അഭിമാനമായി മാറാൻ ‘മേക്ക് ഇൻ കേരള’
മനോജ് മാതിരപ്പള്ളി
ലോകത്തിന് മുന്നിൽ വിജയകരവും അനുകരണീയവുമായ ഒട്ടേറെ മാതൃകകൾ മുന്നോട്ടുവെച്ച സംസ്ഥാനമാണ് കേരളം. കുടുംബശ്രീയും സംരംഭകവർഷവും കെ-സ്വിഫ്റ്റും ഉത്തരവാദിത്തടൂറിസവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. സ്ത്രീശാക്തീകരണത്തിൽ ഊന്നിയുള്ള ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയെന്ന നിലയിൽ രൂപീകരിക്കപ്പെട്ട കുടുംബശ്രീയെ ഇന്ന് മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറ ബലപ്പെടുത്തുന്നതിൽ കുടുംബശ്രീ വഹിച്ചതും വഹിക്കുന്നതുമായ പങ്ക് സുപ്രധാനമാണ്. ഒരു ദേശത്തെ മുഴുവൻ വനിതകളെയും ഉൾപ്പെടുത്തിയുള്ള ഇത്തരമൊരു വിപുലമായ സംവിധാനം ലോകത്തൊരിടത്തുമില്ല. ഇതിനോട് സമാനമാണ് ‘മേക്ക് ഇൻ കേരള’യുടെ ആശയവും നിലനിൽപ്പും.
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ‘മേക്ക് ഇൻ കേരള’ എന്ന ആശയത്തിന് പിന്നിൽ. ഇത് യാഥാർഥ്യമാകുന്നതിനൊപ്പം ഒട്ടേറെ തൊഴിൽ സംരംഭങ്ങൾ രൂപംകൊള്ളുന്നു. ആനുപാതികമായ രീതിയിൽ കൂടുതൽ നിക്ഷേപവും എത്തും. മേക്ക് ഇൻ കേരളയുടെ രൂപീകരണത്തിന് മുന്നോടിയായി ഇതിന്റെ സാധ്യതകൾ സംബന്ധിച്ച് വിശദമായ പഠനവും നടത്തിയിരുന്നു. കേരളത്തിന്റെയും ഇതരസംസ്ഥാനങ്ങളുടെയും ആഭ്യന്തരഉത്പാദനവും കയറ്റുമതിയും ഇറക്കുമതിയും വ്യാപാരകമ്മിയുമെല്ലാം ഇതിൽ വിഷയമായി. അതിനുശേഷമാണ് സംസ്ഥാനവികസനത്തിന്റെ പുതുയുഗപ്പിറവിക്ക് കാരണമായേക്കാവുന്ന മേക്ക് ഇൻ കേരളയുടെ രൂപീകരണത്തിനുള്ള തീരുമാനം.
മേക്ക് ഇൻ കേരള
സംസ്ഥാനത്തിന്റെ ആഭ്യന്തരഉത്പാദനവും തൊഴിൽ-സംരംഭക-നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മേക്ക് ഇൻ കേരള പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. ഇതിന് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസാണ്. 2021-2022 സാമ്പത്തികവർഷം കേരളത്തിലേക്ക് 1,28,000 കോടിരൂപയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി പഠനത്തിലൂടെ കണ്ടെത്തി. ഇതിന്റെ 92 ശതമാനവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ആയിരുന്നു. ഇതേ കാലയളവിൽ 74,000 കോടി രൂപയുടെ കയറ്റുമതിയാണ് കേരളത്തിൽനിന്നും നടത്തിയതെന്നും വ്യക്തമായി. ഇതിന്റെ എഴുപതുശതമാനവും ഇതര സംസ്ഥാനങ്ങളിലേക്കാണ്. എന്നുവെച്ചാൽ, 1,17,760 കോടിരൂപയുടെ ഉത്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്യുമ്പോൾ 51,800 കോടിരൂപയുടെ ഉത്പന്നങ്ങളാണ് അവിടേക്ക് കയറ്റുമതി ചെയ്തത്.
