എം എൽ എം വടിയെടുത്ത് കേരളം

എഴുമാവിൽ രവീന്ദ്രനാഥ്

ഉപഭോക്തൃ സംസ്ഥാനമെന്ന പേര് ഇന്നും പേറുന്ന സംസ്ഥാനമാണ് കേരളം. ഉല്പാദനരംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും കേരളീയർ അന്യസംസ്ഥാനങ്ങളിലെ സംരംഭകരാൽ പറ്റിക്കപ്പെടുന്നു എന്നതാണ് വാസ്തവം. ഓഫറുകളോട് എന്നും പ്രിയം കാട്ടുന്ന മലയാളികളെ ആ വഴിയിലൂടെ തന്നെയാണ് അവർ വലയിൽ വീഴ്ത്തുന്നത്. ഓൺലൈൻ മാർക്കറ്റിംഗിന്റെ കാലമാണല്ലോ ഇത്. സ്ഥാപനത്തിന്റെ വെബ് സൈറ്റിലും ചാനലുകളിലും ഉൽപന്നങ്ങൾ നിരത്തിവെച്ച് സംരംഭകർ പ്രചാരവേലകൾ ചെയ്യുന്നു. ഉൽപ്പന്നത്തിൽ ഒന്നു തൊട്ടാൽ അതിൻറെ ഗുണഗണങ്ങളും വിലയും ബ്ലിങ്ക് ചെയ്തു തുടങ്ങും. ഒപ്പം ബക്കറ്റിലേക്കുള്ള ക്ഷണവും. ഒന്നുകൂടി തൊട്ടാൽ സംഗതി ബക്കറ്റിൽ ആയി. പിന്നെ വിലാസവും വഴിയും പറഞ്ഞു കൊടുക്കണം. പെയ്മെൻറ് രീതിയും തീരുമാനിക്കണം അതോടെ ഡീൽ ഉറപ്പായി. മറിച്ച് സെക്കൻഡ് ക്ലിക്ക് നൽകാതെ നമ്മൾ പുറത്തു പോയാൽ കമ്പനി എക്സിക്യൂട്ടീവിന്റെ തുരുതുരാ വിളിയും വാട്സ്ആപ്പ് സന്ദേശവും വരും. ഈ വിളിയിൽ ചില കമ്പനികൾ എം എൽ എം തന്ത്രമാവും പയറ്റുക. 500 രൂപയുടെ ഉൽപ്പന്നം നാം വാങ്ങിയശേഷം അഞ്ച് പേരെ കമ്പനിക്ക് പരിചയപ്പെടുത്തണം. അവർ ഉൽപന്നം വാങ്ങിയാൽ 500 രൂപ നമുക്ക് തിരികെ കിട്ടും എന്ന് വെച്ചാൽ ഉൽപ്പന്നം ഫ്രീയായി നമുക്ക് കിട്ടും.

ഈ ഫ്രീ ഓഫർ കേൾക്കുമ്പോൾ ആരും വീണു പോകും. മറുഭാഷയിൽ സംസാരിക്കുന്ന അല്ലെങ്കിൽ കമ്പ്യൂട്ടർ ജനറേറ്റഡ് വെൽക്കം കോൾ അയക്കുന്നവർ ഭാഷയ്ക്കും ഓപ്ഷൻ വച്ചിട്ടുണ്ട്. മറുഭാഷകൾ അറിയാത്തവർക്ക് മാതൃഭാഷ സംസാരിക്കുന്ന എക്സിക്യൂട്ടീവുകളെയും കമ്പനി വിന്യസിപ്പിച്ചിട്ടുണ്ടായിരിയ്ക്കും. ടെലി കോളേഴ്സ് ആയി തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവർ ഇരയെ ട്രാപ്പിലാക്കിയാൽ ഒരാൾക്ക് ഇത്ര രൂപ കമ്മീഷനും കമ്പനി നൽകും. ശമ്പളത്തോളമോ അതുക്കും മേലോ കമ്മീഷൻ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കോളേഴ്സ് മധുര മനോഹര ഭാഷയിൽ സംസാരിക്കും. അതോടെ 50 ശതമാനം കേൾവിക്കാരും ‘ഫ്ളാറ്റ’് ആകും.

