അനുഭവപാഠങ്ങളിൽ നിന്ന് ആർജ്ജവത്തോടെ

എഴുമാവിൽ രവീന്ദ്രനാഥ്

വിജയത്തിനു കുറുക്കുവഴികളില്ല, സുഗമമായ പാതയുമുണ്ടാവില്ല. പക്ഷെ, പാതകളെ കുറിയതും സുഗമവുമാക്കാൻ നമുക്കു കഴിയും. നിശ്ചയദാർഢ്യം, ലക്ഷ്യബോധം ഇവ അതിനുണ്ടാവണമെന്നു മാത്രം.

ഇത് ഉത്തരേന്ത്യൻ കുഗ്രാമത്തിലെ രണ്ടു പെൺകുട്ടികളുടെ വിജയഗാഥയാണ്. എത്താക്കൊമ്പിലെ മാങ്ങ കൈയ്ക്കുമെന്ന ധാരണ മാറ്റി അത് കൈനീട്ടിപ്പറിച്ച് മധുരം നുകർന്ന രണ്ടു യുവ എഞ്ചനീർമാർ. വളർന്നത് കാലിത്തൊഴുത്തിനോടു ചേർന്ന മൺകുടിലുകളിൽ. പഠിച്ചത് വിഖ്യാതമായ ഡൽഹി ഐ.ഐ.ടി യിൽ. ലഭിച്ചത് ലക്ഷങ്ങൾ പ്രതിമാസം കൈയ്യിലെത്തിയ ജോലി. എന്നാൽ സാധിച്ചതോ? കോടികൾ അമ്മാനമാടുന്ന സ്വന്തം സംരംഭക സാമ്രാജ്യം.

രാജസ്ഥാനിലെ സവാൽപുര ഗ്രാമത്തിലാണ് നീതു യാദവിന്റെ ജനനം. ജയ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിലെ ജനങ്ങളുടെ തൊഴിൽ കൃഷിയും കന്നുകാലി വളർത്തലുമാണ്. ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പഠിയ്ക്കുമ്പോഴേ മികവു കാട്ടിയ നീതുവിനെ ഒരു ബിരുദധാരിയാക്കുവാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അദ്ധ്യാപികയെക്കാൾ ഒരു സാങ്കേതിക വിദഗ്ദ്ധയാവുക എന്ന ലക്ഷ്യവുമായിട്ടാണ് അവൾ കോട്ടായിലെ കോച്ചിങ്ങ് സെന്ററിൽ പരിശീലനത്തിൽ പോയത്. ഇതിനുള്ള ഫീസ് കണ്ടെത്താനായി സ്വന്തം എരുമയെ മനസ്സില്ലാ മനസ്സോടെ പിതാവു വിറ്റത് നീതുവിന്റെ മനസ്സിനെ ഉലച്ചിരുന്നു. ആ വേദന ഉള്ളിലെ ലക്ഷ്യബോധത്തെ കൂടുതൽ കരുത്തുറ്റതാക്കി. ഏതായാലും ഉയർന്ന മാർക്കോടെ എൻട്രൻസ് പരീക്ഷയിൽ തിളങ്ങിയ അവൾ ഡൽഹി ഐ. ഐ. റ്റി യിൽ സ്‌കോളർഷിപ്പോടെ പ്രവേശിപ്പിയ്ക്കപ്പെട്ടു.

നിതുവിന്റെ റൂംമേറ്റായിരുന്നു ഹരിയാനയിലെ ഹിസ്സാറിൽ നിന്നെത്തിയ കീർത്തി ജാംഗ്രാ. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു ദരിദ്ര കർഷക കുടുംബത്തിൽ നിന്നാണ് അവളും എൻട്രൻസ് പരീക്ഷയുടെ കടമ്പ ചാടി രാജ്യ തലസ്ഥാനത്തെത്തിയത്. പഠനം കഴിഞ്ഞ് മുറിയിലെത്തുന്ന ഇരുവർക്കും പങ്കുവെയ്ക്കാനുണ്ടായിരുന്നത് ഇല്ലായ്മകളുടെ കഥകൾ. തുടർ പഠനത്തിനു നിവൃത്തിയില്ലാഞ്ഞിട്ടും കുട്ടികളെ കലാലയങ്ങളിലേക്കയച്ച മാതാപിതാക്കളെ അഹങ്കാരികളെന്നു മുദ്ര കുത്താനായിരുന്നു അവരുടെ ഗ്രാമം ശ്രമിച്ചത്. നാട്ടുഭാഷയിൽ പറഞ്ഞാൽ മുണ്ടുമുറുക്കിയുടുത്ത് രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പെടാപ്പാടു പെടുന്നവരുടെ സങ്കടങ്ങളറിയാൻ ആരുമുണ്ടായിരുന്നില്ല. ഇതിൽ നിന്നൊക്കെ ഊർജ്ജം കൊണ്ടാണ് മികച്ച വിജയം നേടി ഇരുവരും ഡൽഹി ഐ. ഐ. ടി യിൽ നിന്നു പുറത്തിറങ്ങിയത്.

