അവസരങ്ങളുടെ പെരുമഴ പെയ്ത് വിദ്യാർത്ഥി സംരംഭകത്വം

ആഷിക്ക്. കെ പി

അവസരങ്ങളുടെ പറുദീസയാണ് ഇന്ത്യ. അത്തരം സാധ്യത കളുടെ നേട്ടം കൊയ്‌തെടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇന്ന് വിദ്യാർത്ഥി സംരംഭകത്വത്തിലൂടെ സംജാതമായി കൊണ്ടിരിക്കുന്നത്. ഒരു സ്റ്റാർട്ടപ്പ് സംസ്‌കാരം ഇന്ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം മുഖ്യ സ്ഥാനത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആദ്യകാലങ്ങളിൽ ഇത് നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സ്ഥാപനങ്ങളിൽ മാത്രമാണെങ്കിൽ ഇന്ന് ഗ്രാമങ്ങളിലും ഏറെ പ്രാധാന്യത്തോടെ കൂടി ആരംഭിച്ചു കൊണ്ടിരിക്കുകയാണ്.

വിദ്യാർത്ഥി സംരംഭകത്വത്തിന് ഇന്ന് ഏറെ വലിയ മാനം കൈവന്നിട്ടുണ്ട് . അതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ

ഒന്നാമതായി വിദ്യാർത്ഥി സംരംഭകത്വത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ തന്നെയാണ്.  കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും സ്വകാര്യ നിക്ഷേപകരിലൂടെയും വിദ്യാർത്ഥി സംരംഭകത്വത്തിന് വിവിധ തലങ്ങളിൽ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് അടൽ ഇന്നവേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായം,  മെന്ററിങ് , സാങ്കേതിക സഹായം തുടങ്ങിയവയൊക്കെ ത്വരിതഗതിയിൽ വിദ്യാർത്ഥികൾക്ക് എത്തിക്കുവാൻ കഴിയുന്നു. ബിസിനസ്സ്  ഇൻക്യുബേഷൻ, മെന്ററിംഗ് തുടങ്ങിയ മൂന്നു അടിസ്ഥാന മേഖലകളിൽ അടൽ ഇന്നവേഷൻ മിഷൻ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി ഇന്ത്യയിലുടനീളം പ്രവർത്തിച്ചുവരുന്നു. കൂടാതെ സ്റ്റാർട്ടപ്പ് ഇന്ത്യ മിഷൻ നികുതി ഇളവുകൾ,  നിയമ നൂലാമാലകൾ നിന്നുള്ള സംരക്ഷണം സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കൽ തുടങ്ങി ഒരു സംരംഭം തുടങ്ങാനും മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കുന്ന തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.  അതേപോലെതന്നെ സ്വകാര്യമേഖലയിൽ ധാരാളം സ്ഥാപനങ്ങളും സംഘടനകളും വിദ്യാർത്ഥി സംരംഭകത്വത്തിന് നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്.

