അൽപം സുഗന്ധ വിചാരം

പാർവതി ആർ. നായർ

മല്ലികപ്പൂവിൻ മധുരഗന്ധം മന്ദസ്മിതം പോലുമൊരു വസന്തം

ശ്രീകുമാരൻ തമ്പിയുടെ സുഗന്ധപൂരിതമായ വരികൾക്ക് എം. കെ. അർജ്ജുനന്റെ മധുരതരമായ സംഗീതവും ജയചന്ദ്രന്റെ തേനൂറുന്ന ആലാപനവും കൂടി ആയപ്പോൾ സംഗീതപ്രേമികളുടെ ഹൃദയങ്ങളിലാകെ മുല്ലപ്പൂക്കൾ വിരിയുകയായി. സുഗന്ധപുഷ്പങ്ങളിൽ പനിനീർപ്പൂ കഴിഞ്ഞാൽ രണ്ടാമത് മല്ലിപ്പൂ തന്നെ. വിശേഷാവസരങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കുന്ന സുഗന്ധവാഹി, പക്ഷെ മല്ലിക എന്ന മുല്ലയാണെന്നതിൽ യാതൊരു തർക്കവുമില്ല. മൊട്ടായിത്തന്നെ കൊരുക്കാനും എത്ര നീളത്തിലുള്ള മാലകളായി കെട്ടാനും മുല്ല തന്നെ ഉത്തമം. പനിനീർപ്പൂവെന്ന റോസിനേക്കാൾ വിലയും നന്നേ കുറവ്.

മോഗ്രാ, ചമേലി, മോട്ടിയാ, ജൂഹി, മല്ലിഗൈ, ജാതിമല്ലി തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ മുല്ല തന്നെ വിവിധ തരമുണ്ട്. കുറുമൊഴി, കുരുക്കുത്തി, പരൽമുല്ല, മരമുല്ല, കുടമുല്ല, വാടാമുല്ല എന്നിങ്ങനെ അവയുടെ നിര നീളുന്നു. ദക്ഷിണേന്ത്യയിൽ സ്ത്രീജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കുന്നതാണ് മുല്ലപ്പൂവും കനകാംബരവും. തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും വനിതകൾക്ക് നിത്യവും ഇവയുടെ മാല ചൂടിയേ കഴിയൂ. കേരളീയ വനിതകൾക്ക് ഇവ രണ്ടും ഇഷ്ടമാണെങ്കിലും വിശേഷാവസരങ്ങളിൽ മാത്രമേ അണിയാറുള്ളൂ. എന്നാൽ മറുനാടൻ വനിതകൾ അവരുടെ അനുഷ്ഠാനം ഈ നാട്ടിലും തെറ്റിക്കാറില്ല.

ഏറ്റവും കൂടുതൽ മുല്ലകൃഷിയുള്ള രണ്ട് സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കർണാടകവും. കർണാടകത്തിൽ 12,500 ഹെക്ടർ സ്ഥലത്താണ് മുല്ലകൃഷി. മുല്ല മാത്രമല്ല, മറ്റു പൂക്കളും സമൃദ്ധമായി വിരിയിക്കുന്ന സംസ്ഥാനമാണിത്. ഇന്ത്യയിലെ പുഷ്പകൃഷിയിൽ 75 ശതമാനവും ഈ സംസ്ഥാനത്താണ്. തമിഴ്‌നാടും പൂകൃഷിയിൽ മോശമല്ല. 9360 ഹെക്ടർ സ്ഥലത്ത് മുല്ലകൃഷി നടത്തുകയും പ്രതിവർഷം 77,247 ടൺ പൂക്കൾ കയറ്റി അയക്കുകയും ചെയ്യുന്ന സംസ്ഥാനമാണിത്. മണത്തിലും ഗുണത്തിലും മെച്ചപ്പെട്ട മുല്ലപ്പൂക്കൾ ലോകത്തിന് നൽകുന്നത് തമിഴ്‌നാട് തന്നെ. മുല്ലപ്പൂക്കളുടെ തലസ്ഥാനമായി മധുരയെ കണക്കാക്കുന്നു. പൂമണമൊഴുകുന്ന മധുരയിലെ സന്ധ്യകളെപ്പറ്റി എത്ര കവികളാണ് വർണിച്ചിട്ടുള്ളത്.

തുറസ്സായ സ്ഥലം, മിതമായ കാലാവസ്ഥ, ചരൽ കലർന്ന മണ്ണ് ഇതൊക്കെയാണ് മുല്ലകൃഷിയ്ക്ക് അനുയോജ്യം. എല്ലാ മാസവും വിളവെടുക്കാൻ ശാസ്ത്രീയ കൃഷി രീതികൾ അവലംബിക്കുന്നതിലൂടെ കഴിയും. എങ്കിലും മാർച്ചു മുതൽ ജൂൺ വരെയാണ് ഇവയുടെ യഥാർത്ഥ സീസൺ. കൃത്യമായ വളപ്രയോഗം, രോഗപ്രതിരോധം, ജലസേചനം ഇവയിലൂടെയാണ് കർഷകർ വർഷം മുഴുവൻ പൂക്കൾ വിരിയിയ്ക്കുന്നത്.

