ്റുമതിയിലൂടെയാണ്. ഏകദേശം 10-ൽ പരം രാജ്യങ്ങളിലേയ്ക്ക് ഹെർബൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. അറേബ്യൻ രാജ്യങ്ങളിലേക്ക് നന്നായി കയറ്റുമതി നടത്തുന്നു. ഫ്രാൻസ്, ന്യൂസിലന്റ് ഉൾപെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും, യു. എസിലേയ്ക്കും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന തരത്തിലേയ്ക്ക് ഹാപ്പി ഹെർബൽ വളർന്നിരിക്കുന്നു. 30 പേർക്ക് ഈ സ്ഥാപനത്തിൽ തന്നെ നേരിട്ട് തൊഴിൽ നൽകിയിരിക്കുന്നു. 262 ഉൽപന്നങ്ങളാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഉൽപന്നങ്ങൾ നേരിട്ടാണ് കയറ്റുമതി ചെയ്യുന്നത്.

പ്രാദേശിക വിൽപനകളും നന്നായി നടക്കുന്നു. വിതരണക്കാർ വഴിയാണ് വിൽപന. സാധാരണ ഉൽപന്നങ്ങളേക്കാൾ അൽപം വില കൂടുമെങ്കിലും ജൈവ ഉൽപന്നങ്ങൾക്ക് വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്.

കിടമത്സരം പ്രശ്‌നമല്ല

വിപണിയിൽ കിടമത്സരം ഉണ്ടെങ്കിലും അതിനെ കിടമത്സരമായി കാണുന്നില്ല അർസാദ്. സ്വന്തം ഉൽപന്നങ്ങൾക്കാവശ്യമായ കസ്റ്റമറെ കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് പ്രധാനം. മികച്ച ഉൽപന്നങ്ങളാണെങ്കിൽ വില പ്രശ്‌നമാകുന്നില്ല എന്നാണ് അഭിപ്രായം. ഉൽപന്നങ്ങൾ പരിചയപ്പെടുത്തുവാൻ ലഭിക്കുന്ന അവസരങ്ങൾ ഒന്നും പാഴാക്കാറില്ല ഈ സംരംഭക. ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഏറ്റവും നല്ല ഒരു വേദി എക്‌സിബിഷനുകളാണ് എന്നാണ് അർസാദിന്റെ അഭിപ്രായം. പ്രാദേശിക/ ദേശീയ എക്‌സിബിഷനുകളിൽ എല്ലാം തന്നെ പങ്കെടുക്കും. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ നടത്തുന്ന എക്‌സിബിഷനുകളാണ് തന്റെ സംരംഭത്തിന്റെ വിജയത്തിന് സഹായിച്ചത്. മികച്ച ഗുണമേന്മ, നല്ല സർവ്വീസ് എന്നിവയാണ് കസ്റ്റമേഴ്‌സിനെ നിലനിർത്താൻ സഹായിക്കുന്നത്.

ജൈവ പാക്കേജിംഗ്

ഹാപ്പി ഹെർബൽസിന്റെ മറ്റൊരു പ്രധാന സവിശേഷത ജൈവ പാക്കേജിംഗ് ആണ്. ചണം, തുണി, പാള, ഇല എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചു വരുന്ന ജൈവ പാക്കിംഗ് സാമഗ്രികൾ. ചെറിയ ചാക്ക് സഞ്ചിയിൽ, ചെറിയ ടൊയിനിട്ട് കെട്ടി പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന സോപ്പുകൾ കാണുമ്പോൾ ആരും നോക്കിനിന്നു പോകും. അത്രയ്ക്ക് ആകർഷകവും, പരിസ്ഥിതി സൗഹൃദവുമാണ് സ്ഥാപനത്തിലെ പായ്ക്കിംഗ് സംവിധാനം. ടിൻ പാക്കിംഗ്, ബട്ടർ പൗച്ച് പാക്കിംഗ്, കാർട്ടൺ പാക്കിംഗ് എന്നീ രീതികളും അവലംബിച്ചു വരുന്നു.

ഹെർബൽ ഉൽപന്നങ്ങൾ പ്രാദേശികമായി

ഹെർബൽ ഉൽപന്നങ്ങൾ, ആയുർവേദ അസംസ്‌കൃത വസ്തുക്കൾ എല്ലാം തന്നെ പ്രാദേശികമായി സംഭരിക്കുന്നു. അരച്ച ജ്യൂസ് ഉൽപന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എടുക്കുന്നു. (fruit pulp) ജൈവ പാക്കിംഗ് ഉൽപന്നങ്ങളും കേരളത്തിൽ നിന്നും ലഭിക്കുന്നു. മുൾട്ടാണി മട്ടി പോലുള്ള ഉൽപന്നങ്ങൾ രാജസ്ഥാനിൽ നിന്നുമാണ് വരുത്തുന്നത്.

സ്വയം ഏറ്റെടുത്ത് വിജയിച്ച സംരംഭം

ഒരു പങ്കാളിത്ത സ്ഥാപനമായി തുടങ്ങിയതാണ്. എന്നാൽ പങ്കാളിയുമായി പല കാരണങ്ങളാൽ ഒത്തുപോകാൻ കഴിയാതെ വരികയും, സ്ഥാപനം നഷ്ടത്തിലേക്ക് പോകുകയും ചെയ്തപ്പോൾ അതിന്റെ ബാധ്യതകൾ സ്വയം ഏറ്റെടുക്കുകയായിരുന്നു അർസാദ്. പിന്നീട് ഏകദേശം രണ്ട് വർഷക്കാലം നിരന്തരമായ കഠിന പ്രയത്‌നം നടത്തിയാണ് സ്ഥാപനത്തെ ഇന്ന് കാണുന്ന കയറ്റുമതിയിലേക്കും, ഉയർച്ചയിലേക്കും എത്തിച്ചത്. ഇത് ഒറ്റയാൾ സമരത്തിന്റെ വിജയം കൂടിയാണ്. വലിയ സംതൃപ്തിയാണ് തിരിഞ്ഞ് നോക്കുമ്പോൾ.

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ ഇക്കോ ഫ്രണ്ട്‌ലി ഷോപ്പുകളിലൂടെ ഒരു പ്രീമിയം ഉൽപന്നം എന്ന നിലയിൽ ഹാപ്പി ഹെർബൽസിനെ വളർത്തിക്കൊണ്ട് വരാനും കഴിഞ്ഞു.

100 പേർക്ക് തൊഴിൽ നൽകുന്ന സംരംഭം

ഹെർബൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന പുതിയ ഒരു പ്ലാന്റ് ആണ് അർഷാദിന്റെ ഭാവി പരിപാടി. ഹെർബൽ സോപ്പ് ഓയിൽ ഉൾപെടെയുള്ള പുതിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കണം. കുട്ടികൾക്ക് പ്രത്യേകമായ കോസ്മറ്റിക് ഉൽപന്നങ്ങളും ഇവിടെ നിർമിച്ച് നൽകണം. 5 കോടി രൂപയുടെ നിക്ഷേപവും, 100 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന സംവിധാനങ്ങളുമാണ് ഉദ്ദേശിക്കുന്നത്. ആയുർവേദ ഉൽപന്നങ്ങളിലും ഏറെ സാധ്യതകളുണ്ട്. കൂടുതൽ മൂല്യവർദ്ധിത കാർഷിക ഉൽപന്നങ്ങളുടെ നിർമാണവും പുതിയ ലക്ഷ്യമാണ്.

(വ്യവസായ വാണിജ്യ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)