രണ്ടാമതായി വിദ്യാർത്ഥി സംരംഭകത്വത്തിന്റെ പ്രസക്തി വർദ്ധിച്ചുവരുന്ന വിപണന സാധ്യതയാണ്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഏതു ഉത്പന്നവും നവീനവൽക്കരണവും ഗുണമേന്മയുള്ളതും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലും ആണെങ്കിൽ വിപണി കണ്ടെത്താൻ പ്രയാസമില്ല എന്ന തരത്തിലേക്ക് ഇന്ന് ഇന്ത്യൻ വിപണി മാറിയിരിക്കുന്നു.  ഇത് നവ സംരംഭകർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥി സംരംഭകർക്ക് ഏറെ ഉന്മേഷം നൽകുന്നു. മധ്യവർഗ്ഗത്തിന്റെ വർദ്ധനവും വിദ്യാഭ്യാസ പുരോഗതിയും സാങ്കേതിക വിദ്യകളുടെ ത്വരിതഗതിയിലുള്ള വികാസവും സംരംഭങ്ങളുടെ കുതിപ്പിനെ ഏറെ മുന്നോട്ടു എത്തിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥി സംരംഭകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഏതു മേഖലയിലും വിദ്യാർഥി സംരംഭകർക്ക് വിപണന സാധ്യതയുണ്ട് എന്നതാണ് വസ്തുത.  ആരോഗ്യം, കാർഷികം,  ചെറുകിട വ്യവസായം, സേവനം, സാമ്പത്തിക – സാമൂഹ്യ മേഖല,  മത്സ്യബന്ധന മേഖല, ഈ കൊമേഴ്‌സ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാർന്ന സംരംഭകത്വ സാധ്യതകളാണ് ഉൽപാദന മേഖലയിലും സേവന മേഖലയിലും വിദ്യാർഥി സംരംഭകർക്കായി ഉള്ളത്. നിലവിൽ ഈ മേഖലയിലുള്ള വലിയ വിടവുകൾ മനസ്സിലാക്കുവാനും ആ വിടവുകൾ നികത്തുവാനുള്ള സംരംഭങ്ങൾ തുടങ്ങുവാനും കഴിഞ്ഞാൽ വിദ്യാർഥി സംരംഭകത്വത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വഴിത്തിരിവ് ആയി മാറും.

 

മൂന്നാമത്തെ അനുകൂല ഘടകം സാങ്കേതിക വിദ്യകളെ എളുപ്പം സ്വായത്തമാക്കൽ വിദ്യാർഥി സംരംഭകത്വത്തിന്റെ പ്രസക്തിയും വേഗതയും കൂട്ടുന്നു എന്നതാണ്.  നാലാം വ്യാവസായിക വിപ്ലവത്തോടൊപ്പം മുന്നേറുന്ന നിർമ്മിത ബുദ്ധിയും ക്ലൗഡ് കമ്പ്യൂട്ടിംഗ് ടെക്‌നോളജിയും ഇൻറർനെറ്റ് ഓഫ് തിങ്ങ്‌സ്,  റിപ്പോർട്ടിംഗ്,  റോബോട്ടിക്‌സ് തുടങ്ങിയ എല്ലാ സാങ്കേതിക വിദ്യകളും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം എളുപ്പം സായത്തമാക്കാനും അത് വളരെ പെട്ടെന്ന് തന്നെ സംരംഭകത്വമായി കൂട്ടിച്ചേർത്തുകൊണ്ട് ഉൽപാദന വിതരണ മേഖലയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ട് മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നു.

മറ്റൊന്ന് വിദ്യാർത്ഥി സംരംഭകത്വത്തിലൂടെ പുതുതലമുറയുടെ മനോഭാവം എളുപ്പത്തിൽ മാറ്റാൻ കഴിയുന്നു എന്നതാണ്. അറിവിനെ തിരിച്ചറിവാക്കി മാറ്റാനും അത് പ്രയോഗവൽക്കരിക്കുവാനും വളരെ ചെറുപ്പത്തിലെ സാധിക്കുന്നു എന്നുള്ളത് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ തന്നെ സ്വന്തം കഴിവും അറിവും ഉപയോഗിച്ച് ഒരു സംരംഭം കെട്ടിപ്പടുക്കുകയും അതിനുതകുന്ന രീതിയിൽ വിദ്യാഭ്യാസത്തോടൊപ്പം സംരംഭകത്വത്തെയും മുന്നോട്ട് നയിക്കുകയും ചെയ്യുമ്പോൾ വിപ്ലവകരമായ മാറ്റമാണ് അതിലൂടെ സംജാതമാകുന്നത്, പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ വിജയിച്ച യുവ സംരംഭകരുടെ ഒരു വലിയ നിര തന്നെ കാണാം . ഇത് വിദ്യാർത്ഥികൾക്ക് സംരംഭകത്വത്തിലേക്ക് മുന്നേറാനുള്ള പ്രചോദനമായി മാറുന്നു.  ഓല എന്ന സ്ഥാപനത്തിൻറെ ഉടമയായ ഭവീഷ് അഗർവാൾ. ഓയോ എന്ന സംരംഭകത്വത്തിന്റെ ഉടമയായ നിധീഷ് അഗർവാൾ പേടിഎം ഉടമയായ വിജയ് ശേഖർ ശർമ്മ തുടങ്ങിയവരുടെ വിജയ കഥ വിദ്യാർത്ഥി സംരംഭകർക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.