ഇത്തരമൊരു സാഹചര്യത്തിൽ മേക്ക് ഇൻ കേരള പദ്ധതിയുടെ പ്രസക്തി കൂടുതൽ ബോധ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ ഇവിടെതന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്നവ ഏതൊക്കെയാണെന്ന് കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. ഇതേതുടർന്ന് ഉത്പാദനക്ഷമത, കൂലി, ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്ത് കേരളത്തിൽതന്നെ നിർമ്മിക്കാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്ത് അതിന് ആവശ്യമായ പിന്തുണ നൽകാൻ നടപടി സ്വീകരിച്ചു. സംരംഭക ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയുമെല്ലാം പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടായിരുന്നു പദ്ധതി രൂപീകരിച്ചത്. വ്യവസായവകുപ്പിന്റെയും ഇതരവകുപ്പുകളുടെയും വിപുലമായ സഹകരണവും മേക്ക് ഇൻ കേരള പദ്ധതിക്കുണ്ട്. സംസ്ഥാനത്ത് കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കാർഷിക സ്റ്റാർട്ടപ്പുകൾക്കും പദ്ധതിയിലൂടെ പിന്തുണ നൽകുന്നു. സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പെടെയുള്ള ധനസഹായവും ലഭിക്കുന്നുണ്ട്.
ഉത്പന്ന നിർമ്മാണത്തിലും വ്യവസായരംഗത്തും ഉണ്ടായിട്ടുള്ള ഉണർവ്വ് മേക്ക് ഇൻ കേരള പദ്ധതി നടപ്പാക്കുന്നതിനുള്ള അനുകൂലഘടകമാണ്. സമീപകാലത്ത് ഇവിടുത്തെ വ്യവസായ സൗഹൃദാന്തരീക്ഷത്തെക്കുറിച്ചുള്ള പേരുദോഷവും മാറിക്കഴിഞ്ഞു. വ്യവസായനിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനം. ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ കേരള സ്റ്റാർട്ടപ്പ് മിഷന് നേടാൻ കഴിഞ്ഞിട്ടുള്ള അംഗീകാരങ്ങൾ തന്നെ ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇവിടുത്തെ സ്റ്റാർട്ടപ്പുകളിലും മറ്റും നിക്ഷേപം നടത്താൻ ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ളവർ പോലും മുന്നോട്ടുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. മേക്ക് ഇൻ കേരള പദ്ധതിയിലൂടെ ഇത് കൂടുതൽ മികവാർന്നതായി മാറുകയും ചെയ്യും. മൊത്തത്തിൽ ആയിരം കോടിരൂപ അനുവദിക്കുന്ന മേക്ക് ഇൻ കേരള പദ്ധതിക്കായി ഈ വർഷം നൂറുകോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
കൊച്ചി വാട്ടർ മെട്രോ
തികച്ചും ‘മേക്ക് ഇൻ കേരള’ ഉത്പന്നമായി നീറ്റിലിറങ്ങിയവയാണ് കൊച്ചി വാട്ടർ മെട്രോയ്ക്കുവേണ്ടിയുള്ളതും നൂറുപേർക്ക് യാത്ര ചെയ്യാവുന്നതുമായ വലിയ ബോട്ടുകൾ. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച പരിസ്ഥിതിസൗഹൃദ ബോട്ടുകളാണ് ഇവ. കൊച്ചിൻ ഷിപ്പ്‌യാർഡിൽ അലൂമിനിയം കറ്റമരൻ ഹള്ളിലായിരുന്നു നിർമ്മാണം. കായൽപ്പരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും ഓളമുണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലുള്ള രൂപഘടനയായതിനാൽ ബോട്ടിന്റെ ചാഞ്ചാട്ടം കുറവായിരിക്കും. ബാറ്ററിയിലും ഹൈബ്രീഡ് സംവിധാനത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പുതുമയും നമ്മുടെ ഈ തനത് ബോട്ടുകൾക്കുണ്ട്. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തരപുരസ്‌കാരമായ ‘ഗസ്റ്റിസ് ഇലക്ട്രിക് ബോട്ട് അവാർഡ്’ ഇതിനകം തന്നെ ഇവയ്ക്ക് ലഭിച്ചുവെന്നതും മേക്ക് ഇൻ കേരളയ്ക്ക് അഭിമാനകരമാണ്.