വൈകാതെ തന്നെ ഇരുവർക്കും ഉയർന്ന ശമ്പളത്തോടെയുള്ള ജോലിയും ലഭിച്ചു. ആഗോള ധനകാര്യ സ്ഥാപനമായ നോമുറയിലായിരുന്നു കീർത്തിയുടെ പ്രഥമ ലാവണം. ഓൺലൈൻ കഥാസ്ഥാപനമായ പ്രതിലിപിയാണ് നീതുവിന് ഇരിപ്പിടമൊരുക്കിയത്. കുറെക്കൂടി മെച്ചപ്പെട്ട ഓഫർ ലഭിച്ചതോടെ അവൾ പെൻഗ്വിൻ ബുക്‌സിലേക്കു ചേക്കേറി. ഒരാൾ അക്ഷരത്തിന്റെയും മറ്റൊരാൾ അക്കങ്ങളുടെയും ലോകങ്ങളിലായിട്ടും ഇരുവരും നിത്യവും ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. കൈനിറയെ പണം ലഭിച്ചിട്ടും അവരുടെ മനസ്സുകൾ നിറഞ്ഞിരുന്നില്ല. അവ പുതുതായെന്തോ തേടുകയായിരുന്നു. തന്റെ ഗ്രാമത്തിലെ കാലിവളർത്തൽ ഉപജീവനമാക്കിയവരുടെ പ്രശ്‌നങ്ങളായിരുന്നു നീതുവിന്റെ മനസ്സു നിറയെ. രോഗബാധിതരായവരെ ചികിത്സാക്കാനൊരു ഡോക്ടറില്ല, കൃത്രിമബീജാദാനത്തിനു സംവിധാനം കിലോമീറ്ററുകൾ അകലെ. കാലികളെ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയമാകണം. വാങ്ങുന്നതിനു വിലയിടിച്ചും വിൽക്കുന്നതിനു വില ഉയർത്തിയുമുള്ള മദ്ധ്യവർത്തികളുടെ തരികിടകൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണു പാവങ്ങൾ. ഹരിയാനയിലെയും സ്ഥിതി വ്യത്യസ്തമല്ലെന്നു കീർത്തി. ഈയൊരു പ്രശ്‌നം പരിഹരിയ്ക്കുവാനുള്ള വഴികളായിരുന്നു ഇരുവരും ചിന്തിച്ചത്.

കൃഷി, സംസ്‌കരണം, മൃഗക്ഷേമം, ക്ഷീരവികസനം, ഭക്ഷ്യസംസ്‌കരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഡാറ്റാ ശേഖരിയ്ക്കലായിരുന്നു ഇവർ ആദ്യം ചെയ്തത്. ഇന്ത്യയിൽ ആകെ 30 കോടി കന്നുകാലികളും അവയെ ആശ്രയിച്ചു കഴിയുന്ന 7.5 കോടി കർഷകരുമുണ്ടെന്ന കണക്കാണ്. ആകെ ആഗോള ക്ഷീരോൽപാദനത്തിന്റെ 23 ശതമാനം ഇന്ത്യയിൽ നിന്നാണ്. പ്രതിവർഷം 6.2 ശതമാനം ദേശീയ വളർച്ചയും ക്ഷീരോൽപാദനത്തിൽ ഇവിടെയുണ്ട്. 2021 ലെ കണക്കുപ്രകാരം 209. 96 ദശലക്ഷം ടൺ പാലാണ് ഇവിടെ ഉൽപാദിപ്പിയ്ക്കുന്നത്. ഇതിനു പുറമെയാണ് ജൈവവളങ്ങളിൽ പ്രധാനിയായ ചാണകവും ഗോമൂത്രവും. ഇവയ്ക്കു മെച്ചപ്പെട്ട വിപണിയുണ്ട്.

സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച ശേഷമാണ് ഇരുവരും ചേർന്നൊരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. കന്നുകാലികളുടെ വിൽപനയ്ക്കും വാങ്ങലിനുമായുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായിരുന്നു ഇത്. ഇതിന് ആനിമാൾ എന്ന പേരും നൽകി. ആനിമൽ എന്ന വാക്കിൽ ഒരു എ കൂടുതൽ. മൃഗങ്ങളുടെ മാൾ എന്നും ഇതിന് അർത്ഥം കൽപ്പിയ്ക്കാം.

ഇതിനിടയിലാണ് ഉപരിപഠനത്തിനായുള്ള യു. എസ്. സ്‌കോളർഷിപ്പ് കീർത്തിയെ തേടിയെത്തിയത്. ഹിസ്സാരിലെ ആദ്യ ബിരുദധാരിയായ മകൾക്ക് വിദേശ സർവകലാശാലയിൽ നിന്നുള്ള ഓഫർ അറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല കർഷകസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കീർത്തി ഒരു പ്രഖ്യാപനം നടത്തി. താൻ യു. എസ്സിൽ പോകുന്നില്ല എന്നും നിലവിലെ ജോലി രാജിവെച്ച് സ്വന്തം ബിസിനസ്സ് തുടങ്ങാൻ പോകുന്നു എന്നുമായിരുന്നു അത്.