ഇന്ന് ഇന്ത്യയിൽ വിദ്യാർത്ഥി സംരംഭകരുടെ എണ്ണം വർധിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്ത് നോക്കുകയാണെങ്കിൽ ഇനിയും ഏറെ പ്രചാരം വിദ്യാർത്ഥി സംരംഭകത്വത്തിന് ലഭിക്കേണ്ടതുണ്ട് . മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോഴും വിദ്യാർത്ഥി സംരംഭകത്വം അത്രയേറെ മുന്നോട്ടു പോയിട്ടില്ല. വിദ്യാർത്ഥി സംരംഭകത്വത്തിന്റെയും പരിശീലനത്തിന്റെയും കാര്യത്തിൽ  54 വികസിത വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 49 ആം സ്ഥാനത്താണ് ഇപ്പോഴും ഉള്ളത് എന്ന് ഗ്ലോബൽ സംരംഭകത്വ മോണിറ്റർ സൂചിക അടയാളപ്പെടുത്തുന്നു ബ്രിട്ടനും കാനഡയും അമേരിക്കയും ഇസ്രയേലും വിദ്യാർത്ഥി സംരംഭകത്വത്തിൽ ഏറെ മുന്നിൽ എത്തി നിൽക്കുന്നുണ്ട്. ഇവിടെയൊക്കെ മുഖ്യധാര വിദ്യാഭ്യാസത്തിനേക്കാൾ പ്രചാരവും പ്രാധാന്യവും സംരംഭകത്വ വിദ്യാഭ്യാസത്തിന് നൽകുന്നു എന്നത് കാണാവുന്നതാണ്. അതു തന്നെയാണ് ഇത്തരം രാജ്യങ്ങളിൽ വിദ്യാർഥി സംരംഭകത്വത്തിന് ഏറെ പ്രചാരം ലഭിച്ചിട്ടുള്ളതിന്റെ കാരണവും. അതോടൊപ്പം വിദ്യാർത്ഥി സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുന്ന ധാരാളം ഏജൻസികളും ഇത്തരം രാജ്യങ്ങളിൽ ഉണ്ട്. ഈ വിടവ് നികത്താൻ ഇന്ത്യയും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അടൽ  ഇന്നവേഷൻ മിഷനിലൂടെയും സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിലൂടെയും വലിയ ഒരു കുതിച്ചുചാട്ടത്തിന് ഇന്ത്യ തയ്യാറായി നിൽക്കുന്നു.

ഇന്ത്യയിലെ വിദ്യാർത്ഥി സംരംഭകത്വം ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങൾ ഉണ്ട്. ഒന്ന് സാമ്പത്തിക പ്രശ്‌നം തന്നെയാണ്. ഏതൊരു സ്ഥാപനത്തിനും മൂലധനം അത്യന്താപേക്ഷിതമാണ്. സ്വാഭാവികമായും വിദ്യാർത്ഥികൾക്ക് മൂലധന സമാഹരണത്തിന് ഇന്നും സാധ്യതകൾ പരിമിതമാണ്. മുഖ്യധാരാ ബാങ്കുകളും സ്ഥാപനങ്ങളും പഴഞ്ചൻ ചിന്താഗതികൾ /  നിയന്ത്രണങ്ങൾ /  നിയമങ്ങൾ എന്നിവ മാറ്റാതെ മുന്നോട്ടു പോകാൻ പറ്റില്ല. ഇത് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള വലിയ അളവോളം വിദ്യാർഥികൾക്ക് അവരുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ കഴിയാത്ത രീതിയിൽ തടസ്സമായി നിൽക്കുന്നു. ഇന്നവേഷൻ മിഷനിലൂടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെയും പ്രത്യേകിച്ച് കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ, കെ ഡിസ്‌ക്, ഇന്നവേഷൻ പ്രോഗ്രാം തുടങ്ങിയസ്ഥാപനങ്ങളിലൂടെയും വിദ്യാർത്ഥി സംരംഭകത്വത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