തലയിൽ ചൂടാനും ആഘോഷങ്ങൾക്ക് ചാരുത പകരാനും മാത്രമല്ല, പ്രകൃതിദത്ത സുഗന്ധതൈലം ഉണ്ടാക്കുവാനും മുല്ലപ്പൂ ഉപയോഗിച്ചു വരുന്നു. ഇൻഡോർ എന്ന രാസഘടകമാണ് മുല്ലപ്പൂവിനു സുഗന്ധം നൽകുന്നത്. പ്രഭാതത്തിൽ തന്നെ ഇത് വേർതിരിച്ചെടുക്കുകയാണ് പതിവ്. 10,000 മുല്ലപ്പൂക്കളിൽ നിന്നാണ് 30 മി. ലി. സുഗന്ധ സത്ത് ലഭിക്കുക. അപ്പോൾ അതിന്റെ വില എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുല്ലപ്പൂക്കളിൽ നിന്നു വേർതിരിക്കുന്ന രാസഘടകങ്ങളെ അബ്‌സല്യൂട്ട് എന്നും കോൺക്രീറ്റ് എന്നും പറയുന്നു. വലിയ ട്രേകളിൽ മുല്ലപ്പൂ നിറച്ച് പോളി കവറിങ്ങ് നടത്തിയശേഷം ഹെക്‌സയിൽ എന്ന കെമിക്കൽ കോമ്പൗണ്ട് കടത്തി വിട്ടാണ് ഈ പ്രക്രിയ. വിത്തുകളിൽ നിന്നും പച്ചക്കറികളിൽ നിന്നും ഭക്ഷ്യ എണ്ണ വേർതിരിച്ചടുക്കുന്ന രാസമാധ്യമമായ ഹെക്‌സയിൻ മുല്ലപ്പൂവിൽ നിന്ന് മെഴുക് രൂപത്തിൽ ദൃഢ സുഗന്ധ പൂരിതമായ കോൺക്രീറ്റ് വേർതിരിക്കുന്നു. ഇത് ഈഥൈൽ ആൽക്കഹോളിൽ ലയിപ്പിച്ചാണ് അബ്‌സല്യൂട്ട് തയ്യാറാക്കുക. ഒരു ഹെക്ടറിൽ നിന്ന് 22. കി. ഗ്രാം വരെയാണ് ഇതുണ്ടാക്കാനാവുക. ഇവയാണ് പിന്നീട് സുഗന്ധതൈലങ്ങളായി മാറുന്നത്. വളരെ സങ്കീർണമായ പ്രക്രിയയിലൂടെ ലഭിയ്ക്കുന്നതിനാൽ പ്രകൃതിദത്ത തൈലത്തിന് വിലയേറും. സുഗന്ധതെല പ്രിയർ ഓർക്കുക വിപണിയിൽ വില കുറച്ചു ലഭിയ്ക്കുന്ന മുല്ലപ്പൂ തൈലത്തിൽ മുല്ലയും പൂവുമില്ല! അവ കവറുകളിലെ ചിത്രങ്ങളിൽ മാത്രം.

കേരളത്തിനും പരീക്ഷിക്കാവുന്നതാണ് ഈ കൃഷി. ജലദൗർലഭ്യം അനുവഭവപ്പെടുന്ന തമിഴകത്തിന് പുഷ്പ സമൃദ്ധി ചൊരിയാമെങ്കിൽ എന്തുകൊണ്ടു നമുക്കും ഒന്നു ശ്രമിച്ചുകൂടാ. ഇടക്കാലത്ത് ഇവിടെ കുറ്റിമുല്ല കൃഷി വ്യാപകമായിരുന്നു. ടെറസ്സുകളിലും മുറ്റത്തെ ഇത്തിരി മണ്ണിലും വരെ പൂക്കൾ വിരിയിച്ച നിരവധി വീട്ടമ്മമാരുടെ വിജയകഥകൾ മാധ്യമങ്ങളിൽ വന്നിരുന്നു. പക്ഷെ ആഭ്യന്തര വിപണി ഇവിടെ വികസിച്ചിട്ടില്ല എന്നതാണു പ്രശ്‌നം. സീസണൽ ആണിവിടെ പൂക്കച്ചവടം. ബാഹ്യവിപണിയിലേക്കുള്ള വാതായനങ്ങൾ അയൽ സംസ്ഥാനങ്ങളിലെ ‘പൂമാഫിയ’ കെട്ടിയടച്ചിരിയ്ക്കുന്നുവത്രേ.

