”എന്റെ കേരളം”- കുതിപ്പിന്റെ അടയാളം

രാജ്യത്തിന് മാതൃകയായി കുതിപ്പ് തുടരുന്ന കേരള സർക്കാരിന്റെ നാലാം വാർഷികം വർണാഭമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ”എന്റെ കേരളം” പ്രദർശന വിപണന മേള എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ഏപ്രിൽ 21 മുതൽ മെയ് 30 വരെ സംസ്ഥാനത്തുടനീളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും സന്ദർശകർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ ഉതകുന്ന തരത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വകുപ്പുതല സ്റ്റാളുകൾക്ക് പുറമേ, മാർക്കറ്റിംഗ് സ്റ്റാളുകൾ, തീം പവലിയനുകൾ, ഫുഡ് കോർട്ടുകൾ, പുസ്തകമേളകൾ, കാർഷിക പ്രദർശനങ്ങൾ എന്നിവയും മേളയിൽ ഉണ്ടാവും.

നാലാം വാർഷികം ആഘോഷിക്കുന്ന ഈ സർക്കാരിന്റെ മുഖമുദ്രയെന്നോണം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വകുപ്പെന്ന നിലയിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ നേട്ടങ്ങളും, പ്രവർത്തന പുരോഗതിയും വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റാളുകളാവും മേളയിൽ ഒരുക്കുന്നത്. മറ്റ് വകുപ്പുകളുടേത് പോലെ തന്നെ വ്യവസായ വാണിജ്യ വകുപ്പിന്റെയും സേവനങ്ങൾ പൊതുജനങ്ങൾക്ക് സർവ്വീസ് ചാർജ് കൂടാതെ തൽക്ഷണം ലഭ്യമാക്കുന്നതിനുള്ള സൗകര്യം സ്റ്റാളുകളിൽ ക്രമീകരിക്കുന്നുണ്ട്.

ജില്ലകളിലെ വൈവിധ്യമാർന്ന എം എസ് എം ഇ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുക, സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങൾക്ക് മാർക്കറ്റിംഗ് അവസരം ഒരുക്കുക, ആധുനികമായ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പരമ്പരാഗത വ്യവസായങ്ങൾ ഉൾപെടെയുള്ള പ്രധാന മേഖലകളിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, സർക്കാർ സേവനങ്ങൾ, പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് മേളയിൽ വ്യവസായ വകുപ്പ് മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ.

ഭക്ഷ്യ സംസ്കരണം, വസ്ത്ര നിർമാണം, ടൂറിസം, ആയുർവേദം, എയ്റോ സ്പേസ് എഞ്ചിനീയറിംഗ്, റോബോട്ടിക്സ്/ എ. ഐ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ഹരിതോർജ്ജ ഉൽപാദകർ, കയർ- കൈത്തറി- കരകൗശലം തുടങ്ങി പരമ്പരാഗത മേഖലകളിൽ നിന്നുമുള്ള സംരംഭങ്ങൾക്കാണ് മേളയിൽ മുൻഗണന നൽകിയിരിക്കുന്നത്. ഉത്തരോത്തരം വികസിതമാവുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ മേളകൾ ഊർജ്ജം പകരുമെന്നത് തർക്കമറ്റ വസ്തുതയാണ്.