മറ്റു നിരവധി സവിശേഷതകളും മേക്ക് ഇൻ കേരള വാട്ടർമെട്രോ ബോട്ടിനുണ്ട്. അമ്മമാർക്കായുള്ള ഫീഡർ റൂമുകൾ ഓരോ ബോട്ടിലും ഒരുക്കിയിരിക്കുന്നു. തികച്ചും ഭിന്നശേഷി സൗഹൃദമായിട്ടാണ് ബോട്ടുകളുടെയും ടെർമിനലുകളുടെയും രൂപകൽപ്പന. ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനും ഫ്‌ളോട്ടിംഗ് ജെട്ടികൾ ഉള്ളതിനാൽ വേലിയേറ്റ സമയത്തും വേലിയിറക്കസമയത്തും ബോട്ടും ജെട്ടിയും ഒരേ നിരപ്പിലായിരിക്കും. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായി കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമെല്ലാം കയറിയിറങ്ങാം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായൊരു ബോട്ട് ശൃംഖല ലോകത്തിൽ തന്നെ ആദ്യമായാണ്. ലിഥിയം ടൈറ്റണേറ്റ് ഓക്‌സൈഡ് ബാറ്ററികൾ ഉപയോഗിച്ചിരിക്കുന്നതിനാൽ പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ട് അവ ചാർജ്ജ് ചെയ്യാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്. മാത്രവുമല്ല, പരമ്പരാഗത ബോട്ടിനേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.
പാസഞ്ചർ കൗണ്ടിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഓരോ ബോട്ടിലേക്കും യാത്രക്കാർക്ക് പ്രവേശനം നൽകുന്നത്. അതുകൊണ്ടുതന്നെ അമിതമായി ആളുകൾ കയറുന്നത് നിയന്ത്രിക്കപ്പെടുകയും അപകടസാധ്യത കുറയുകയും ചെയ്യുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കും ആവശ്യമായ ലൈഫ് ജാക്കറ്റുകളും ബോട്ടിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ പത്തുമിനിട്ട് കൊണ്ട് രക്ഷാപ്രവർത്തനം സാധ്യമാകുന്ന റസ്‌ക്യു ബോട്ടും വാട്ടർ മെട്രോയുടെ ഭാഗമാണ്. ഇതുകൂടാതെ വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കൺട്രോൾ സെന്ററിൽ ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സംവിധാനവും രാത്രിയാത്രയിൽ ബോട്ട് ഓപ്പറേറ്റർക്ക് സഹായകമാകുന്ന തരത്തിൽ തെർമ്മൽ ക്യാമറയും ഒരുക്കിയിരിക്കുന്നു. ബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ മുഖേനെ ഓപ്പറേറ്റർക്കും ഓപ്പറേഷൻ കൺട്രോൾ റൂമിനും മുഴുവൻ സമയ നിരീക്ഷണവും സാധ്യമാവുന്നുണ്ട്. ഇത്തരത്തിൽ എല്ലാം തികഞ്ഞ രീതിയിലാണ് മേക്ക് ഇൻ കേരള പദ്ധതിയിൽപ്പെടുത്തിയുള്ള വാട്ടർ മെട്രോ ബോട്ടുകളുടെ നിർമ്മാണം.