ഒരു സെന്റു മുതൽ എത്ര വിസ്തൃതിയിലും മുല്ലപ്പൂ വിപ്ലവം ആരംഭിയ്ക്കാം. (ടുണീഷ്യൻ ഏകാധിപതിയ്‌ക്കെതിരെ നാട്ടുകാർ തെരുവിലിറങ്ങിയ വീരഗാഥയ്ക്കും മുല്ലപ്പൂ വിപ്ലവമെന്നാണ് പേര്. ഇവിടെ തരിശു ഭൂമികളിലെ കളകളെ പുറത്താക്കി നമുക്കൊരു വിപ്ലവം തന്നെ നടത്താം). ജൈവവളങ്ങൾ സമൃദ്ധമായിട്ട തടങ്ങളിൽ കൃത്യമായ പ്രൂണിങ്ങും ജലസേചനവും നടത്താനും ജൈവ കീടനാശിനികൾ പ്രയോഗിക്കുവാനും പരിചയ സമ്പന്നരായ കൃഷിക്കാരെ അഥവാ തൊഴിലാളികളെ വിന്യസിക്കണം. വിരിയും മുമ്പേ ശേഖരിയ്ക്കാനും പായ്ക്ക് ചെയ്യാനുമൊക്കെ വൈദഗ്ദ്ധ്യമുള്ളവരെ അയൽ സംസ്ഥാനങ്ങളിലെ പൂന്തോപ്പുകളിൽ നിന്നും തുടക്കത്തില കണ്ടെത്തുകയും വേണം. മെറിഗോൾഡ്, ജമന്തി തുടങ്ങിയവയെപ്പോലെയല്ല മുല്ലപ്പൂക്കൾ. 48 മണിയ്ക്കൂറിനുള്ളിൽ അവയുടെ വിപണനം ഉറപ്പാക്കിയിരിയ്ക്കണം.

വസന്താഗമനത്തോടെ വിവിധ സാംസ്‌കാരിക സംഘടനകൾ പുഷ്പ പല സസ്യ പ്രദർശനങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിയ്ക്കാറുണ്ട്. ഇവയിലെല്ലാം അഭൂതപൂർവമായ ജനത്തിരക്കുമാണ്. ഇവയിൽ പ്രേക്ഷകരായെത്തുന്നവർ 90 ശതമാനം പേരും സ്വന്തം ആവശ്യത്തിനായി മാത്രം സസ്യങ്ങൾ വാങ്ങുന്നു. പത്ത് ശതമാനം പേരാണ് സംരംഭകത്വത്തിന് തയ്യാറാവുന്നത്. അവർ തേടുന്നത് വിപണന സാധ്യതകളാണ്. പെട്ടെന്ന് നിറം മങ്ങുന്ന മുല്ലയേക്കാൾ ദീർഘകാലം നിലനിർത്താവുന്ന പൂക്കളാണ് അവരും വിപണനത്തിനൊരുക്കാനാഗ്രഹിയ്ക്കുന്നത്. കൂടുതൽ വിപണിയും ആദായവും കിട്ടുന്ന ഓർക്കിഡും മറ്റുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. അതിൽ അവർ വിജയിച്ചിട്ടുമുണ്ട്. ഇവിടെ പുഷ്പകൃഷിയ്ക്കുള്ള ആഭ്യന്തര വിപണി അത്ര വർണാഭമല്ല സീസൺ അനുസരിച്ചാണ് മലയാളികൾ പൂക്കൾ വാങ്ങുന്നത് ഉയർന്ന നിലവാരമുള്ള പൂക്കളിൽ നിന്നും തൈലം വേർതിരിച്ചെടുക്കാനുള്ള യൂണിറ്റുകൾ നമുക്കില്ല. അസംസ്‌കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് വർഷം മുഴുവൻ കിട്ടിയാലേ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയൂ. നല്ല വെയിലും ജലസേചനവും സസ്യ സംരക്ഷണവും കൊണ്ട് അദ്ധ്വാനശീലർക്ക് വിജയം കൊയ്യാൻ നമ്മുടെ കുഞ്ഞു സംസ്ഥാനത്തിനുമാവും.

സംസ്ഥാന കൃഷി വകുപ്പ് സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ വഴി പുഷ്പകൃഷിയ്ക്കുള്ള എല്ലാവിധ സഹായങ്ങളും നൽകി വരുന്നു. ജില്ലകൾ തോറുമുള്ള ടെക്‌നിക്കൽ കമ്മറ്റി കർഷകരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് ഇതിലേയ്ക്കുളള പ്രൊപ്പോസലുകൾ തയ്യാറാക്കുന്നത് കട്ട്ഫ്‌ളവർ (ജർബറ, ആന്തൂറിയം, ഓർക്കിഡ് മുതലായവ) ലൂസ് ഫ്‌ളവർ (ജാസ്മിൻ, മെറിഗോൾഡ്, കനകാംബരം മുതലായവ) പോട്ടഡ് പ്ലാന്റ്‌സ് (റോസ് ഇനങ്ങൾ) തുടങ്ങിയവയ്‌ക്കെല്ലാം പ്രോത്സാഹനം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ബാഹ്യവിപണി വികസനമാണ് ഇവിടെ അനിവാര്യം. ഉൽപന്നങ്ങൾ വാങ്ങാൻ തയ്യാറുള്ള ഏജൻസി നെറ്റ്‌വർക്ക് കൂടി സ്ഥാപിച്ച ശേഷം വേണം കൃഷി തുടങ്ങാൻ.