അരലക്ഷം വനിതകൾ, അഭിമാനപൂർവ്വം സംരംഭക വർഷം

പാർവ്വതി. ആർ. നായർ

ഏറെ നൂതനകൾ കൊണ്ട് രാജ്യത്തു തന്നെ ശ്രദ്ധേയമായതാണ് സംസ്ഥാന വ്യവസായ വകുപ്പ്. സംരംഭകർക്ക് എ റ്റു ഇസഡ് സേവനം, ത്രിതല പരാതി പരിഹാരം, സംസ്ഥാനത്തുടനീളം വ്യവസായ പാർക്കുകൾ, സ്വകാര്യ സംരംഭകർക്കും സഹായ ഹസ്തം, യുവജനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗം, വനിതകൾ തുടങ്ങിയവർക്ക് പ്രത്യേക പാക്കേജുകൾ, സംസ്ഥാന സഹകരണ വകുപ്പുമായി ചേർന്ന് നൂതന സംരംഭങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെയാണ് സംരംഭക വർഷത്തിന്റെ പ്രഖ്യാപനം. വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളെല്ലാം ആകാംക്ഷയോടു കൂടി ഉറ്റുനോക്കുകയാണ് ഈ കൊച്ചു സംസ്ഥാനത്തെ. വിഭവങ്ങൾ പലതും പരിമിതമായിട്ടും ഒരു ലക്ഷ്യം സാധിതമാക്കുവാൻ സംസ്ഥാന വ്യവസായ വകുപ്പ് കൈയ്യും മെയ്യും മറന്ന് നടത്തിയ പ്രവർത്തനങ്ങൾ ഇതാ സഫലമാവുന്നു. സംരംഭകവർഷം പാതിയെത്തുമ്പോൾത്തന്നെ 43,000 ൽ പ്പരം വനിതകൾ നവസംരംഭങ്ങളുമായി മുന്നോട്ടു വന്നത് ഏറെ ആഹ്ലാദകരമാണ്. സംരംഭക വർഷമെന്ന നവീന പദ്ധതിയുടെ ഉപജ്ഞാതാവായ വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് കൂടുതൽ വനിതകൾക്ക് ഈ രംഗത്തേയ്ക്ക് കടന്നുവരാൻ പ്രചോദനമായിട്ടുണ്ട്. വൈകാതെ അരലക്ഷം വനിതാസംരംഭകർ എന്ന റിക്കോർഡ് നേട്ടത്തിലേക്കാവും കേരളം എത്തുക.

യുവജനങ്ങൾക്കിടയിൽ സംരംഭകവർഷ പ്രഖ്യാപനം വലിയൊരു ഉണർവ്വുണ്ടാക്കിയിരിയ്ക്കുന്നതായി സിഗ്മാ റിസർച്ച് ആന്റ് അനാലിസിസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. എക്കണോമിക്‌സ്, കൊമേഴ്‌സ്, ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥികൾ ഇതു സംബന്ധിച്ച ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ പല കലാലയങ്ങളിലും നടത്തുകയുണ്ടായി. ബിരുദ ബിരുദാനന്തര പഠനങ്ങൾ കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് നാളെയെന്ത് എന്ന ആശങ്കയുണ്ടാവാതിരിയ്ക്കാൻ ഈ പദ്ധതി തുടരേണ്ടത് ആവശ്യമാണെന്നാണ് പൊതുവെ അഭിപ്രായം.

സംരംഭകത്വം എന്നത് സ്വയം തോന്നേണ്ടതോ അതല്ലെങ്കിൽ പരിശീലനങ്ങളിലൂടെ ആർജ്ജിയ്ക്കുന്ന വിജ്ഞാനം കൊണ്ട് പ്രചോദനം ഉൾക്കൊണ്ട് തുടങ്ങുന്നതോ ആവാം. വിജയഗാഥകൾ മൂലം ഉണ്ടാകാവുന്ന ഒരു ചോദനയും, പരാജയത്തിൽ നിന്ന് ഉയിർക്കൊള്ളുന്ന വാശിയും തമ്മിൽ ലക്ഷ്യബോധമുണ്ടാക്കുന്നു. മറ്റുള്ളവർക്ക് വിജയിയ്ക്കാനായാൽ എനിയ്‌ക്കെന്തു കൊണ്ടായിക്കൂടാ എന്ന ചിന്ത പോലെ തന്നെ പ്രധാനമാണ് എന്തായാലും നനഞ്ഞിറങ്ങി ഇനി കുളിച്ചു തന്നെ കയറാം എന്ന തീരുമാനവും. പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിയ്ക്കുമെന്ന ചൊല്ലിനും ഇവിടെ പ്രാധാന്യം ഏറെയുണ്ട്.