പ്രചോദനമായ പദ്ധതികൾ
സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങളും സംരംഭകവർഷം പദ്ധതിയുമാണ് ‘മേക്ക് ഇൻ കേരള’ എന്ന വമ്പൻ പദ്ധതിയുടെ രൂപീകരണത്തിന് പ്രചോദനമായി മാറിയ മറ്റു ഘടകങ്ങൾ. സംസ്ഥാനത്ത് സംരംഭകത്വ വികസനവും ഇൻകുബേഷൻ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ രൂപീകരണം. സാധാരണ ജോലികളിൽനിന്നും വ്യത്യസ്തമായി സ്വന്തമായൊരു സംരംഭം തുടങ്ങാൻ താൽപ്പര്യപ്പെടുന്ന യുവതലമുറ സംസ്ഥാനത്ത് സജീവമാണ്. ഇവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ എല്ലാ തരത്തിലുള്ള പിന്തുണയും സ്റ്റാർട്ടപ്പ് മിഷൻ നൽകിവരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹാർഡ്‌വെയർ, ഹെൽത്ത്‌കെയർ, ഫിൻടെക്, ബയോടെക്‌നോളി തുടങ്ങി വിവിധ മേഖലകളിലായി മൂവായിരത്തോളം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. വിവിധ ഫണ്ടിംഗ് ഏജൻസികളിൽനിന്നായി രണ്ടായിരം കോടി രൂപയുടെയെങ്കിലും നിക്ഷേപം സമാഹരിക്കാനും ഇവയ്ക്ക് കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി ഈ വർഷം കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സംരംഭകവർഷം പദ്ധതിയും വൻവിജയമായിരുന്നു. നിശ്ചിത കാലയളവിൽ ലക്ഷ്യം മറികടന്ന പദ്ധതിയിലൂടെ 1,39,840 സംരംഭങ്ങളാണ് പുതിയതായി ആരംഭിച്ചത്. ഇതിലൂടെ 3,00,056 പേർക്ക് തൊഴിൽ ലഭിക്കുകയും 8422 കോടി രൂപയുടെ നിക്ഷേപം എത്തുകയും ചെയ്തു. നാൽപ്പതിനായിരത്തിലധികം സ്ത്രീകളും പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചു. ഇതേതുടർന്ന്, രാജ്യത്ത് എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായി സംരംഭകവർഷം പദ്ധതി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പദ്ധതി വൻവിജയമായി മാറിയതോടെ ഇതിന്റെ തുടർച്ചയെന്ന നിലയിൽ സംരംഭകവർഷം 2.0 പദ്ധതിയും ഈ സാമ്പത്തികവർഷം നടപ്പാക്കി വരികയാണ്. ഒരു ലക്ഷം പുതിയ സംരംഭങ്ങൾകൂടി ആരംഭിക്കുകയാണ് ഇതിന്റെയും ലക്ഷ്യം. ബോട്ടം-അപ്പ് പ്ലാനിംഗിലൂടെ ആയിരിക്കും ഇത്തവണ ജില്ലതിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വായ്പാ-ലൈസൻസ്-സബ്‌സിഡി മേളകൾ സംഘടിപ്പിക്കുകയും ചെയ്യും.
നിലവിലെ സാഹചര്യത്തിൽ സംരംഭകവർഷത്തിലൂടെയും സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങളിലൂടെയും രൂപീകൃതമാവുന്ന സംരംഭങ്ങളിൽ പലതും മേക്ക് ഇൻ കേരള പദ്ധതിയുടെ ഭാഗമായി മാറും. കഴിഞ്ഞ സാമ്പത്തികവർഷം വരെയും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങളിൽ കഴിയുന്നിടത്തോളം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും വരുംവർഷങ്ങളിൽ അവയുടെ ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. ഇവിടെ ലഭ്യമാകുന്ന അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സംരംഭങ്ങൾക്കായിരിക്കും പ്രാധാന്യം. കാർഷികമേഖലയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മാംസോത്പന്നങ്ങളും പാലുത്പന്നങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. ഇതിലൂടെ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും തൊഴിൽപരവുമായ വികസനം കൂടുതൽ കരുത്തുറ്റതാവുകയും ചെയ്യും.