ബാംഗ്ലൂരിൽ 11,000 രൂപ വാടകയ്ക്ക് ഒരു കുടുസ്സുമുറി വാടകയ്‌ക്കെടുത്തുകൊണ്ടാണ് കീർത്തിയും നീതുവും തങ്ങളുടെ ഓപ്പറേഷൻസ് ആരംഭിച്ചത്. പ്രശസ്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ ശാദി ഡോട്ട് കോമിന്റെ സാരഥിയായ അനുപം മിത്തലിന്റെ മുമ്പിലായിരുന്നു അവരുടെ ആദ്യ പിച്ചിങ്ങ്. തങ്ങളുടെ സംരംഭം സംബന്ധിച്ച ബ്രീഫിങ്ങിനാണ് പിച്ചിങ്ങ് എന്നു പറയുക. പെൺകുട്ടികളുടെ പശ്ചാത്തലവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നന്നായി മനസ്സിലാക്കിയ മിത്തൽ 50 ലക്ഷം രൂപയുടെ സീഡ് ഫണ്ടിങ്ങ് ഓഫർ ചെയ്തു. അങ്ങനെ ആനിമാൾ ടെക്‌നോളജീസും, ആപ്പും പിറവിയെടുത്തു. രണ്ടു ടെക്‌നോ ക്രാറ്റുകളെ കൂടി പാർട്ണർമാരാക്കി 2019 ൽ തുടക്കമിട്ട ആനിമാൾ ഒറ്റവർഷം കൊണ്ട് രാജസ്ഥാനിൽ മാത്രം 7.5 കോടിയുടെ ബിസിനസ് നടത്തി. ഇതിനോടകം 80 ലക്ഷം പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. കന്നുകാലികളെ വാങ്ങാനും വിൽക്കാനുമുള്ളവർക്ക് തങ്ങളുടെ വിശദാംശങ്ങൾ ആപ്പിലൂടെ വെളിപ്പെടുത്താം. വിൽക്കാനുള്ള ജനുസ്സുകളുടെ വിവിധതരം ഫോട്ടോകൾ, വീഡിയോ, ഗുണങ്ങൾ, യുവതലമുറയുടെ സവിശേഷത, പ്രതീക്ഷിക്കുന്ന വില തുടങ്ങിയവ ആപ്പിൽ കൊടുക്കാം. വാങ്ങാനാഗ്രഹിയ്ക്കുന്നവർക്കും തങ്ങളുടെ പ്രതീക്ഷകൾ ആപ്പിലൂടെ പങ്കുവെയ്ക്കാം.

പെൺകുട്ടികളുടെ സംരംഭം വിജയക്കൊടി പാറിക്കുന്നതുകണ്ട വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ഫണ്ടിങ്ങിനായി സ്വമേധയാ രംഗത്തെത്തി. ബീനെക്സ്റ്റ് ആദ്യം നൽകിയ 5.75 കോടി കമ്പനിയ്ക്കു കരുത്തു പകർന്നതോടെ അവർ 44 കോടി കൂടി പിന്നാലെ നൽകി. സെയ്യോയിയ, ഓംനിവോർ തുടങ്ങിയവ 160 കോടി ആനിമാളിലേയ്‌ക്കൊഴുകി. രാജസ്ഥാൻ കൂടാതെ, യു. പി., ബീഹാർ, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കും കമ്പനിയുടെ ബിസിനസ് പടർന്നു. നിലവിൽ 2500 കോടിയുടെ ഇടപാടുകൾ നടത്തിക്കഴിഞ്ഞ ആനിമാളിന്റെ വിപണിമൂല്യം 565 കോടി.

മൃഗസംരക്ഷണ രംഗത്തും ചുവടുറപ്പിയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിയ്ക്കുന്നതോടെ ഇടപാടുകളും മൂല്യവും പതിന്മടങ്ങാകും നീതു യാദവ് ചീഫ് എക്‌സിക്യൂട്ടീവ് ആഫീസറും കീർത്തി ജാംഗ്ര ചീഫ് ഓപ്പറേറ്റീവ് ഓഫീസറുമായ ആനിമാൾ ടെക്‌നോളജീസ് സ്റ്റാർട്ടപ്പുകൾക്ക് ഒരു ഉജ്ജ്വല മാതൃകയായി മാറിയിരിയ്ക്കുന്നു. അനുഭവങ്ങളിൽ നിന്നു പഠിച്ച പാഠമുൾക്കൊണ്ട് മുന്നേറുന്ന ഈ സംരംഭം കേരളീയ യുവതയ്ക്കും അനുകരണീയമാവട്ടെ.