ആശയമാണ് ആദ്യം വേണ്ടത്. ആശയത്തോടൊപ്പം അതു പ്രാവർത്തികമാക്കാനുള്ള ആർജ്ജവവും വേണം. ഏതൊരു സംരംഭമാണോ തുടങ്ങുന്നത് അതു സംബന്ധിച്ച അടിസ്ഥാന വിജ്ഞാനം

അനിവാര്യമാണ്. ആ സംരംഭത്തിനു വേണ്ടിവരുന്ന അടിസ്ഥാന ഘടകങ്ങൾ സൗകര്യങ്ങൾ ഇവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ചിലത് ഒരു മുറിയ്ക്കുള്ളിൽ ഒതുങ്ങുന്നതാവാം. മറ്റു ചിലത് വിസ്തൃതമായ സ്ഥലം ആവശ്യമുള്ളതാവാം. പേഴ്‌സണൽ കമ്പ്യൂട്ടറോ, ലാപ് ടോപ്പോ കൊണ്ടും നടത്താവുന്ന സംരംഭങ്ങൾ കാണും. എല്ലാറ്റിനും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനാൽ ഇതു സംബന്ധിച്ച നടപടിക്രമങ്ങളും പൂർത്തിയാക്കണം. കൺസൾട്ടൻസി സർവ്വീസുകളും പരിധി കഴിഞ്ഞാൽ നികുതി വിധേയമാണെന്നോർക്കുക. ഡിജിറ്റൽ ട്രാൻസാക്ഷൻ ആയിരിയ്ക്കും നവ സംരംഭങ്ങളിൽ ഭൂരിഭാഗവും. തൻമൂലം ഓരോ ഇടപാടുകളും നിരീക്ഷിയ്ക്കപ്പെടുന്നുണ്ടാവും. അതിനാൽ നികുതി വെട്ടിപ്പു തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത വേണ്ടേ വേണ്ട.

ഇനിയാണ് വ്യവസായ വകുപ്പിന്റെ സേവനങ്ങൾ. നമ്മുടെ ആശയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മുമ്പിൽ സമർപ്പിയ്ക്കുമ്പോൾ അവരത് വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് സമുചിതമായ മാർഗ്ഗനിർദ്ദേശം നമുക്കു നൽകുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാഥമികമായ കാര്യങ്ങൾ സാമ്പത്തിക കാര്യങ്ങൾ, സബ്‌സിഡി അറിവുകൾ തുടങ്ങിയവയൊക്കെ സംരംഭകനിലേയ്ക്ക് പകർന്നു തരാൻ വ്യവസായ വകുപ്പിലെ എക്‌സ്പർട്ട് ടീമിനു കഴിയുന്നു. ആത്മവിശ്വാസത്തോടെ മുന്നേറാൻ ഇവ സംരംഭകരെ പ്രാപ്തരാക്കുന്നു.

ഗതാഗതം, ഊർജ്ജം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സംരംഭങ്ങളിൽ ഉണ്ട്. ആരോഗ്യം എന്നത് എന്തെന്നു സംശയം തോന്നിയേക്കാം. ഭക്ഷ്യോൽപന്ന മേഖല, ഔഷധ നിർമാണ മേഖല തുടങ്ങിയ രംഗങ്ങളിൽ ജീവനക്കാരുടെ പൂർണാരോഗ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റു മേഖലകളിൽ ഇല്ലെന്നല്ല. ഹെൽത്ത് കാർഡ് ഇപ്പോൾ എല്ലാ രംഗങ്ങളിലും നിർബന്ധമാക്കിയിരിയ്ക്കുകയാണല്ലോ. സംരംഭങ്ങളിലേയ്ക്കുള്ള റോഡ് സൗകര്യങ്ങൾ, അവിടേയ്ക്കു വേണ്ട വൈദ്യുതി, വെള്ളം, ഉൽപന്ന നിർമാണ സമയത്തുണ്ടാകുന്ന പാഴ് വസ്തുക്കളിൽ നിന്നുള്ള ഉപോൽപന്നങ്ങൾ ഇവയൊക്കെ സജീവ ചർച്ച വേണ്ടി വരുന്നവയാണ്. ഉദാഹരണത്തിന് തീപ്പെട്ടി, കൊള്ളി ഇവ നിർമാണത്തിനുശേഷം വരുന്ന പാഴ്ത്തടി അവശിഷ്ടം ഒരു കാലത്ത് കൂട്ടിയിട്ടു കത്തിയ്ക്കുകയായിരുന്നു ഫാക്ടറിയുടമകൾ ചെയ്തിരുന്നത്. ഇന്നവ മുഴുവൻ പൾപ്പായി അരച്ച് നിരവധി ഉൽപന്നങ്ങളാക്കുന്നു. കൂടുതൽ ഉൽപന്നം, തൊഴിലവസരം, വരുമാനം എന്നിവ ഇതിലൂടെ ഉണ്ടാവുക മാത്രമല്ല പരിസ്ഥിതി പ്രശ്‌നവും ഇല്ലാതായി.