ഈ ഇടപാട് സംബന്ധിച്ച് രേഖാമൂലമായ ഒരു സംഗതികളും ഇല്ല ഉപഭോക്താക്കളും ടെലി കോളേഴ്സും പ്രമോട്ടർമാരാകുന്നു. മൗത്ത് ടു മൗത്ത് പ്രൊപ്പഗൻഡ മാത്രം. ഇത് ഒരു സമയം വരെ അനുസ്യൂതം തുടരും. ഒടുവിൽ നിലയ്ക്കുകയും ചെയ്യും. ഇതിനോടകം കമ്പനി കൊയ്യുന്നത് കോടികളാവും. വെറും 100 രൂപയുടെ ഉൽപ്പന്നമാവും ഇവർ 500 ന് വിൽക്കുന്നത്. സെയിൽസ് പ്രമോഷനും കമ്മീഷനുമായി ഒരു 150 രൂപ കൂടി ചെലവാക്കിയാലും ബാക്കി മുഴുവൻ ലാഭം. കമ്പനിക്കും സെയിൽസ് പ്രൊമോട്ടേഴ്സിനും സന്തോഷം. എപ്പോഴെങ്കിലും ശൃംഖല മുറിഞ്ഞാലും ഉപഭോക്താവിന് പരാതിയില്ല. അവന് ഉൽപ്പന്നം കൃത്യമായി കിട്ടിയല്ലോ എം ആർ പി കൊടുത്തത് മുതലായല്ലോ എന്നതാവും അവരുടെ ചിന്താഗതി. കൊടുത്ത പണം മുഴുവൻ തിരിച്ചു പിടിക്കാനുള്ള ആക്രാന്തം കാണിക്കുന്നവരാണ് കമ്പനിയുടെ ചാലകശക്തി. അവർ സജീവമായിരിക്കുന്നിടത്തോളം കാലം കമ്പനി ലാഭം കൊയ്യും.

ഈ രീതിയിൽ പ്രവർത്തിക്കുന്ന നൂറിലേറെ എംഎൽഎം (മൾട്ടിലെവൽ മാർക്കറ്റിംഗ്) കമ്പനികൾ ഇന്ന് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ സജീവമാണ്. ഇവർ നിയമപ്രകാരമുള്ള നികുതികൾ കൊടുക്കുന്നില്ല. നിബന്ധനകളും പാലിക്കുന്നില്ല. സൗന്ദര്യവർദ്ധകങ്ങൾ മുതൽ വിവിധതരം ഗൃഹ ബന്ധിത ഉൽപ്പന്നങ്ങൾ വരെ ഇപ്രകാരം വിറ്റഴിക്കപ്പെടുന്നു. പ്രതിമാസം 40 കോടിയോളം രൂപയുടെ ക്രയവിക്രയം എംഎൽഎം വിപണിയിൽ ഇവിടെ നടക്കുന്നു.

ഇതിനു തടയിടുവാനാണ് കേരളം ഒരുങ്ങുന്നത്. 2021 ലെ കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമ (ഡയറക്ട് സെല്ലിംഗ്) ത്തിന്റെ ചുവടുപിടിച്ചാണ് ഇവിടെ നിയമനിർമാണം. സംസ്ഥാന ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിൽ സ്റ്റേറ്റ് മോണിറ്ററിംഗ് അതോറിറ്റി (എസ് എം എ) രൂപീകരിക്കുകയാണ് ഇതിനായി ആദ്യം ചെയ്യുന്നത്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, ഫുഡ് സിവിൽ സപ്ലൈസ് കമ്മീഷണർ കൺവീനറുമായ സമിതിയിൽ 11 അംഗങ്ങളാവും ഉള്ളത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഫിനാൻസ്, ലോ, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, സെൻട്രൽ ആൻഡ് സ്റ്റേറ്റ് ജി എസ് ടി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ മറ്റു വിദഗ്ദ്ധാംഗങ്ങൾ എന്നിവരും സമിതിയിൽ ഉള്ളത്.