വിദ്യാർത്ഥി സംരംഭകത്വം നേരിടുന്ന രണ്ടാമത്തെ പ്രശ്‌നം മെന്റർഷിപ്പിന്റേതാണ്. മിക്ക സ്ഥാപനങ്ങളിലും ഇന്നും ശാസ്ത്രം, ഭാഷ,  മാനവിക വിഷയങ്ങൾ,  ഗണിതം തുടങ്ങിയവ പഠിപ്പിക്കുന്ന അധ്യാപകരും ലാബുകളും മാത്രമാണ് ഉള്ളത്. സംരംഭകത്വ വിദ്യാഭ്യാസത്തിനും സംരംഭകത്വ പരിശീലനത്തിനും ഒരു വിദ്യാർത്ഥിക്ക് ഒരു സംരംഭം തുടങ്ങുവാനുള്ള നൈപുണീ / പ്രായോഗിക സഹായങ്ങൾ നൽകുവാനും ഉള്ള ഒരു സംവിധാനവും മിക്ക സംസ്ഥാനങ്ങളിലും പൂർണ്ണ അർത്ഥത്തിൽ ഇല്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ അടുത്തകാലത്തായി ഒട്ടേറെ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.  ഒരു സംരംഭം തുടങ്ങാനും ആദ്യത്തെ രണ്ടു വർഷം അതിന്റെ പ്രാരംഭ ദിശയിലും സംരഭകൻ നേരിടുന്ന പല പ്രശ്‌നങ്ങളെയും ലഘൂകരിക്കാനും സഹായിക്കാനും മെന്റർമാരുടെ സേവനം ആവശ്യമാണ്.

മൂന്നാമത്തെ വെല്ലുവിളികൾ നിയന്ത്രണ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ ആണ്. നികുതി ഈടാക്കൽ,  വിവിധ നിയമങ്ങൾ എന്നിവയൊക്കെ എല്ലാ വിദ്യാർത്ഥികൾക്കും അറിയണമെന്നില്ല.  സ്വാഭാവികമായും ഈ  അറിവില്ലായ്മ അവർക്ക് പ്രായോഗികതലത്തിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.  നടപടിക്രമങ്ങളിലെ സങ്കീർണതയും നിയമ നൂലാമാലകളും നിയന്ത്രിത ഏജൻസികളുടെ സുതാര്യമല്ലാത്ത പ്രവർത്തനങ്ങളും പിന്തുണ സംവിധാനങ്ങളുടെ അഭാവവും വിദ്യാർഥി സംരംഭകത്വത്തിന് വലിയ വെല്ലുവിളികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുതാര്യവും ലളിതവുമായ നടപടിക്രമങ്ങൾ ആയിരിക്കണം വേണ്ടത്. പഠനത്തോടൊപ്പം നടത്തുന്ന സംരംഭകത്വത്തിന് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല എന്ന വിശ്വാസം വരണം.