സിംഗിൾ വിൻഡോ എന്ന ഏകജാലകം വ്യവസായ വകുപ്പു പ്രഖ്യാപിയ്ക്കുകയും നടപ്പാക്കുകയും ചെയ്തതോടെ സംരംഭകർക്ക് പല വാതിൽ മുട്ടൽ എന്ന ദുരിതമൊഴിവായി. വ്യക്തമായ പ്രോജക്റ്റും അതിൻമേൽ എക്‌സ്പർട്ട് കമന്റും, ബാങ്കിന്റെ പിന്തുണയും ഉണ്ടെങ്കിൽ മറ്റുള്ളവയെല്ലാം ദ്രുതഗതിയിൽ നടക്കും. രേഖാമൂലം പ്രശ്‌നരഹിതമായ ഭൂമി, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഇവ കൂടിയുണ്ടെങ്കിൽ സംരംഭകന് മുമ്പിൽ നോക്കേണ്ടതില്ല.

ഉൽപാദനത്തിൽ മാത്രമല്ല, വിപണനത്തിലും വ്യവസായ വകുപ്പ് കൈത്താങ്ങുമായെത്തുന്നു. പ്രാദേശികമായ വിപണന മേളകൾ മുതൽ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ വരെ സംരംഭകരെ പരിചയപ്പെടുത്തുകയും ഉൽപന്നങ്ങൾ അവതരിപ്പിയ്ക്കുകയും ചെയ്തതിനാണ് സ്വർണമെഡൽ സമ്മാനമുൾപ്പെടെയുള്ള അംഗീകാരങ്ങൾ കേരളത്തിലെ വ്യവസായ വകുപ്പിനെ തേടി വന്നത്. സംരംഭകർ അഥവാ ഉൽപാദകരെയും വിപണന സ്ഥാപനങ്ങളെയും ഒരു മേശയ്ക്കിരു പുറം ഇരുത്തുന്ന ബി റ്റു ബി മീറ്റിങ്ങുകൾ മറ്റൊരു പ്രോത്സാഹനമാണ്. കുഗ്രാമങ്ങളിൽ നിന്നും വരുന്ന അറിയപ്പെടാത്ത പല ഉൽപന്നങ്ങൾക്കും ഏഴാം കടലിനക്കരെ എത്തുവാൻ ഇത്തരം സംവിധാനങ്ങൾ ഏറെ സഹായകമായി.

നമുക്കിനിയും വനിതാ സംരംഭങ്ങളിലേക്കു തന്നെ മടങ്ങിവരാം. കേരളത്തനിമയാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ, സൗന്ദര്യ സംവർദ്ധകങ്ങൾ, ശുദ്ധമായ പരുത്തി, ഖാദി വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പരിസര ശുചീകരണ ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ എന്നിവയിലൂടെയാണ് സംരംഭകരുടെ നിര നീളുന്നത്. ഗുണമേന്മ നിഷ്‌കർഷ, പാക്കിങ്ങിലെ വശ്യത, വിപണനത്തിലെ നവീനത ഇവയൊക്കെയാവുംഇനിയുള്ള കാലത്ത് അത്യാവശ്യമായി വേണ്ടിവരുന്നത്. ഒരിയ്ക്കൽപോലും ഇവയിൽ ഒന്നിലെങ്കിലും വെള്ളം ചേർക്കപ്പെടരുത്. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽ, നിങ്ങളുടെ വിധിയും നിങ്ങൾ നിശ്ചയിക്കും എന്ന ചൊല്ല് ഇവിടെ ഏറെ
അന്വർത്ഥമാണ്.

ഓരോ വനിതാ സംരംഭവും ഓരോ പ്രദേശത്തിന്റെയും അഭിമാനമാണ്. താൻ മൂലം മറ്റൊരാൾക്ക് ജീവനോപാധി ഒരുക്കാനായാൽ അതിൽപരം എന്ത് സന്തോഷം. പലർക്കും തണലായി മാറുന്ന വടവൃക്ഷമായി ഓരോ സംരംഭവും മാറട്ടെ. സംരംഭകവർഷം അങ്ങനെ സാർത്ഥകമാവട്ടെ.