സ്ഥാപനം, ഉൽപന്നം, വില നിലവാരം, ഗുണമേന്മ, അളവ്, തൂക്കം, നികുതിയടവ് സംബന്ധിച്ച വിഷയങ്ങൾ, സ്ഥാപനത്തിന് ആവശ്യം വേണ്ട ലൈസൻസുകൾ തുടങ്ങിയവയെല്ലാം സമിതി പരിശോധിക്കും. ഓരോ വർഷത്തെയും ബാങ്ക് സ്റ്റേറ്റ്മെന്റ്, വിറ്റുവരവ് സ്റ്റേറ്റ്മെന്റ്, ഓഡിറ്റ് റിപ്പോർട്ട്, ടാക്സ് സ്റ്റേറ്റ്മെന്റ്, ഷിപ്മെൻറ് രേഖകൾ തുടങ്ങിയവയും സമിതി വിശകലനം ചെയ്യും. ഭക്ഷ്യോൽപന്നങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ, സൗന്ദര്യ വർദ്ധിനികൾ, ഔഷധങ്ങൾ എന്നിവയുടെ കാര്യത്തിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് നിർബന്ധമാക്കും. അതത് സംസ്ഥാനങ്ങളിലെ ആതോറിറ്റികളുടെ ലൈസൻസ് ഇവയ്ക്കുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളും വെബ്സൈറ്റുകൾ തുടങ്ങുകയും തങ്ങളുടെ ഉല്പന്നങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അതിൽ സവിസ്തരം പ്രതിപാദിയ്ക്കുകയും വേണം. പൊള്ളയായ വാഗ്ദാനങ്ങൾ നിരത്തിയ പരസ്യങ്ങൾ അവകാശവാദങ്ങൾ ഇവ പൂർണ്ണമായും നിയന്ത്രിക്കും. ഇതിന് മാജിക്കൽ റമഡീസ് ആക്ട് പ്രയോഗിക്കും.

സംസ്ഥാനത്ത് ഓൺലൈൻ മാർക്കറ്റിംഗ് രംഗത്ത് നിരവധി വ്യക്തികളും സ്ഥാപനങ്ങളും സജീവമാണ്. വീടുകളിൽ ഉത്പാദിപ്പിച്ച ചില ഒറ്റമൂലികളും മറ്റും ഓൺലൈനിലൂടെ വിറ്റഴിക്കപ്പെടുന്നുണ്ട്. ഔഷധങ്ങളുടെ കാര്യത്തിൽ അംഗീകൃത ഡോക്ടർ / വൈദ്യൻമാർക്കു മാത്രമേ ഇത്തരം പ്രവൃത്തികളിൽ ഏർപെടാനാവൂ. അല്ലെങ്കിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലൈസൻസ് നേടിയിരിക്കണം. ഇതിന് എസ് ഒ പി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ), ജി എം പി (ഗുഡ് മാനുഫാക്ചറിങ്ങ് പ്രാക്ടീസ്) സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. എംഎൽഎം രീതിയിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെ കേരളം ആസ്ഥാനമായിട്ടില്ല. എന്നാൽ ഇവയ്ക്ക് വേണ്ടി പണിയെടുക്കുന്ന നിരവധി ഉപഭോക്താക്കൾ ഇവിടെയുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഉൽപ്പന്നങ്ങളിൽ ഗുണമേന്മ ഉയരുകയും, വിലകളിൽ വ്യതിയാനം ഉണ്ടാവുകയും ചെയ്യും. എല്ലാ ഉൽപ്പന്നങ്ങൾക്കും ഗ്യാരണ്ടി, വാറണ്ടി എന്നിവയും ഉറപ്പാക്കപ്പെടും. കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ തുറക്കണം. ഹെൽപ്പ് ലൈൻ നമ്പർ വ്യക്തമായി വെബ്സൈറ്റിലും ഉൽപന്നത്തിന്റെ പാക്കിങ്ങിൽ പ്രദർശിപ്പിക്കുകയും വേണം.

നമ്മുടെ സംരംഭകർക്കും ഈ സംവിധാനം സഹായകകരമാകും. ഉപഭോക്തൃ സംരക്ഷണം, ഉൽപ്പന്നത്തിന്റെ ഗുണമേന്മ, വിപണനത്തിലെ സുതാര്യത, നിയമാനുസൃതമുള്ള പ്രവർത്തനങ്ങൾ, എന്നിവ ഉറപ്പു നൽകുന്നതാവും സംസ്ഥാന സർക്കാരിൻറെ ഈ നടപടി. വിപണിയിലെ കള്ളനാണയങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്നും പ്രത്യാശിക്കാം.