മറ്റൊന്ന് മികച്ച നെറ്റ്വർക്കുകളുടെ അഭാവമാണ് ഫണ്ടിങ് ഏജൻസികളെ കുറിച്ചും അടിസ്ഥാന സൗകര്യങ്ങൾ,  സഹായങ്ങൾ എന്നിവയുടെ ലഭ്യതയെക്കുറിച്ചും സാങ്കേതിക സഹായങ്ങളെക്കുറിച്ചും ഉള്ള അറിവില്ലായ്മ വിദ്യാർത്ഥി സംരംഭകരെ ഏറെ ബുദ്ധിമുട്ടിലാകുന്നുണ്ട്. ഒരു ഏകോപന ഏജൻസിയുടെ അഭാവം പലപ്പോഴും ഇവിടെ കാണുന്നുണ്ട് . ഇത് പരിഹരിക്കുവാൻ എല്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഒരു ഏകോപന ഏജൻസി പ്രവർത്തിക്കുകയും ആവശ്യമുള്ള സംരംഭകർക്ക് ആവശ്യമുള്ള സമയത്ത് സഹായം നൽകുകയും ചെയ്യുന്ന രീതിയിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആഭിമുഖ്യത്തിൽ സ്ഥാപനങ്ങൾ ഉയർന്നു വരികയും  വേണ്ടതാണ്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സംരംഭം തുടങ്ങാൻ കഴിയും എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ സംരംഭകത്വവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉൾപ്പെടുത്തിയത്. കേരളത്തിൽ ഥകജ (യങ്ങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം) വിദ്യാർത്ഥികളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കാനും അത്തരം ആശയങ്ങളെ സംരംഭമാക്കി മാറ്റാനുള്ള സൗകര്യങ്ങൾ ഒരുക്കാനും തുടങ്ങിയിട്ടുണ്ട്. കേരളാ സ്റ്റാർട്ടപ്പ് മിഷൻ ഇതിനു വേണ്ട പ്രോൽസാഹനങ്ങൾ ചെയ്തു വരുന്നു.

വളരെ എളുപ്പത്തിൽ തുടങ്ങാവുന്നതും വലിയ വിപണന സാധ്യതകളുള്ളതുമായ ധാരാളം സംരംഭങ്ങൾ ഉണ്ട്.

ചോക്‌ളേറ്റ്, കേക്ക്, ബൊട്ടീക്കുകൾ, ഫാം, വർണ്ണ പക്ഷികൾ, ഭക്ഷ്യ വിഭവങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്ക് ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ എന്നിവയൊക്കെ 50,000 രൂപയിൽ താഴെ മൂലധനം മതി. പഞ്ചായത്തിന്റെ തനതു ഫണ്ട്, കേരള സ്റ്റാർട്ട് മിഷൻ വായ്പ, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയുള്ള പലിശ രഹിത വായ്പ എന്നിവയൊക്കെ പ്രയോജനപ്പെടുത്താം.

വിദ്യാർത്ഥി സംരംഭകത്വത്തിന് സാധ്യതകൾ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. സാങ്കേതിക മേഖല,  വിദ്യാഭ്യാസ മേഖല,  ഉത്പാദന മേഖല, സേവന മേഖല,  ടൂറിസം ആരോഗ്യ മേഖല,  ഭക്ഷ്യ വിഭവ മേഖല തുടങ്ങിയ എല്ലാ മേഖലകളിലും വിവര സാങ്കേതിക മേഖലയിലും വിദ്യാർഥി സംരംഭകർക്ക് അവസരങ്ങൾ  ഏറെയാണ്. ഒരു നാടിന്റെ വളർച്ചയും വികസനവും പുരോഗതിയും ലക്ഷ്യമാക്കുന്നത് യുവത്വത്തിൻറെ ആത്മവിശ്വാസത്തിലും ആത്മധൈര്യത്തിലും കഠിനാധ്വാനത്തിലും ആണെന്ന തിരിച്ചറിവിലൂടെ വിദ്യാഭ്യാസ മേഖലയിൽ നവ സംരംഭകർക്ക് ഒട്ടേറെ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് ഓരോ കലാലയങ്ങളും നവ സംരംഭങ്ങളുടെ പുതിയ ഇടമായി നവ സംരംഭകരുടെ ആശയ സ്രോതസ്സായി മാറിയാൽ നമ്മുടെ രാജ്യം ലോകത്തിനുതന്നെ സംരംഭകത്വത്തിൽ മാതൃകയാവും എന്ന കാര്യത്തിൽ സംശയമില്ല.